പശ്ചിമ കെനിയയുടെ ബെങ്കാ സംഗീതത്തിന്റെ താളത്തില്‍ ബസ് നീങ്ങി. ചിലര്‍ നൃത്തം ചെയ്തു. ഇടയക്ക് ഉഗാണ്ടയുടെയും എത്യോപ്പിയയുടെയും പാട്ടുകള്‍. ഇവക്കലെയില് എത്തിയപ്പോള്‍ സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങിയ ഒരു വലിയ സംഘം ഞങ്ങളെ സ്വീകരിക്കാന്‍ വന്നിരുന്നു. കെനിയന്‍ വാദ്യങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ അവര്‍ ഞങ്ങളെ ഗ്രാമത്തിലേക്ക് നയിച്ചു. സ്ത്രീകളും കുട്ടികളും സന്തോഷത്തില്‍ നൃത്തം ചെയ്തു. ആഫ്രിക്കന്‍ ജനതയ്ക്കു സംഗീതവും നൃത്തവും അവരുടെ ചോരയില്‍ തളിര്‍ക്കുന്ന പുഷ്പങ്ങളാണ്. തങ്ങളുടെ ദുഖങ്ങളും സന്തോഷങ്ങളും പോരാട്ടങ്ങളും പാട്ടിലൂടെയും നൃത്തത്തിലൂടെയുമാണവര് സാക്ഷാത്കരിക്കുന്നത്.
വളരെ വൃത്തിയായ ഗ്രാമം. തെളിച്ചമുള്ള കാലാവസ്ഥ. കുട്ടികളും സ്ത്രീകളും ആകാംക്ഷയോടെ ഞങ്ങളെ നോക്കി. അവര്‍ ജോയ്സിന്റെ വീട്ടിലേക്കു ഞങ്ങളെ നയിച്ചു. ജോയ്സ് ഈ നാടിന്റെ ശക്തിയും പ്രചോദനവുമാണ്. 1990 കളില്‍ എച്ച്ഐവി ബാധിതരായി ആളുകള്‍ മരണത്തിലേക്കു നടന്നുകയറിയപ്പോള്‍ അനാഥരായതു കുട്ടികളാണ്. ജോയ്സ്, വയലറ്റ്, ഡൊറീന് തുടങ്ങിയ കരുത്തരായ സ്ത്രീകള്‍ മറ്റെല്ലാ ജോലികളും മാറ്റിവച്ച് ഈ കുട്ടികളെ സംരക്ഷിക്കാനിറങ്ങുകയായിരുന്നു. അങ്ങനെയാണ് ഷിബുയെ കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സ് എന്ന സംഘടന പിറന്നത്. അതിന്റെ സ്ഥാപകാംഗമായ ജോയ്സിന്റെ നേതൃത്വത്തില്‍ അവരുടെ വീട്ടില്‍ തന്നെ അനാഥരായ കുട്ടികളെ പുനരധിവസിപ്പിച്ചും വിദ്യഭ്യാസത്തിനയച്ചും നാടിനു കരുത്തേകി. രോഗങ്ങള്‍ കുറഞ്ഞപ്പോള്‍ ജോയ്സും സംഘവും പാവപ്പെട്ടവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിലും പ്രകൃതിസംരക്ഷണത്തിലും മാറിവരുന്ന കലാവസ്ഥയ്ക്കനുയോജ്യമായ കൃഷിരീതിയിലും ഊന്നല്‍ നല്കി.

ഇവക്കലെ ഗ്രാമം കാമ്പിരി ബ്ലോക്കില്‍ കാകമേഗ വനത്തിനു ചുവടെയാണു സ്ഥിതി ചെയ്യുന്നത്. ഇതുകാരണം വനം ഇവരുടെ വീടും ജീവിതവുമാണ്. നേരെ
ത്തെ വനത്തിലെ വിഭവങ്ങള്‍ അമിതമായി എടുത്തിരുന്ന ഗ്രാമീണര്‍ ഇന്ന് കെനിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് വനസംരക്ഷണത്തിന്റെ പാതയില്‍ ഒട്ടേറെ മുന്നേറിയിരിക്കുന്നു. നഷ്ടപ്പെട്ട തദ്ദേശീയമായ മരങ്ങള്‍ വച്ചുപിടിപ്പിച്ച് വനത്തെ വീണ്ടും സ്വഭാവികതയിലേക്കു കൊണ്ടുവരുന്ന തിരക്കിലാണു ഗ്രാമീണര്‍.
