വടക്കേ ഇന്ത്യയില്‍ ചൂട് കൂടിയതോടെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് കൂടുന്നു. നൈനിറ്റാള്‍, ഷിംല, മണാലി, മുസോരി എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസേന എത്തുന്നത്. ഇതേ തുടര്‍ന്ന് ഇവിടങ്ങളില്‍ ഗതാഗത സ്തംഭനവും പാര്‍ക്കിങ് സ്ഥലത്തിന്റെ ദൗര്‍ലഭ്യവും അനുഭവപ്പെടുന്നു. കൂടാതെ സഞ്ചാരികള്‍ക്ക് ഹോട്ടല്‍മുറികളും ലഭിക്കുന്നില്ല. ജനപ്രിയ സഞ്ചാരകേന്ദ്രങ്ങള്‍ കൂടാതെ മറ്റ് ഹില്‍സ്റ്റേഷന്‍ കേന്ദ്രങ്ങളിലും വന്‍ തിരക്കാണ്.

മണാലിയില്‍ മാത്രം ദിനംപ്രതി 4,500 വാഹനങ്ങളാണ് പ്രവേശിക്കുന്നത്. ഷിംലയില്‍ ഇതിന്റെ കണക്ക് 5000 ആണ്. എന്നാല്‍ ആഴ്ചാവസാനം ആകുന്നതോടെ വാഹനങ്ങളുടെ എണ്ണം വളരെയധികം കൂടുന്നുണ്ട്. ഇടുങ്ങിയ റോഡുകള്‍ ആയതിനാല്‍ ഗതാഗത സ്തംഭനവും അപകടവും പതിവായിരിക്കുകയാണ്.

മണാലിയിലേക്കുളള റോഡ്

ഉത്തരാഖണ്ഡിലെ മണികരണിലും ഹിമാചല്‍പ്രദേശിലെ കസോളിലും വന്‍ തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. ഹിമാചലിലെ മറ്റ് ചെറിയ പ്രദേശങ്ങളിലും സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് നൈനിറ്റാള്‍ അധികാരികള്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് പാര്‍ക്കിങ്ങിന് മതിയായ സ്ഥലം കണ്ടെത്തി കഴിഞ്ഞാല്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് നിന്നും സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നത്.

Read More: ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച; മഞ്ഞിൻ പുതപ്പണിഞ്ഞ് ഷിംലയും മണാലിയും

പലരും വന്ന ദിവസം തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും മടങ്ങുകയാണ്. നേരത്തേ റൂം ബുക്ക് ചെയ്യാത്തവരാണ് വരുന്നവരില്‍ ഭൂരിഭാഗവും. ഇവരും തിരികെ പോവുകയാണ്. ഇപ്പോഴും ഡല്‍ഹിയിലെ തിരക്കില്‍ പെട്ടത് പോലെ തോന്നുന്നതായാണ് ഹിമാചല്‍പ്രദേശിലെത്തിയ ഒരു സഞ്ചാരി പ്രതികരിച്ചത്. ഇദ്ദേഹവും വന്ന ദിവസം തന്നെ മടങ്ങിപ്പോയി.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ജനപ്രിയ സഞ്ചാരകേന്ദ്രമായ ഷിംലയില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. എട്ട് ദിവസത്തോളം ഇത് തുടര്‍ന്നതോടെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചിട്ടു. തങ്ങളുടെ ഹോട്ടലില്‍ വെളളമില്ലെന്നും സഞ്ചാരികള്‍ ഷിംലയിലേക്ക് വരരുതെന്നും അന്ന് ഹോട്ടലുകള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എട്ട് ദിവസത്തോളം അന്ന് വെളളമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ വെളളത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook