പ്രസിദ്ധമായ സ്പാനിഷ് പടവുകളിറങ്ങുകയാണ്. ആ പടവുകളുടെ വലതു വശത്താണ് പ്രസിദ്ധ ഇംഗ്ലീഷ് റൊമാന്റിക് കവികളായിരുന്ന കീറ്റ്സ് – ഷെല്ലി സ്മാരക മ്യൂസിയം. കീറ്റ്സും ഷെല്ലിയും സമകാലികരായിരുന്നു. രണ്ടു പേരുടേയും അന്ത്യനാളുകൾ ഇറ്റലിയിലായിരുന്നു. രണ്ടു പേരും അകാല ചരമമടഞ്ഞവർ. കീറ്റ്സിന് ക്ഷയമായിരുന്നു. ഷെല്ലി മരിച്ചത് ബോട്ടപകടത്തിലും.
കീറ്റ്സിന്റെ അവസാന നാളുകൾ സ്പാനിഷ് പടവുകളുടെ വലതു വശത്തെ വില്ലയിലായിരുന്നു. ആ മുറികളാണ് പിന്നീട് മ്യൂസിയമായി മാറിയത്.
കീറ്റ്സ് ജനിച്ചതും വളർന്നതും ബ്രിട്ടനിലായിരുന്നു. ഒരു അപ്പോത്തിക്കരിയായിരുന്ന ജോൺ കീറ്റ്സിന് ക്ഷയം വരികയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ മരണമടഞ്ഞതും ക്ഷയം മൂലമായിരുന്നു. ഇരുപത്തിനാലാം വയസ്സിൽ ക്ഷയം മൂർച്ഛിച്ച അദ്ദേഹത്തോട് കുറച്ച് ചൂടുള്ള പ്രദേശത്തേക്ക് മാറിയാൽ നന്നായിരിക്കുമെന്ന് വൈദ്യസമൂഹവും സുഹൃത്തുക്കളും ആവശ്യപ്പെടുകയായിരുന്നു.
അതേ സമയം, ഇറ്റലിയിൽ താമസിച്ചിരുന്ന ഷെല്ലി, കീറ്റ്സിന്റെ രോഗവിവരമറിഞ്ഞ് തന്റെ അടുത്തേക്ക് വരുവാൻ ആവശ്യപ്പെട്ടു കൊണ്ട് കത്തയച്ചു. കീറ്റ്സ് താത്പര്യമറിയിച്ചെങ്കിലും സുഹൃത്ത് ജോസഫ് സെവെണിനൊപ്പം റോമിലേക്ക് പോരുകയായിരുന്നു.
കീറ്റ്സിന്റെ അസുഖം മൂർച്ഛിക്കുക തന്നെയായിരുന്നു. 1821 ഫെബ്രുവരി 23 ന് കീറ്റ്സ് ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം റോമിലെ പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിൽ സംസ്ക്കരിച്ചു. തന്റെ ശവകുടീരത്തിൽ വെള്ളത്തിൽ പേരെഴുതിയ ഒരാൾ ഇവിടെയുണ്ട് എന്ന് എഴുതണമെന്ന് സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചിരുന്നു. (Here Lies One Whose Name was Writ in Water).
കീറ്റ്സിന്റെ മരണത്തിൽ വ്യസനിച്ച് ഷെല്ലി എഴുതിയതാണ് ‘അഡോണിസ്’ എന്ന വിലാപകാവ്യം.
തൊട്ടടുത്ത വർഷം (1822) ഷെല്ലി, മുപ്പതാം വയസ്സിൽ ഒരു ബോട്ടപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ചിതാഭസ്മം അടക്കം ചെയ്തതും കീറ്റ്സിന്റെ സുഹൃത്തായ ജോസഫ് സെവെൺ മരിച്ചപ്പോൾ അടക്കം ചെയ്തതും ഒരേ സെമിത്തേരിയിലായിരുന്നു. 1909 ലാണ് ജോൺ കീറ്റ്സിന്റെയും പേഴ്സി ബൈഷ് ഷെല്ലിയുടെയും ഓർമ്മയ്ക്കായി സ്പാനിഷ് പടവുകളോടു ചേർന്ന കീറ്റ്സ് താമസിച്ചിരുന്ന വില്ല മ്യൂസിയമാക്കിയത്.
