/indian-express-malayalam/media/media_files/uploads/2019/07/manali-Marhi-Rohtang-Plastic-Garbage.jpg)
മണാലി: വിനോദസഞ്ചാരികളുടെ തിരക്കുളള സീസണുകളില്‍ ദിനംപ്രതി 30 മുതല്‍ 40 ടണ്‍ വരെ മാലിന്യമാണ് മണാലിയില്‍ ഉണ്ടാവാറുളളത്. മേയ്, ജൂണ്‍ മാസങ്ങളില്‍ മണാലി സന്ദര്‍ശിച്ചത് 10 ലക്ഷത്തിലധികം സഞ്ചാരികളാണ്. ഇത്രയും സഞ്ചാരികള്‍ മണാലിയില്‍ ഇട്ടു പോയത് 2,000 ടണ്‍ മാലിന്യമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മണാലി നഗരത്തില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമൊക്കെ ശേഖരിച്ച മാലിന്യം നഗരത്തിന് പുറത്ത് രംഗാരിയിലാണ് സംസ്കരിച്ചത്. കൂടുതലും പ്ലാസ്റ്റിക് മാലിന്യമാണ് സഞ്ചാരികള്‍ ഉപേക്ഷിച്ച് പോയിട്ടുളളത്. മിക്കപ്പോഴും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബര്‍മനയിലെ സിമന്റ് ഫാക്ടറിയിലാണ് എത്തിക്കാറുളളത്. ഇവിടെ വച്ച് പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും സംസ്കരിക്കും.
2000 ടണ്‍ മാലിന്യം ശേഖരിച്ചെങ്കിലും ഇനിയും ടണ്‍ കണക്കിന് മാലിന്യം മണാലിയില്‍ ഉണ്ട്. മണാലിക്ക് പുറത്ത് മറ്റ് പ്രദേശങ്ങളിലും മാലിന്യം നിറഞ്ഞിട്ടുണ്ട്.
Read More: വഴിയില്‍ കുടുങ്ങിയും ഹോട്ടൽ കിട്ടാതെ വലഞ്ഞും സഞ്ചാരികള്‍; മണാലിയിലും ഷിംലയിലും തിക്കും തിരക്കും
സീസണ്‍ അല്ലാത്ത സമയങ്ങളില്‍ ദിനംപ്രതി 10 ടണ്ണോളം മാലിന്യമാണ് മണാലിയില്‍ ഉണ്ടാവാറുളളത്. മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉദ്പാദിപ്പിക്കുന്ന പ്ലാന്റ് ഉണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനം അടുത്ത ആഴ്ചയോടെ മാത്രമാണ് തുടങ്ങുക. മണാലി, കുളു, തോഷ്, ബഞ്ചര്‍ തുടങ്ങി സഞ്ചാരികളുടെ പ്രിയപ്പെട്ട സഞ്ചാരകേന്ദ്രങ്ങളിലൊക്കെ മാലിന്യം കുമിഞ്ഞ് കൂടിയിട്ടുണ്ട്.
റോത്തങ്, ഗുലാബാ, മര്‍ഹി എന്നീ പ്രദേശങ്ങളും മാലിന്യം കൊണ്ട് നിറഞ്ഞു. പ്രദേശവാസികളേക്കാള്‍ ഇരട്ടിയാണ് സഞ്ചാരികള്‍ മാലിന്യം തളളുന്നത്. അടുത്ത സീസണ്‍ മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാനുളള നിയന്ത്രണങ്ങള്‍ സഞ്ചാരികള്‍ക്ക് നിര്‍ദേശിക്കാനും മുന്‍സിപ്പല്‍ കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.