ചെറുപ്പം മുതൽ ഉള്ളില്‍ ആകാംക്ഷ നിറച്ച നാട്… ഉഗാണ്ടന്‍ അതിര്‍ത്തിയിലെ കാടിനോട് ചേര്‍ന്ന കാകമേഗയിലേക്കുള്ള യാത്രയ്ക്കു മുന്‍പ് കെനിയയെക്കുറിച്ച് മനസില്‍ ചില ചിത്രങ്ങളുണ്ടായിരുന്നു. ഗ്രാമീണസ്ത്രീകളുടെ നേതൃത്വത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിലും പ്രകൃതിദുരന്തനിവാരണ പ്രക്രിയയിലും ഇടപെട്ട് നാടിനെ എങ്ങനെ മാറ്റിയെടുക്കാമെന്നതു പഠിക്കാനും ഇന്ത്യയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമായി സ്വയം ശിക്ഷണ്‍ പ്രയോഗ് എന്ന സര്‍ക്കാരേതര സന്നദ്ധസംഘടനയെ പ്രതിനിധീകരിച്ചായിരുന്നു നവംബറിലെ യാത്ര. മഹാരാഷ്ട്രയിലെ മറാത്ത്വാഡയില് കൊടുംവരള്‍ച്ചയെ നേരിട്ട് നവീന കൃഷിരീതി രൂപപ്പെടുത്തിയതിന് ആഗോള അംഗീകാരങ്ങള്‍ ലഭിച്ച ഗോദാവരി ഡാങ്കെ, സുമിത്ര ഷിറാൾ, പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച് പുതിയ പാത കാണിച്ച ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ കടലോരഗ്രാമത്തിലെ വനിത പാർബതി ബെഹ്റ, ഓർഗനൈസർ പ്രേമാനന്ദ എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. ആഫ്രിക്കയുടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ശില്പ്പശാലയിലുണ്ടായിരുന്നു.
നയ്രോബിയില്
നയ്രോബിയില് വിമാനമിറങ്ങുമ്പോള്‍ സമയം രാവിലെ പത്തര. മസായ്മാരക്കും കിളിമഞ്ചാരോവിനും കിസുമുവിലേക്കും പോകുന്ന വിനോദസഞ്ചാരികള്‍. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു പോകുന്ന തദ്ദേശീയര്‍… പൊതുവെ തിരക്കേറിയ വിമാനത്താവളമാണു നയ്രോബി. വിസ ഓണ്‍ അറൈവല്‍ ആയതിനാല്‍ എമിഗ്രേഷന്‍ കൗണ്ടറില്‍ കുറച്ച് സമയമെടുത്തു. ഒരു വിമാനം കൂടി കയറണം കിസുമുവിലെത്താന്. അതാവട്ടെ വൈകീട്ട് അഞ്ചരയ്ക്കും. അതുവരെ, എതിര്‍വശത്തുള്ള ആഭ്യന്തര വിമാനത്താവളത്തില്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു. ചെറുതും ശാന്തവുമാണ് ആഭ്യന്തര വിമാനത്താവളം. കിസുമുവിനു പുറമെ മൊംബാസ, മലിന്ദി, മുമിയാസ് എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നു പ്രധാനമായും വിമാന സര്‍വീസ്.
വിമാനത്താവളത്തിനുള്ളില്‍ പരമാവധി അന്‍പതോളം പേര്. വിദേശ ടൂറിസ്റ്റുകളില്‍ ചിലര്‍ റെസ്റ്റോറന്റില്‍ ബീര്‍ നുണഞ്ഞിരിക്കുന്നു. കാത്തിരിപ്പിനൊടുവില്‍ കിസുമുവിലേക്കുള്ള വിമാനമെത്തി. യാത്രക്കാരില്‍ മിക്കവരും ആഫ്രിക്കക്കാര്‍. വിദേശികള്‍ ടൂറിസ്റ്റുകളോ വിവിധ പ്രൊജക്റ്റുകളില്‍ ജോലി ചെയ്യുന്നവരോ ആണ്. കിസുമുവില്‍ ഇറങ്ങി റോഡ് മാര്‍ഗം വേണം കാകമേഗയില് എത്താന്‍. അവിടെ ഞങ്ങളെ കൂട്ടാന്‍ വണ്ടിയുമായി ആള് വരുമെന്ന് വയലറ്റ് ഷിവുറ്റ്സെ പറഞ്ഞിരുന്നു.

കിസുമു
ഏകദേശം 40 മിനുട്ട് നീണ്ട യാത്രയ്ക്കുശേഷം വിമാനം കിസുമുവിലെത്തുമ്പോള് സമയം വൈകീട്ട് ആറ് കഴിഞ്ഞിരുന്നു. എയര്‍പോര്‍ട്ട് ഏറെക്കുറെ വിജനമായിരുന്നു. മഴ പെയ്യാനുള്ള ലക്ഷണം തോന്നുന്നു. മുന്നില്‍ നൈല്‍ നദിയുടെ ഉല്‍ഭവമായ വിക്ടോറിയ തടാകം. തടാകത്തിന്റെ സൗന്ദര്യം ദൂരെനിന്ന് ആസ്വദിച്ച്, പലതും ആലോചിച്ച് ഏറെ നേരം ഇരുന്നിട്ടും ഞങ്ങള്‍ക്കു പോവാനുള്ള വണ്ടി എത്തിയില്ല. ഞങ്ങളും അതേ വിമാനത്തില്‍ വന്ന ഒരു സ്ത്രീയുമൊഴികെ മറ്റു യാത്രക്കാരല്ലൊം പോയ്ക്കഴിഞ്ഞിരിക്കുന്നു. യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ പലരും ഗേറ്റിനുള്ളിലൂടെ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കും പോകുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാവരും പ്രായം കുറഞ്ഞവര്‍. വെറുതെ ഓടുകയും രസത്തിനു സുഹൃത്തുക്കളെ കൈചുരുട്ടി ഇടിക്കുകയും തമാശ പറയുകയും
ചെയ്ത് സമയം പാഴാക്കുന്നു.
വണ്ടി വരാത്തതുകൊണ്ട് കുറച്ച് പരിഭ്രമമായി. സമയം ഇരുണ്ടുതുടങ്ങി. ഫോണ്‍ വിളിക്കാന്‍ നെറ്റ്വര്ക്കില്ല. എയര്‍പോര്‍ട്ടില്‍ വൈഫൈയും ഇല്ല. പുറത്തു കുറേ ടാക്സികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അതിലൊന്നിലും ഞങ്ങള്‍ പ്രതീക്ഷിച്ചയാളില്ല. അതിലൊരു വണ്ടിയില്‍ ചാരി സിഗരറ്റ് വലിച്ചുകൊണ്ട് ഡ്രൈവര്‍ നില്ക്കുന്നു. പോയി പരിചയപ്പെട്ടപ്പോള്‍, പഞ്ചസാര ഫാക്ടറിയിലേക്കാണോ ടാക്സി വേണോയെന്നായി റോബര്‍ട്ടിന്റെ ചോദ്യം. ധാരാളം ഇന്ത്യക്കാര്‍, പ്രത്യേകിച്ച് ഗുജറാത്തില്നിന്നുള്ളവര് ഇന്നും കരിമ്പുകൃഷിയുമായി ബന്ധപ്പെട്ടു ഇവിടെ വരാറുണ്ട്. നൂറ്റാണ്ടുകളുടെ ബന്ധം.