റോമിലെ ഏറ്റവും പ്രശസ്തമായ ചത്വരമാണ് പിയാസ ഡി സ്പാഗ്ന. സ്പാനിഷ് പടവുകളിറങ്ങി ചെല്ലുന്നത് ഈ ചത്വരത്തിലേക്കാണ്. ചത്വരത്തിന് നടുവിലാണ് പ്രസിദ്ധമായ ഫോണ്ടാന ഡെല്ല ബാർകാസിയ. ഇതൊരു നീരുറവയാണ്.
പാതി മുങ്ങിപ്പോയ കപ്പലിന്റെ ആകൃതിയിലാണ് ജലധാര നിർമ്മിച്ചിരിക്കുന്നത്. അതിൽ നിന്ന് വെള്ളം ചെറുതടാകത്തിലേക്ക് ഒഴുകുന്നു. അക്വാ വെർജിനിലെ വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. പീത്രോ ബെർണിനിയും (Pietro Bernini) അദ്ദേഹത്തിന്റെ മകൻ ഴാൻ ലൊറൻസോ ബെർണിനിയും (Gian Lorenzo Bernini ) ചേർന്നാണ് 1629 ൽ ഈ നീരുറവ പൂർത്തിയാക്കിയത്.
പിന്നെ കണ്ടത്, പിയാസ നവോനയായിരുന്നു (Piazza Navona) റോമിലെ പഴയ കളിസ്ഥലമായി അറിയപ്പെടുന്ന ഇവിടം ഒന്നാം നൂറ്റാണ്ടിൽ ഡൊമിഷ്യൻ ചക്രവർത്തി നിർമ്മിച്ചതാണ്.
നവോനയിലൂടെ നടക്കുമ്പോൾ മനോഹര ഗാനം കേട്ടു. മൂന്നു പേർ ചത്വരത്തിന്റെ ഒരു വശത്തു നിന്ന് സാക്സോഫോണും ഗിറ്റാറുമൊക്കെ ഉപയോഗിച്ച് പാടുകയാണ്. തെരുവു ഗായകരാവണം.
മുഷിഞ്ഞ വേഷവും പൊട്ടിപ്പൊളിഞ്ഞ ഉപകരണങ്ങളുമൊക്കെയാണ് ഞാൻ ഇതു വരെ കണ്ടിട്ടുള്ള തെരുവു ഗായകർക്ക്. കൂടാതെ ഒരാൾ പാടുമ്പോൾ കൂടെ നിൽക്കുന്നവർ കൈ നീട്ടി സമീപിക്കുന്നതാണ് പതിവ് കാഴ്ച.
ഇവിടെ നല്ല വേഷമണിഞ്ഞ് സുന്ദരക്കുട്ടപ്പന്മാരായിട്ടാണ്. ഏത് ജോലിക്കും അന്തസുള്ള നാടാണല്ലോ… കാഴ്ചക്കാർക്ക് പണം നിക്ഷേപിക്കാൻ ഒരു സ്യൂട്ട്കേസ് വെച്ചിരിക്കുന്നു.
പാട്ടിൽ ലയിച്ച് കുറച്ചു സമയം അവിടെയിരുന്നു. എത്ര മനോഹരമാണ് ചുറ്റുപാടുമുള്ള കെട്ടിടങ്ങൾ… എല്ലാം വർഷങ്ങൾ പഴക്കമുള്ളതെങ്കിലും മനോഹരമായി, വൃത്തിയും വെടിപ്പുമുള്ളതുമായി സൂക്ഷിച്ചിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിലേക്കായിരുന്നു അടുത്ത യാത്ര. ലോക കത്തോലിക്ക സഭയുടെ ആസ്ഥാനം. വത്തിക്കാൻ എന്ന രാജ്യത്തിന്റെ മാത്രമല്ല ലോക കത്തോലിക്കരുടെ പരമാധികാരി കൂടിയാണ് മാർപാപ്പ. വത്തിക്കാനിലേക്കുള്ള വഴിയിൽ നല്ല തിരക്കിയിരുന്നു.
നല്ല തിരക്കായിരിക്കും സെൻ പീറ്റേഴ്സ് ചർച്ചിനു മുന്നിലെന്നും ഒരു മണിക്കൂറിലേറെ ചിലപ്പോൾ ക്യൂ നിൽക്കേണ്ടി വന്നേക്കാമെന്നും മാർപാപ്പയുടെ വസതിയുടെ മുന്നിൽ ഇറക്കുമ്പോൾ എബിൻ പറഞ്ഞിരുന്നു. പള്ളിക്കകത്ത് പ്രവേശിക്കാൻ വല്ലാത്ത തിരക്കുണ്ടെങ്കിൽ കാണാതെ തിരിച്ചു വരാം. ഏതായാലും പാർക്ക് ചെയ്യാനിടമില്ലാത്തതു കൊണ്ട് എബിൻ പുറത്തേയ്ക്കെങ്ങോട്ടോ പോയി.
ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് മുന്നിലാണ് നിൽക്കുന്നത്. എന്നാൽ, വത്തിക്കാൻ നഗരത്തിലേക്കുള്ള ചെറു ഗേറ്റ് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. നമ്മുടെ നാട്ടിലെ കൊച്ചു വീടുകളുടെ മുന്നിലുള്ള ഗേറ്റുകളുടെ വലിപ്പം പോലും ഉണ്ടായിരുന്നില്ല.
എബിൻ പോകുന്നതിനുമുമ്പ്, ഇപ്പോഴത്തെ മാർപാപ്പ താമസിക്കുന്ന കെട്ടിടവും അദ്ദേഹത്തിന്റെ മുറിയും ചൂണ്ടി കാണിച്ചു തന്നിരുന്നു. അദ്ദേഹത്തിന് വലിയ കെട്ടിടം വേണ്ട എന്ന് പറഞ്ഞതും വളരെ കൊച്ചു മുറിയിലാണ് ഇപ്പോൾ താമസമെന്നും ദൈവത്തിന്റെ യഥാർത്ഥ ദാസനായി തന്നെയാണ് അദ്ദേഹം ജീവിക്കുന്നതെന്നും കൂട്ടിച്ചേർക്കാൻ മറന്നില്ല.
ഫ്രാൻസിസ് മാർപാപ്പയുടെ ലളിത ജീവിതത്തെ പറ്റി മുൻപേ തന്നെ കേട്ടിരുന്നു. ബ്യൂണസ് അയേഴ്സിൽ കർദിനാളായിരുന്നപ്പോൾ ഔദ്യോഗിക വസതി ഒഴിവാക്കി ചെറിയൊരു അപ്പാർട്ട്മെന്റിൽ സ്വയം ഭക്ഷണം പാകം ചെയ്ത് താമസിച്ചിരുന്നതും പൊതുഗതാഗതം മാത്രം ഉപയോഗപ്പെടുത്തിയിരുന്നതും ഔദ്യോഗികാവശ്യങ്ങൾക്ക് വിമാനയാത്ര വേണ്ടി വന്നപ്പോഴൊക്കെ എക്കണോമി ക്ലാസിൽ മാത്രം യാത്ര ചെയ്തിരുന്നതും മറ്റും…
അഭയാർത്ഥികളുടെ മുന്നിൽ വാതിൽ കൊട്ടിയടയ്ക്കുന്നവർ ക്രിസ്ത്യാനികളല്ലെന്ന് അദ്ദേഹം വാദിച്ചു. ദാരിദ്യം മൂലം ഇറ്റലിയിൽ നിന്നും അർജന്റീനയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു ഹോയെ മരിയോ ബെർഗോഗ്ലിയോ (Jorge Mario Bergoglio) അതു കൊണ്ട് താനും അഭയാർത്ഥിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
മാറ്റങ്ങളുടെ മാർപാപ്പയെന്നറിയപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പ, പേരിൽ തന്നെ മാറ്റത്തിന് തുടക്കം കുറിച്ചിരുന്നു. മറ്റൊരു മാർപാപ്പയ്ക്കും ഇതു വരെ ഫ്രാൻസിസ് എന്ന പേരില്ലായിരുന്നു. ദാരിദ്രർക്കൊപ്പം ജീവിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ആശയങ്ങളോട് ഐക്യപ്പെട്ട് ആ പേര് സ്വീകരിക്കുകയായിരുന്നു ലോകസമാധാനത്തിൽ പ്രത്യാശിക്കുന്ന ഹോസെ മരിയോ ബെർഗോഗ്ലിയോ.
തിരക്കിനെപ്പറ്റി എബിൻ പറഞ്ഞത് ശരിയായിരുന്നു. നടന്ന് സെൻ പീറ്റേഴ്സ് ചർച്ചിനു മുന്നിലെത്തുമ്പോൾ അവിടെ വലിയ ജനക്കൂട്ടമാണ്. ചർച്ചിനു മുന്നിലെ മുറ്റം കവിഞ്ഞ് പുറത്തേക്ക് ആളുകൾ നിന്നിരുന്നു. ഞാൻ അല്പം അങ്കലാപ്പോടെ എവിടെ നിൽക്കുണമെന്നറിയാതെ എത്ര നേരം നിൽക്കേണ്ടിവരും എന്ന ഭാവത്തോടെ കൂടി അവിടെ നിന്നു.
