കിസുമു – ബൂസിയ ഹൈവേ പിന്നിട്ട് ബസ് മാസെനോയ്ക്ക് അടുക്കുന്നു. ഭൂമധ്യരേഖയെന്ന സാങ്കല്‍പ്പിക രേഖ കടന്നുപോവുന്ന പ്രദേശം തൊട്ടരികെ. ജയല്‍ വണ്ടി നിര്‍ത്തി. ഭൂമധ്യരേഖ കടന്നുപോകുന്ന ലോകത്തിലെ പതിമൂന്നു രാജ്യങ്ങളിലൊന്നാണു കെനിയ. മാസെനോയില് ഭൂഗോളത്തിന്റെ മാതൃക ഉണ്ടാക്കിവച്ചിട്ടുണ്ട്. അതില്‍ സ്പോണ്സര് ചെയ്ത ലയണ്‍സ് ക്ലബ്, കിസുമു എന്ന് വലുതായി എഴുതിവച്ചിരിക്കുന്നു.

വടക്കന്‍ അര്ധഗോളത്തെയും (Northen Hemisphere) തെക്കന്‍ അര്ധഗോളത്തെയും (Southern Hemisphere) സാങ്കല്‍പ്പികമായി ഇഷ്ടിക കൊണ്ട് വേര്‍തിരിച്ചതിന് അപ്പുറവും ഇപ്പുറവുംനിന്ന് ഞാന്‍ ചിത്രമെടുത്തു. ഒരാള്‍ ബക്കറ്റില്‍ കുറച്ചുവെള്ളവുമായി വന്ന് തെക്കും വടക്കും രേഖപ്പെടുത്തിയ സ്ഥലത്തും മധ്യത്തിലും സംഭവിക്കുന്ന ആകര്‍ഷണത്തിന്റെ മാറ്റം ഡെമോയിലൂടെ കാണിച്ചു തന്നു. ഇവിടെ വളരെയേറെ വിനോദസഞ്ചാരികളും സ്കൂള്‍ കുട്ടികളും വരാറുണ്ട്.
ഞങ്ങള്‍ പത്ത് കിലോ മീറ്റര്‍ അകലെയുള്ള കിസുമുവിലേക്കു യാത്ര തുടര്‍ന്നു. കിസുമു അടുക്കാനായതിന്റെ അടയാളം കണ്ടുതുടങ്ങി. കെനിയയിലെ രണ്ടാമത്തെ വലിയ കൗണ്ടി. വിക്ടോറിയ തടാകം കെനിയയില്‍ ഇറങ്ങിയിരിക്കുന്നയിടം. റോഡുകള്‍ വലുതായിത്തുടങ്ങി. വാഹനങ്ങള്‍ കൂടിവന്നു. ദൂരെ നന്ദി ഹില്‍സ് കണ്ടുതുടങ്ങി. (ബെംഗളുരുവിലെ നന്ദി ഹില്‍സ് ഓര്മ വന്നു). മാര്‍ക്കറ്റും കെട്ടിടസമുച്ചയങ്ങളും കടന്നു വിശാലമായ കൂറ്റന്‍ കെട്ടിടത്തിനടുത്ത് വാഹനം നിര്‍ത്തി. ജയല്‍ പുറത്തിറങ്ങി ആരയോ ഫോണ്‍ ചെയ്യുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ പൊലീസ് യൂണിഫോമില്‍ ആജാനുബാഹുവായ ഒരാള്‍ ചിരിച്ചുകൊണ്ട് വാഹനത്തിനടുത്തേക്കു വന്നു. ഞാന്‍ പുറത്തിറങ്ങി.
”ഞാന്‍ കാകമേഗയ്ക്കു തിരിച്ചുപോകുന്നു. ഇനി ഇദ്ദേഹം നിങ്ങളെ ഇവിടയൊക്കെ കാണിച്ച് വിമാനത്താവളത്തില്‍ കൊണ്ടുവിടും,” ജയല്‍ പറഞ്ഞു.
ഒരുപാട് മെഡലുകളും റാങ്കും പ്രദര്‍ശിപ്പിച്ച യൂണിഫോമണിഞ്ഞ അദ്ദേഹം ലാളിത്യത്തോടെ സ്വയം പരിചയപ്പെടുത്തി.