ഞങ്ങളെ കൊണ്ടുപോകേണ്ടയാള് എത്തിയില്ലെന്നും ഫോണ്‍ ചെയ്യാന്‍ പറ്റുന്നില്ലെന്നും പറഞ്ഞതോടെ റോബര്‍ട്ട് കാകമേഗയില് ബന്ധപ്പെടാനുള്ള നമ്പര്‍ ചോദിച്ചു. തുടര്‍ന്ന് തന്റെ ചെറിയ ഫോണ്‍ കയ്യിലെടുത്തു അതില്‍ ഡയല് ചെയ്ത് കണക്റ്റ് ചെയ്ത് തന്നു. അപ്പുറത്ത് വയലറ്റ് ഷിവുറ്റ്സെയുടെ ശബ്ദം. ആദ്യമേ വയലറ്റ് ക്ഷമ ചോദിച്ചു. കാക്കമേഗയില് കനത്ത മഴയാണ്. അതുകൊണ്ട് വണ്ടി പുറപ്പെടാന്‍ വൈകിയെന്നും ഉടന്‍തന്നെ എത്തുമെന്നും പറഞ്ഞു. ഫോണ്‍ വിളി അവസാനിച്ചതോടെ, ബേജാറാകണ്ടെന്നെും ഡ്രൈവര്‍ ഉടന്‍ എത്തുമെന്നു സമാധാനിപ്പിച്ച് ചെറുചിരിയുമായി യാത്ര പറഞ്ഞ് റോബര്‍ട്ട് ടാക്സി ഓടിച്ചുപോയി.
അധികനേരം കഴിഞ്ഞില്ല, കറുത്ത നിറത്തിലുള്ള നിസാന്‍ വണ്ടി അടുത്തുവന്നു ബ്രേക്കിട്ടു. ജയെല് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഷിബുയെ കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സ് സെന്ററിലെ അഡ്മിനിസ്ട്രേറ്ററായ ജയെല് പുറത്തിറങ്ങി ഞങ്ങളോട് സോറി പറഞ്ഞു. അപ്പോഴാന്നറിയുന്നത് അവിടെ ഒറ്റയ്ക്കിരുന്നിരുന്ന സ്ത്രീയും ഞങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്കു വന്നതാണെന്ന്. അവര്‍ നൈജീരിയയില്‍നിന്നാണ് വരുന്നത്. പേര് കംഫര്‍ട്.
കിസുമു നഗരം മുറിച്ച് വണ്ടി വടക്കോട്ട് പാഞ്ഞു. വഴിയില്‍ പാത വീതിക്കൂട്ടുന്നതിന്റെ ഭാഗമായി ആള്‍ക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു ജയെല് പറഞ്ഞു. വീതിയുള്ള റോഡ്, ഒപ്പം ഇറക്കവും കയറ്റവും. അടിസ്ഥാന വികസനത്തിനു മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ ചൈനീസ് കമ്പനികള്‍ക്കാണു കെനിയന്‍ ഭരണകൂടവും കരാര്‍ കൊടുത്തിരിക്കുന്നത്. ഇരുട്ട് കട്ടപിടിച്ച രാത്രിയായതുകൊണ്ട് വഴിയോര ജീവിതങ്ങള്‍ നേരില്‍ കാണാന്‍ പറ്റിയില്ല. ഡ്രൈവ് ചെയ്യുന്നതിനിടെ ഫോണിലൂടെ നാളത്തെ പരിപാടിയുടെ തയാറെടുപ്പ് നടത്തുകയായിരുന്നു ജയെല്. സ്വാഹിലി ഭാഷയിലായിരുന്നു സംസാരം.

കാകമേഗ
രാത്രി എട്ടരയോടെ ഞങ്ങള്‍ കാകമേഗയിലെത്തി. നഗരം അത്ര വലുതായി തോന്നിയില്ല. വണ്ടി വലത്തോട്ടു തിരിഞ്ഞ് ഗോള്‍ഫ് ഹോട്ടലില്‍ പ്രവേശിച്ചു. ഇവിടെയാണിനി കുറച്ചുദിവസം താമസം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ 1979 ല്‍ കെനിയ ടൂറിസം വകുപ്പ് തുടങ്ങിയതാണു ഗോള്‍ഫ് ഹോട്ടല്‍. കാകമേഗയുടെ ഉദ്യോഗസ്ഥവൃന്ദം താമസിക്കുന്ന കണ്ണായ സ്ഥലം. ഇവിടെനിന്നു കാകമേഗ കാടുകളിലേക്കു കടക്കാന്‍ വെറും അഞ്ചു കിലോമീറ്റര്‍ മാത്രം.

ചെക്കിന് ചെയ്ത് മുറിയില്‍ പോയി കുളിച്ച് ഫ്രഷ് ആയി താഴെ റെസ്റ്റോറന്റില്‍ എത്തിയപ്പോഴേക്കും വയലറ്റ് സന്നിഹിതയായിരുന്നു. ഒപ്പം സഹോദരനും മറ്റു കുടുംബാംഗങ്ങളും. ഒരു കല്യാണ റിസപ്ഷന് കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴി കയറിയതാണ്. വയലറ്റ് കെനിയയിലെ പ്രധാനപ്പെട്ട സ്ത്രീശക്തിയാണ്. എച്ച്ഐവി ബാധിതരോടൊപ്പംനിന്ന്, പൊരുതി ജയിക്കാന്‍ ഊര്‍ജം കൊടുത്ത വനിത. ഞങ്ങള്‍ ഒരുമിച്ച് വോഡ്ക കഴിച്ചു. തുടര്‍ന്ന് വയലറ്റ് ഹോട്ടല്‍ ജോലിക്കാരെ പരിചയപ്പെടുത്തിത്തന്നു. വയലറ്റിനെ എല്ലാവര്ക്കും ബഹുമാനമാണ്.
കാകമേഗ എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു കവിത പോലെ, മലയാളത്തിന്റെ സ്വന്തമായി തോന്നും. ഈ പേര് വന്നത് ബ്രിട്ടീഷ് കൊളോണിയല്‍ കുടിയേറ്റ കാലത്ത് സായ്പിന്റെ ഭക്ഷണരീതിയെ കളിയാക്കിയ പാരമ്പര്യത്തില്‍ നിന്നാണ്. കെനിയന്‍ ജനതയുടെ ഇഷ്ടവിഭവമായ ചോളം കൊണ്ടുള്ള ഒബുസമ എന്ന ഭക്ഷണം സായ്പന്മാര് നുള്ളിയാണു കഴിച്ചിരുന്നത്. ഇതിനെ കളിയാക്കാനായാണു നുള്ളുക എന്നര്‍ഥം വരുന്ന കാകമേഗ എന്ന പദം ഉപയോഗിച്ചിരുന്നതെന്നു ചരിത്രം പറയുന്നു.
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീനേതൃത്വങ്ങള്‍ അര്‍ധരാത്രിയോടെ എത്തിത്തുടങ്ങി. പലരും മുന്‍പ് പരിചയമുള്ളവരാണ്. കെനിയയെക്കൂടാതെ സിംബാവേ, ഉഗാണ്ട, നൈജീരിയ, സാംബിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍.

കാകമേഗയുടെ പ്രഭാതം
ചാറ്റല്‍ മഴ കാര്യമാക്കാതെ നടക്കാനിറങ്ങിയപ്പോള്‍ നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളൂ. മഴ നനഞ്ഞ മണ്ണും നേരിയ തണുപ്പും… ഭൂമധ്യരേഖയ്ക്കടുത്ത് കിടക്കുന്ന മഴക്കാടിന് കാലാവസ്ഥയുടെ സുഖം. കാകമേഗ ടൗണ്‍ ഭാത്തേക്കു പോകാമെന്ന് കരുതി ഇടത്തോട്ട് തിരിഞ്ഞു. അപ്പോഴേക്കും കുട്ടികളും ചെറുപ്പക്കാരും വേഗതയിലുള്ള നടത്തം തുടങ്ങിയിരുന്നു. നല്ല അത്ലറ്റിക് പ്രകൃതക്കാരായ ഇവരെ ദീര്‍ഘദൂര നടത്തത്തില്‍ ആര്‍ക്കും വെല്ലാന്‍ ആവില്ലല്ലോ. ഇടതുവശത്ത് കാകമേഗ സ്പോര്‍ട്സ് ക്ലബ് കണ്ടു.