സെക്യൂരിറ്റിയുടെ വേഷം പോലെ പ്രത്യേക യൂണിഫോമിട്ട ഒരാൾ അടുത്തേക്ക് വന്നപ്പോൾ ധൈര്യപൂർവ്വം അദ്ദേഹത്തോട് ഈ ക്യൂവിൽ എവിടെ നിൽക്കണം എന്ന് ചോദിച്ചു.
ഈ ക്യൂവിന്റെ അറ്റത്തു നിന്നാൽ രണ്ടു മണിക്കൂർ എടുക്കും പള്ളിക്കകത്തേക്ക് പ്രവേശിക്കാൻ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരു സ്വകാര്യം പറഞ്ഞു. 75 യൂറോ നൽകുമെങ്കിൽ വത്തിക്കാൻ സിറ്റി യുടെ പ്രധാന കവാടത്തിലൂടെ അകത്തേക്ക് കയറ്റാമെന്ന്. ഇവിടെ നിൽക്കുന്ന രണ്ടു മണിക്കൂറിനുള്ളിൽ മുഴുവൻ കണ്ടു തിരിച്ചിറങ്ങാമെന്ന്. ഞാൻ ഒരു നിമിഷം ആലോചിച്ചു നിന്നു. എൻറെ കയ്യിൽ പണമായിട്ടുള്ളത് 50 യൂറോ മാത്രമാണ്.
തൊട്ടടുത്ത് എടിഎം കൗണ്ടറോ മറ്റോ ഉണ്ടെങ്കിൽ പണം എടുത്തു കൊടുക്കാം. ഏതായാലും എബിനെ വിളിച്ച് അന്വേഷിച്ചിട്ടാവാം എന്ന് കരുതി. വിളിച്ച് അന്വേഷിച്ചപ്പോൾ, ഒരു കാരണവശാലും പണം നൽകരുത് -തിരക്കാണെങ്കിൽ, പ്രയാസമുണ്ടെങ്കിൽ തിരിച്ചു പോരൂ എന്നായിരുന്നു എബിന്റെ നിർദ്ദേശം. വന്ന സ്ഥിതിയ്ക്ക് ക്യൂവിനു പിന്നിൽ നിന്നു നോക്കാം എന്ന് തീരുമാനിച്ചു.
മുന്നോട്ടേക്ക് ക്യു വളരെ പതുക്കെയാണ് നീങ്ങുന്നത്. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെടുന്നത് – ഓരോ ഗ്രൂപ്പുകളായിട്ടാണ് മുന്നോട്ടു നീങ്ങുന്നത്. ടൂറിസ്റ്റ് ബസിലെ ആളുകളാണ് അധികവും. മുന്നിൽ ഗൈഡ് ബസിന്റെ പേരെഴുതിയ അടയാള ബോർഡ് പിടിച്ചിട്ടുണ്ട്. ചില ആളുകൾ ഗ്രൂപ്പിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്നിട്ട് ഫോട്ടോ എടുക്കുന്നുണ്ട് . ഞാനും ഫോട്ടോ എടുക്കുന്നതിനു വേണ്ടി ക്യൂവിൽ നിന്ന് മാറി നിൽക്കുകയും ഇടയ്ക്ക് തിരിച്ച് കയറി ക്യൂവിൽ നില്ക്കുകയും ചെയ്തു. അത് പലപ്പോഴും മൂന്നും നാലും ഗ്രൂപ്പുകളുടെ മുന്നിലായിരിക്കും. ഒറ്റയ്ക്കേയുള്ളൂ – എന്നെ സംബന്ധിച്ച് ഈ കൂട്ടത്തിൽ നിൽക്കേണ്ട കാര്യമില്ലെന്ന് വളരെപ്പെട്ടെന്ന് തിരിച്ചറിഞ്ഞു!
ഓരോ കൂട്ടത്തിൽ നിന്നും ഫോട്ടോയെടുക്കാൻ എന്ന വ്യാജേന പുറത്തു കടന്ന് വീണ്ടും തിരിച്ചു കയറുന്നത് നാലോ അഞ്ചോ ഗ്രൂപ്പ് യാത്രക്കാരുടെ മുന്നിലേക്കായിരുന്നു. ഏതാണ്ട് പത്ത് മിനിറ്റിനുള്ളിൽ പള്ളിക്കകത്ത് പ്രവേശിച്ചു. അല്പം സൂത്രം പ്രയോഗിച്ചു 10 മിനിറ്റിനുള്ളിൽ പള്ളിക്കകത്ത് പ്രവേശിച്ചത് എനിക്ക് അടക്കാനാവാത്ത സന്തോഷം നൽകി. ഒറ്റയ്ക്കായതിൽ ഒരുപക്ഷേ ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ അതാവും.
പള്ളിക്കുള്ളിൽ ലൂവർ മ്യൂസിയത്തിൽ കണ്ടതു പോലെയുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു പള്ളി എങ്ങനെ മ്യൂസിയമായി മാറിയിരിക്കുന്നു എന്നത് അത്ഭുതത്തോടെകൂടിയാണ് കണ്ടത്. ഭിത്തിയിലെ ചിത്രങ്ങളും ശില്പങ്ങളും താഴികക്കുടങ്ങളും അൾത്താരയും മറ്റും റോമൻ ചിത്ര-ശില്പകലകളുടേയും വാസ്തുവിദ്യയുടേയും ഔന്നത്യത്തെ കാണിച്ചു തന്നു.
പത്രോസ് പുണ്യവാളന്റെ കബറിടം ഇവിടെയാണ്. ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന പെട്ടിയുടെ അടുത്തേക്ക് പോകുന്നതിനോ ഫോട്ടോ എടുക്കുന്നതിനോ വിലക്കുകളില്ല.
പ്രാർത്ഥന ഹാളും, പ്രാർത്ഥനയ്ക്കുള്ള പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവിടെ പ്രാർത്ഥിക്കാനായി ആരുമിരുന്നില്ല. വിനോദ സഞ്ചാരികൾക്ക് വത്തിക്കാൻ പള്ളി വെറും ആകർഷണ കേന്ദ്രം മാത്രമാണെന്ന് തിരിച്ചറിയുന്നു. എല്ലാവരും തിരക്കുള്ളവരാണ്. അടുത്ത സ്ഥലത്തേക്ക് ഓടേണ്ടവരാണ്. ഒരു തരത്തിൽ ഓരോ സ്ഥലത്തും ഒപ്പിട്ടു മടങ്ങുകയാണ്.
ഒരു യൂറോപ്പ്യൻ പെൺകുട്ടി കുമ്പസാരിക്കുന്നത് കണ്ടു. ഇംഗ്ലീഷിലും ലാറ്റിനിലും ഇറ്റാലിയനിലും കുമ്പസാരിക്കാം എന്ന് അവിടെ എഴുതി വെച്ചിരിക്കുന്നു. ആരൊക്കെയോ കുമ്പസാരിക്കുന്ന പെൺകുട്ടിയുടെ ഫോട്ടോയും വീഡിയോയും എടുക്കാൻ ശ്രമിക്കുന്ന സമയത്ത് മാത്രമാണ് അവിടത്തെ കാവൽക്കാരൻ തടഞ്ഞത്. കുമ്പസാരം ഒരു കാരണവശാലും ഷൂട്ട് ചെയ്യരുത് എന്ന് അദ്ദേഹം വിനയപൂർവ്വം അറിയിച്ചു.
വിശുദ്ധ പത്രോസിനെ ആദ്യ മാർപാപ്പയായി കണക്കാക്കുന്നു. തൈബർ നദിക്കരുകിൽ വത്തിക്കാൻ കുന്നിലാണ് ക്രിസ്തുവിന്റെ മുഖ്യ അപ്പോസ്തലനായ പത്രോസ് രക്തസാക്ഷിത്വം വരിച്ചതും പിന്നിട് അടക്കിയതും. എ.ഡി. 64 ലായിരുന്നുവത്.
റോമിലെ ആദ്യ ക്രിസ്ത്യൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റെൻ, ആദ്യമാർപാപ്പയ്ക്ക് വേണ്ടി ഒരു ബസിലിക്ക നിർമ്മിക്കാൻ തീരുമാനിച്ചു. അതിൻ പ്രകാരമാണ് എ.ഡി 349 ൽ സെന്റ്. പീറ്റേഴ്സ് ബസിലിക്ക പണികഴിപ്പിച്ചത്. പിന്നീട് 1506 മുതൽ 16 26 വരെയുള്ള കാലത്തായിരുന്നു പുനർനിർമ്മാണ പ്രവർത്തനങ്ങൾ.
