scorecardresearch

പുല്ല് വകഞ്ഞുമാറ്റി മുന്നോട്ടു നടന്നതും ചെന്നുപെട്ടത് കാട്ടുപോത്തിനു മുന്നിൽ...

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കാടനുഭവങ്ങൾ പങ്കിട്ട് ഫൊട്ടോഗ്രാഫർ മഹേഷ്

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കാടനുഭവങ്ങൾ പങ്കിട്ട് ഫൊട്ടോഗ്രാഫർ മഹേഷ്

author-image
Revathy K
അപ്‌ഡേറ്റ് ചെയ്‌തു
New Update
photographer Mahesh | Mahesh Kalalayam | World Photography Day

ഫൊട്ടോഗ്രാഫർ മഹേഷും മഹേഷ് പകർത്തിയ ചിത്രങ്ങളും

ഓരോ ചിത്രങ്ങൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാവും. ഒരു ചിത്രം ചിലപ്പോഴൊക്കെ ആയിരം വാക്കുകൾക്ക് തുല്യമാണ്. പിന്നീടൊരിക്കൽ പുനരാവിഷ്കരിക്കാൻ കഴിയാത്ത രീതിയിൽ ഒരു നിയോഗം പോലെ ഫൊട്ടോഗ്രാഫർമാരുടെ ക്യാമറയിൽ പതിയുന്ന ചില ചിത്രങ്ങളുമുണ്ട്. ഫൊട്ടോഗ്രാഫിയെന്ന കലയെ നെഞ്ചിലേറ്റുന്നവരെ സംബന്ധിച്ച് ക്യാമറയാണ് അവരുടെ കണ്ണ്. ഈ ഫൊട്ടോഗ്രാഫി ദിനത്തിൽ, പതിനഞ്ചാം വയസ്സിൽ ക്യാമറയുമായി കാട് കയറിയ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാം. വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫിയെന്ന മോഹവുമായി പുലിമടകളിലേക്ക് ചെന്നു കയറിയ ആ ചെറുപ്പക്കാരന്റെ പേര് മഹേഷ് കലാലയം.

"ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാടു കയറിയത്. എൻ്റെ അച്ഛൻ്റെ കൂടെ. അച്ഛനും ഫൊട്ടോഗ്രാഫറാണ്. അവിടെ നിന്നാണ് തുടക്കം.  ഡിഗ്രി ആയപ്പോൾ പ്രൊഫഷണൽ ക്യാമറ ലഭിച്ചു. പിന്നീട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സിന് പോയി. പഠനത്തിന്റെ ഇടവേളകളിലെല്ലാം ഞാൻ ഫൊട്ടോ എടുത്തിരുന്നു. ആദ്യമൊക്കെ വിവിധ തരത്തിലുള്ള ചിത്രശലഭങ്ങൾക്കു പിറകെയായിരുന്നു എന്റെ ക്യാമറയും ഞാനും സഞ്ചരിച്ചത്. ആദ്യമായി ഞാൻ അറിയപ്പെട്ടത് കൊല്ലങ്കോട് ഭാഗത്ത് പുള്ളി പുലി ഇറങ്ങിയപ്പോഴാണ്.  ഫോറസ്റ്റുകാർക്കും  മറ്റുള്ളവർക്കും സംശയമായിരുന്നു അത് പുലിയാണോ എന്ന്. രാത്രി എൻ്റെ ചെറിയ ക്യാമറയിൽ  പകർത്തിയ ചിത്രത്തിലൂടെയാണ് പുള്ളിപുലിയാണെന്ന് തിരിച്ചറിഞ്ഞത്," വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫിയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും തന്റെ യാത്രാ വിശേഷങ്ങളെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് മഹേഷ്.

Advertisment

"ഓരോ യാത്രയും വ്യത്യസ്തമായ അനുഭവമാണ്. ചില ഫോട്ടോകൾ കാത്തിരുന്നു എടുക്കുമ്പോഴുളള സുഖം, ഫോട്ടോ എടുക്കാൻ പറ്റാതെ പോവുമ്പോഴുളള വിഷമം അതൊക്കെ കാട് നമുക്ക്  തരുന്ന സമ്മാനങ്ങളാണ്. ചില ചിത്രങ്ങൾ പകർത്താൻ വേണ്ടി ദിവസങ്ങളോളം ക്ഷമയോടെ കാത്തിരിക്കണം. നമ്മൾ കഷ്ടപ്പെട്ട് അത്രയും ദൂരം സഞ്ചരിച്ച് മണിക്കൂറുകളോളം കാത്തിരുന്നാലും ചിലപ്പോൾ ഫൊട്ടോ ലഭിച്ചെന്ന് വരില്ല. പക്ഷേ ചില സാഹചര്യത്തിൽ അപ്രതീക്ഷിതമായി, കാട് അറിഞ്ഞ് തരുന്നതു പോലെയുള്ള ഫൊട്ടോകളും പകർത്താനായിട്ടുണ്ട്. ഞാൻ കൂടുതൽ ഷൂട്ട് ചെയ്തിട്ടുളളത് കടുവ, വേഴാമ്പൽ എന്നിവയെയാണ്. പലരും ചോദിക്കാറുണ്ട് കാടിനെയും മൃഗങ്ങളെയും പേടിയില്ലേ എന്ന്. ഇന്ന് നമ്മൾ മനുഷ്യരെയാണ് പേടിക്കേണ്ടത് മൃഗങ്ങളെയല്ല എന്നെനിക്കു തോന്നുന്നു. മൃഗങ്ങളെ ബുദ്ധിമുട്ടിക്കാതെയും അവയുടെ സ്വൈര്യവിഹാരത്തെ തടസ്സപ്പെടുത്താതെയും എടുത്താൽ ഉറപ്പായും നല്ല ചിത്രങ്ങൾ ലഭിക്കും. വേറെ ശല്യമോ ബുദ്ധിമുട്ടോ ഉണ്ടാവില്ല," കാടനുഭവങ്ങളെ കുറിച്ച് മഹേഷ് വാചാലനായി.

photographer Mahesh | Mahesh Kalalayam | World Photography Day
വൈൾഡ് ലൈഫ് ഫൊട്ടോഗ്രാഫി റീടേക്ക് ഇല്ലാത്ത പരിപാടിയാണ് | ഫോട്ടോ: മഹേഷ് കലാലയം

"ക്ഷമ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ പ്രധാനമാണ്. പുലിയെ ഷൂട്ട് ചെയ്യുമ്പോൾ മൂന്ന്-നാല് ദിവസം കാത്തിരിക്കണം. ഒരു വേഴാമ്പലിൻ്റെ നല്ലൊരു ചിത്രത്തിന് വേണ്ടി മണിക്കൂറുകളോളം ഞാൻ കാത്തിരിക്കാറുണ്ട്. കാരണം ഇത് റീടേക്ക് ഇല്ലാത്ത പരിപാടിയാണ്. കാടിനെ കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം. കാടിന്റെ കോർ ഏരിയയിലേക്കാണ് പോവുന്നതെങ്കിൽ അവിടെ എന്തെല്ലാം ഉണ്ട്, എന്തൊക്കെ മൃഗങ്ങളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട് എന്നൊക്കെ അറിയണം. കൂടെ ഗൈഡ് ഉണ്ടെങ്കിലും നമ്മുടെ സംരക്ഷണം നമ്മൾ തന്നെ ഉറപ്പാക്കണം. മുന്നൊരുക്കങ്ങളോടെ വേണം കാട്ടിലേക്ക് പോവാൻ. ഒരു മൃഗത്തിൻ്റെ മുന്നിൽ പെട്ടാൽ അതിനെ ശല്യപ്പെടുത്താതിരുന്നാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം. എത്രയോ തവണ പുലിയെ ഷൂട്ട് ചെയ്തിട്ടും എനിക്കു പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എടുത്തുപറയേണ്ട ഒരു അനുഭവം, ഒരിക്കൽ കാട്ടുപോത്തിൽ നിന്നുമുണ്ടായ അപ്രതീക്ഷിതമായ ആക്രമണമാണ്. ധാരാളം പുല്ല് വളർന്നു നിൽക്കുന്ന സമയമായിരുന്നു അത്, പുല്ല് വകഞ്ഞുമാറ്റി മുന്നോട്ടുപോവുന്നതിനിടയിൽ ആണ് കാട്ടുപോത്തിൻ്റെ മുന്നിൽ പെട്ടത്. ഭാഗ്യവശാൽ, അതിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു," മഹേഷ് പറഞ്ഞു.