”ഞാന്‍ ജോഷ്വ ലംഗാത്. കിസുമു കൗണ്ടിയുടെ കമാന്‍ഡര്‍.”
കേരളത്തിന്റെ ഐജിക്കു തുല്യമായ പദവി. കേരളത്തില്‍ ആണെങ്കില്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഈഗോയും എന്തായിരിക്കുമെന്ന് ഓര്‍ത്തുപോയി. ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.

അദ്ദേഹം ഞങ്ങളെ എട്ടാം നിലയിലേക്കുള്ള തന്റെ ഓഫീസിലേക്കു നയിച്ചു. വിശാലമായ മുറി. ജോഷ്വ കഥകള്‍ പറഞ്ഞു. കെനിയയുടെ, തന്റെ കുടുംബത്തിന്റെ, താന്‍ വളര്‍ന്ന സാഹചര്യം എന്നിങ്ങനെ. കൃഷിയില്‍ ഇപ്പോഴും താല്‍പ്പര്യമുള്ള അദ്ദേഹം അങ്ങകലെ മലനിരകളെ നോക്കി പറഞ്ഞു, ”അതാണു നന്ദി ഹില്‍സ്, അവിടെയാണ് ഞാന്‍ വളര്‍ന്നയിടം. എല്ലാ ശനിയാഴ്ചയും ഞാനവിടെ പോകാറുണ്ട്. ഞങ്ങള്‍ക്കു വേണ്ട ഭക്ഷണസാധങ്ങള്‍ കൃഷിയിടത്തില്‍നിന്നു പറിച്ചുകൊണ്ടുവരും. ഒരാഴ്ചയ്ക്കതു മതിയാകും. എല്ലാം പരമ്പരാഗതമായ കൃഷിരീതികള്‍.” ഇന്ത്യയെക്കുറിച്ചും ബ്രാഹ്മണമേധാവിത്വത്തെപ്പറ്റിയും മറ്റും അദ്ദേഹം സംസാരിച്ചു. ഞങ്ങള്‍ ആശങ്കകള്‍ പരസ്പരം പങ്കിട്ടു.
അതിനിടയ്ക്കു ജയല്‍ കാകമേഗയിലേക്കു തിരിച്ചുപോയി. ഞങ്ങള്‍ ഓഫീസില്‍ നിന്നിറങ്ങി. തന്റെ ഔദ്യോഗിക യൂണിഫോമില്‍ ഔദ്യോഗിക വാഹനത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ കിസുമു കാണാനിറങ്ങി. അധികദൂരം കഴിഞ്ഞില്ല വണ്ടി ഒരു വലിയ ഹോട്ടലിനു മുന്നില്‍ നിര്‍ത്തി. ഹോട്ടല്‍ അക്കേഷ്യ. അദ്ദേഹം ഞങ്ങള്‍ക്കു ഭക്ഷണം വാങ്ങിത്തന്നു. ഇവിടത്തെ റൂഫ് ടോപ്പ് റസ്റ്റോറന്റില്‍നിന്നു നോക്കിയാല്‍ വളരെയടുത്തായി കിസുമു വിമാനത്താവളവും അതിനോടുരുമ്മി നില്ക്കുന്ന വിക്ടോറിയ തടാകവും കാണാം.
വിക്ടോറിയ തടാകം – നൈലിന്റെ ഉത്ഭവം
ഞങ്ങള്‍ പുറത്തിറങ്ങി വിക്ടോറിയ തടാകത്തിലേക്കു ലക്ഷ്യംവച്ചു. ആകാശത്തിനൊപ്പം യാത്രചെയ്യുന്നതു പോലെ. പത്തുമിനിറ്റിനുള്ളില്‍ ഞങ്ങള്‍ ദുംഗ ബീച്ചിലെത്തി, കിസുമുവിലെ വിക്ടോറിയ തടാകം കാണാന്‍ വിനോദസഞ്ചാരികള്‍ എത്തുന്നയിടം. മിക്കവരും നാടന്‍ ടൂറിസ്റ്റുകളും ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളില്നിന്നുള്ളവരുമാണ്. നോക്കെത്താത്ത ദൂരത്തെ ജലാശയം. അങ്ങക്കരെ കാണുന്നത് ഉഗാണ്ടന്‍ മലകളാണ്. മറ്റേ അറ്റത്ത് ടാന്‍സാനിയ. ഒരു വശത്ത് മീന്‍പിടിത്ത ബോട്ടുകളുടെ ബഹളം. മീന്‍ കൊത്തിയെടുത്തു പറക്കുന്ന വിവിധതരം വലിയ പക്ഷികള്‍.

