യാത്രയ്ക്കൊരുങ്ങുമ്പോൾ തന്നെ മൂത്ത മകൾ ഇതൾ എന്നെ ബോധവത്ക്കരിച്ചിരുന്നു – കഞ്ഞിയും ദോശയുമൊന്നും കിട്ടില്ല. ബ്രഡ്, റൊട്ടി, സാൻവിച്ച്, ബർഗ്ഗർ ഒക്കെയാവും. ഫോർക്കും സ്പൂണും ഉപയോഗിച്ച് ഭക്ഷണം കഴിച്ച് ശീലിക്കാൻ അവൾ ഉപദേശിച്ചു. ജീവിതത്തിലിന്നേവരെ ഫോർക്കും സ്പൂണും ഉപയോഗിച്ചിട്ടില്ല. കഞ്ഞി വരെ കൈ കൊണ്ട് വാരിക്കഴിക്കുന്നവളോടാണ്… ചെറിയ പരിശീലനമൊക്കെ അവൾ തന്നിരുന്നു.
സാൻവിച്ചോ ബർഗറോ പണ്ടേ ഇഷ്ടമല്ല. അതു കൊണ്ട് അത് പിടിക്കേണ്ടതെങ്ങനെ എന്നു പോലുമറിയില്ല. വരുന്നത് വരുന്നത് പോലെ വരട്ടെ എന്നങ്ങു തീരുമാനിച്ചു.
നെടുമ്പാശ്ശേരിയിൽ നിന്ന് ദോഹയ്ക്ക് കയറിയ ഖത്തർ എയർവേയ്സ് വിമാനത്തിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് ഉപ്പുമാവും ദോശയും തന്നിരുന്നു. പിന്നീട് ദോഹയിൽ നിന്ന് ജനീവയിലേക്കുള്ള വിമാനത്തിൽ നിന്ന് കിട്ടിയത് റൊട്ടി, ജാം, രണ്ട് ആപ്പിൾ കഷ്ണം, ബട്ടർ, കുറച്ച് ജ്യൂസ് എന്നിവയായിരുന്നു. ഇനി ഇതു തന്നെയാണ് ആവർത്തിക്കാൻ പോകുന്നതെന്നറിയാമായിരുന്നു.
സസ്യാഹാരിയെ സംബന്ധിച്ച് ഇഷ്ടഭക്ഷണം അന്വേഷിച്ച് വിദേശത്ത് നടക്കുന്നത് ഒട്ടും പ്രായോഗികമല്ലെന്ന് അറിയാമായിരുന്നു. കിട്ടുന്നത് കഴിക്കുക. ഭക്ഷണത്തിനായി സമയം കളയാതിരിക്കുക. പരമാവധി ആ നാടിനെ അറിയാൻ, കാഴ്ചകൾ കാണാൻ ശ്രമിക്കുക എന്നതായിരുന്നു തീരുമാനം.
മുമ്പൊരിക്കൽ ഊട്ടിയ്ക്ക് പോയ രസകരമായ അനുഭവമുണ്ട്. അന്ന് ബാങ്കിലായിരുന്നു ജോലി. NPA (Non Performing Asset -നിഷ്ക്രിയ ആസ്തി) കുറച്ചതിന് ബാങ്ക് നൽകിയതായിരുന്നു ആ ഒറ്റ ദിവസ ഊട്ടി വിനോദയാത്ര. രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് വെളുപ്പിന് ഊട്ടിയിലെത്തി. കുളിയും പ്രഭാത ഭക്ഷണവും മറ്റും കഴിഞ്ഞപ്പോൾ സമയം പത്തു മണി.
തടാകത്തിനടുത്തും കുട്ടികളുടെ പാർക്കിലും പോയ ശേഷം ഉച്ചഭക്ഷണത്തിന് കയറി. മലയാളിയൂണ് അന്വേഷിച്ച് കണ്ടെത്തി നീണ്ട ക്യൂവിൽ നിന്ന് കഴിച്ച് പുറത്തെത്തുമ്പോൾ തന്നെ ഒരു സമയമായി. അതിനിടയിലാണ് ഇടുങ്ങിയ റോഡിൽ ബസ് കുടുങ്ങിപ്പോയത്. മലയാളി ഭക്ഷണം തേടിപ്പോയത് കൊണ്ട് ഊട്ടി യാത്ര അതിൽ തീർന്നു!
ആ ഓർമ നന്നായി മനസ്സിലുള്ളതുകൊണ്ട് കൂടുതൽ ശ്രദ്ധാലുവാകാൻ പറ്റി. സീമ ടീച്ചർക്കും ഒരു നിർബന്ധവുമില്ലായിരുന്നു.
ജനീവയിലെത്തിയ ആദ്യ ദിവസം കിട്ടിയത് ടർക്കിഷ് ഹോട്ടലിൽ നിന്നുള്ള ഫലാഫിലും സാലഡുമാണ്. ഫലാഫിൽ നമ്മുടെ പരിപ്പുവടയുടെ ചേച്ചിയായി വരും. കടലപ്പരിപ്പിന് പകരം ചന കടലയാണത്രേ! ഇപ്പോൾ മലബാറിൽ പലയിടത്തും ഹോട്ടലുകൾക്ക് മുമ്പിൽ ‘ഫലാഫിൽ’ എന്നെഴുതി വെച്ചിരിക്കുന്നത് കാണാം. അതും ഇതും ഒന്നു തന്നെയാണോ എന്നറിയില്ല.
ഐബിസ് ഹോട്ടലിൽ പ്രഭാത ഭക്ഷണത്തോടെയാണ് ബുക്ക് ചെയ്തിരുന്നത്. ബ്രഡ്, ബട്ടർ, ചീസ്, ജാം, യോഗർട്ട്, പഴങ്ങൾ, പാൽ, കോൺഫ്ലേക്, ജ്യൂസ്, വിവിധ മാംസം, പുഴുങ്ങിയ മുട്ട, കാപ്പി തുടങ്ങിയവയാണ്. ഇവയിൽ ഇഷ്ടമുള്ളത് കഴിക്കാം. ഉച്ചയ്ക്ക് പലപ്പോഴും ഒരു കഷ്ണം കേക്കും കാപ്പിയുമായിരുന്നു ഞങ്ങളുടെ ആഹാരം. വൈകിട്ട് ബർഗ്ഗർ, സാൻവിച്ച് എന്തെങ്കിലും.
ഒരു വൈകുന്നേരം ഹരീഷും ഉമയും ഒപ്പമുണ്ടായിരുന്നു. ഗേർ കോർണാവിലിൽ ബോംബെ ഹോട്ടൽ കണ്ട് ആവേശം പിടിച്ച് ആ പരിസരത്തു കൂടി ഒന്നു പോയി. പുറത്ത് ചില ഭക്ഷ്യഷ്യവസ്തുക്കളുടെ വില രേഖപ്പെടുത്തിയിരുന്നു. ആയിരത്തഞ്ഞൂറു രൂപയ്ക്ക് മുകളിലാണ് പലതും. കയറാതെ നേരെ അടുത്ത കട തേടി. എത്തിയത് പഴയ ടർക്കിഷ് ഹോട്ടലിൽ… ഫലാഫിലിനൊപ്പം സൂപ്പ് പറഞ്ഞു. പരിപ്പ് സൂപ്പാണ്. ചുവപ്പ് നിറക്കുപ്പിയിൽ കണ്ട സോസ് തക്കാളി സോസാണെന്ന് തെറ്റിദ്ധരിച്ച് കുറച്ച് സൂപ്പിലൊഴിച്ച് രുചിച്ചു. എന്തൊരു രുചി! നല്ല പഴുത്ത കാന്താരിമുളകും ഉപ്പും ഉള്ളിയും കൂടി അരച്ച് വെളിച്ചെണ്ണ ഒഴിച്ചെടുത്ത ചമ്മന്തിയുടെ രുചിയായിരുന്നു ആ സോസിന്. ഇന്ത്യനായ ചപ്പാത്തി പോലും കിട്ടാനില്ലാത്തിടത്ത് ആ സൂപ്പും മുളകു സോസും ചോറുണ്ടതിന്റെ സംതൃപ്തി നൽകി.
പിന്നീടൊരു ദിവസം വൈകിട്ട് കഴിച്ചത് സ്പെഗറ്റി എന്ന ‘ന്യൂഡിൽ തക്കാളിസാദ’മാണ്.
ഇവിടെ നിന്നൊക്കെയാണ് പാരീസിലെ ടർക്കിഷ് ഹോട്ടലിൽ എത്തുന്നത്. ഹലാൽ എന്നത് പന്നിയിറച്ചി ഇല്ലാത്തതാവാം. അറുക്കാത്ത ഇറച്ചിയുമാവാം. പക്ഷേ, ആ ടർക്കിഷ് ഹോട്ടലിൽ മദ്യം അനുവദനീയമായിരുന്നു. വോഡ്ക മുതൽ ബീയർ വരെ വലിയ മെനു കണ്ടു. ഹലാൽ ഭക്ഷണം എന്ന എഴുത്ത് എന്നെ ശരിക്കും വിസ്മയിപ്പിച്ചു. അറബ് – യൂറോപ്യൻ മിശ്രിതമായ ടർക്കിഷ് പാരമ്പര്യം കൗതുക ലോകത്തേക്കാനയിച്ചു.
ചില്ലലമാരയിൽ തരാതരം മാംസ വിഭവങ്ങളുണ്ടായിരുന്നു. സസ്യവിഭവം എന്തുണ്ട് എന്നന്വേഷിച്ചു. ചില്ലലമാരയിൽ പൊരിച്ചു വെച്ച ഒരു വഴുതനങ്ങ കണ്ടിരുന്നു. ആദ്യം കണ്ടപ്പോൾ അയക്കൂറയോ ചൂരയോ മാതിരിയുള്ള മീനെന്തോ പൊരിച്ചതാണെന്നാണ് വിചാരിച്ചത്. ഒന്നൊന്നര കിലോഗ്രാമോളം തോന്നിക്കുന്ന -നമ്മുടെ കുമ്പളങ്ങയുടെ വലിപ്പമുണ്ടായിരുന്നു ആ വഴുതനങ്ങയ്ക്ക്. അത് എന്തിനാണ് വെച്ചിരിക്കുന്നത് എന്നുമറിയില്ലായിരുന്നു. സസ്യാഹാരം ചോദിച്ചപ്പോൾ എട്ട് യൂറോ വിലയുള്ള വഴുതനങ്ങാ ഭക്ഷണത്തിന്റെ ചിത്രം കാണിച്ച് ഇത് തരട്ടെ എന്ന് കടയുടമ ചോദിച്ചു. ജയരാജ് സർ ചിക്കൻ കബാബാണ് ആവശ്യപ്പെട്ടത്. ഒന്ന് പാഴ്സലും.
വലിയൊരു പാത്രത്തിൽ ആന വഴുതനങ്ങാ ഭക്ഷണമെത്തി. ഒരു പിടി ഗോതമ്പ് തക്കാളിസാദം, കുറച്ച് ഫ്രഞ്ച് ഫ്രൈസ്, പച്ചിലകൾ (ചൈനീസ് കാബേജ് അടക്കം) തക്കാളി, ഉള്ളി, ക്യാപ്സിക്കം തുടങ്ങിയവ നല്ല എരിവു ചേർത്ത് വഴറ്റിയത് വഴുതനങ്ങ തുരന്ന് അതിൽ നിറച്ചിരുന്നു. പകുതിയോളമേ കഴിക്കാനായുള്ളുവെങ്കിലും അപാര രുചിയായിരുന്നു. ഈ യാത്രയിൽ കഴിച്ച ഏറ്റവും രുചിയുള്ള ഭക്ഷണം അതായിരുന്നു.
