പ്രകൃതി ഭംഗിയും സാംസ്കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളം അവിസ്മരണീയ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് ലോകപ്രശസ്ത ബ്ലോഗര്‍മാര്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പും മേഖലയിലെ പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്സ്പ്രസിലെ 26 ബ്ലോഗര്‍മാരാണ് ഒരേ സ്വരത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ചത്.

മാര്‍ച്ച് 21 ന് കൊച്ചിയില്‍ ആരംഭിച്ച കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ ആറാം പതിപ്പിന്‍റെ ഭാഗമായി ഇരുപത്തിയൊന്നു രാജ്യങ്ങളില്‍ നിന്നെത്തിയ 26 ബ്ലോഗര്‍മാര്‍ കേരളത്തിലുടനീളം രണ്ടാഴ്ചത്തെ യാത്ര നടത്തി. ബ്ലോഗര്‍മാരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കേരളത്തിലെ തനതു വിനോദസഞ്ചാര വിഭവങ്ങളെക്കുറിച്ച് ആഗോള ശ്രദ്ധ നേടിയെടുക്കുന്നതിന് ലക്ഷ്യമിട്ട യാത്ര വെള്ളിയാഴ്ച കോവളത്താണ് സമാപിച്ചത്.

വിനോദസഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ് കേരളമെന്ന് ഹോട്ടല്‍ ലീല റാവിസില്‍ നടന്ന സമാപന ചടങ്ങില്‍ ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാനുള്ള അനുഭവങ്ങളാണ് ഈ യാത്രയിലൂടെ തനിക്കു ലഭിച്ചതെന്ന്  ജമൈക്കയില്‍ നിന്നുള്ള ഷീയ പവല്‍ പറഞ്ഞു. തന്‍റെ ബ്ലോഗിലൂടെ കേരളത്തിലെ വ്യത്യസ്തമായ സമ്പൂര്‍ണ അനുഭവം ലോകത്തോട് പങ്കുവയ്ക്കുമെന്നും ഷീയ പറഞ്ഞു.

സുഗന്ധ വ്യഞ്ജന സമ്പുഷ്ടമായ ഭക്ഷണത്തിന്‍റെ വ്യത്യസ്ത രുചിയാല്‍ ആകൃഷ്ടയായ അവര്‍ ലോകത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് മികച്ച ഇടം ആലപ്പുഴയാണെന്ന് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ പ്രശാന്ത സൗന്ദര്യവും സൗഹൃദമുള്ള ജനങ്ങളുമാണ് തന്നെ സ്വാധീനിച്ചതെന്ന് അമേരിക്കയിലെ ബ്ലോഗറും വീഡിയോ പ്രൊഡ്യൂസറുമായ അലക്സ് ഷാക്കോണ്‍ വ്യക്തമാക്കി.

കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ ആറാം പതിപ്പ് കേരളത്തെക്കുറിച്ച് ലോകത്തെല്ലായിടത്തും ആവേശം പകരുമെന്ന് പ്രതിനിധികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. 21 രാജ്യങ്ങളിലെ 26 ബ്ലോഗര്‍മാരുടെ കുറിപ്പുകളും ചിത്രങ്ങളും കേരള ടൂറിസം നടത്തുന്ന  ഹ്യൂമന്‍ ബൈ നാച്വര്‍ എന്ന പ്രചരണത്തെ  മുന്നോട്ട് നയിക്കുന്നതിന് ഊര്‍ജം പകരുമെന്നും അവര്‍ വ്യക്തമാക്കി.

ലാറ്റിനമേരിക്കയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇപ്രാവശ്യം ബ്ലോഗര്‍മാരെ എത്തിക്കാനായത് കേരളത്തെക്കുറിച്ച് ആഗോള താല്‍പര്യം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാലകിരണ്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റേയും ടൂറിസം വ്യവസായത്തിന്‍റെയും സംയുക്ത സംരംഭമായ ഈ യാത്രയില്‍ അണിചേര്‍ന്നവരെല്ലാം കേരളത്തിന്‍റെ വക്താക്കളായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് ശക്തമായ പ്രാതിനിധ്യമുണ്ടായിരുന്ന കേരള ബ്ലോഗ് എക്സ്പ്രസിലെ 26 ബ്ലോഗര്‍മാരില്‍ 16 പേരും വനിതകളായിരുന്നു. അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നു ലഭിച്ച 7,000 എന്‍ട്രികളില്‍ നിന്നാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്.

അറുപതോളം രാജ്യങ്ങളില്‍ മോട്ടോര്‍സൈക്കിളില്‍ രണ്ടു ലക്ഷം കിലോമീറ്റര്‍ താണ്ടിയ പ്രശസ്തനായ അമേരിക്കന്‍ ബ്ലോഗര്‍ അലക്സ് ഷാക്കോണും  ഫെയ്സ് ബുക്കില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന  ലണ്ടനില്‍ നിന്നുള്ള അലക്സ് ഓത്വയിറ്റും യാത്രയിൽ അംഗങ്ങളായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook