അന്നത്തെ യാത്രയിൽ പണമായുണ്ടായിരുന്ന അമ്പത് യൂറോയിൽ ഒരു യൂറോ പോലും ചെലവാക്കിയിരുന്നില്ല. ഭക്ഷണത്തിനും പാസുകൾക്കും പണം വേണ്ടപ്പോഴൊക്കെ ട്രാവൽ കാർഡാണ് ഉപയോഗിച്ചത്.
നാട്ടിൽ ചെന്നിട്ട് ടാക്സി ചാർജ് അയച്ച് കൊടുക്കാമെന്ന് എബിനോട് പറയുന്നത് ശരിയല്ലെന്നു തോന്നി.
ട്രാവൽ കാർഡ് റീചാർജ് ചെയ്യണമെങ്കിൽ ഒരു മെയിലയച്ചാൽ മാത്രം മതിയെന്ന് സ്റ്റേറ്റ് ബാങ്ക് ഫോറിൻ എക്സ്ചേഞ്ചിലിരുന്ന ഓഫീസർ പറഞ്ഞിരുന്നു. അതനുസരിച്ച് ഉച്ചയോടെ മെയിലയച്ചിരുന്നു. പണം ക്രെഡിറ്റാകാത്തത് കണ്ട് സ്റ്റേറ്റ് ബാങ്കിലെ ഒരു സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. അന്ന് ശനിയാഴ്ചയായതു കൊണ്ട് ഇനി നടക്കാൻ സാധ്യതയില്ലെന്ന് അവർ പറഞ്ഞു. ഇന്ത്യൻ സമയം നാലു മണി കഴിഞ്ഞിരുന്നു.
തിരിച്ച് ഹോട്ടലിലേക്ക് മടങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്ന നൂറു സ്വിസ് ഫ്രാങ്ക് 84 യൂറോ ആയി മാറ്റിയെടുത്തു.
കൊളോസിയത്തിലേക്ക് കയറും മുമ്പ് ഒരു കാപ്പിയും കേക്കും കഴിച്ചതാണ്. ഹോട്ടലിൽ ചെന്ന ശേഷം അത്താഴത്തിനിറങ്ങിയില്ല. പണത്തെപ്പറ്റി ആശങ്കകളുള്ളതായിരുന്നു കാരണം.
മോൾക്കും സുനിലിനും വാട്സ് ആപ്പിൽ മെസേജയച്ചു. രാവിലെ റോമിൽ നിന്ന് ജനീവയ്ക്കും ജനീവയിൽ നിന്നും നാട്ടിലേക്കും പോരുന്നുവെന്ന്. കൂട്ടത്തിൽ ജയരാജ് സാറിന്റെ അച്ഛന്റെ മരണ വിവരവും.
ഞാനൊറ്റയ്ക്കായല്ലോ എന്ന ചിന്ത തന്നെ അവർ പങ്കു വെച്ചില്ല. അവർ പേടിച്ചാലോ എന്നോർത്തത് വെറുതെയായിരുന്നു.
രാവിലെ നേരഞ്ഞെ ഉണർന്നെണീറ്റ് സാധനങ്ങളെല്ലാം എടുത്ത് വെച്ച് കാറുമായി വരാൻ എബിനെ വിളിച്ചു.
രാവിലെ ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളത്തിലേക്ക്… പോകുന്ന വഴി ഒരു എ ടി എമ്മിൽ കയറി ട്രാവൽ കാർഡിൽ നിന്ന് നൂറ് യൂറോ എടുത്തു. അപ്പോൾ മൊത്തം 234 യൂറോ കൈയ്യിലുണ്ട്.
വിമാനത്താവളത്തിൽ വെച്ച് എബിൻ രണ്ടു ദിവസത്തെ ചാർജ് പറഞ്ഞു. 225 യൂറോ. 230 യൂറോ സന്തോഷത്തോടെ നൽകി യാത്ര പറഞ്ഞ് ബാക്കിയായ നാലു യൂറോയുടെ ചില്ലറത്തുട്ടുകളുമായി ചെക്ക് ഇൻ ചെയ്യാനുള്ള വരിയിൽ നിന്നു. അപ്പോഴാണറിയുന്നത് ടിക്കറ്റെടുക്കുമ്പോൾ ബാഗേജ് ചാർജെടുത്തിരുന്നില്ലെന്ന്. അത് കൗണ്ടറിൽ നേരിട്ടടയ്ക്കുകയാണ് വേണ്ടത്. കൗണ്ടറിലെ ഉദ്യോഗസ്ഥ ഒരു ബാഗിന് 45 യൂറോ എന്നു പറഞ്ഞു. ഞാൻ ഞെട്ടി. രണ്ടു ബാഗുണ്ട്. അപ്പോൾ 90 യൂറോ. ട്രാവൽ കാർഡിൽ എന്തുണ്ട് ബാക്കിയെന്നറിയില്ല.
ആ നിമിഷത്തെപ്പറ്റി ഓർക്കുമ്പോഴൊക്കെ ഇപ്പോഴും ഞെട്ടുന്നു. മിണ്ടാനാവാതെ നിൽക്കുന്ന എന്നെ ശ്രദ്ധിച്ച ഉദ്യോഗസ്ഥ വ്യക്തമാക്കി. ഒരു ബാഗിന് 45 യൂറോ, കൂടെയുള്ളത് അതിനൊപ്പം സൗജന്യം.
മടിച്ച് മടിച്ച് അൽപം സങ്കോചത്തോടെ ട്രാവൽ കാർഡ് നൽകി. പാസ് വേഡ് അടിച്ചത് വിറയലോടെയാണ്.
അടുത്ത നിമിഷം പരമാനന്ദത്തിന്റേതായിരുന്നു. തലനാരിഴയ്ക്ക് രക്ഷപെട്ടിരിക്കുന്നു. ഏതായാലും ട്രാവൽ കാർഡിൽ ബാക്കിയായത് USD 1.38 ആണ്!
പിന്നീട് ആ നിമിഷത്തെപ്പറ്റി പല വട്ടം ചിന്തിച്ചിട്ടുണ്ട്. എബിന് നാട്ടിൽ അക്കൗണ്ട് ഉണ്ടാവാം. അതിലേക്ക് ട്രാൻസ്ഫർ ചെയ്താൽ മതിയായിരുന്നു. ചില നേരത്ത് ബുദ്ധി യഥാവിധി പ്രവർത്തിക്കില്ല.
ട്രാവൽ കാർഡിലെ പണം തികഞ്ഞില്ലായിരുന്നുവെങ്കിൽ?…. കൂടുതൽ ആലോചിക്കുന്നില്ല ഇപ്പോൾ.
പ്രഭാത ഭക്ഷണം കഴിച്ചിരുന്നില്ല. നാല് യൂറോയുടെ നാണയങ്ങളുണ്ട്. ഒരു കലാകാരന്റെ പേര് നൽകി ആദരിച്ചിരിക്കുന്ന വിമാനത്താവളത്തിനുള്ളിലെ കഫറ്റീരിയയിൽ ചെന്നപ്പോൾ എറ്റവും കുറഞ്ഞ കാപ്പിക്ക് മൂന്ന് യൂറോ.
ഒരു കാപ്പി വാങ്ങിക്കുടിച്ചിട്ട് മൂന്ന് യൂറോയ്ക്ക് ഡെബിറ്റ് കാർഡിൽ പരീക്ഷണം നടത്തി നോക്കി. രക്ഷയില്ല. കൈയ്യിലുണ്ടായിരുന്ന മൂന്നു യൂറോ ചില്ലറ നൽകിയിട്ട് ഒരു യൂറോ നാണയവുമായി ജനീവയിലേക്ക് വിമാനം കയറി.
മലയാളത്തിലെ ആദ്യ യാത്രാവിവരണമായ വർത്തമാന പുസ്തകം റോമിലേക്കുള്ള യാത്രയെക്കുറിച്ചായിരുന്നു (ലിസ്ബണിലേക്കും). കരിയാറ്റിൽ യൗസേപ്പ് മല്പാനും പാറമ്മാക്കൽ തോമക്കത്തനാരും കൂടി മാർപാപ്പയെ കണ്ട് നാട്ടു ക്രിസ്ത്യാനികളുടെ സങ്കടമുണർത്തിക്കാൻ പോയ യാത്ര.
1778ൽ യാത്ര തിരിച്ചിട്ട് 1786 ലാണ് മടങ്ങിയെത്തിയത്. പ്രശ്നങ്ങൾ, അവഗണനകൾ, രോഗം, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ… അതൊക്കെ ഓർമയിലേക്ക് വരുമ്പോൾ എന്റെയൊരു പൈസ പ്രശ്നം എന്ത്!
ജനീവ എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ എയർപോർട്ട് ഉദ്യോഗസ്ഥനായ ദേവി റാം ചേട്ടൻ കാത്തു നിന്നിരുന്നു. റോമിൽ നിന്ന് ഒറ്റയ്ക്കാണ് വരുന്നതെന്ന് സീമ ടീച്ചർ അറിയിച്ചിരുന്നു. വൈകിട്ട് 4.55നാണ് ദോഹയിലേക്കുള്ള വിമാനം. മുരളിച്ചേട്ടനും ജയകൃഷ്ണനും ഫോണിൽ വിളിച്ചിരുന്നു. ദേവി റാം ചേട്ടന്റെ ക്യാബിനിൽ ബാഗുകൾ വെച്ച് പുറത്തിറങ്ങി.
അദ്ദേഹമെനിക്ക് ഭക്ഷണം തന്നു.
വിമാനത്താവളത്തിന് പുറത്ത് ഒരിക്കൽ കൂടി ജനീവ കാണുന്നു.
എത്രയോ മഹാന്മാർക്ക് ജന്മം നൽകിയ നാടാണ് ജനീവ. ആദ്യ നോബൽ സമ്മാന ജേതാവായ ഹെൻറി ഡ്യൂനന്റ്, റെഡ് ക്രോസ് പ്രസിഡണ്ടായിരുന്ന ഗുസ്താവ് അഡർ, ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച ചിന്തകനും എഴുത്തുകാരനുമായ ഴാൻ ജാക്വസ് റൂസ്സോ, ചിഹ്നവിജ്ഞാനീയത്തിന്റെ ആചാര്യനായ ഫെർഡിനാന്റ് ഡി സൊസൂർ… അങ്ങനെ കലയ്ക്കും സംസ്കാരത്തിനും ചരിത്രത്തിനും ഭാഷയ്ക്കും വിപ്ലവത്തിനുമൊക്കെയായി സംഭാവന നൽകിയ എത്രയോ പ്രശസ്തർ.
ഇവിടെ കുറച്ചു കാലമെങ്കിലും താമസിച്ച പ്രമുഖരും ഒരുപാടുണ്ട്. വോൾട്ടയർ, ദെസ്തയോവിസ്ക്കി, ലെനിൻ, പൗലോ കൊയ്ലോ…
ജനീവയിലേക്ക് തിരിക്കുമ്പോൾ ആലുവ റെയിൽവേ സ്റ്റേഷനിലെ സ്റ്റാളിൽ നിന്ന് യാത്രയിൽ വായിക്കാനായി വാങ്ങിയ പുസ്തകത്തിലൊന്ന് ‘സൂസന്നയുടെ ഗ്രന്ഥപ്പുര’യായിരുന്നു. എന്നാൽ, വായിക്കാനായില്ല. മടങ്ങി വന്നിട്ടാണ് വായിക്കുന്നത്. അതിൽ ദെസ്തയോവിസ്ക്കിയെ പരാമർശിക്കുമ്പോൾ, അന്നയോടൊപ്പം കുറച്ചു കാലം ജനീവയിൽ താമസിച്ചതിനെപ്പറ്റിയാണ് എഴുതിയിരുന്നത്.
ഞങ്ങൾ മുമ്പ് താമസിച്ചിരുന്ന ഹോട്ടൽ കണ്ണത്തും ദൂരത്താണ്. ശരിയായ വഴിയിലൂടെ പോയാൽ ഒരു കിലോമീറ്ററോളം വരും. ഒരിക്കൽ എനിക്കും ടീച്ചർക്കും അബദ്ധം പറ്റി. അത് നിയോണിൽ പോയി വന്നപ്പോഴാണ്. അതിവേഗ ട്രെയിനിൽ എയർപോർട്ടിലാണിറങ്ങിയത്. നോക്കുന്ന ദൂരത്താണ്. പക്ഷേ, തലങ്ങും വിലങ്ങും റോഡുകളാണ്. ഐബിസ് ഹോട്ടൽ ലക്ഷ്യം വെച്ച് ഫുട്പാത്തിലൂടെ നടന്നു.
യൂറോപ്പിലെ റോഡുകളിൽ കണ്ട ഒരു പ്രത്യേകത അടയാള വിളക്കുകളില്ലാത്തിടത്ത് സീബ്രാലൈനിൽ നിന്നാൽ നൂറു മീറ്ററോളം ദൂരെ വണ്ടി നിർത്തുന്നു. കാൽനടക്കാർക്ക്, സൈക്കിൾ യാത്രക്കാർക്ക് നൽകുന്ന പരിഗണന അമ്പരപ്പുണ്ടാക്കും. ആദ്യമൊക്കെ സീബ്രാലൈനിലെത്തുമ്പോഴെ ദൂരെ നിർത്തുന്ന വണ്ടി കണ്ട് കടന്നു പോകാതെ നിന്നിരുന്നു. നമ്മുടെ നാട്ടിൽ ഒരാൾക്കൂട്ടം തന്നെ സീബ്രാലൈനിൽ നിന്നാലും അവർ കടന്നു പോകട്ടെ, അതിനാണീ വരകൾ എന്ന ബോധം തന്നെ വണ്ടിയോടിക്കുന്നവർക്കില്ല. അത് കണ്ട് ശീലിച്ചവർക്ക് പുതിയ മാറ്റം പെട്ടെന്ന് സ്വീകരിക്കാൻ പ്രയാസമാവുന്നു. മടങ്ങാറായപ്പോഴാണ് പുതിയ മാറ്റവുമായി ഇണങ്ങി വന്നത്.
പറഞ്ഞു വന്നത് ഹോട്ടലിലേക്കുള്ള നടത്തമാണ്. ഒരിടത്തെത്തിയപ്പോൾ ഫുട്പാത്ത് തീർന്നു. റോഡ് മറികടക്കണം. അവിടെ വാഹനങ്ങൾ അതിവേഗത്തിലോടുന്നു. ഞങ്ങൾ ഒരു റോഡ് എങ്ങനെയോ മറികടന്നു. അടുത്തൊരു റോഡു കൂടിയുണ്ട്. അവിടെയും വാഹനങ്ങൾ ചീറിപ്പായുന്നു. ആ രണ്ടു റോഡുകളും ഹൈവേകളായിരുന്നു. മുറിച്ചു കടക്കാനേ പാടില്ലാത്തവ. പക്ഷേ, ഞങ്ങൾ മുറിച്ചു കടന്നു പോയി. ലക്ഷ്യം ശരിയായിരുന്നുവെങ്കിലും മാർഗ്ഗം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട നിമിഷങ്ങൾ…
നാട്ടിൽ, യൂറോപ്യൻ സംസ്ക്കാരത്തെ ഇകഴ്ത്തി സംസാരിക്കുന്നതിന് പല വട്ടം സാക്ഷിയായിട്ടുണ്ട്. യൂറോപ്യൻ സംസ്ക്കാരം അനുകരിക്കരുതെന്ന്, അനുകരിക്കുന്നതാണ് നാട്ടിലെ പ്രധാന പ്രശ്നമെന്നൊക്കെ എത്രയോ വട്ടം കേട്ടിട്ടുണ്ട്.
അതൊന്നും ശരിയല്ല എന്ന് ചലച്ചിത്രങ്ങളും പുസ്തകങ്ങളും കാണിച്ചു തന്നിട്ടുണ്ടെങ്കിലും യഥാർത്ഥ യൂറോപ്പ് എങ്ങനെയെന്ന് തിരിച്ചറിയാനും കൂടിയുള്ളതായിരുന്നു ഈ യാത്ര.
യൂറോപ്പ് മുഴുവനുള്ള യാത്രയൊന്നുമല്ലെങ്കിലും ഇതൊരു മാതൃകയായിട്ടെടുക്കാം. അരി വെന്തോ എന്ന് നോക്കാൻ ചോറു മുഴുവൻ ഞെക്കി നോക്കണ്ടല്ലോ…
വികസിത രാജ്യങ്ങളിലെ മനുഷ്യർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അവർ ഞങ്ങൾ വലുതാണെന്ന് അഹങ്കരിക്കുകയല്ല, മറിച്ച് കൂടുതൽ വിനയാന്വിതരായി മാറുന്നതാണ് കണ്ടത്. നമ്മൾ അവർക്ക് നൽകുന്ന ചെറിയ പരിഗണനയ്ക്ക്, സഹായത്തിന് അവർ അപ്പോൾ തന്നെ നന്ദി പറയുന്നു. വഴി അൽപം മാറിക്കൊടുത്താൽ, സീറ്റു നൽകിയാൽ അങ്ങനെ എന്തിനും… അതേ പോലെ നമുക്ക് വളരെ നിസാരമെന്ന് തോന്നുന്നവയ്ക്ക് പോലും ക്ഷമ ചോദിക്കുന്ന രീതി… മറ്റൊരാളെ സഹായിക്കാനുള്ള മനോഭാവം, വ്യക്തി എന്ന നിലയിൽ സഹജീവികൾക്ക് നൽകുന്ന പരിഗണന, ആദരവ്… സ്വകാര്യതയ്ക്ക് നൽകുന്ന പ്രാധാന്യം, വ്യക്തിസ്വാതന്ത്ര്യത്തിനൊപ്പം സാമൂഹ്യ വികസനത്തിനും പരിസ്ഥിതിയ്ക്കും നൽകുന്ന പ്രാധാന്യം…. ഒരു നാട് ക്ഷേമരാജ്യമാവുന്നത് ജനങ്ങളുടെ കൂട്ടുത്തരവാദിത്വത്തിൽ കൂടിയാണ്. അവർ മനുഷ്യ സംസ്ക്കാരത്തെ വളർത്തുകയാണ്.
ടോയ്ലറ്റുകളിൽ മലമൂത്ര വിസർജ്ജനത്തിന് ശേഷം കഴുകാൻ വെള്ളമില്ലാത്തത് വലിയ പ്രയാസമായി അനുഭവപ്പെട്ടു. ടോയ്ലറ്റ് പേപ്പറുമായി പൊരുത്തപ്പെടാനായില്ല. അതു കൊണ്ട് ഹോട്ടലിൽ നിന്ന് കിട്ടിയിരുന്ന പ്ലാസ്റ്റിക് ഗ്ലാസുകളിലൊന്ന് പുറത്തേക്കുള്ള യാത്രകളിൽ ബാഗിൽ സൂക്ഷിച്ചിരുന്നു.
