കോവിഡ് ലോക്ക്ഡൗൺ കാലം സമ്മാനിച്ച ടെൻഷനെയും വിരസതയേയും എല്ലാം മറികടക്കാൻ ആൾക്കൂട്ടമോ ബഹളമോ ഇല്ലാത്ത ടൂറിസ്റ്റ് സങ്കേതങ്ങൾ കണ്ടുപിടിച്ച് യാത്രകൾ പ്ലാൻ ചെയ്യുകയാണ് യാത്രാപ്രേമികൾ ഇപ്പോൾ. സ്തംഭനാവസ്ഥയിൽ ആയ കേരളത്തിലെ ടൂറിസം വ്യവസായവും പതിയെ സജീവമായി തുടങ്ങിയിട്ടുണ്ട്. അധികം റിസ്കില്ലാതെ സുരക്ഷിതമായി പോയി വരാവുന്ന കേരളത്തിനകത്തെ റിസോർട്ടുകളും ടൂറിസ്റ്റ് ഏരിയകളുമൊക്കെയാണ് കൂടുതൽ പേരും ഇപ്പോൾ തിരയുന്നത്.
ഇതാ, കാടിന്റെ വന്യഭംഗി ആസ്വദിച്ച് പ്രകൃതിയുടെ സംഗീതം കേട്ട് രാപ്പാർക്കാവുന്ന ഏതാനും ട്രീ ഹൗസുകളെ പരിചയപ്പെടാം. മൂന്നാർ, കോന്നി, വയനാട് എന്നിവിടങ്ങളിലായി സഞ്ചാരികളുടെ ഇഷ്ടം കവർന്ന അഞ്ച് ട്രീ ഹൗസുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
മൂന്നാർ: നേച്ചർ സോൺ ജങ്കിൾ റിസോർട്ട്
മൂന്നാർ ടൗണിൽ നിന്നും അരമണിക്കൂർ യാത്രയെ ഉള്ളൂ നേച്ചർ സോൺ ജങ്കിൾ റിസോർട്ടിലേക്ക്. ആൾക്കൂട്ടത്തിന്റെ ബഹളമോ സഞ്ചാരികളുടെ ശല്യമോ ഒന്നുമില്ലാതെ തീർത്തും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഈ ട്രീഹൗസുകളുടെ പ്രത്യേകത. ഹണിമൂൺ ആഘോഷിക്കാൻ എത്തുന്നവരുടെ പ്രിയസ്ഥലങ്ങളിൽ ഒന്നാണ് നേച്ചർ സോൺ ട്രീഹൗസുകൾ. മൂന്നാര്‍ ടൗണില്‍ നിന്നും അരമണിക്കൂറോളം പിന്നെ ഓഫ് റോഡ് ഡ്രൈവാണ്.
Read more: തനിച്ചുള്ള യാത്രകളൊന്നും യഥാര്‍ത്ഥത്തില്‍ തനിച്ചല്ല; ഒരു കുടജാദ്രി യാത്ര
ഡ്രീം കാച്ചർ പ്ലാന്റേഷൻ റിസോർട്ട്
മൂന്നാറിലെ മറ്റൊരു പ്രധാനപ്പെട്ട ട്രീഹൗസാണ് ബൈസൺ വാലിയിൽ സ്ഥിതി ചെയ്യുന്ന ഡ്രീം ക്യാച്ചർ റിസോർട്ട്. മൂന്നാർ ടൗണിൽ നിന്നും 19 കിലോമീറ്റർ അകലെയാണ് ഈ ട്രീഹൗസുകൾ സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങൾക്കും ഏലത്തോട്ടങ്ങൾക്കും നടുവിലാണ് ഈ ട്രീഹൗസുകൾ സ്ഥിതി ചെയ്യുന്നത്.
കോന്നി
പത്തനംത്തിട്ട കോന്നിയ്ക്ക് അടുത്ത് അച്ചൻകോവിലിനോട് ചേർന്നുള്ള കുടിൽ ട്രീഹൗസ് ആണ് പ്രകൃതികാഴ്ചകളാൽ സമ്പന്നമായ മറ്റൊരിടം. ട്രൈബൽ കൺസെപ്റ്റിലാണ് ഈ ട്രീഹൗസ് ഒരുക്കിയിരിക്കുന്നത്. കാറ്റാടി കഴകൾ കൊണ്ടാണ് ഈ ട്രീഹൗസിന്റെ നിർമാണം.
വയനാട്
വയനാട്ടിലെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടായ വൈത്തിരി വില്ലേജിന്റെ ഭാഗമായി വരുന്ന ട്രീ ഹൗസുകളും പ്രകൃതിരമണീയമായ അന്തരീക്ഷത്താൽ അനുഗ്രഹീതമായ ഇടമാണ്. അഞ്ചു ട്രീ ഹൗസുകളാണ് ഇവിടെയുള്ളത്.
തേക്കടി
തേക്കടിയിലെ ഗ്രീൻവുഡ് റിസോർട്ടിന്റെ ഭാഗമായി വരുന്ന ട്രീ ഹൗസും ഏറെ പ്രശസ്തമാണ്. റിസോർട്ടിൽ നിന്ന് നാലു കിലോമീറ്ററോളം അകലെയായാണ് ഈ ട്രീ ഹൗസ് സ്ഥിതി ചെയ്യുന്നത്.