രാവിലെ മെട്രോ ട്രെയിനിൽ ഈഫൽ ടവർ കാണാനിറങ്ങി. യൂറോപ്പിൽ മോസ്കോ മെട്രോ കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയത് പാരീസ് മെട്രോയ്ക്കാണ്. 214 കിലോമീറ്ററാണ് നീളം. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ അധികവും ഭൂഗർഭ റെയിലാണ്. ഒന്നോ രണ്ടോ മിനിറ്റിൽ അടുത്ത സ്റ്റേഷനിലെത്തുന്നു. 302 സ്റ്റേഷനുകളാണുള്ളത്.
മെട്രോ സ്റ്റേഷനുകളുടെ പേരുകൾ കൗതുകത്തോടെയാണ് വായിച്ചത്. പല പുണ്യവാളന്മാരുടെയും പേരിൽ സ്റ്റേഷനുണ്ട്. സെന്റ് അഗസ്റ്റിൻ, സെൻറ് അംബ്രോസ്, സെന്റ് ഡെന്നിസ് അങ്ങനെ… ഫ്രഞ്ച് തത്വചിന്തകനും ഫ്രഞ്ച് അമേരിക്കൻ വിപ്ലവങ്ങളുടെ സ്വാധീനശക്തിയുമായിരുന്ന വോൾട്ടയർ, ചിത്രകാരനായ പിക്കാസോ, അമേരിക്കൻ പ്രസിഡണ്ടായിരുന്ന റൂസ്‌വെൽറ്റ് ഇവരൊക്കെ സ്റ്റേഷൻ പേരുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
വലിയ തിരക്കാണ് ട്രെയിനിൽ. ഓരോ സ്റ്റേഷനുകളിലും കയറുകയും ഇറങ്ങുകയും ചെയ്യുന്ന പലതരം മനുഷ്യർ. ഇരിക്കാൻ സീറ്റുകിട്ടുന്നവർ പുസ്തകമെടുത്ത് വായിക്കുന്നുണ്ട്. മൂന്നു മിനിറ്റിനുള്ളിൽ ഇറങ്ങേണ്ടതാണെങ്കിലും അവർ വായിക്കുന്നു.

സ്വിറ്റ്സർലൻഡിലും ഈ കാഴ്ച കണ്ടിരുന്നു. ബസുയാത്രയിലും ട്രെയിൻ യാത്രയിലും ആളുകൾ പുസ്തകം വായിക്കുന്നത് കാണാമായിരുന്നു. ഒട്ടൊരു കൗതുകത്തോടെയാണ് കാണാനായത്. നമ്മുടെ നാട്ടിൽ ട്രെയിൻ യാത്രയിൽ തന്നെ അപൂർവ്വമാണ് ഇപ്പോൾ വായന. അത് തന്നെ മാസികകളും മറ്റുമാണ്. ബസിലും ട്രെയിനിലും പത്രമാസികകൾ വെയ്ക്കാനായുള്ള പ്രത്യേക സ്ഥലത്ത് അന്നന്നത്തെ വർത്തമാന പത്രങ്ങൾ വെച്ചിരുന്നു. പലരുമെടുത്ത് വായിക്കുന്നുണ്ട്. പത്രവായന കേരളത്തിലും കാണാവുന്നതുകൊണ്ട് അതിൽ കൗതുകമുണ്ടായില്ല. അതേ സമയം സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് അതിൽ അഭിരമിക്കാതെ പുസ്തകവായനയെ ഗൗരവമായി കാണുന്ന ജനതയെ ആദരവോടു കൂടിയാണ് കണ്ടത്.
ഈഫൽ ഗോപുരത്തിനടുത്തുള്ള സ്റ്റേഷനിൽ ഇറങ്ങി യാന്ത്രപടികൾ കയറി മുകളിലേക്ക് പോകുമ്പോൾ അതിമധുരമായ വൃന്ദ സംഗീതം കേട്ടു . യന്ത്രപ്പടി മുകളിലേക്കെത്തുന്തോറും ആ സംഗീതം ഉച്ചസ്ഥായിയിലായി…
പ്രായം ചെന്നൊരു സംഗീതജ്ഞൻ ഒരു സ്റ്റൂളിലിരുന്ന് ഗിറ്റാറിന്റെ പരിഷ്ക്കരിച്ച പതിപ്പു പോലെ തോന്നിക്കുന്ന വാദ്യോപകരണത്തിൽ വായിക്കുകയാണ്. ആ വാദ്യോപകരണം മുമ്പ് കണ്ടിരുന്നില്ല. എന്നാൽ ആ സംഗീതമെന്നെ പിടിച്ചു നിർത്തി. കൂടെയുള്ളവർ മുകളിലെത്തിക്കഴിഞ്ഞിരുന്നു. ഈഫൽ ടവറിൽ കയറാനുള്ള സമയം ബുക്ക് ചെയ്തത് 9.30 ന് ആയിരുന്നു. ആ സമയമടുത്തിരുന്നു. ഫോട്ടോ എടുക്കാനോ അര മിനിറ്റെങ്കിലും വീഡിയോ എടുക്കാനോ കഴിയാത്തതിൽ വിഷമം തോന്നി. തിരിച്ചു വരുമ്പോഴും അദ്ദേഹം അവിടെയുണ്ടാവുമെന്ന് വിശ്വസിച്ചു.
സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തെരുവുകച്ചവടക്കാർ കറുത്ത വർഗ്ഗക്കാർ, ഇരുണ്ട നിറക്കാർ … ഈഫൽ ഗോപുരത്തിന്റേയും മറ്റും ചെറു മാതൃകകൾ വിലപേശി വില്ക്കുകയാണ്. ആഫ്രിക്കക്കാർ, ബംഗ്ലാദേശികൾ , തമിഴരൊക്കെയുണ്ടെന്ന് അറിഞ്ഞു. കുടിയേറ്റത്തിന് ഇളവുള്ള രാജ്യമാണ് ഫ്രാൻസ്. അതുകൊണ്ടാണ് തെരുവുകച്ചവടക്കാരെ കാണാനാവുന്നത്. തെരുവുകച്ചവടക്കാരിൽ ഒറ്റ വെളുത്ത വംശക്കാരെയും കണ്ടില്ല.
സെയ്ൻ നദിക്കപ്പുറം ഈഫൽ ഗോപുരം. ഇതളിനെ വീഡിയോ ചാറ്റിൽ വിളിച്ച് ഈഫൽ ഗോപുരത്തിന് ചുവട്ടിലെത്തും വരെ കാണിച്ചു കൊടുത്തു.
ഈഫലിനു ചുവട്ടിലെത്തിയപ്പോഴാണറിയുന്നത് – ഓൺലൈൻ ബുക്കിംഗ് നടത്തിയ ടിക്കറ്റ് പ്രിൻറ് വേണമെന്ന്. ടിക്കറ്റ് കിട്ടുന്നതിന് കുറച്ചപ്പുറത്ത്
പോകണമായിരുന്നു. ഞങ്ങളെ അവിടെ നിർത്തി ജയരാജ് സാർ പോയി. അപ്പോഴേക്കും ഒൻപതര കഴിഞ്ഞിരുന്നു.
മനുഷ്യനിർമ്മിതമായ അത്ഭുതങ്ങളിൽ എനിക്കോ സീമ ടീച്ചർക്കോ താൽപര്യമുണ്ടായിരുന്നില്ല. പ്രകൃതിയുടെ അത്ഭുതങ്ങളിലേക്ക് എത്തിപ്പെടാനാണ് ഞങ്ങൾ ആഗ്രഹിച്ചത് .