ജനീവയിൽ നിന്ന് തിരിച്ചുള്ള യാത്രയിലാണ്. ദോഹയിലിറങ്ങി കണക്ഷൻ ഫ്ലൈറ്റിന്റെ സ്ഥലം കണ്ടു പിടിച്ച് അങ്ങോട്ട് നടന്നെത്തിയപ്പോൾ ഉത്സവ പറമ്പിലെത്തിയ പ്രതീതി. മൊത്തം മലയാളികൾ. ഒരു പെൺകുട്ടി ആകെ പരിഭ്രമിച്ച് ഓടി വന്ന് ‘ചേച്ചി, നെടുമ്പാശ്ശേരിക്കുള്ള ഫ്ലൈറ്റ് ഇവിടുന്നാണോ?’ എന്നു ചോദിച്ചു. അവൾ ഇസ്രയേലിൽ നഴ്സായി ജോലി നോക്കുന്നു. അവൾ ആദ്യയാത്രക്കാരിയായിരുന്നില്ല. പക്ഷേ, ആദ്യമായിട്ടായിരുന്നു ഇതു വഴി. ഇപ്പോഴും പരിഭ്രമം വിട്ടിരുന്നില്ല. അവളെപ്പോലെ തൊഴിൽ തേടിപ്പോയവരോട് യാത്രയിൽ കണ്ട കാഴ്ചകളെപ്പറ്റി ചോദിച്ചിട്ടുണ്ട്. ഇപ്പോൾ അവളോടും. അങ്ങോട്ടേക്ക് സങ്കടത്തോടെയുള്ള യാത്ര, തിരിച്ച് പ്രിയപ്പെട്ടവരുടെ അടുത്തേക്ക് സന്തോഷത്തോടെ… രണ്ടു യാത്രയിലും കാഴ്കചകളൊന്നും ആസ്വദിക്കാൻ പറ്റിയിരുന്നില്ലെന്നറിഞ്ഞു.
ഞാൻ അങ്ങനെയൊരു യാത്രക്കാരിയല്ലാത്തതാവണം കൂടുതൽ കാഴ്ചകളിലേക്ക് കണ്ണെത്തുന്നത്. ഒട്ടും പരിഭ്രമമില്ലാത്തത്.
ആദ്യ വിദേശയാത്രയായിരുന്നു. ഇങ്ങനൊരു യാത്ര ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ യാത്രയിൽ ഏറെ കടപ്പെട്ടിരിക്കുന്നത് മുരളി തുമ്മാരുകുടിയോടും സുനിൽ പ്രഭാകറിനോടുമാണ്.
ലോക പുനർനിർമ്മാണ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് വന്നത്. ഒരു മനുഷ്യജീവി എന്ന നിലയിൽ, സ്ത്രീ എന്ന നിലയിൽ എന്നെ തന്നെ പുതുക്കി പണിയുന്നതായിരുന്നു ഈ യാത്ര.
ഇടുക്കിയിലെ ഒരുൾഗ്രാമത്തിൽ കാടും പുഴയുമൊക്കെയായി ജീവിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾക്കധികം മോഹങ്ങളോ സ്വപ്നങ്ങളോ ഉണ്ടായിരുന്നില്ല. ചുറ്റിനുമുള്ള മലകൾക്കപ്പുറം ഒരു ലോകമുണ്ടെന്നു തന്നെ അറിയില്ലായിരുന്നു. അതിരുകാക്കുന്ന മലകൾക്കപ്പുറം കടക്കാനാകുമെന്ന് വിചാരിച്ചിട്ടേയില്ല.
ഇപ്പോഴിതാ, കാടും പുഴയും കടന്ന് യൂറോപ്പിലെ ചിലയിടങ്ങൾ കണ്ട് മടങ്ങുന്നു.