ജനീവയുടെ വൃത്തിയാണ് ആദ്യം ശ്രദ്ധിച്ച ഒരു കാര്യം. അഴുക്കോ പ്ലാസ്റ്റിക്കോ കടലാസുകളോ ഒന്നും വഴിയോരത്തോ പൊതുവിടങ്ങളിലോ ഇല്ല. ഭരണ സംവിധാനം മാത്രമല്ല, ജനങ്ങൾ ഒന്നടങ്കം വൃത്തിബോധമുള്ളവരാണ്. ഏറെ ചോക്ളേറ്റ് കഴിക്കുന്നവരാണ് അവിടുത്തെ ജനത. ഒന്നാംകിട ചോക്ളേറ്റിന് പേരു കേട്ടിടം. സ്വിസ് ചോക്ളേറ്റ് ഏറെ പ്രസിദ്ധവുമാണ്.
എന്നാൽ കഴിക്കുന്നവർ ചോക്ളേറ്റ് കടലാസ് തങ്ങളുടെ ജാക്കറ്റിലോ ബാഗിലോ സൂക്ഷിച്ച് മാലിന്യം നിക്ഷേപിക്കാനുള്ള കൂടയിൽ മാത്രം നിക്ഷേപിക്കുന്നു. അത് ജൈവം, പ്ലാസ്റ്റിക്, ടിന്നുകൾ ഒക്കെ വെവ്വേറെയായി. ചെറിയ കുട്ടികൾ വരെ അത് കൃത്യമായി പാലിക്കുന്നു.
പൊതുവിടങ്ങളിലെല്ലാം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലടക്കം സ്മോക്കിംഗ് കോർണറുകളുണ്ട്. അവിടെ വെച്ച് മാത്രമേ അവർ പുകവലിച്ചുള്ളൂ. പുകവലിക്ക് സ്ത്രീപുരുഷ വ്യത്യാസമൊന്നുമില്ല. വലിച്ചു തീരുന്ന കുറ്റികൾ അതിനു വെച്ചിരിക്കുന്ന പാത്രങ്ങളിൽ മാത്രം തീ കെടുത്തി നിക്ഷേപിക്കുന്നു. പാരിസ്ഥിതികബോധം ആ ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.
നമ്മുടെ നാട്ടിൽ അങ്ങനൊരു സാഹചര്യമുണ്ടാകാൻ എത്ര കാലം കാത്തിരിക്കണം? പ്രതീക്ഷിക്കാൻ വകുപ്പുണ്ടോ എന്ന് ഈ നിമിഷത്തിലും ആലോചിക്കുന്നു.
പൊതുവിടം അങ്ങനെയൊക്കെ വൃത്തിയിൽ സൂക്ഷിക്കുമ്പോഴും പൊതുവിടത്തിൽ ചുംബനങ്ങൾ യഥേഷ്ടം കാണാം. ലിപ്ലോക്കുകൾ… അതും അവരുടെ സംസ്കാരത്തിന്റെ ഭാഗമാകാം.