Advertisment

"ഒരു പീലി മാത്രം കുത്തിയെടുക്കുന്ന മയിലിൻ്റെ ചിത്രം, വണ്ടിയിൽ ചുംബിക്കുന്ന മാനിൻ്റെ ചിത്രം എന്നിവയാണ് എടുത്ത ചിത്രങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയത്. ഇന്ത്യയിൽ ഒട്ടുമിക്ക കാടുകളും ഞാൻ കയറിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ കോർബറ്റ്, രാജസ്ഥാനിലെ രൺഥംഭോർ, മഹാരാഷ്ട്രയിലെ ടടോബ, പറമ്പിക്കുളം, നെല്ലിയാമ്പതി, അട്ടപ്പാടി ഇന്ത്യയുടെ പുറത്ത് ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലെ കാടുകളിലൊക്കെ പോയി ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട്."

photographer Mahesh | Mahesh Kalalayam | World Photography Day
ഫോട്ടോഗ്രഫിക്കൊപ്പം തന്നെ കാടിനെയും നാടിനെയും സംരക്ഷിക്കുക | ഫോട്ടോ: മഹേഷ് കലാലയം

സൗത്ത് ആഫ്രിക്കൻ കാടുകളിൽ പോയി വന്യജീവികളുടെ ചിത്രം പകർത്തണമെന്നാണ് ഈ ചെറുപ്പക്കാരൻറെ ശേഷിക്കുന്ന മോഹങ്ങളിലൊന്ന്. ഫോട്ടോഗ്രാഫിയ്ക്ക് നിരവധി പുരസ്കാരങ്ങളും മഹേഷിനെ തേടിയെത്തിയിട്ടുണ്ട്. "അവാർഡുകൾക്കപ്പുറം ഞാനെടുക്കുന്ന ചിത്രങ്ങൾ കാട്ടിൽ പോവാൻ കഴിയാത്തവർ കാണണം എന്നാണ് എൻ്റെ ആഗ്രഹം. യാത്രകൾ ആണ് എൻ്റെ സ്വപ്നം. അത് എനിക്ക് എന്നും മുന്നോട്ട് കൊണ്ടുപോവണം. സൗത്ത് ആഫ്രിക്കയിൽ പോയി ഫോട്ടോ എടുക്കണം എന്നുളളത് എൻ്റെ ഏറ്റവും വലിയ സ്വപ്നമാണ്. ഉടനെ തന്നെ ഞാനത് നേടിയെടുക്കും," ദൃഢനിശ്ചയത്തോടെ മഹേഷ് പറയുന്നു.

"വളർന്നുവരുന്ന ഫോട്ടോഗ്രാഫർമാരോടായി, ഈ ഫോട്ടോഗ്രഫി ദിനത്തിൽ എനിക്ക് പറയാനുളളത് ഫോട്ടോഗ്രഫിക്കൊപ്പം തന്നെ കാടിനെയും നാടിനെയും സംരക്ഷിക്കുക എന്നതാണ്," മഹേഷ് പറഞ്ഞു.

അഭിമുഖം തയ്യാറാക്കിയത്: രേവതി കെ

Wild Life Photography Forest Photographer Animals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: