ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നതുമായ ലൂവർ മ്യൂസിയത്തിലേക്കായിരുന്നു പിന്നീടുള്ള യാത്ര.
സെയ്ൻ നദിയുടെ അരികിലൂടെ പ്രധാന റോഡിൽ നിന്ന് കൊട്ടാരക്കെട്ടിലേക്ക് കയറിയാൽ വിശാലമായ മുറ്റമാണ്. ഒരുപാട് വാഹനങ്ങൾ വന്നും പോയുമിരിക്കുന്നു. അധികവും ടൂറിസ്റ്റ് ബസ്സുകളാണ്. യൂറോപ്പിലെത്തുന്ന വിനോദയാത്രികർ അധികവും ആശ്രയിക്കുന്നത് ടൂറിസ്റ്റ് ബസുകളെയാണ്. പത്തും പന്ത്രണ്ടും രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകളായാണ് വരുന്നത്. ബസ് ആകർഷണ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്നു. അത്തരം യാത്രയ്ക്കുള്ള സൗകര്യം സമയനഷ്ടമില്ലാതെ ഓരോ സ്ഥലത്തും എത്താമെന്നതാണ്.
ഒന്നിച്ചൊരു തുക ടൂർ കമ്പനിയിൽ നൽകിയാൽ ഭക്ഷണമടക്കം പാസുകളെല്ലാം അവരുടെ ഉത്തരവാദിത്വത്തിൽ നടക്കുന്നു .
ഞങ്ങൾ അത്തരം യാത്രക്കാർ ആയിരുന്നില്ല. പരമാവധി പൊതു വാഹനങ്ങൾ ഉപയോഗിച്ച് ഓരോയിടത്തും ഇഷ്ടമുള്ള സമയം ചെലവഴിച്ച് തിരക്കുകൾ ഒന്നുമില്ലാത്തവർ. അതിൽ കുറച്ചു പ്രയാസങ്ങളുണ്ട് – കുറച്ച് സാഹസികതയും. വഴിയറിയാതെ പോയാൽ വന്നേക്കാവുന്ന സമയനഷ്ടവും ഭാഷാപ്രശ്നവും വലുതാണ്. (അധികപേർക്കും അറിയാവുന്നത് ഫ്രഞ്ചാണ് )
അതേസമയം ജനങ്ങൾക്കിടയിൽ ഒരാളായി മാറുന്നതിന്റെ കൗതുകമുണ്ട് . ജനങ്ങളുടെ ജീവിതവും സംസ്കാരവും അടുത്തറിയാനാവുന്നു.
ലൂവർ മ്യൂസിയത്തിന്റെ കവാടം ഒരു ഗ്ലാസ് പിരമിഡ് ആണ് . ഗ്ലാസ് പാളികളും ലോഹ കമ്പികളും കൊണ്ട് നിർമ്മിച്ച പിരമിഡ് കൗതുകമുണർത്തുന്നു. പകൽ കാണുന്നതിനേക്കാൾ പതിന്മടങ്ങ് സൗന്ദര്യമുണ്ട് രാത്രി ഈ പിരമിഡിന്. പിരമിഡിൽ ഘടിപ്പിച്ചിരിക്കുന്ന ബൾബുകൾ തെളിയുന്നതോടെ ഒരു കൂറ്റൻ വജ്രം പ്രകാശിക്കുന്നതായി തോന്നും.
പിരമിഡിനുള്ളിലേക്ക് പ്രവേശിച്ച് താഴെ നിലയിലേക്ക് ഇറങ്ങി വീണ്ടും പടികൾ കയറിവേണം മ്യൂസിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ. ജയരാജ് സാർ ഓഡിയോ ഗൈഡ് അന്വേഷിച്ചു പോയി. ലൂവർ മ്യൂസിയത്തിന്റെ മൊബൈൽ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണ് ഞാൻ ചെയ്തത്.
ക്രിസ്തുവിനുമുമ്പ് 7000 വർഷം മുമ്പുള്ള ശില്പങ്ങളും വസ്തുക്കളും വരെയുണ്ട്.
ചരിത്രാതീതകാലം മുതലുള്ള മനുഷ്യന്റെ വികാസ പരിണാമങ്ങളുടെ ശേഷിപ്പുകളാണവ. കലാ ചരിത്രത്തിന്റെയും. ഇവയെല്ലാം എങ്ങനെ ലൂവറിൽ എത്തി എന്ന ചിന്ത – സാമ്രാജ്യത്തിലേക്ക്, യുദ്ധത്തിലേക്ക്, പിടിച്ചടക്കലുകളിലേക്ക് കൊണ്ടുപോകുന്നു. പലരും സംഭാവന നൽകിയതും വിപ്ലവകാലത്ത് കണ്ടുകെട്ടിയവയുമൊക്കെയാണെങ്കിലും മറ്റൊരുവശം ചോരയുടേത് കൂടിയാണ്.
ചരിത്രാതീത കാലം മുതൽ ഇന്നു വരെയുള്ള ഉള്ള 460000 വസ്തുക്കൾ ആണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിലായി ഫിലിപ്പ് രണ്ടാമൻ രാജാവ് പണികഴിപ്പിച്ച കോട്ടയാണ് പിന്നീട് ലൂവർ കൊട്ടാരമായി മാറ്റിയത്. കോട്ടയുടെ അവശിഷ്ടങ്ങൾ ലൂവർ മ്യൂസിയത്തിന്റെ അടിത്തട്ടിൽ കാണാം.
ഓരോ പ്രദർശന വസ്തുവിന്റെ മുന്നിലും രണ്ടു മിനിറ്റ് വീതം ചെലവഴിച്ചാൽ ആറുമാസം മാസം കഴിയണം കണ്ടു തീരാനെന്ന് കേട്ടിരുന്നു. അതിവേഗത്തിൽ കണ്ടു കണ്ടു പോവുകയേ വഴിയുള്ളൂ. ചില ചിത്രങ്ങൾക്ക് മുന്നിൽ, ശില്പങ്ങൾ മുന്നിൽ നിൽക്കുമ്പോൾ മണിക്കൂറുകൾ ചെലവഴിക്കാൻ തോന്നും. ചരിത്രത്തിൽ കുടുങ്ങിക്കിടന്നു പോകും. ഇവിടെ തൂപ്പുപണി കിട്ടിയാലും പോയേക്കാം എന്നു തോന്നി പോകുന്നു.
ചരിത്രത്തിലേക്ക്, സംസ്കാരങ്ങളിലേക്ക് അത്രയേറെ കൂട്ടിക്കൊണ്ടു പോകുമ്പോൾ ഏതു കാലത്താണ് നിൽക്കുന്നത് എന്നറിയാൻ ശരീരത്തിൽ നുള്ളി നോക്കേണ്ടി വരുന്നു. ഞാൻ മജ്ജയും മാംസവും ഉള്ള ജീവിയാണോ?
ഒന്നായി കിടന്നിരുന്ന ഭൂമി പല രാജ്യങ്ങളും അതിർത്തികളുമായി മാറിയതിന്റെ കാഴ്ച. ചോരപ്പുഴകളിലൂടെയാണ് ഇന്ന് നാം കാണുന്ന സമൂഹം കെട്ടിപ്പെടുത്തത് എന്ന് ഓരോ വസ്തുവും നമുക്ക് കാണിച്ചു തരുന്നു.
ശില്പങ്ങളിൽ നിന്നാണ് തുടങ്ങിയത്. പൗരസ്ത്യ പാശ്ചാത്യ ശിൽപ്പങ്ങൾ… ഏറെ കാലം മണ്ണിനുള്ളിൽ മറഞ്ഞു കിടന്നവ … സമയമായപ്പോൾ പുറത്തുവന്നവ… തലയറ്റുപോയവ… അംഗഭംഗം വന്നവ…
The seated scribe (Egypt) Venus de Milo, winged Victory of Samothrace, Apolo of piambino, Diana of versailles (Greek), Dying Slave തുടങ്ങിയ എത്രയോ ശില്പങ്ങൾ.
ഹമ്മുറാബിയുടെ നിയമാവലി രേഖപ്പെടുത്തിയിരിക്കുന്ന ശില കൗതുകത്തോടെയാണ് കണ്ടത്.
ക്രിസ്തുവിനുമുമ്പ് പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ നിയമ സംഹിത എഴുതപ്പെട്ടത് എന്ന് കരുതുന്നു. ചരിത്രത്തിലെ ഏറ്റവും പഴയ നിയമ സംഹിതകളിൽ ഒന്നായ ഈ ശിലാലിഖിതം ഒരു കേടുപാടും പറ്റാതെ ഇന്നുമിരിക്കുന്നു. അക്കേദിയൻ ഭാഷയിൽ ക്യൂണിഫോം ലിപിയിലാണ് ഇതിന്റെ രചന എന്ന് പണ്ട് ബാബിലോണിയൻ സംസ്കാരത്തെപ്പറ്റി പഠിച്ചത് ഓർത്തു.