ജനീവയോട് താത്കാലികമായി വിടവാങ്ങുകയാണ്. അതിവേഗ ട്രെയിനിൽ പാരിസ് ആണ് ലക്ഷ്യം. 550 കിലോമീറ്റർ കേവലം മൂന്നു മണിക്കൂർ കൊണ്ട് എത്തിച്ചേരുന്നു എന്നതാണ് ഈ ട്രെയിൻ യാത്രയെ കൗതുകമുള്ളതാക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ കേരളത്തിലായിരുന്നുവെങ്കിൽ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എത്താൻ എടുക്കുന്നത് വെറും മൂന്ന് മണിക്കൂർ എന്ന്…
മറ്റൊരു രാജ്യത്തിലേക്കാണ് ട്രെയിനിൽ പോകുന്നത്, എന്നാൽ വലിയ പരിശോധനകൾ ഒന്നും ഉണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനിൽ ഫ്രഞ്ച് ഓഫീസുണ്ട്. അതു വഴി വേണം മുകളിൽ പ്ലാറ്റ്ഫോമിലേക്ക് കയറാൻ. പരിശോധനയൊന്നും കണ്ടില്ല. വാതിലുകളെല്ലാം തുറന്നു കിടക്കുന്നു. ഞങ്ങൾ അതു വഴി പ്ലാറ്റ്ഫോമിലേക്ക് കയറി. എത്തിക്കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴാണ് അങ്ങനെ വരാൻ പാടില്ലായിരുന്നു എന്നറിയുന്നത്. സ്വാഭാവികമായും മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ പരിശോധനകൾ കഴിയണം എന്നത് ഞങ്ങൾ മനസ്സിലാക്കേണ്ടതായിരുന്നു. മുകളിലെത്തിയപ്പോൾ ആകെ സംശയം വന്ന്, ഞങ്ങളെ അവിടെ നിർത്തിയിട്ട് വിവരം അന്വേഷിക്കാൻ ജയരാജ് സർ തിരിച്ചിറങ്ങി.
അപ്പോഴാണറിയുന്നത് അത് ഞങ്ങൾ കയറി വന്ന സമയത്ത് ഫ്രാൻസിൽ നിന്നും ഒരു ട്രെയിൻ അവിടെ വരികയും അവിടെനിന്ന് ആളുകൾ ഇറങ്ങി പോകുന്നതിനു വേണ്ടി വാതിലുകൾ തുറന്നിട്ടുരുന്നു എന്നും. അതറിയാതെയാണ് ഞങ്ങൾ തുറന്ന വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചത്. വിവരമന്വേഷിക്കാൻ പോയ ജയരാജ് സാറിന് തിരിച്ചു കയറാൻ സാധിച്ചില്ല. അപ്പോഴേക്കും വാതിലടച്ചിരുന്നു. അപ്പോൾ പ്ളാറ്റ്ഫോമിൽ പെട്ടു പോയ ഞങ്ങളെന്തു ചെയ്യും എന്ന ഒരു ചോദ്യമുയർന്നു. ഏതായാലും വണ്ടി വന്ന സമയത്ത് ഗേറ്റ് തുറക്കുകയും അന്നേരം ജയരാജ് സാർ കയറി വരികയും ചെയ്തു. പരിശോധനകൾ ഒന്നുമുണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
മുന്നേ വന്ന ഞങ്ങൾക്ക് വലിയ പ്രതിബന്ധങ്ങളൊന്നും ഇല്ലാതെ ട്രെയിനിൽ കയറിപ്പറ്റാൻ സാധിച്ചു. ട്രെയിനിൽ വെച്ച് നമ്മുടെ ടിടിഇയെപ്പോലെ ഒരാൾ വന്നു രേഖകൾ പരിശോധിക്കും. അപ്പോൾ മാത്രമാണ് നമ്മുടെ പാസ്പോർട്ടും വിസയും പരിശോധിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയം വച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് മുന്നിലേക്ക് ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു . പക്ഷേ ഭക്ഷണം കഴിക്കാൻ പോകാൻ സാധിച്ചില്ല.
തിരിച്ചിറങ്ങാനാവുമെന്നായിരുന്നു, തുറന്നു കിടന്ന വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചപ്പോൾ ഞങ്ങൾ കരുതിയത്. അതു കൊണ്ട് ഉച്ച ഭക്ഷണം കരുതിയിരുന്നില്ല. ജയരാജ് സാർ തിരിച്ചിറങ്ങിപ്പോയ സമയത്ത് ഞങ്ങൾക്ക് വേണ്ട ഭക്ഷണം കൂടി വാങ്ങി കൈയ്യിൽ വെച്ചിരുന്നു. കാര്യമായിട്ടൊന്നും ലഭിച്ചിരുന്നില്ല, കാപ്പിയും റോബസ്റ്റ പഴവുമാണ് അന്നത്തെ ഉച്ചഭക്ഷണം.
