കുളിച്ച് റെസ്റ്റോറന്റിൽ വന്നപ്പോഴേക്കും ഇക്കോളോമണി ഗ്രാമത്തിലേക്കു പോകാനായി മിക്കവരും തയാറായിരുന്നു. കൂണ് സ്റ്റൂവും ചെറുപയറും മധുരക്കിഴങ്ങും ചേര്‍ത്തുള്ള പുഴുക്കും ചേമ്പിന് പുഴുക്കും ബീഫും ഇലകളുമൊക്കെ റെഡി. ഗോതമ്പ് പൊറോട്ടയും കൂടെയുണ്ട്. ഞാന്‍ ധൃതിയില്‍ കൂണ് സ്റ്റൂവും പൊറോട്ടയും കഴിച്ച് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയിലേക്കു ചെന്നു. ഡ്രൈവര്‍ സോളമന് വന്നു പരിചയപ്പെട്ടു. നല്ല പ്രായമുണ്ടെങ്കിലും ഉറച്ച ശരീരം, കുട്ടികളുടെ ചിരി.
ഇക്കോളോമണിയിലേക്ക് ഏകദേശം അരമണിക്കൂറാണു യാത്ര. അവിടുത്തെ കൃഷിക്കാരിയായ ടികോഷി ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ ഹോട്ടലില്‍ രാവിലെ എത്തിയിരുന്നു. ഗ്രാമത്തിലെ സ്ത്രീ നേതൃത്വങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ടികോഷി യാത്രയ്ക്കിടെ ചുരുക്കി വിവരിച്ചുതന്നു. കാകമേഗ പട്ടണം കഴിഞ്ഞ് വണ്ടി മണ്‍റോഡിലേക്ക് പ്രവേശിച്ചു. തലേദിവസം പെയ്ത മഴയില്‍ റോഡുകളെല്ലാം തോടുകളായി മാറിയിരുന്നു. ഓവുചാലിലൂടെ വെള്ളം ഒഴുകുന്നു. കല്ലും മണ്ണും കുഴിയും താണ്ടി വണ്ടി മെല്ലെ മെല്ലെ നീങ്ങി. ബസില്‍ കഥകള്‍ പലതായി പെയ്തിറങ്ങി. ചിലര്‍ പാട്ടുപാടി നൃത്തം ചെയ്തു.

ഒന്‍പതരയോടെ ഞങ്ങള്‍ ഇക്കോളോമണിയിലെത്തി. ഇവിടെയാണ് 1930 കളിലെ പേരുകേട്ട സ്വര്‍ണവേട്ട നടന്ന സ്ഥലം. നിബിഡ വനങ്ങളും മലകളുമായി ചുറ്റപ്പെട്ടതാണ് ഇക്കോളോമണി ഗ്രാമം. സോളമന് റോഡിനു വശത്തായി വണ്ടി നിര്‍ത്തി. ഇനി വണ്ടി മുന്നോട്ടുപോകില്ല. റോഡ് വളരെ മോശമാണ്. ഞങ്ങളിറങ്ങി നടന്നു. ഗ്രാമത്തിലെത്തുമ്പോഴേക്കും ഒരുകൂട്ടം സ്ത്രീകളും കുട്ടികളും ഞങ്ങളെ സ്വീകരിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു. വന്യമായ പാട്ടിന്റെ, ചടുലമായ നൃത്തത്തിന്റെ താളത്തില്‍ അവര്‍ സ്വാഹിലിയില്‍ ഞങ്ങളെ സ്വാഗതം ചെയ്തു.
മാറിയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പുതിയതും പഴയതുമായ രീതികളെ കോര്‍ത്തുപിടിച്ച, പ്രകൃതിക്കു കോട്ടം തട്ടാത്ത സ്നേഹത്തിന്റെ കൃഷിരീതിയാണ് ഇവിടുത്തെ സ്ത്രീകള്‍ ചെയ്യുന്നത്. മണ്ണൊലിപ്പിനെ തടയാനും മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനും കാട്ടുപയറും പുല്‍കൃഷിയും ചെയ്യുന്ന കാര്യം അവര്‍ പറഞ്ഞു. ഒപ്പം, എണ്‍പതുകളും തൊണ്ണൂറുകളും അവര്‍ എങ്ങനെയാണ് അതിജീവിച്ചതെന്നും. എച്ച്ഐവി ബാധിതരായ മാതാപിതാക്കളുണ്ടായിരുന്ന കഷ്ടകാലത്തിന്റെ പതിറ്റാണ്ടുകള്‍, അനാഥരായ കുട്ടികള്‍, അവരെ സംരക്ഷിച്ച സ്ത്രീകൂട്ടായ്മകള്‍… അങ്ങനെയാണു ഷിബുയെ കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സ് പിറക്കുന്നത്. ഇന്നീ സംഘടന ആഗോളതലത്തില്‍ ഗ്രാമീണവികസന പ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

ഇക്കോളോമണിയും സ്വര്‍ണഖനനവും
ഒരുപക്ഷേ, കിഴക്കന്‍ ആഫ്രിക്കയുടെ ജോഹന്നാസ്ബര്‍ഗ് ആകാന്‍ സാധ്യതയുണ്ടായിരുന്ന സ്ഥലമാണു കാകമേഗ. പശ്ചിമമേഖലയിലെ പ്രധാന വ്യാപാരകേന്ദ്രമായിരുന്ന മുമിയാസിന് അതിന്റെ പദവി നഷ്ടപ്പെടുന്നത് കാകമേഗയില് സ്വര്‍ണനിക്ഷേപത്തിന്റെ കണ്ടെത്തലോടെയാണ്. അതുവരെ കരിമ്പിന് കൃഷിയിലും വ്യപാരത്തിലും പ്രസിദ്ധമായിരുന്ന മുമിയാസിനേക്കാള് കൂടുതല്‍ കാലാവസ്ഥാനുകൂലവും സ്വര്‍ണനിക്ഷേപത്തിന്റെ കണ്ടുപിടുത്തവും ഭരണാധികാരികളെ കാകമേഗയെ പ്രധാന കേന്ദ്രമാക്കി മാറ്റാന്‍ പ്രേരിപ്പിച്ചു.
കൊളോണിയല്‍ കാലത്ത് കെനിയയില്‍ കാകമേഗയില് മാത്രമായിരുന്നു സ്വര്‍ണനിക്ഷേപം കണ്ടുപിടിച്ചിരുന്നത്. കൊളോണിയല്‍ കമ്പനിയായ റോസ്റ്റര്മാന് ഇക്കോളോമണിയില് ഖനനം തുടങ്ങിയപ്പോള്‍ തദ്ദേശീയര്‍ക്കു ചെറിയ ചെറിയ ജോലികള്‍ കിട്ടി. 1930 കളിലെ കൊടും ക്ഷാമം യൂറോപ്പില്‍നിന്ന് കുടിയേറ്റക്കാരുടെ വരവിന് ആക്കം കൂട്ടി. എന്നാല്‍, അശാസ്ത്രീയമായ ഖനനം മൂലം ഒട്ടേറെ ആള്‍ക്കാരുടെ ജീവിതം നഷ്ടപ്പെടുകയും സ്വര്‍ണ നിക്ഷേപം പെട്ടെന്നു തന്നെ ഇല്ലാതാവുകയും ചെയ്തു.
1920 കളില്‍ സ്വര്‍ണം കണ്ടുപിടിച്ചതോടെ ഏകദേശം 900 യൂറോപ്യന്മാര് കാകമേഗയിലേക്ക് ഇരച്ചുകയറി ക്യാമ്പടിച്ചിരുന്നു. അവരും തദ്ദേശീയരുമായി നിരവധി സംഘര്‍ഷങ്ങളുണ്ടായി. 1950 കളുടെ ആദ്യത്തോടെ സ്വര്‍ണഖനനം പൂര്‍ണമായി യൂറോപ്യന്‍ / ബ്രിട്ടീഷ് ശക്തികള്‍ അവസാനിപ്പിച്ചപ്പോള്‍ പ്രതാപകാലം അവസാനിച്ച് കാകമേഗ കന്നുകാലികളുടെ ഇടമായി മാറി. പിന്നീടൊരു തിരിച്ചുവരവുണ്ടാകുന്നത് 1970കളില്‍ ടൂറിസത്തിന്റെയും അടിസ്ഥാന സൗകര്യത്തിന്റെ വരവോടെയാണ്.

കരിമ്പ് കൃഷിയും ഇന്ത്യയും
ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയും ചൈനയും വഴിയും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സഞ്ചരിച്ച കരിമ്പ് പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ബ്രസീലിലേക്ക് എത്തിച്ചു. അവിടെനിന്നാണ് കരിമ്പ് കെനിയയിലേക്കു വന്നതെന്നു ചരിത്രം പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍നിന്ന് നിരവധി പേരെ, പ്രത്യേകിച്ച് ഗുജറാത്തില്നിന്നുള്ളവരെ കരിമ്പ്പാടത്തെ പണിക്കാരായി കൊണ്ടുപോയിരുന്നു. ക്രമേണ ഇന്ത്യന്‍ വ്യാപാരികളും മറ്റും കെനിയയുടെ സാമ്പത്തികരംഗത്ത് സാന്നിധ്യം പ്രബലമാക്കി. പിന്നീട് കെനിയന്‍ രാഷ്ട്രീയക്കാരും സമ്പന്നരായ ഇന്ത്യന്‍ വ്യാപാരികളും ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തി അവിടത്തെ ജനതയെ രണ്ടായി നിര്‍ത്തുന്നതിലേക്കു നയിച്ചുവെന്ന് സുഹൃത്ത് ടീകോഷി പറഞ്ഞു.
സ്വാഹിലിയുടെ വേരുകള്‍
സ്വാഹിലിയാണു കെനിയയിലെ സാധാരണ വ്യവഹാര വിനിമയ ഭാഷ. ഉഗാണ്ട, ടാന്‍സാനിയ എന്നിവിടങ്ങളിലും സ്വാഹിലി സംസാരിക്കുന്നു. ഈ ഭാഷ ഉരുത്തിരിയുന്നത് കെനിയയുടെ പടിഞാറന്‍ തീരത്ത് കൂടെ വന്നിരുന്ന അറേബ്യന്‍ വ്യാപരികളുടെ വ്യാപാര ബന്ധത്തില്‍നിന്നാണ്. ഇത് അറേബ്യയുടെയും പേര്‍ഷ്യയുടെയും ഫിരാസി വ്യാപാരികളുടെയും ബണ്ടു സമൂഹത്തിന്റെയും സമ്മിശ്രമാണ്. വിവിധ സംസ്കാരങ്ങളുടെ വ്യാപാര വിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞുവന്നതാണ് സ്വാഹിലി എന്ന് പറയാം.
കെനിയന്‍ ഗോത്രസമൂഹങ്ങള്‍ പ്രാചീനകാലങ്ങളില്‍ പരസ്പര വിവാഹബന്ധങ്ങളിലൂടെയും പലായനങ്ങളിലൂടെയും സമ്മിശ്രകൂടിച്ചേരലിലൂടെയും സംഘര്‍ഷത്തിലൂടെയും ഉത്ഭഭവിച്ചൊരു സമൂഹമാണ്. മാങ് സമൂഹത്തിനു മാത്രമേ തങ്ങളുടേതായ ഒരു ഭരണസംവിധാനമുണ്ടായിരുന്നുള്ളൂ. മറ്റു സമൂഹങ്ങളെല്ലാം അനിശ്ചിതമായ വേട്ടയാടലിന്റെയും പലായനത്തിന്റെയും ഉല്‍പ്പന്നങ്ങളായിരുന്നു.