സോയ എന്ന ആശ്വാസം
എയ്ഡ്സ് വ്യാപകമായിരുന്ന കാലത്ത്, ആന്റി റിട്രോവൈറല്‍ തെറപി (എആര്‍ടി)
നിലവില്ലാതിരുന്നപ്പോള് രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ പോഷകമുള്ള ഭക്ഷണം കിട്ടിയിരുന്നത് സോയ ബീനില്നിന്നായിരുന്നു. ഇതൊരു ബൂസ്റ്റര്‍ ആയിരുന്നു രോഗികള്ക്കെന്നു വയലറ്റ് അനുഭവങ്ങള്‍ സാക്ഷ്യമാക്കി വിശദീകരിച്ചു. മുഖുന്സുലി (Mukhunzuli), മുസെന്സെലി (Musenzeli) എന്നറിയപ്പെടുന്ന ഔഷധസസ്യങ്ങളും ഒരു പരിധിവരെ രോഗികള്‍ക്ക് ആശ്വാസം നല്‍കിയതായി വയലറ്റ് പറഞ്ഞു. എയ്ഡ്സിനെ എങ്ങനെ നേരിടണമെന്നു കെനിയന്‍ സര്‍ക്കാരിനു തന്നെ അറിയാത്ത കാലമായിരുന്നു ഇത്.

ഇവക്കലെയിലെ സ്ത്രീകൂട്ടായ്മ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിവിധ കരകൗശല വസ്തുക്കള്‍ വളരെ നല്ല രീതിയില്‍ ഉണ്ടാക്കുകയും പുറത്തു വില്‍പ്പന നടത്തുകയും ചെയ്യുന്നു. വിവിധ നിറത്തിലുള്ള മാറ്റുകളും മുത്തുകള്‍ പിടിപ്പിച്ച ഹാന്‍ഡ് ബാഗുകളും ഇക്കൂട്ടത്തില്‍ പെടുന്നു. കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന സ്ത്രീകളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എയ്ഡ്സ് രോഗവുമായി ബന്ധപ്പെട്ടവരാണ്. അവരുടെ തേനീച്ച, നാടന്‍കോഴി വളര്‍ത്തല്‍ രീതികളും പ്രകൃതികൃഷിയും കണ്ട് ഗ്രാമത്തോട് യാത്ര പറഞ്ഞു.
യുവാക്കളുടെ സംഗീത സംഘം അവിടെത്തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഇവരാണ് സാംസ്കാരിക, സാമൂഹിക പ്രശ്നങ്ങളെ പാട്ടായും നൃത്തമായും നാടകമായും അവതരിപ്പിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നത്. അവര്‍ തങ്ങളുടെ നാടന്‍ സംഗീതോപകരണങ്ങളില്‍ താളം കൊട്ടി. ഇവര്‍ക്കൊപ്പം സ്ത്രീകളും ചേര്‍ന്ന് പാടിയും നൃത്തംചെയ്തും ഒന്നര കിലോ മീറ്ററോളം നടന്ന് ഞങ്ങളെ കാകമേഗക്കാടിനുള്ളിലെ മിതുലി എന്ന ഗ്രാമത്തിലേക്കു യാത്രയാക്കി. ഇന്ത്യയില്‍ നിന്ന് എന്നോടൊപ്പം വന്ന സ്ത്രീപ്രതിനിധികള്‍ തദ്ദേശീയരുടെ താളത്തിലും വേഗതയിലും നൃത്തം ചെയ്യാന്‍ കഷ്ടപ്പെടുകയായിരുന്നു.

മിതുലിയിലേക്ക്
കാകമേഗ കാടിനു പുറത്ത് അധിവസിക്കുന്ന ആദിമവിഭാഗമായ ലുഹ്യ ഗോത്രങ്ങളുടെ ആവാസസ്ഥലത്തുകൂടിയായിരുന്നു മിതുലി ഗ്രാമത്തിലേക്കുള്ള യാത്ര. ഒരു കാലത്ത് കോംഗോ വനങ്ങളുടെ തുടര്‍ച്ചയായി ഉഗാണ്ടയിലും കെനിയയിലും വ്യാപിച്ചു കിടന്നിരുന്ന മഴക്കാടുകളുടെ വനമേഖല ഇന്ന് കെനിയയില്‍ പശ്ചിമഭാഗത്ത് കാകമേഗയില് ഏകദേശം 280 ഹെക്ടര്‍ തുരുത്തായി ഒതുങ്ങി. വിവിധ ഗോത്രങ്ങളുടെ അതിജീവനത്തിനയുള്ള കുടിയേറ്റവും ഖനനഭീമന്മാരുടെ ദുരയും കാരണം ഇവിടത്തെ പ്രകൃതിയെ കാലാവസ്ഥയെ മാറ്റിമറിച്ചു. കാടില്ലാതായി കരിമ്പും തേയിലത്തോട്ടവും പുതിയ അതിഥികളായി വന്നു. ഇതോടെ തനത് മരങ്ങളും ജീവജാലങ്ങളും അപ്രത്യക്ഷമായി. ഭൂമധ്യരേഖാ പ്രദേശത്ത് കെനിയയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന മഴക്കാടുകള്‍ കാകമേഗയില് മാത്രമേയുള്ളൂവെന്ന വസ്തുത കാര്യങ്ങളെ സങ്കീര്‍ണമാക്കി. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയതോടെ വനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആരംഭിച്ചു. സോണ്‍ 1, സോണ്‍ 2
എന്നിങ്ങനെ വനമേഖലയെ പുനര്‍ക്രമീകരണം ചെയ്ത് ഇന്നതെ കാകമേഗയെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു.
മിതുലിയിലേക്കുള്ള പാതയുടെ ഇരുവശവും മരങ്ങളും മണ്ണും കൊണ്ട് കെട്ടിയ കുടിലുകള്‍. ദാരിദ്യത്തിന്റെ നിറങ്ങള്‍ പേറുന്ന മൂക്കിളയൊലിപ്പിച്ച കുട്ടികള്‍. എവിടെയും തോടും മണ്ണും മലയും മാത്രം. ക്രിസ്ത്യന്‍ മതപഠന ഷെഡ്ഡുകളും അതിനോടനുബന്ധിച്ച് സ്കൂളുകളും കാണാനായി. കെനിയയില്‍ എഴുപതു ശതമാനം പേരും ക്രിസ്തുമത വിശ്വാസികളാണ്. ബാക്കി ഇരുപത്തഞ്ചു ശതമാനം ഗോത്രവര്‍ഗക്കാരും ഏകദേശം അഞ്ചു ശതമാനം മുസ്ലിം ജനതയുമാണ്. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ഭാഗമായി മതം മാറിയ ഗോത്രവര്‍ഗങ്ങള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കും. പള്ളിയില്‍ പോയി ധ്യാനം കൂടും.
ബസ് യാത്രതുടരവെ മഴ തുടങ്ങി. എപ്പോള്‍ വേണമെങ്കിലും മഴപെയ്യാമെന്നതാണു കാകമേഗക്കാടുകളുടെ പ്രത്യേകത. മഴയില്‍ മുങ്ങിയ മണ്‍റോഡിലൂടെ വണ്ടി മിതുലിയിലെത്തി. കുട കരുതിയിരുന്നു. വണ്ടിയില്‍ നിന്നിറങ്ങി നടന്നു. അടുത്ത് തന്നെയാണ് മേരിയുടെ വീട്. മേരി ഞങ്ങള്‍ക്കൊപ്പം വണ്ടിയില്‍ ഇവക്കലെയില്നിന്ന് വന്നിരുന്നു.

മിതുലി ഗ്രാമത്തില്‍ ഏകദേശം മുപ്പതോളം കുടുംബങ്ങളാണു വസിക്കുന്നത്. കാടിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഇവര്‍ ഇന്ന് വലോഞ്ചി സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വനസംരക്ഷണത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി കാട്ടില്‍നിന്നു വിറക് ശേഖരിക്കുന്നത് നിരുത്സസാഹപ്പെടുത്തുകയും നാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. മണ്ണുകൊണ്ടുള്ള പരിസ്ഥിതി അനുകൂല പുകരഹിത അടുപ്പുകള്‍ നിര്‍മിച്ച് വിപണനം ചെയ്ത് വരുമാന മാര്‍ഗവും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനവും നടത്തുന്നു. മേരിയുടെ സംഘം മണ്ണടുപ്പുണ്ടാക്കുന്ന രീതി ഞങ്ങള്‍ക്കു കാണിച്ചുതന്നു.
കാകമേഗ വനമേഖല
സമയം വൈകുന്നേരമായി. തിരിച്ചുപോകാന്‍ സമയമായെന്ന് വയലറ്റ് പറഞ്ഞു. വന്യമായ കാകമേഗ കാടിനുള്ളിലൂടെയായിരുന്നു തിരിച്ചുവരവ്. മണ്‍റോഡിലൂടെ വണ്ടി നീങ്ങുമ്പോള്‍ കാടിനുള്ളില്‍ പെയ്യുന്ന മഴയുടെ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നു.
കാകമേഗ മഴക്കാടുകള്‍ ഉഗാണ്ടന്‍- കോംഗോ മലനിരകള്‍ അടങ്ങിയ വലിയ പ്രദേശമാണ്. ഇവിടത്തെ കാട് നഷ്ടപ്പെട്ടാല്‍ കെനിയയുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും കൃഷിരീതികള്‍ മറിമാറിയുകയും ചെയ്യുമെന്നു വയലറ്റ് പറഞ്ഞു. ഒറ്റപ്പെട്ട മഴക്കാടുകളുടെ, ട്രോപ്പിക്കല്‍ വനത്തിന്റെ (മിതശീതോഷ്ണ മേഖല) മടിത്തട്ടാണു കാകമേഗ. ഭൂമധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കാകമേഗ വനം കെനിയയുടെ ഏറ്റവും കൂടുതല്‍ പക്ഷിയിനങ്ങളെ കാണുന്ന സ്ഥലമാണ്. ഏകദേശം മുന്നൂറ്റമ്പത്തോളം പക്ഷിയിനങ്ങളുള്ള ഈ വനത്തില്‍ മുന്നൂറ്റി എണ്‍പതോളം ഇനം മരങ്ങളും ഒട്ടനേകം കുരങ്ങ് വര്‍ഗങ്ങളും ഉരഗങ്ങളും വസിക്കുന്നു.
1960 മുതല്‍ കാട് വെട്ടി കുടിയേറിയതിന്റെ ഭാഗമായി ഒട്ടേറെ മരങ്ങളും അപൂര്‍വ ജീവികളും അന്യംനിന്നു. കോംഗോ വനത്തിന്റെ തുടര്‍ച്ചയായ കാകമേഗ ഏകദേശം 178 ചതുരശ്ര കിലോമീറ്റര്‍ തുരുത്തായി ചുരുങ്ങിയിരിക്കുന്നു. കാടിനോടടുത്ത് വസിക്കുന്ന ജനം കൂടുതലും മറ്റ് ഭാഗങ്ങളില്‍ നിന്നു വന്നിവിടെ താമസമാക്കിയ ലുഹിയ ഗോത്രമാണ്. നല്ല മണ്ണും കാലാവസ്ഥയും കെനിയയിലെ മറ്റു ഭാഗങ്ങളില്‍നിന്ന് ഇങ്ങോട്ട് കുടിയേറാന്‍ ജനവിഭാഗങ്ങളെ പ്രേരിപ്പിക്കുന്നു. അതിന്റെ ഫലമായി ഒട്ടേറെ വനമേഖലയും വിഭവങ്ങളും കെനിയയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

രണ്ടുദിവസത്തെ കാര്യശാലയും കഴിഞ്ഞ് തിരിച്ചുപോക്കിനെക്കുറിച്ച് ചിന്ത തുടങ്ങി. ഭൂമധ്യരേഖയെന്ന സാങ്കല്‍പ്പിക സ്ഥലത്തുകൂടെയാകണം തിരിച്ചുപോക്ക് എന്ന ആഗ്രഹം വയലറ്റിനോട് പങ്കുവച്ചിരുന്നു. മാത്രമല്ല കിസുമുവില്‍ ചെന്നാല്‍ വിക്ടോറിയ തടാകം കാണണമെന്നും ആഗ്രഹമുണ്ടായിരുന്നു. പിറ്റേന്ന് വൈകീട്ടാണു കിസുമുവില്‍ നിന്നു നെയ്രോബിയിലേക്കുള്ള ഫ്ളൈറ്റ്. ഒരു പകല്‍ മുഴുവനായുണ്ട്. വയലറ്റ് എല്ലാം കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. ഞങ്ങളുടെ കൂട്ടാന്‍ വണ്ടി രാവിലെ ഒന്പതിനു വരുമെന്നു പറഞ്ഞു വയലറ്റ് പിരിഞ്ഞു. മറ്റു രാജ്യങ്ങളിലെ സ്ത്രീനേതൃത്വങ്ങള്‍ പല സമയങ്ങളില്‍ അവരവരുടെ ദേശങ്ങളിലേക്കു തിരിച്ചുപോയിരുന്നു.
പറഞ്ഞതുപോലെ, രാവിലെ ഒന്പതിനു തന്നെ ജയെല് വണ്ടിയുമായി വന്നു. കിസുമുവിലേക്കുള്ള പാതയില്‍ ഏകദേശം പത്തു കിലോമീറ്റര്‍ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞു. ബൂസിയക്കുള്ള വഴി. ഉഗാണ്ടയ്ക്ക് ഇവിടെനിന്നു ഏകദേശം നാല്‍പ്പതു കിലോമീറ്റര്‍ മാത്രം. കുറേക്കൂടി മുന്നോട്ടുപോയാല്‍ ഭൂമധ്യരേഖാ പ്രദേശത്തെത്തും. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലകള്‍ കൂടുതലായി കണ്ടുതുടങ്ങി. കുറേ മുന്നോട്ടുപോയപ്പോള്‍ കേരളം പോലെ തോന്നിക്കുന്ന ചില സ്ഥലങ്ങള്‍ കണ്ടുതുടങ്ങി. നല്ല ഭൂമിയും കൃഷിക്കു പറ്റിയ മണ്ണും. ജനങ്ങള്‍ ഇടതിങ്ങിപ്പാര്ക്കുന്നതുകൊണ്ട് ഇവിടെ ഭൂമി എല്ലാവര്ക്കും കുറച്ചു മാത്രമേയുള്ളൂ. ഇവിടെ ഖനനം നടത്താന്‍ ചൈനീസ് കമ്പനികള്‍ക്കു കെനിയന്‍ സര്‍ക്കാരില്‍നിന്ന് ലൈസന്‍സ് കിട്ടിയിട്ടുണ്ട്. ഈ കമ്പനികളാണ് അടിസ്ഥാന വികസനത്തിനു സര്‍ക്കാരുമായി കരാറുണ്ടാക്കിയിരിക്കുന്നത്.
പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം എന്നീ മേഖലകളില്‍ സ്ത്രീശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനയായ സ്വയം ശിക്ഷൺ പ്രയോഗിന്റെ നേതൃനിരാംഗമാണു ലേഖകന്‍