ഈ യാത്രയിൽ കണ്ട ഭക്ഷണ സംസ്കാരത്തെക്കുറിച്ച് കാര്യമായി ആലോചിച്ചിരുന്നു. യൂറോപ്പിൽ പൊതുവേ പ്രഭാത ഭക്ഷണത്തിനാണ് പ്രാധാന്യമെന്നു മനസ്സിലായി. യോഗർട്ട് ഒക്കെ പല രുചികളിൽ പല പഴങ്ങൾ ചേർത്ത് കിട്ടിയിരുന്നു. ഉച്ചയ്ക്കും വൈകിട്ടും സാൻവിച്ച്, ബർഗർ, പേസ്റ്റ്ട്രി ഒക്കെയാണ്.
നിയോണിൽ പോയ ദിവസം മക്ഡൊണാൾഡിൽ നിന്ന് വെജ് ബർഗർ വാങ്ങി കഴിച്ചതോടെ ഇനി നാട്ടിലെത്തും വരെ പട്ടിണി കിടക്കേണ്ടി വന്നാലും ബർഗർ കഴിക്കില്ലെന്ന് തീരുമാനിച്ചു. കൈക്കുള്ളിലൊതുങ്ങാത്ത ബർഗർ ബലം പ്രയോഗിച്ച് ഞെക്കിപ്പീച്ചി ഉള്ളിൽ വെച്ചിരിക്കുന്നതൊന്നും പുറത്തു ചാടാതെ കഴിക്കുക എന്നത് ട്രപ്പീസ് കളിയായാണ് തോന്നിയത്. എങ്ങനൊക്കെ പിടിച്ചിട്ടും പിടി തരാതെ ആ ബർഗർ പലപ്പോഴും എന്നെ പറ്റിച്ച് പുറത്ത് ചാടി. ആരെങ്കിലും കാണുന്നുണ്ടോ എന്ന് പലപാട് ചുറ്റും നോക്കി. ചിലർ കൂസലൊന്നുമില്ലാതെ ബർഗറിനെ മെരുക്കുന്നത് കണ്ട് അസൂയ തോന്നി.
പുറത്തുചാടിയ ചപ്പും ചവറും വീണ്ടും ഉള്ളിലടക്കാൻ പണിപ്പെട്ട് ഞാൻ വലഞ്ഞു. ഭക്ഷണം കഴിക്കാനറിയാഞ്ഞാൽ തദ്ദേശിയർ ചീത്ത വിളിക്കുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയെങ്ങാനും സംഭവിച്ചാൽ ആ നിമിഷം ആ സ്വദേശിയുടെ കാലിൽ വീഴുമെന്നുറപ്പിച്ചു. ഏതായാലും ബർഗറെന്നെ ഒരു പാഠം പഠിപ്പിച്ചു.
മേൽ പറഞ്ഞ ഭക്ഷണമൊക്കെയാണ് വീടുകളിലുമുള്ളത്. ഭക്ഷണം കഴിക്കുന്നതിന് അൽപം മുമ്പ് മാത്രം ഓവനിൽ ചൂടാക്കിയെടുക്കുന്നു. വളരെ ലളിതമായ ഭക്ഷണ സംസ്കാരം.
അപ്പോഴൊക്കെ ഞാൻ കേരളത്തിലെ ഭക്ഷണ സംസ്കാരത്തെപ്പറ്റിയോർത്തു. നാളെ രാവിലെ കഴിക്കേണ്ട ഇഡ്ഢലിക്കും ദോശയ്ക്കും വേണ്ടി 24 മണിക്കൂർ മുമ്പേ അരിയുമുഴുന്നും വെള്ളത്തിലിടുന്നു. ഉച്ച തിരിയുമ്പോൾ ആട്ടി വെയ്ക്കുന്നു. പുളിച്ച് പൊങ്ങിയാൽ മാത്രം നന്നാവുന്ന ഭക്ഷണം. ഒരു നേരത്തെ ഭക്ഷണം അടുത്ത നേരത്തേക്ക് നമുക്ക് പറ്റുകയുമില്ല. നാലു നേരം നാലു രീതിയിലുള്ള ഭക്ഷണം. എല്ലാം വയറു നിറച്ചു കഴിക്കുക എന്നതാണ് കണക്ക്. അന്നജം അധികമുള്ള ഭക്ഷണം ഇക്കാലത്ത് പൊണ്ണത്തടി വരുത്തി വെയ്ക്കുന്നു. ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്നു.
കൃഷിപ്പണികളിൽ, കഠിനാദ്ധ്വാനം ആവശ്യമുള്ള പണികളിൽ, യന്ത്രമില്ലാ അടുക്കള ജോലികളിൽ നമുക്ക് കാർബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം ആവശ്യമായിരുന്നു. അടുക്കള യന്ത്രങ്ങൾ കീഴടക്കിയതിൽ പിന്നെ, വിയർക്കാത്ത പണികളിലേക്ക് നമ്മുടെ സംസ്കാരം മാറിയതിനനുസരിച്ച് ഭക്ഷണ സംസ്കാരത്തെ മാറ്റാൻ നമ്മൾ മറന്നു പോയി. അല്ലെങ്കിൽ ഇനിയും ഇതൊക്കെ തുടരുന്നതിൽ തെറ്റില്ലെന്ന് അനുമാനിച്ച് ശ്രദ്ധ കൊടുക്കേണ്ട പലതിനേയും അവഗണിച്ചു.
യൂറോപ്പിലെ സ്ത്രീകൾ എന്തു കൊണ്ട് തുല്യനീതിയുള്ളവരും സ്വതന്ത്രകളുമാവുന്നു എന്ന്, എന്നും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അത് മനസ്സിലാക്കാൻ ഒരു വിദേശയാത്ര വേണ്ടി വന്നു. ഇത് വായിക്കുന്നവർ വിയോജിച്ചേക്കാം. പക്ഷേ, അടുക്കളയിൽ നിന്നാണ് യഥാർത്ഥ വിമോചനം തുടങ്ങുന്നതെന്ന് എനിക്ക് തോന്നുന്നു.
എത്ര നവോത്ഥാനം വന്നാലും ഏത് വിപ്ലവം വന്നാലും സ്ത്രീ അടുക്കളയിൽ നിന്ന് സ്വതന്ത്രയായാലേ ശരിയായ സ്ത്രീ വിമോചനത്തിലേക്ക് അവളെത്തൂ എന്ന് ഞാൻ മനസ്സിലാക്കുന്നു.
കേരളാവസ്ഥയിൽ നാലു നേരം നാലു രീതിയിൽ വെച്ചുണ്ടാക്കി വിളമ്പേണ്ട ബാധ്യത ഇന്നും സ്ത്രീക്കാണ്. കൈപ്പുണ്യത്തിന്റെ പേര് മറയാക്കി അമ്മയെ ഭാര്യയെ, പെങ്ങളെ, മകളെ പാട്ടിലാക്കുന്നു. അതിൽ വീണു പോകുന്ന പെണ്ണുങ്ങൾ താൻ അടുക്കളയിൽ കയറിയില്ലെങ്കിൽ ആകാശമിടിഞ്ഞു വീഴുമെന്ന് കരുതുന്നു. അരയ്ക്കാനും അലക്കാനും വെള്ളം വലിക്കാനും യന്ത്രങ്ങൾ കൂടിയില്ലായിരുന്നെങ്കിൽ നമ്മുടെ സ്ത്രീകൾ ഇന്നത്തേക്കാലത്ത് ജോലിയ്ക്കു പോകുന്നതു കൂടി നടക്കാതെ പോയേനേ. സഹായിക്കുന്ന പുരുഷന്മാരുണ്ട്. ഉണ്ടാവാം. പക്ഷേ, എത്ര മാത്രം എന്ന ചോദ്യമുണ്ട്. അവിടെയും സഹായമാണ്, പങ്കിടലല്ല.
എത്ര സ്ത്രീകൾ ഇന്ന് ജോലി കഴിഞ്ഞ് വിനോദത്തിനായി പുറത്ത് ചെലവഴിക്കുന്നുണ്ട് ഒരു ദിവസം. അപൂർവ്വങ്ങളിൽ അപൂർവ്വമാണത്. ജോലി കഴിഞ്ഞാൽ വീട്. വീട് കഴിഞ്ഞാൽ ജോലി സ്ഥലം. ഇതാണ് ഇന്നും മലയാളി സ്ത്രീയുടെ ലോകം.
യഥാർത്ഥത്തിൽ സർഗ്ഗാത്മകതയില്ലാത്ത ഒരു സ്ത്രീയുമില്ല. പക്ഷേ, കണ്ടെത്താൻ പറ്റുന്നില്ല. നേരമില്ല ആർക്കും . സർഗ്ഗാത്മകത മുഴുവൻ പാചകത്തിലും വൃത്തിയാക്കലിലുമാണ്. സൃഷ്ടികർമ്മം എന്നത് കാലാകാലങ്ങളായി കുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്തുന്നതും.
അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ ബർണറിലാണ് പലരും സൂര്യോദയം കാണുന്നത്. നാലു ചുവരുകൾക്കുള്ളിലെ ചെറിയ ജനലിലൂടെ മാത്രം ലോകം കാണുന്നവർ. ജനസംഖ്യയിൽ നേർപകുതി വരുന്ന സ്ത്രീയെ ആരും കണ്ടില്ല. കണ്ടാലും കണ്ടെന്ന് ഭാവിച്ചില്ല. കിടപ്പുമുറിയിൽ നിന്ന് അടുക്കളയിലേക്കും അടുക്കളയിൽ നിന്നും കിടപ്പുമുറിയിലേക്കുമാണ് ഭൂരിപക്ഷ സ്ത്രീകളുടെയും സഞ്ചാരം. പൂമുഖം പോലും നിഷിദ്ധമായവർ.
പുരുഷനില്ലാത്ത സമയത്ത് ഒരപരിചിതൻ വേലിക്കൽ നിന്ന് ‘ഇവിടാരുമില്ലേ?’ എന്നു ചോദിക്കുമ്പോൾ ‘ഇവിടാരുമില്ല’ എന്നു പറയുന്ന സ്ത്രീകളാണേറെയും. ഈ ഭൂമിയുടെ, ആകാശത്തിന്റെ നേർ അവകാശികളാണവർ. പക്ഷേ, അവരെ മറന്നേ പോകുന്നു.
ഞങ്ങൾ മൂന്നു പെൺകുട്ടികളായിരുന്നത് കൊണ്ട് പെണ്ണാണ് എന്ന വേർതിരിവൊന്നും കൂടാതെയാണ് ഞങ്ങൾ വളർന്നത്. ചെറുപ്രായം മുതൽ കടയിൽ പോകുന്നതും മറ്റും ശീലിച്ചിട്ടുണ്ട്. പുറത്തേക്കിറങ്ങിയുള്ള എല്ലാ ആവശ്യങ്ങളും നടത്തിയിരുന്നു.
പൊതുവിടത്തേക്കുള്ള സഞ്ചാരം ആരും തടഞ്ഞില്ലെന്നു മാത്രമല്ല, അത് അത്യാവശ്യവുമായിരുന്നു. എന്നിട്ടും സഹപാഠികളായ ആൺകുട്ടികളോടെനിക്ക് കടുത്ത അസൂയ തോന്നി. കവലയിലേക്ക് പോകുന്ന വഴിയിലെ പാലത്തിന്റെ കൈവരിയിൽ അവർ എല്ലാ വൈകുന്നേരങ്ങളും ചെലവിട്ടു. ലോകകാര്യങ്ങളും നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും അവർ പങ്കുവെച്ചു. വഴിയേ പോയ പെൺകുട്ടികളെ അവർ കമൻറടിച്ചു – എന്നെയടക്കം.
പാഠ്യപദ്ധതിയനുസരിച്ച് പഠിക്കാൻ പെൺകുട്ടികൾ മിടുക്കികളായിരുന്നെങ്കിലും ലോകവിവരത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നു – ഇന്നും.
ചെറുപ്പത്തിൽ തന്നെ അതേപ്പറ്റി ബോധവതിയായിരുന്നതിനാൽ ഒരു പരിധി വരെ ഞാനാ പരിമിതിയെ മറികടക്കാൻ ശ്രമിച്ചിരുന്നു.
എന്നിട്ടുമെപ്പോഴും പാലത്തിന്റെ കൈവരിയിലിരുന്ന് വർത്തമാനം പറയാനും നിലാവുള്ള രാത്രിയിൽ പുഴയോരത്തെ പാറയിൽ പോയിരുന്ന് ആകാശം കാണാനും, വീടിന് പിന്നിലെ പാറയിൽ പോയി കിടന്ന് സ്വപ്നം കാണാനും ഞാൻ കൊതിച്ചു.
സോഷ്യൽ മീഡിയയുടെ വരവോടെ ഫേസ് ബുക്ക് പാലത്തിന്റെ കൈവരിയിലെനിക്കിരിക്കാനായി. അതേ പോലെ അനേകം പെൺകുട്ടികൾക്ക് … എന്നാലും യഥാർത്ഥ പൊതുവിടം ഇന്നും ഞങ്ങൾക്കന്യമാണ്.
ആകാശം കാണുന്നതും നക്ഷത്രമെണ്ണുന്നതും ഞങ്ങൾ അടുക്കളത്തിരക്കിൽ പെട്ടാണ്. എത്ര സർഗ്ഗാത്മകതയാണ് അടുക്കളയിൽ വേവുന്ന വിഭവം മാത്രമായി മാറുന്നത്.
ദയവു ചെയ്ത് ഞങ്ങളെയൊന്ന് കാണണേ….
പാട്ടിനൊത്ത് നൃത്തം ചെയ്യാൻ, മൂളിപ്പാട്ടൊന്ന് ഉറക്കെ പാടാൻ, പുസ്തകം വായിക്കാൻ എത്ര പേർക്ക് സാധിക്കുന്നുണ്ട്?
പറഞ്ഞു വരുന്നത് അടുക്കള ബഹിഷ്ക്കരിക്കണമെന്നല്ല. ഒന്നുകിൽ എല്ലാ അംഗങ്ങളും ചേർന്ന് കൂട്ടുത്തരവാദിത്വത്തിൽ വീട്ടുജോലികൾ ചെയ്യുക. അല്ലെങ്കിൽ വിഭവങ്ങൾ നിജപ്പെടുത്തുക. ശാരീരിക-മാനസികാരോഗ്യത്തിനും സന്തോഷത്തിനും ഉതകും രീതിയിൽ ഭക്ഷണ സംസ്കാരത്തെ പുന:ക്രമീകരിക്കുക.
അമ്മ വെച്ചാലേ നന്നാവൂ, ഭാര്യയുടെ കൈപ്പുണ്യം തുടങ്ങിയ വൈകാരിക ചൂഷണത്തിൽ നിന്ന് സ്വയം തിരിച്ചറിഞ്ഞ് രക്ഷ നേടുക. എന്നിട്ട് കിട്ടുന്ന അധിക സമയം സർഗ്ഗാത്മകതയ്ക്കായി നീക്കിവെയ്ക്കുക. അങ്ങനെ ഒരാനന്ദ ലോകം സ്വയമുണ്ടാക്കി അവിടുത്തെ രാജ്ഞിയായി വാഴുക.