വൈദ്യുതി കൊണ്ടു പോകുന്ന ടവറുകളോട്, മൊബൈൽ ടവറുകളോട് പണ്ടേ എനിക്കിഷ്ടമില്ലാതിരുന്നത് ഈഫലിലും പ്രതിഫലിക്കുന്നുണ്ട് എന്ന് തോന്നി. ഇരുമ്പിൽ കുറെ ജ്യാമിതീയ രൂപങ്ങൾ..
ഞങ്ങളുടെ സ്കൂളിന് പിന്നിൽ ഒരു ഇലക്ട്രിക് ടവറുണ്ടായിരുന്നു. ആ ടവർ, ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴേ എനിക്ക് അസ്വസ്ഥത ഉണ്ടാക്കി. വെളിക്ക് വിട്ടാൽ ഈ ടവറിന് അടുത്തുള്ള ചെരുവിൽ കുറ്റികാട്ടിലാണ് മൂത്രമൊഴിക്കാൻ പോകുന്നത്. ടവറിൽ രണ്ടെല്ലുകൾ പിണച്ചുവെച്ച് അപായം എന്നെഴുതിയിരുന്നു. ആ സൂചന അലോസരമുണ്ടാക്കി. കുട്ടിക്കാലത്ത് ഇത്തരമൊരു സൂചന ഉള്ളിൽ കയറിയതുകൊണ്ടാവാം ഈഫലിന് ചുവട്ടിലിരിക്കുമ്പോൾ ഓർമ്മകൾ വന്ന് അസ്വസ്ഥതപ്പെടുത്തുന്നത്.
പത്താംക്ലാസിൽ പഠിക്കുമ്പോൾ അതേ ടവറിന് മുകളിലേക്ക് വലിഞ്ഞു കയറി നൃത്തം വയ്ക്കുന്ന നാട്ടുകാരനായ രാധാകൃഷ്ണനെ കണ്ടിട്ടുണ്ട്. രാധാകൃഷ്ണൻ വലിഞ്ഞു വലിഞ്ഞു കയറി പോകുന്നത് കാണുമ്പോൾ പെരുവിരലിൽ നിന്ന് ഒരു ആലക്തികത വരുമായിരുന്നു.
ആ വലിഞ്ഞുകയറ്റത്തിന്റെ അർത്ഥം ഇന്നുമറിയില്ല. എന്തിനായിരുന്നുവെന്നും, രാധാകൃഷ്ണന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്നും.
എന്നെങ്കിലുമൊരിക്കൽ കാറ്റടിച്ചാൽ വീഴുന്ന രാധാകൃഷ്ണനെ പറ്റി മുതിർന്നവർ രഹസ്യത്തിൽ സംസാരിച്ചതിന് സാക്ഷിയായിരുന്നിട്ടുണ്ട്. രാധാകൃഷ്ണൻ വണ്ടിയിടിച്ചാണ് മരിച്ചത്.
ഇടുക്കിയിൽ ഞങ്ങളുടെ പറമ്പിൽ ഒരു മൊബൈൽ ടവറുണ്ട്. മുമ്പ് പറമ്പിനതിരിലെ പാറയിൽ നിന്ന് കാണുന്ന കാഴ്ചകൾ മറച്ചുകൊണ്ട് അത് മാനംമുട്ടി നിൽക്കുന്നതു കാണുമ്പോൾ അസ്വസ്ഥതയാണ്. അതെ അസ്വസ്ഥതയാണ് ഈഫൽ എന്ന അസ്ഥിപഞ്ചരം നൽകുന്നത്.
സമയം കടന്നു പോയതു കൊണ്ട് ഞങ്ങൾക്ക് അര മണിക്കൂർ കഴിഞ്ഞുള്ള ട്രിപ്പിലേക്ക് മാറ്റേണ്ടി വന്നു. ഓരോരുത്തർക്കും പത്ത് യൂറോ വീതം നൽകിയിട്ടാണ് ടിക്കറ്റ് പുതുക്കിക്കിട്ടിയത്. ജയരാജ് സാർ വന്നത് ഒരു സംഘം ആളുകളോടൊപ്പമാണ്
ഒപ്പം മിടുക്കിയായ ബ്രസീലിയൻ ഗൈഡ്. അവൾ ഈഫലിന്റെ ചരിത്രം പറയുകയാണ്.

ഗസ്തേവ് ഈഫൽ എന്ന എഞ്ചിനിയറാണ് ഈ ഗോപുരത്തിന്റെ ശില്പി. 1889 ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന എക്സ്പൊസിഷൻ യൂണിവേഴ്സെല്ല(Exposition Universelle) എന്ന പ്രദർശനത്തിനു വേണ്ടിയായിരുന്നു സ്മാരക നിർമ്മാണം. എളുപ്പത്തിൽ പൊളിച്ചുമാറ്റാൻ കഴിയുന്ന വസ്തുക്കൾക്കൊണ്ടായിരിക്കണം സ്മാരക നിർമ്മാണമെന്നായിരുന്നു നിബന്ധനകളിലൊന്ന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടാക്കിയ 18036 ശുദ്ധ ഇരുമ്പു കഷണങ്ങളുപയോഗിച്ചാണ് ഗോപുരം നിർമ്മിച്ചത്. 1000 അടിയിൽ നിർമ്മിച്ച ഗോപുരത്തിന് മൂന്ന് പ്ലാറ്റ്ഫോമുകളാണുള്ളത്. ആദ്യ രണ്ട് പ്ലാറ്റ്ഫോമുകളിൽ റെസ്റ്ററന്റും ഷോപ്പിംഗ് സെൻററുമുണ്ട്.
തൂണുകൾക്കുള്ളിലുള്ള പടികളിലൂടെ നടന്നു കയറുകയോ കേബിൾ കാറിലൂടെ മുകളിലേക്ക് പോവുകയോ ചെയ്യാം.
നടന്നു കയറാമെന്നാണ് വിചാരിച്ചത്. എന്നാൽ ഞങ്ങളുടെ ടിക്കറ്റ് കേബിൾ കാറിന്റേതായിരുന്നു.
അഞ്ഞൂറുപടികൾ കയറാനുണ്ടത്രേ! കേബിൾ കാറിലായതു കൊണ്ട് കണ്ണടച്ചു തുറക്കും വേഗത്തിൽ മുകളിലെത്തി.
ഈഫൽ ഗോപുരത്തിൻറെ രണ്ടാം ഫ്ലാറ്റ് ഫോമിൽ നിൽക്കുമ്പോൾ ഈ മഹാനഗരം ഗോപുരത്തിന് ചുവട്ടിൽ ആണെന്ന് തോന്നും. ഒരു വശത്തുകൂടി ഒഴുകുന്ന സെയ്ൻ നദിയിൽ ആഡംബര ചങ്ങാടങ്ങളും യാത്ര ബോട്ടുകളും.. ദൂരേക്ക് ദൂരേക്ക് കാഴ്ച നീളുന്ന നഗരം 40 കിലോമീറ്റർ ദൂരെവരെ ഇവിടെ നിന്നാൽ കാണാമത്രേ!
ഈഫൽ ഗോപുരം നിർമ്മിച്ചത് തന്നെ ലോകത്ത് ജനാധിപത്യത്തിന് നാന്ദികുറിച്ച് ഒരു നൂറ്റാണ്ടിൻറെ ഓർമ്മക്ക് വേണ്ടിയാണ് . സമത്വം ,സാഹോദര്യം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ലോകത്തെങ്ങും അലയടിച്ചതിന്റെ ഓർമ്മയ്ക്കാണ്. ഭരണകൂടങ്ങൾ വിറച്ചു തുടങ്ങിയതിന്റെ, ഫ്യൂഡലിസത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ഓർമ്മകൾക്കു മുന്നിലാണ്.