സ്വിറ്റ്സർലാൻഡിന്റേയും ഫ്രാൻസിന്റേയും കൃഷിയിടങ്ങൾക്കിടയിലൂടെയാണ് യാത്ര. വഴിയോരക്കാഴ്ചകൾ സ്വർഗ്ഗീയാനുഭൂതിയിലെത്തിക്കുന്നു. അതിസുന്ദരമായ ഗ്രാമങ്ങൾ. പച്ച പരവതാനി വിരിച്ചിട്ട പോലെയുള്ള പുൽമേടുകൾ. അവിടെ മേയുന്ന മാടുകൾ… വണ്ടിയുടെ അതിവേഗത ദൃശ്യങ്ങളെയും ചിലപ്പോൾ ബാധിക്കുന്നു. ഒരു സ്വപ്നത്തിലെന്ന മറഞ്ഞു പോകുന്നു. ചിലയിടങ്ങൾ ദീർഘമായ തുരങ്കങ്ങളിലൂടെയാണ് പോകുന്നത്. ആദ്യമൊക്കെ ഇപ്പോത്തീരും, ഇപ്പോളിപ്പോൾ എന്ന തോന്നലിലിരുന്നു. പക്ഷേ, തുരങ്കത്തിനു പുറത്തു കടന്നാലും ഉടൻ അടുത്ത തുരങ്കത്തിലേക്ക് കടക്കുന്നു. ആ തുരങ്കയാത്ര അത്ര സുഖമുള്ളതായി തോന്നിയില്ല. വാട്സാപ്പ് എടുത്ത് സ്വിറ്റ്സർലാൻഡിൽ കണ്ട കൗതുകങ്ങളെക്കുറിച്ച്, ജനങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച്, വൃത്തിയെക്കുറിച്ച് അങ്ങനെ പലതും സുനിലിന് കുറിച്ചു കൊണ്ടിരുന്നു. മൂന്നു മണിക്കൂർ വളരെ പെട്ടെന്ന് കടന്നു പോയി. കെട്ടിട സമുച്ചയങ്ങൾ കാണാൻ തുടങ്ങിയതോടെ പാരീസ് അടുക്കുന്നു എന്നറിഞ്ഞു.
പാരീസിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ ജനീവയിലെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു പോകുന്ന ദിവസം ശ്രദ്ധിക്കണമെന്ന്. ക്ഷോഭിക്കുന്ന യുവജനതയാണുള്ളത്. അവർ രാജ്യം നേരെ പോകണമെന്ന കാര്യത്തിൽ പ്രതിജ്ഞാഞാബദ്ധരാണ്. ഓരോരോ കാരണങ്ങൾ പറഞ്ഞ് സമരം ചെയ്യും. ഭരണാധികാരികളെ തിരുത്താൻ ശ്രമിക്കും. ആ ദിവസം തെരുവുകൾ നിശ്ചലമാവും. വിമാനത്താവളത്തിൽ നിന്ന് തിരിച്ചു പോകേണ്ടി വന്ന അനുഭവം ഒരു ഹൈദരാബാദി സുഹൃത്ത് പങ്കു വെച്ചിരുന്നു.
മതിലുകളിൽ കോറിയിട്ട വരികൾ, ചിത്രങ്ങൾ…. സമരത്തിന്റേതാവാം. ഫ്രഞ്ച്ഭാഷ അറിയാത്തതു കൊണ്ട് ഊഹങ്ങൾ മാത്രമേയുള്ളൂ. ഫ്രഞ്ച് ജനത ഇന്നും വിപ്ലവ വീര്യം കാത്തു സൂക്ഷിക്കുന്നു!
പാരീസ് ഗേർ ഡി ലിയോൺ സ്റ്റേഷനിലേക്ക് അടുക്കുമ്പോൾ വണ്ടിയുടെ വേഗത കുറഞ്ഞു. ജനീവയിൽ കണ്ട വൃത്തിയോ വെടിപ്പോ തെരുവുകളിൽ, പാളങ്ങളുടെ ഓരങ്ങളിൽ കണ്ടില്ല. അവിടവിടെയായി മാലിന്യങ്ങൾ. എത്ര നന്നായി പരിചരിച്ചാലും മഹാനഗരത്തിൽ സംഭവിക്കാവുന്നത്… സ്റ്റേഷനിൽ വണ്ടി നിന്നതോടെ അക്കാര്യം കൂടുതൽ വ്യക്തമാവുകയായിരുന്നു.
എന്തൊരു തിരക്ക്! വെപ്രാളപ്പെട്ടോടുന്ന മനുഷ്യർ. കൂട്ടം തെറ്റാൻ എപ്പോഴും സാധ്യതയുള്ളയിടം. പ്രതിദിനം രണ്ടര ലക്ഷം യാത്രികരാണ് ഈ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നത്. ഒരു നൂറു വണ്ടി ഒരുമിച്ച് നിർത്തിയപ്പോഴുള്ള തിരക്കിലൂടെയാണ് ഞങ്ങൾ പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്. ജനം ഒഴുകുകയാണ്. പല വർണ്ണത്തിലും വസ്ത്രത്തിലും പല ഭാഷ സംസാരിക്കുന്ന അനേകരിൽ ഒന്നായി ഞങ്ങളും.
കുടിച്ചു തീർത്ത പാനീയ കുപ്പികളും മിഠായികളും പലഹാരങ്ങളും പൊതിഞ്ഞ പല നിറപ്പൊതികളും കുപ്പത്തൊട്ടി നിറഞ്ഞ് പുറത്തേക്ക് വീണിരുന്നു. എങ്ങനെയൊക്കെയോ പുറത്ത് കടന്ന് ഞങ്ങൾ ഒരു ടാക്സിയിൽ കയറിപ്പറ്റി. താമസിക്കേണ്ട ഹോട്ടൽ അത്ര ദൂരത്തായിരുന്നില്ല. ജനീവയിൽ താമസിച്ച ഐബിസ് ഗ്രൂപ്പ് ഹോട്ടലുകളിൽ ഒന്നായിരുന്നു അതും.
ഞങ്ങളുടെ മുറി ഒൻപതാം നിലയിലോ മറ്റോ ആയിരുന്നു. മുറി തുറക്കേണ്ട കാർഡ് തന്നെ വേണമായിരുന്നു ലിഫ്റ്റിൽ ഉപയോഗിക്കാനും. ലിഫ്റ്റിലെ കാർഡ് വായനായന്ത്രം ഞങ്ങളോട് പിണങ്ങി. എത്രവട്ടമിട്ടു നോക്കിയിട്ടും പിണങ്ങിത്തന്നെ. റിസപ്ഷനിലാണെങ്കിൽ വലിയ തിരക്കുമാണ്. എന്തായാലും കാർഡ് മാറ്റി ഉപയോഗിച്ചാണ് മുകളിലെത്തിയത്. ഏതാണ്ട് ആറു മണിയോടെയാണ് മുറിയിലെത്തുന്നത്. ലിഫ്റ്റിൽ നിന്നിറങ്ങിയതേ ചില്ലുജാലകങ്ങളിലൂടെ ദൂരെ ഈഫൽ ടവർ… ആദ്യ വിദേശയാത്രയിൽ പാരീസും റോമുമൊന്നും സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല. മഹാനഗരത്തിലെ തിരക്ക് എനിക്കത്ര ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ശാന്തവും സ്വച്ഛവുമായ ഇടങ്ങളായിരുന്നു എന്റെ പ്രിയ ഇടങ്ങൾ. എന്നാലും ഏതു തിരക്കിലും എന്റേതായ ലോകവും ഏകാന്തതയും ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരുന്നു. വിശ്വസാഹിത്യ കൃതികൾ സമ്മാനിച്ച ഒരു പാരീസുണ്ട്. അതു തന്നെ ഞാനിവിടെ തിരയുന്നതിൽ അർത്ഥമില്ലെന്നറിയാം. എസ് കെയുടെ ഒരു ദേശത്തിന്റെ കഥ വായിച്ച് കോഴിക്കോട് എവിടെയാണെന്ന് കണ്ടു പിടിക്കാനേ പ്രയാസമായിരുന്നു. അത്രയേറെ മാറ്റം സംഭവിച്ചിരുന്നു ആ ദേശത്തിന്. തെരുവിന്റെ കഥ വായിച്ച് മിഠായിത്തെരുവിൽ പോയാൽ ഒരു ഉത്തരാധുനിക തെരുവാണ് കാണാനാവുക. അതെല്ലാമറിയാമെങ്കിലും പാരീസിനെ പ്രിയപ്പെട്ടതാക്കുന്ന ചിലതുണ്ട്. ലോകത്തെ മാറ്റി മറിച്ച വിപ്ലവങ്ങൾക്ക്, സാഹിത്യ കൃതികൾക്ക് സാക്ഷിയായ സെയ്ൻ നദി, നോത്രദാം പള്ളി, ചരിത്ര സ്മാരകങ്ങൾ…
ഇങ്ങനൊരിടത്തേക്ക് വരുവാൻ സാധിക്കുമെന്ന് ഏത് സ്വപ്നത്തിലാണ് ഞാൻ കണ്ടത്? ഇല്ലേയില്ല ഒരിടത്തും കണ്ടതേയില്ല. വായനയിലും മറ്റും നടത്തിയ മാനസ സഞ്ചാരങ്ങളൊഴികെ…
ഇടുക്കിയിലെ ഒരുൾ ഗ്രാമത്തിൽ ജനിച്ചു വളർന്നൊരുവളെ സംബന്ധിച്ച്ഗ്രാ മാതിർത്തിക്കപ്പുറം ലോകമില്ലെന്നായിരുന്നു വിചാരിച്ചിരുന്നത്. ഏറി വന്നാൽ കാടും മലയും കേറിയിറങ്ങാം. ആറ്റിൽ പോയി കുളിക്കാം. ഞങ്ങളുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രീകളും ഈ അവസ്ഥകളിലൂടെ കടന്നു പോകുന്നവരായിരുന്നു. വല്ലപ്പോഴും തീർത്ഥയാത്രയോ മറ്റോ തരപ്പെട്ടാലായി. അതായിരുന്നു യാത്ര.
കാഴ്ചകൾ കാണാനായി, സംസ്ക്കാരങ്ങളെ അടുത്തറിയാനായി യാത്രകളുണ്ടെന്ന് കുട്ടിക്കാലത്തെങ്ങും അറിയില്ലായിരുന്നു. കാരണം, അങ്ങനെ യാത്ര പോകുന്ന ആരെയും അക്കാലത്ത് അറിയില്ലായിരുന്നു. ജീവിതം തേടി പുറപ്പെട്ടു വന്നവരായിരുന്നു എന്റെ ഗ്രാമക്കാർ. ഇവിടുത്തെ മണ്ണിൽ പൊന്നുവിളയുമെന്നും ഇനിയെങ്കിലും നല്ലൊരു ജീവിതമുണ്ടാവുമെന്ന് വിചാരിച്ചു കൊണ്ടും പല നാടുകളിൽ നിന്ന് കുടിയേറിയവരായിരുന്നു അവർ – എന്റെ പൂർവികരടക്കം. മലമ്പനിയോടും മലമ്പാമ്പിനോടും കാട്ടുമൃഗങ്ങളോടും പൊരുതി ജീവിതം കെട്ടിപ്പടുത്തവർ. അവർക്കെന്തു യാത്ര!
വേളാങ്കണ്ണിക്ക്, ബീമാപ്പള്ളിക്ക്, ശബരിമലയ്ക്ക്, കൊന്താല പള്ളിയ്ക്ക്, മലയാറ്റൂർ കുരിശുമുടിയ്ക്കൊക്കൊക്കെയായിരുന്നു അവരുടെ യാത്രകൾ!
അതു മാത്രം കണ്ടു വളർന്നൊരുവളെ സംബന്ധിച്ച് യാത്രകൾ അനാവശ്യ സ്വപ്നമായിരുന്നു. ആ അനാവശ്യ സ്വപ്നത്തിലേക്ക് ചെന്നു വീഴാൻ ഒരുക്കവുമല്ലായിരുന്നു. പിന്നീടൊരിക്കൽ യാത്രയെപ്പറ്റി എഴുതും എന്നൊന്നുമറിഞ്ഞിട്ടില്ല – കാട്ടിലെ യാത്രകൾ നടത്തിയത്. ബാല്യ- കൗമാരങ്ങളിലെ ആ യാത്ര ഒരുതരം അനുഭൂതി നിറച്ചിരുന്നു ഉള്ളിൽ. ദൂരേയ്ക്ക് പോകാൻ പറ്റില്ലെന്ന ഉറച്ച വിശ്വാസം കൂടിയുണ്ടായിരുന്നു ആ യാത്രകൾക്ക് പിന്നിൽ. അതും യാത്രയായിരുന്നു എന്നു മനസ്സിലാക്കിയത് നാടുവിട്ട ശേഷമാണ്. എഴുതാൻ തുടങ്ങിയ ശേഷമാണ്.
സ്ത്രീയുടെ പരിമിത ലോകത്തിൽ യാത്രകൾ അത്ര സാധ്യമല്ലെന്നും ചുറ്റുവട്ടത്തേക്കുള്ള ഇറക്കം പോലും അതുകൊണ്ട് പ്രാധാന്യമർഹിക്കുന്നുവെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് ഏത് ചുറ്റുവട്ടത്തേക്കും യാത്രകൾ സാധ്യമാണെന്ന തിരിച്ചറിവിലെത്തിയത്.
അങ്ങനൊരുവളിതാ പാരീസ് കാണുന്നു!
പണ്ട്, പാരീസെന്നാൽ വോൾട്ടയറും റൂസ്സോയുമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തെ പറ്റി അപ്പർ പ്രൈമറി ചരിത്ര ക്ലാസുകളിൽ… വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച് ഫ്രഞ്ച് അമേരിക്കൻ വിപ്ലവങ്ങളിൽ സ്വാധീനം ചെലുത്തിയ വോൾട്ടയർ (François-Marie Arouet). സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന റൂസ്സോയുടെ (Jean Jacques Rousseau) സമവാക്യമായിരുന്നു ഫ്രഞ്ച് വിപ്ലവത്തിലെ പ്രധാന മുദ്രാവാക്യം.
റൂസ്സോയേയും വോൾട്ടയറേയും ഓർത്തപ്പോൾ മറ്റൊരു യാദൃച്ഛികത കൂടി ഒപ്പം ചേർന്നു. അവർക്കു രണ്ടു പേർക്കും ജനീവയുമായുള്ള ബന്ധം. പൗരസ്വാതന്ത്ര്യത്തിനു വേണ്ടി പരസ്യമായി വാദിക്കുന്ന ആളായിരുന്നു വോൾട്ടയർ. അപകടസാധ്യത ഉണ്ടായിരുന്നിട്ടും കർശനമായ സെൻസർഷിപ്പ് നിയമങ്ങളുണ്ടായിരുന്നിട്ടും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.
മതപരമായ സഹിഷ്ണുതയ്ക്കും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് അദ്ദേഹം പ്രധാനമായും വാദിച്ചത്. പുരോഹിത, രാജവാഴ്ചാധികാരം ഇല്ലാതാക്കാൻ അദ്ദേഹം പ്രചരണം നടത്തുകയും എഴുതുകയും ചെയ്തു.
സഭയ്ക്കും ഭരണത്തിനുമെതിരെയുള്ള വിവാദ പരാമർശങ്ങൾ അദ്ദേഹത്തെ പല തവണ തടവിലാക്കപ്പെടുന്നതിനും നാടുകടത്തപ്പെടുന്നതിനും കാരണമായിട്ടുണ്ട്. പിന്നീട് ഇംഗ്ലണ്ടിലും ജനീവയിലുമാണ് അദ്ദേഹം ജീവിച്ചത്.
റൂസ്സോ ജനിച്ചത് ജനീവയിലായിരുന്നു. പത്താം വയസ്സിൽ അരക്ഷിതനായ അദ്ദേഹം ജനീവ വിട്ടു. പല ജോലികൾ ചെയ്തു. വെനീസിൽ ഫ്രഞ്ച് സ്ഥാനപതിയുടെ സെക്രട്ടറി ജോലിയിൽ ഒഴിവാക്കിയപ്പോൾ മുൻ വേതനം കിട്ടാനുള്ള കാലതാമസം റൂസ്സോയെ ഫ്രഞ്ച് ഭരണസംവിധാനത്തോടുള്ള എതിർപ്പിന് കാരണമായി. പിന്നീട്, ഭരണകൂടത്തിന് ഭരിക്കപ്പെടുന്നവരുടെ നേരിട്ടോ അല്ലാതെയോ ഉള്ള സമ്മതം ആവശ്യമാണെന്ന് റൂസ്സോ തന്റെ എഴുത്തിലൂടെ സ്ഥാപിക്കുകയുണ്ടായി.
റൂസ്സോയുടെ എഴുത്തിൽ, ജീവിതത്തിൽ പല നിലപാടുകളും ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഒരു തയ്യൽക്കാരിയായിരുന്ന തെരീസയുമായി ചിരകാലം നിലനിന്ന ബന്ധവും അതിൽ ജനിച്ച അഞ്ചു മക്കളെയും അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതും, മനുഷ്യർ ജന്മനാ നല്ലവരാണെന്നും സംസ്കാരവും സ്ഥാപനങ്ങളുമാണ് അവരെ ചീത്തയാക്കുന്നതെന്നും സംസ്കാരത്തെ ഉപേക്ഷിച്ച് പ്രാകൃതാവസ്ഥയിലേക്കു മടങ്ങുകയാണ് അസമത്വത്തിനും തിന്മകൾക്കു പരിഹാരമെന്നുമുള്ള പ്രബന്ധ മടക്കം വിവാദ വിഷയമായിരുന്നു. എന്നിട്ടും ലോകം റൂസ്സോയെ ഏറ്റെടുത്തു. റൂസ്സോ വിപ്ലവത്തിന്റെ ചാലകശക്തിയായി.
വിക്തർ യൂഗോ, അലക്സാണ്ടർ ഡ്യൂമ, ആൽബർട്ട് കാമു, എമിലി സോള തുടങ്ങിയ എത്രയോ വിശ്വ പ്രസിദ്ധ എഴുത്തുകാർക്ക് ജന്മം നൽകിയ നാടാണ് ഫ്രാൻസ്.