കരയുന്ന കല്ല്
ഇക്കോളോമണിയില്നിന്നു തിരിച്ചുപോരുമ്പോള്‍ ഹൈവേയില്‍നിന്നാണ് ആ അദ്ഭുതം കണ്ടത്- കരയുന്ന കല്ല്. നാല്‍പ്പത് മീറ്ററോളം ഉയരമുള്ള മനുഷ്യന്റെ മുഖം പോലെ തോന്നിക്കുന്ന ഈ ഭീമാകാരമായ കല്ലിന്റെ നെറുകയില്‍നിന്നു വെള്ളം ധാരധാരയായി ഒഴുകുന്നു.
കല്ല് വെള്ളം കണ്ണീരായി പൊഴിക്കുന്ന സമയങ്ങളില്‍ കൃഷിയില്‍ നല്ല വിളവുണ്ടാകുമെന്നാണു നാട്ടുകാരുടെ വിശ്വാസം ഇതിനായി പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടത്താറുണ്ടത്രേ.
ഷിബുയെ കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സ് സെന്റര്‍
ഇക്കോളോമണി ഗ്രാമത്തോടും ഗ്രാമീണരോടും ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങി. ഇനി ഷിബുയെ കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സ് ഓഫീലേക്ക്. അവിടെയാണ് ഉച്ചഭക്ഷണം. ചെറിയ അങ്ങാടി, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍. പഴയ തുണികള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാര്‍, കുഞ്ഞുങ്ങളെ തോളില്‍ കിടത്തി പച്ചക്കറികളും പത്രങ്ങളും വില്‍ക്കുന്ന അമ്മമാര്‍, നേപ്പിയര്‍ ഇനം പുല്ല് വില്ക്കാന് സൈക്കിളില്‍ കൊണ്ടുപോകുന്ന കുട്ടികള്‍, കൂനിക്കൂടിയിരിക്കുന്ന വൃദ്ധര്‍, അച്ചടക്കമില്ലാത്ത, തിരക്കേറിയ മാര്‍ക്കറ്റ്… ഒറ്റയോർമയിൽ ഷിബുയെ ഇങ്ങനെ വിശേഷിപ്പിക്കാം. ആഴ്ചച്ചന്ത ദിവസമായിരുന്നു ഷിബുയെയില് അന്ന്.
വണ്ടി ഇടത്തോട്ടുതിരിഞ്ഞ് ചെറിയ ഇടവഴിയില്‍ നിര്‍ത്തി. ഷിബുയെ കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സ് ഓഫീസ് എത്തി. ഒരു ചെറിയ കെട്ടിടം. ആറ് മാസമേ ആയുള്ളൂ ഇവര്‍ സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറിയിട്ട് . ഇവിടുത്തെ ജോലിക്കാര്‍ പലരും അനാഥരാണ്, എച്ച്ഐവി ബാധിതരായതിനെത്തുടര്‍ന്ന് മരിച്ച ദമ്പതികളുടെ മക്കള്‍. അങ്കുബ് എന്ന പെണ്‍കുട്ടി വന്നു പരിചയപ്പെട്ടു. വളരെ ഊര്‍ജസ്വലയായ അവള് ഇവിടെ ജോലി ചെയ്യുന്നതോടൊപ്പം കാകമേഗയിലെ കമ്യൂണിറ്റി കോളേജില്‍ പഠിക്കുകയും ചെയ്യന്നു. അങ്കുബിന് നല്ല സാമൂഹ്യപ്രവര്‍ത്തക ആകണമെന്നാണാഗ്രഹം.