നൈലിന്റെ ഉത്ഭവമായ വിക്ടോറിയ തടാകം ഉഗാണ്ടയിലും ടാന്‍സാനിയയിലും കെനിയയിലുമായാണു സ്ഥിതിചെയ്യുന്നത്. തടാകത്തില്‍നിന്ന് ഉത്ഭവിക്കുന്ന ഉഗാണ്ടയിലെ ബുജുബുറ വെള്ളച്ചാട്ടത്തിലൂടെ സുഡാനിലൂടെയും കെനിയയിലൂടെയും
നദികളൊഴുകി ഈജിപ്തില്‍ ചെന്നുചേരുന്നു. ‘നാം ലോല്വേ’ എന്നു കൂടി അറിയപ്പെടുന്ന വിക്ടോറിയ തടാകം കണ്ടുപിടിക്കപ്പെടുന്നത് അറബ് വ്യാപാരികളുടെ യാത്രകളിലൂടെയാണ്. ആഫ്രിക്കയിലെ ഒന്നാമത്തെയും ലോകത്തിലെ ഒന്പതാമത്തെയും വലിയ തടാകമാണു വിക്ടോറിയ.
ലോകത്തെ രണ്ടാമത്തെ ട്രോപിക്കല്‍ തടാകം കൂടിയായ വിക്ടോറിയ പരശതം നദികളുടെയും അരുവികളുടെയും അപൂര്‍വ ജീവജാലങ്ങളുടെയും കലവറയാണ്. ടാന്സാനിയയയിലും ഉഗാണ്ടയിലും ചെറിയൊരു ഭാഗം കെനിയയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന്റെ കരയില്‍ ആയിരക്കണക്കിനു മനുഷ്യരാണു മീന്‍ പിടിച്ചും കൃഷിചെയ്തും ജീവിച്ചുപോരുന്നത്. ഒരു പാട് ദ്വീപുകളും തുരുത്തുകളുമുള്ള ഈ തടാകം ഒട്ടേറെ പക്ഷികളുടെയും മൃഗങ്ങളുടെയും സംരക്ഷിത സങ്കേതമാണ്. ഇരുന്നൂറോളം മത്സ്യ ഇനങ്ങളുടെ കലവറയായ ഇവിടം മൂന്നു രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു
പാവപ്പെട്ടവരുടെ ജീവിതോപാധികൂടിയാണ്.
കെനിയയിലെ ഇന്ത്യന്‍ സാന്നിധ്യം
വാസ്കോ ഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള കടല്‍യാത്ര കെനിയന്‍ തീരമായ മാലിന്ദിയിലെത്തിയപ്പോള് അദ്ദേഹത്തെ സഹായിച്ചത് ഗുജറാത്തി സംസാരിക്കുന്നു നാവികനായിരുന്നെന്നും അതല്ല ലയണ്‍ ഓഫ് സീ എന്നറിയപ്പെട്ടിരുന്ന അഹമ്മദ് ഇബ്ന് മജീദ് എന്നാണെന്നും രണ്ടഭിപ്രായമുണ്ട്. മാലിന്ദി തീരത്ത് ഗാമയ്ക്ക് എതിര്‍പ്പ്
നേരിടേങ്ങി വന്നപ്പോള്‍ അദ്ദേഹം ഈ നാവികന് വഴിയാണു കോഴിക്കോട്ടെത്തിയതെന്നാണു ചരിത്രം. ഈ മേഖലയില്‍ അറേബ്യന്‍ വ്യാപാരികളുടെ കുത്തക തകര്‍ത്ത പോര്ച്ച്ഗീസ് സാന്നിധ്യം കിഴക്കന്‍ ആഫ്രിക്കയുടെ വ്യാപാരത്തെയും ജീവിതത്തെയും ഗണ്യമായി സ്വാധീനിച്ചു.