സീറ്റ് കപ്പാസിറ്റി വ്യക്തമാക്കുന്ന 11 pass, 14 pass ബോര്‍ഡ് എഴുതിയ ഈസ്റ്റേണ്‍, വെസ്റ്റേണ്‍ ടെമ്പോ ഷട്ടിലുകള്‍ . കിസുമുവിനും നെയ്റോബിക്കും ബൂസിയക്കും ഷിന്യാലുവിനും ഉഗാണ്ടന്‍ അതിര്‍ത്തിയിലേക്കും ആളെ വിളിച്ചുകൂട്ടുന്ന, തലയില്‍ തൊപ്പിവച്ച കുട്ടികള്‍. യാത്രക്കാരെ പിടിച്ചുവലിച്ച് വണ്ടിയില്‍ കയറ്റാനുള്ള മത്സരം. ബൈക്കില്‍ ആള്‍ക്കാരെ കൊണ്ടുപോകുന്നവരെ തടഞ്ഞ് യാത്രക്കാരെ തന്റെ വാഹനത്തിലേക്കു ടെമ്പോ ഡ്രൈവര്‍ കൊണ്ടുപോകുന്നു.
തിരിച്ചുനടക്കുമ്പോള്‍ ഒരു കവലയില്‍ സമാധാനത്തിനായി മൈക്കില്‍ ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന ടൈയും കോട്ടുമിട്ട മതപ്രഭാഷകന്, കുട്ടകളുമായി നടന്നുനീങ്ങുന്ന ജോലിക്കാര്‍, പച്ചക്കറിയുമായി പറപ്പിക്കുന്ന വണ്ടികള്‍, ടൂറിസ്റ്റുകളുമായി പോകുന്ന ബസുകള്‍… കാകമേഗയിലെ പ്രഭാതക്കാഴ്ചകൾ ഇങ്ങനെ മനസില്‍ തങ്ങിനില്ക്കുന്നു. വൃത്തിയുള്ള നഗരമാണു കാകമേഗ. ഇവിടുത്തെ ഗവര്‍ണറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട വിക്ലിഫ് ഒപ്പരാന്യയാണു കാകമേഗയെ പുതിയ കാലത്തിന്റെ പട്ടണമാക്കിയതെന്നു വയലറ്റ് പറഞ്ഞു.

ബോഡ ബോഡ
ബൈക്ക് ടാക്സികള്‍ കാകമേഗ ഉള്‍പ്പെടെ കിഴക്കന്‍ ആഫ്രിക്കയുടെ പ്രത്യേകതകളിലൊന്നാണ്. ബോഡ ബോഡ എന്ന് അറിയപ്പെടുന്ന ഇവയെ പിക്കി പിക്കി എന്നും വിളിക്കുന്നു. സ്വന്തമായി വണ്ടികള്‍ വാങ്ങാന്‍ കഴിയാത്തവരും ഗ്രാമങ്ങളിലേക്കു പോകേണ്ടവരും ടൂറിസ്റ്റുകളും ബോഡ ബോഡയെ ആശ്രയിക്കുന്നു. ഒട്ടേറെ പേരുടെ ഉപജീവനമാര്‍ഗമായ ബൈക്ക് ടാക്സികള്‍ ഒരുപരിധിവരെ ഗ്രാമീണ തൊഴിലില്ലായ്മയെ കുറയ്ക്കാന്‍ സഹായിച്ചിട്ടുട്ടെന്നു സഹയാത്രികയായ നങ്കോബി പറഞ്ഞു.
- പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം എന്നീ മേഖലകളില്‍ സ്ത്രീശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനയായ സ്വയം ശിക്ഷൺ പ്രയോഗിന്റെ നേതൃനിരാംഗമാണു ലേഖകന്‍