എന്നാൽ ഈ ഗോപുര നിർമ്മാണം തുടക്കം മുതൽ വിവാദത്തിലായിരുന്നു. 300 മീറ്ററിലേറെ ഉയരമുള്ള ഗോപുര നിർമ്മാണം അപ്രായോഗികമാണെന്ന് ഒരു വിഭാഗം വാദിച്ചു. ഇത്ര ഉയരത്തിലുള്ള നിർമ്മിതികളൊന്നും ഫ്രാൻസിൽ അന്നുവരെ ആരും നിർമ്മിച്ചിരുന്നില്ല. അതുകൊണ്ട് അത് അസാധ്യമാണെന്നായിരുന്നു കരുതിയിരുന്നത്. അതേപോലെ ഒരു കൂട്ടം കലാകാരൻമാർ പറഞ്ഞത് പാരീസിന്റെ യഥാർത്ഥ സൗന്ദര്യം ഇല്ലാതാകുമെന്നാണ്.
പലരും അസ്ഥിപഞ്ചരം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് – മലയാളത്തിലെ ജോൺ ഗന്തർ എന്നറിയപ്പെടുന്ന എസ് കെ അടക്കം!
പരമ്പരാഗത വാസ്തുവിദ്യയുമായി ഒട്ടും യോജിക്കുന്നതായിരുന്നില്ല ഈഫൽ ഗോപുരത്തിന്റെ ഡിസൈൻ.
അതുകൊണ്ടുതന്നെ ഗോപുരം നിർമ്മിച്ച കമ്പനിയുടെ പ്രതിനിധി എന്ന നിലയിൽ ഗുസ്താവ് ഈഫലിനു മുന്നിൽ വലിയ പ്രതിസന്ധികൾ ഉണ്ടായിരുന്നു. നിർമ്മാണച്ചെലവിന്റെ
ചെറിയൊരംശം മാത്രമാണ് സർക്കാർ നൽകിയത്. ബാക്കി നിർമാണ ചെലവ് കമ്പനി വഹിക്കുകയായിരുന്നു.
ഫെസ്റ്റിവലിലൂടെ ലഭിക്കുന്ന തുകയും പിന്നീടുള്ള 20 വർഷത്തെ വരുമാനവും ഈഫലിന് അവകാശപ്പെട്ടതായിരുന്നു. ആവശ്യമായി വന്ന നിർമാണച്ചെലവിന്റെ എത്രയോ ഇരട്ടി പിന്നീട് അദ്ദേഹത്തിന് ലഭിച്ചു എന്നത് ചരിത്രമെന്ന്
ഞങ്ങളുടെ ചുറുചുറുക്കുള്ള ഗൈഡ് പെൺകുട്ടി പറഞ്ഞു.
ഒന്നും രണ്ടും നിലകളിൽ റസ്റ്റോറൻറ്കൾ, സൊവനീർ ഷോപ്പ് …വെറുതെ കയറിയിറങ്ങി. സൊവനീർ ഷോപ്പിൽ അടുക്കാനാവാത്ത വിലയാണ്. ഏതാണ്ട് അതേ സാധനങ്ങൾ വിലകുറച്ചു തെരുവു കച്ചവടക്കാരുടെ അടുത്തുനിന്ന് ലഭിക്കും. റെസ്റ്റോറന്റിൽ നിന്ന് കാപ്പിയും നെയ്യപ്പം പോലൊരു പലഹാരവും വാങ്ങി. നെയ്യപ്പം പോലെ ഇരുന്നത് കേക്ക് ആയിരുന്നു!
ഈഫൽ ഗോപുരത്തിന്റെ, ലൂവർ മ്യൂസിയത്തിന്റെ സൊവനീർ വാങ്ങിയത് തെരുവുകച്ചവടക്കാരിൽ നിന്നായിരുന്നു.
തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ പഴയ സംഗീതജ്ഞനെ തിരഞ്ഞു. പക്ഷേ, കണ്ടില്ല. ഒന്നും പിന്നീടത്തേക്ക് മാറ്റി വെയ്ക്കരുത്!