19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇന്ത്യന്‍ വ്യാപരികളുടെ ചെറിയൊരു വിഭാഗം വിവിധ ആഫ്രിക്കന്‍ വ്യാപാരകേന്ദ്രങ്ങളില്‍ കുടിയേറിയിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ നിയമങ്ങള്‍ ഇന്ത്യയിലെ വ്യാപാരികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും മറ്റും
കിഴക്കനാഫ്രിക്കന്‍ തീരങ്ങളില്‍ ചെന്നുചേരാന്‍ സഹായകമായി. 1887 ല്‍ ബ്രിട്ടീഷ് ആഫ്രിക്കന്‍ അസോസിയേഷന് ബോംബെയില്‍ രൂപീകൃതമായശേഷം ഒരുപാട് ഇന്ത്യക്കാര്‍ കരിമ്പ് കൃഷിപ്പണിക്കായും ഗാര്‍ഡുകളായും പൊലീസിലും ക്ലാര്‍ക്കുമാരായും അക്കൗണ്ടന്റമാരായും കെനിയയിലെത്തി. 1895ലെ കിഴക്കന്‍ ആഫ്രിക്ക പ്രൊട്ടക്ടറേറ്റിന്റെ രൂപീകരണമാണ് ഇന്ത്യക്കാരുടെ, ഇന്ത്യന്‍ രൂപയുടെ, വ്യാപാരത്തിന്റെ അധികാരത്തിന്റെ ആഴങ്ങള്‍ കെനിയന്‍ മണ്ണില്‍ പതിപ്പിച്ചത്. ഇന്ത്യയില്‍നിന്ന് പ്രധാനമായും ഗുജറാത്ത്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ശക്തമായ കുടിയേറ്റം. ഏഷ്യന്‍സ് എന്ന് തദ്ദേശീയര്‍ വിളിച്ചിരുന്ന പാകിസ്ഥാന്, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവടിങ്ങളില്നിന്നുള്ളവരുടെ കുടിയേറ്റം കെനിയന്‍ ഗോത്രവര്‍ഗങ്ങളുമായി ചെറിയ സംഘര്‍ഷങ്ങള്‍ക്കും കാരണമായിരുന്നു.
ഭ്രാന്തന്പാതയിലെ ദുരന്തം
പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ മൊംബാസ മുതല്‍ ഉഗാണ്ട വരെ ബ്രിട്ടീഷുകാര്‍ റെയില്‍ പാത പണിതിരുന്നു. ‘ഭ്രാന്തന് പാത’ എന്നറിയപ്പെടുന്ന ഇത് അവസാനിക്കുന്നത് വിക്ടോറിയ തടാകത്തിന്റെ മടിത്തട്ടായ കിസുമുവിലാണ്. 1896
മുതല്‍ 1901 വരെ ഏകദേശം 32,000 ഇന്ത്യക്കാരെ ജോലിക്കായി കിഴക്കന്‍ ആഫ്രിക്കയിലേക്കു ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നു. കിഴക്കനാഫ്രിക്കന്‍ തീരത്ത് (ഇന്നത്തെ കെനിയ)നിന്ന് ഉഗാണ്ടയിലേക്ക് റെയില്‍പാത നിര്‍മിക്കാന്‍ കൊണ്ടുപോയ ഈ
ജോലിക്കാരില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര് മരിച്ചുവെന്നാണു ചരിത്രം. ഓരോ മൈല്‍ പാത ഇടുമ്പോഴും നാലു മരണം എന്ന നിരക്കില്‍. അവശേഷിച്ചവര്‍ ഇന്ത്യയില്‍ നിന്ന് കുടുംബങ്ങളെ കൊണ്ടുവന്ന് കെനിയയില്‍ സ്ഥിരതാമസമാക്കി.