മൈക്കലാഞ്ചലോ, ലിയാനാർഡോ ഡാവിഞ്ചി, റാഫേൽ, ടിഷ്യൻ , റൂബൻസ്, കരവാഗിയോ, റെം ബ്രാന്റ്, ആൻഡ്രിയ മാന്റെഗ്ന, ജിയോവന്നി ബെല്ലിനി തുടങ്ങിയവരുടെ 7500 ലധികം ചിത്രങ്ങളാണുള്ളത്. ഗ്യാലറിയുടെ ഭിത്തി മുഴുവൻ ചിത്രങ്ങൾ ….ചുമരിൽ നിറഞ്ഞുനിൽക്കുകയാണ് അവ. കൂടുതൽ സമയം ഒന്നിനും മുന്നിൽ നിൽക്കാനാവുന്നില്ല എന്നതാണ് സങ്കടം.
ഈ ചിത്രങ്ങളെല്ലാം കണ്ടു നടക്കുമ്പോൾ പ്രതീക്ഷയോടെ മറ്റൊന്നിന് കാത്തിരിക്കുന്നു. മോണാലിസയാണത്. ലൂവർ മ്യൂസിയം എന്നാൽ മോണാലിസയാണ്. ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ ചിത്രം.
ഇറ്റാലിയൻ നവോത്ഥാന കലയുടെ മകടോദാഹരണമായി വിശേഷിപ്പിക്കുന്ന ചിത്രമാണിത്.
ഫ്ലോറൻസിലെ വ്യാപാരിയായിരുന്ന ഫ്രാൻസിസ്കോ ഡെൽ ജോകോണ്ടയുടെ ഭാര്യയായ ലിസ ഖെരാർദീനിയായിരുന്നു (Lisa Gherardini ) യായിരുരുന്നു ഡാവിഞ്ചിയുടെ മോഡലായ വനിത. ദീർഘദൂരമായ ആകാശവീക്ഷണം ചിത്രീകരിച്ച ആദ്യചിത്രമാണിത്. വരയ്ക്കാൻ ഉപയോഗിച്ച സാങ്കേതികതയാണ് മറ്റൊര പ്രത്യേകത. കലാകാരന്മാർ വിസ്മരിച്ചു കളഞ്ഞ സ്ഫുമാറ്റോ സാങ്കേതികത കാര്യമായി ഉപയോഗിച്ചുകൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. ചിത്രത്തെ ഏറെ പ്രശസ്തമാക്കിയത് ലിസയുടെ പുഞ്ചിരിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട, കാണാനാഗ്രഹിയ്ക്കുന്ന ചിത്രം മാത്രമല്ല മോണാലിസ. ഈ ചിത്രത്തിന്റെ സാങ്കേതിക മുതൽ പുഞ്ചിരിയുടെ രഹസ്യം വരെ ഗവേഷണ വിഷയമായിട്ടുണ്ട്.
കൺകോണിലെ നിഴൽ, ചുണ്ടിന്റെ അറ്റത്തെ നിഴലൊക്കെ ഈ ചിത്രത്തിന്റെ കൗതുകങ്ങളിൽ പെടുന്നു. ലിസയുടെ ചിരിയുടെ രഹസ്യമന്വേഷിച്ച ഒരാൾ കണ്ടെത്തിയ ഗവേഷണഫലം വായിച്ച് പണ്ട് ഞാൻ ചിരിച്ച് മണ്ണുകപ്പിയതോർത്തു.
ലിസയ്ക്ക് പുഴു പല്ലായിരുന്നത്രേ! അതുകൊണ്ടാണ് വാ തുറന്ന് പല്ലുകാണിക്കാതെ അടക്കിയൊതുക്കി ചിരിച്ചത് പോലും.
മോണാലിസയെ കട്ടു കൊണ്ടു പോയിട്ടുണ്ട് – തിരിച്ചു കിട്ടുകയും ചെയ്തിട്ടുണ്ട്. ആസിഡ് ആക്രമണവും ചായക്കപ്പ് എറിഞ്ഞതുമൊക്കെ ചരിത്രം.
ഇത്തരം കുഴപ്പങ്ങൾ നേരിടാൻ വൻ സുരക്ഷാ സംവിധാനമാണ് ലിസയുടെ മുന്നിൽ ഒരുക്കിയിരിക്കുന്നത്. ബുള്ളറ്റ്പ്രൂഫ് കണ്ണാടിയ്ക്കുള്ളിലാണ് മോണാലിസ. കൂടാതെ കാവൽക്കാരുമുണ്ട്.
77 x 53 സെൻറിമീറ്റർ മാത്രമാണ് ഈ ചിത്രത്തിന്റെ വലിപ്പം. ലൂവറിലെ ഏറ്റവും ചെറിയ ചിത്രമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ലിസയുടെ എതിരെ വെച്ചിരിക്കുന്ന ചിത്രം ഭിത്തി നിറഞ്ഞു നില്ക്കുന്നവയാണ്. അതുകൊണ്ടാവണം ലിസയെ കാണുന്നവർ വിശ്വാസം വരാതെ എതിർ ഭിത്തിയിലെങ്ങാൻ വലിയ മോണാലിസയുണ്ടോ എന്ന് പരതുന്നത്. ഇത്ര ചെറുതോ മോണാലിസ എന്നാശ്ചര്യപ്പെടുന്നവരേയും അവിടെ കണ്ടു.
മോണാലിസയുടെ അടുത്തേക്ക് നടക്കുമ്പോൾ അവിടെ വൻ തിരക്കാണ്. അധികനേരം നോക്കിനിൽക്കാൻ സാധ്യമല്ല . കൂട്ടത്തിൽ ഒരുപാട് പേരില്ലാത്തതുകൊണ്ടും കയ്യിൽ മൊബൈൽ ഫോൺ ഉള്ളതുകൊണ്ടും കുറച്ചുസമയം അവിടെയും ഇവിടെയുമൊക്കെയായി മാറി മാറി നിന്ന് കണ്ടു. ലിസയ്ക്കൊപ്പം സെൽഫിയെടുക്കുന്ന തിരക്കു കൂടിയുണ്ട്. പൊതുവെ സെൽഫിയെടുക്കാത്ത ഞാൻ മൊണാലിസയ്ക്കൊപ്പം സെൽഫി പരീക്ഷിച്ചു.
ലൂവർ നിന്നിറങ്ങുമ്പോൾ ഒരു യാത്ര സ്വാർത്ഥകമാകുന്നത് എങ്ങനെ എന്ന് തിരിച്ചറിയുകയായിരുന്നു. ക്ലാസിലിരുന്ന് മൂന്നു വർഷം ലോക ചരിത്രം പഠിക്കുന്ന നേരത്ത് ലൂവറിലേക്ക് ഒറ്റ യാത്ര മതി.
ലൂവർ മ്യൂസിയത്തിനു മുന്നിൽ സെയ്ൻ നദിക്കരയിൽ യാത്രാ വഞ്ചി കാത്തുനിന്നു. ആഡംബരവഞ്ചികളും അതിവേഗ വഞ്ചികളും കടന്നുപോകുന്നുണ്ട്. സെയ്ൻ നദിയിലൂടെ യാത്ര ചെയ്യുമ്പോൾ ഒരേ മാതൃക പിന്തുടരുന്ന കെട്ടിടങ്ങൾ, മനോഹര വാസ്തുശില്പങ്ങൾ, ഈഫൽ ഗോപുരം. …
വിശ്വപ്രസിദ്ധമായ നോത്രദാം പള്ളി കാണണമെന്നുണ്ടായിരുന്നു. പക്ഷേ ദൂരെനിന്നു കാണാനേ കഴിഞ്ഞുള്ളൂ. കുറച്ചുദിവസം മുമ്പാണ് നോത്രദാമിന്റെ ഒരുഭാഗം കത്തിയമർന്നത്.
ജനീവയിൽ നിന്ന് പാരീസിലേക്ക് അധികദൂരമില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവൻ ഫോണിൽ പറഞ്ഞപ്പോൾ പാരീസിൽ പോകാൻ പറ്റിയാൽ നോത്രദാം കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, ആ സംസാരത്തിനടുത്ത ദിവസമായിരുന്നു നോത്രദാമിൽ തീപടർന്നത് .
സാഹിത്യം തന്ന അടുപ്പമായിരുന്നു നോത്രദാം . അതെന്റെ പള്ളിയായിരുന്നു. ഞാൻ മനക്കണ്ണിൽ പലവട്ടം കണ്ട പള്ളി. അങ്ങനെ നേത്രദാം പള്ളിയെ ഇനിയും മനക്കണ്ണിൽ തന്നെ കണ്ടുകൊണ്ട് പാരീസിൽ നിന്ന് മടങ്ങുന്നു.