ഉച്ചഭക്ഷണത്തിനു ചോറിനൊപ്പം ചപ്പാത്തിയും ബീഫ് പുഴുങ്ങിയതും ചേനയും ചേമ്പിന് താളിന്റെ ഉപ്പേരിയും ഉള്‍പ്പെടെയുള്ള രുചിയേറിയ നാടന്‍ വിഭവങ്ങള്‍. ഒപ്പം പഴുത്ത മാങ്ങയും. എല്ലാം ഓഫീസില്‍ തന്നെ ഉണ്ടാക്കിയതാണ്. ഉച്ചഭക്ഷണത്തിനുശേഷം ഗ്രാമത്തിലേക്കു പോകേണ്ടതായിരുന്നു. എന്നാല്‍ അവിടെ കനത്ത മഴയാണെന്ന് ഡോറീന് പറഞ്ഞതിനാല്‍ യാത്ര ഉപേക്ഷിച്ചു.
തിരിച്ച് ഹോട്ടലിലെത്തുമ്പോഴേക്കും വൈകുന്നേരമായിരുന്നു. വീണ്ടും കാകമേഗ പട്ടണത്തിലേക്കിറങ്ങി. അങ്ങിങ്ങായി ഗുജറാത്തികളുടെ പുസ്തകക്കടകളും ബൈക്ക് ഷോറൂമും. അടുത്തുതന്നെ ഖേത്യാസ് സൂപ്പര്‍ മാര്‍ക്കറ്റ് കണ്ടു. അതൊരു ഇന്ത്യന്‍ വംശജന്റേതാണെന്നു സുഹൃത്ത് നാന്‍സി പറഞ്ഞിരുന്നു. ഇവര്‍ക്ക് നയ്രോബിയിലും മറ്റു നഗരങ്ങളിലും ഇതേ പോലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉണ്ടത്രേ. എതിര്‍വശത്താണ് കിസുമു ഗവര്‍ണറുടെ ഓഫീസ്. സമീപത്തായുള്ള തട്ടുകടയില്‍ നിരവധി വിഭവങ്ങള്‍. നാല്‍പ്പത് കെനിയന്‍ ഷില്ലിങ് കൊടുത്ത് പൊരിച്ചെടുത്ത മധുരക്കിഴങ്ങ് ഒരു പ്ലേറ്റ് വാങ്ങി. നല്ല രുചി. തിരിച്ച് ഹോട്ടലിലെത്തിയപ്പോള്‍ ഇഷ്ടമുള്ള വിഭവങ്ങള്‍ പറഞ്ഞതനുസരിച്ച് പ്രധാന പാചകക്കാരന് ഒലോങ്കോ തയാറാക്കി വച്ചിരുന്നു.

ഇവക്കലെ ഗ്രാമത്തിലേക്ക്
രാവിലെ തന്നെ ഹോട്ടലില്‍നിന്നു ഗോതമ്പ് പൊറോട്ടയും ബീഫും കഴിച്ചു ചെന്നപ്പോഴേക്കും എല്ലാവരും ബസില്‍ സീറ്റ് ഉറപ്പിച്ചിരുന്നു. കഴിഞ്ഞദിവസത്തെ ഡ്രൈവര്‍ സോളമനു പകരം ചെറുപ്പക്കാരനായ ക്രിസ്റ്റഫറാണ് ഇന്നു വന്നത്. രണ്ടു ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനുണ്ടെന്നു നാന്‍സി പറഞ്ഞു. ആദ്യം പോകുന്നത് കാകമേഗയുടെ മടിത്തട്ടിലുള്ള ഇവക്കലെ ഗ്രാമത്തിലേക്കാണ്. 1980-90 കളില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ ആയിരങ്ങള്‍ പേര് മരിക്കാനും അത്രയേറെ കുട്ടികള്‍ അനാഥരാകാനും ഇടയാക്കിയ എയ്ഡ്സ് എന്ന മാരകവിപത്തിന്റെ തിക്തഫലങ്ങള്‍ ഏറ്റുവാങ്ങിയ ഗ്രാമം.
പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം എന്നീ മേഖലകളില്‍ സ്ത്രീശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനയായ സ്വയം ശിക്ഷൺ പ്രയോഗിന്റെ നേതൃനിരാംഗമാണു ലേഖകന്‍