ഏഴാം ക്ലാസിൽ വെച്ചാണ് ജീൻ വാൽ ജീനെ പഠിച്ചത്. (ഴാങ് വാൽ ഴാങ് എന്നും) അത് ജീൻ വാൽ ജീനെ മാത്രം പരിചയപ്പെടുത്തുന്ന പാഠമായിരുന്നു. എന്നിട്ടും ആ കഥാപാത്രം ഹൃദയത്തിൽ വേരുപിടിച്ചു. പിന്നീട് Les Miserable തന്നെ സ്വന്തമായി. നോത്രദാമിലെ കൂനനും…
പരീസിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ എന്നെ കൂട്ടാതെ പോകണ്ട എന്നായിരുന്നു മൂത്ത മകൾ ഇതളിന്റെ പ്രതികരണം. ഇളയ മകൾക്ക് തിരിച്ചറിവാകാത്തതുകൊണ്ട് രക്ഷപ്പെട്ടു. ഞാൻ പോകുന്നതല്ലല്ലോ 19 വരെ ജനീവയിൽ ഒറ്റയ്ക്ക് നിന്നിട്ട് എന്തു ചെയ്യാനാ…അതു കൊണ്ട് സീമ ടീച്ചർ പോകുന്ന വഴിയെ ഞാനും പോകുവല്ലേ എന്നു പറഞ്ഞാണവളെ സമാധാനിപ്പിച്ചത്.
ഹോട്ടൽ മുറിയിലെ ജനൽ വഴി പുറത്തേക്ക് നോക്കുമ്പോൾ മഹാനഗരത്തിന്റെ ഒരു ഭാഗമാണ് കാണുന്നത്. അവിടെ ഈഫൽ ടവർ കണ്ടില്ല. ഇതൾ പറഞ്ഞിരുന്നു അവളെ ഈഫൽ കാണിച്ചു കൊടുക്കണമെന്ന്. നേരെ ലിഫ്റ്റിനടുത്തേക്ക് നടന്നു. എന്നിട്ട് നാട്ടിലേക്ക് വീഡിയോ കോൾ ചെയ്തു. ദൂരെ കാണുന്ന ഈഫൽ കാണിച്ചു കൊടുത്തു.
രാത്രി ഈഫലിനടുത്തേക്ക് പോകുന്നതിനെപ്പറ്റി ജയരാജ് സാർ പറഞ്ഞു. പക്ഷേ, തലേ ദിവസത്തെ മോ ബ്ലാ യാത്ര ടീച്ചറെ ക്ഷീണിപ്പിച്ചു. ശ്വാസതടസ്സവും പനി ലക്ഷണവുമൊക്കെയുണ്ട്. ടീച്ചർക്ക് വിശ്രമിച്ചാൽ മതിയെന്നാണ്. ഭക്ഷണം കഴിക്കാനും ടീച്ചർക്ക് വരാൻ മടി.
അങ്ങനെ ജയരാജ് സാറും ഞാനും ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങി. ഇറ്റാലിയൻ, ഫ്രഞ്ച് റെസ്റ്റോറൻറുകൾ കണ്ടു. ഉച്ചയ്ക്ക് മിതമായ ഭക്ഷണമായിരുന്നതുകൊണ്ട് ഇറ്റാലിയൻ, ഫ്രഞ്ച് കടകൾ അത്ര പിടിച്ചില്ല. അൽപം കൂടി മുന്നോട്ട് നടന്നു. ടർക്കിഷ് കബാബ്… കൊച്ചുകട. അത്യാവശ്യം തിരക്കുണ്ട്. വളരെ പ്രസാദവദനനായ ഉടമ. എല്ലാവരോടും ചിരിച്ച് വർത്തമാനം പറയുന്നു. പതിവുകാരാവണം. മറ്റു കടകളിൽ നിന്ന് വ്യത്യസ്തമായി ഹലാൽ ഫുഡ് എന്നെഴുതി വെച്ചിട്ടുണ്ട്. സസ്യാഹാരിയായ എനിക്ക് ഹലാലോ ഹറാമോ പ്രശ്നമല്ല. സസ്യാഹാരം കിട്ടുമോ എന്നതാണ് പ്രശ്നം. ഏതായാലും കയറി നോക്കാം എന്നു തീരുമാനിച്ചു.
Read Here: കാലൊടിഞ്ഞ കസേരയുടെ കഥ: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 8