സമൂഹം, രാഷ്ട്രീയം
1964 ല്‍ സ്വാതന്ത്രമായ കെനിയയില്‍ പ്രാദേശിക ഭരണനിര്‍വഹണം എട്ട് പ്രോവിന്സുകളിലൂടെ മാത്രമായിരുന്നു. 2013 നു ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്നു കാണുന്ന ജനാധിപത്യരീതിയിലേക്കു കെനിയ പരിണമിച്ചതും സുഗമമായ ഭരണത്തിനായി 47 കൗണ്ടികളായി ദേശത്തെ വികേന്ദ്രീകരിച്ചതും. ഏക കക്ഷി സംവിധാനത്തില്‍നിന്നു ബഹുകക്ഷി സംവിധാനത്തിലേക്കു കെനിയ വന്നതും ഈ കാലത്താണ്. ഏകദേശം 24 ഇരുപത്തിനാല് കൊല്ലം കെനിയ ഭരിച്ച (1978-2002) ഡാനിയല്‍ അരപ് മോയി അധികാരം തീര്‍ത്തും തന്റെ കയ്യില്‍ സുരക്ഷിതമാക്കി വച്ചു. ജുഡീഷ്യറിയും നിയമവുമൊക്കെ അരപ്മോയി തന്നെയായിരുന്നു. സര്‍വകലാശാലകളില്‍ കമ്യൂണിസം പഠിപ്പിക്കുന്നത് നിരോധിച്ച അരപ് മോയി തനിക്കെതിരായ എല്ലാ പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്തി. ഗോത്രവര്‍ഗങ്ങളുടെ സംഘര്‍ഷങ്ങള്‍ മുതലെടുത്തു. ഇതിന് അറുതി വന്നിട്ടുണ്ടെങ്കിലും ഗോത്ര, മത സംഘര്‍ഷങ്ങള്‍ ഇന്നും അസ്വസ്ഥതയായി പുകയുന്നുണ്ട്.
കെനിയയുടെ ആദ്യ പ്രസിഡന്റ് ജോമോ കെന്യാട്ടയുടെ മകനാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഉഹുരു കെന്യാട്ട. ഏതാണ്ട് അഞ്ചുകോടിക്കു മേലെ ജനവാസമുള്ള കെനിയയില്‍ എഴുപത്തഞ്ചോളം ശതമാനം ജനത ഗ്രാമങ്ങളിലാണു വസിക്കുന്നത്. കൊടിയ അഴിമതിയും തൊഴില്ലായ്മയും പാരിസ്ഥിതിക പ്രശ്നങ്ങളും ഗോത്രസംഘര്‍ഷങ്ങളും രൂക്ഷമാണ്. വെള്ളപ്പൊക്കവും കാര്‍ഷികമേഖലയുടെ തകര്‍ച്ചയും എച്ച്ഐവിയും ജനങ്ങളെ പട്ടിണിയിലേക്കോ നിര്‍ബന്ധിത കുടിയേറ്റത്തിലേക്കോ നയിക്കുന്ന ഇടം കൂടിയാണു കെനിയ.
ഞങ്ങളെ കിസുമു വിമാനത്താവളത്തില്‍ വിട്ടു ജോഷ്വ തിരിച്ചുപോകുമ്പോള്‍ കെനിയയുടെ മനുഷ്യരുടെ ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകം മുന്നില്‍ നിറഞ്ഞു. മൊംബാസയിലേക്കും നയ്രോബിയിലേക്കും പോകുന്ന യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയായിന്നു കിസുമു വിമാനത്താവളം. വിമാനത്തിലിരിക്കവെ, മനസ് കെനിയയുടെ മണ്ണില്‍നിന്ന് പറിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കിസുമുവും കാകമേഗയും മനുഷ്യരും പ്രകൃതിയും ഇനിയും മുന്നോട്ടുനടക്കാനുള്ള പ്രചോദനം നല്കുന്നവയായി മാറിക്കഴിഞ്ഞിരുന്നു.
പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം എന്നീ മേഖലകളില്‍ സ്ത്രീശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനയായ സ്വയം ശിക്ഷൺ പ്രയോഗിന്റെ നേതൃനിരാംഗമാണു ലേഖകന്‍