ഡൊനാറ്റോ ബ്രമാന്റെ, മൈക്കലാഞ്ചലോ, കാർലോ മാഡെർനോ, ജാൻ ലൊറെൻസോ ബെർണിനി തുടങ്ങിയ നവോത്ഥാന കലാകാരന്മാരുടെ സംഭാവനയാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വാസ്തുവിദ്യ.
മൊണാലിസയാണ് ലൂവർ മ്യൂസിയത്തെ പ്രശസ്തമാകുന്നതെങ്കിൽ വത്തിക്കാൻ പള്ളിയിലത് മൈക്കലാഞ്ചലോയുടെ പിയാത്തയാണ്.
കുരിശുമരണം വരിച്ച ക്രിസ്തുവിന്റെ ശരീരം സംസ്ക്കരിക്കുന്നതിനു മുമ്പ്, അമ്മയായ മറിയത്തിന്റെ മടിയിൽ കിടത്തുന്ന രംഗം. തന്റെ മകന്റെ ചേതനയറ്റ ശരീരത്തിലേക്ക് തല കുനിച്ച് നോക്കിയിരിക്കുന്ന ഹൃദയഭേദകമായ രംഗം എത്ര സൂക്ഷ്മമായാണ് മൈക്കലാഞ്ചലോ പിയാത്തയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ആ നിമിഷം മലയാളത്തിലെ ഏറ്റവും ദുഃഖഭരിതമായ ഓർമ്മ വന്നു. അർണോസ് പാതിരിയുടെ പുത്തൻ പാനയിലെ വരികളായിരുന്നു അത്.
സർവദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണ്ടുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്ര!
നിന്മരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കിൽ
ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!
നിന്മനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാൻ
എന്മനസ്സിൽ തണുപ്പില്ല നിർമ്മല പുത്ര!
വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീന പ്രിയമല്ലോ നിനക്കു പുത്ര!
നിൻചരണചോരയാദം തൻശിരസ്സിലൊഴുകിച്ചു
വൻചതിയാൽ വന്നദോഷമൊഴിച്ചോ പുത്ര!
മരത്താലെ വന്നദോഷം മരത്താലെയൊഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്ര!
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്നദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!
ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്കു തുറന്നോ പുത്ര!
ഉള്ളിലേതും ചതിവില്ലാതുള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര!
മുമ്പ്, ബിരുദ ക്ലാസിൽ പഠിപ്പിച്ചതാണ് രക്ഷാചരിത കീർത്തനമെന്നും മിശിഹായുടെ പാന എന്നുമൊക്കെ അറിയപ്പെടുന്ന പുത്തൻ പാന.
പുത്തൻ പാനയുടെ ശില്പവിഷ്കാരമാണ് പിയാത്ത. എത്ര നേരമാണ് പിയാത്തയെ നോക്കിയിരുന്നത് എന്നറിയില്ല. ഈ വിശ്വപ്രസിദ്ധമായ ശില്പത്തിന്റെ കോൺക്രീറ്റ് പകർപ്പുകൾ കേരളത്തിൽ പല ക്രിസ്ത്യൻ പള്ളികളുടെ മുന്നിലും കണ്ടിട്ടുണ്ട്. അത്ഭുതാദാരങ്ങളോടെ ആ ശില്പത്തിനു മുന്നിൽ തലകുനിയ്ക്കുന്നു.
പലരുടേയും സഹായത്തിലാണ് സെന്റ്. പീറ്റേഴ്സ് ചർച്ചിനുള്ളിൽ നിന്ന് ഞാൻ ചിത്രങ്ങളെടുത്തത്. ജീവിതത്തിലൊരിക്കലും അവരിൽ ആരെയും കണ്ടുമുട്ടുകയില്ല. കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത അവർ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു.
റോമിന്റെ വലിയ പ്രത്യേകതയായി തോന്നിയത് പ്രധാന ആകർഷക കേന്ദ്രങ്ങളൊക്കെ അടുത്താണെന്നതാണ്. റോമിലെ മാതാവിന്റെ പള്ളി ഏറെ പ്രസിദ്ധമാണ്. പുറത്തു നിന്നു കാണാനേ കഴിഞ്ഞുള്ളൂ.
വൈകിട്ട് 6.30ന് പള്ളി അടയ്ക്കുന്നതാണ് പതിവ്. വത്തിക്കാനിൽ കൂടുതൽ സമയം ചിലവഴിച്ചതു കൊണ്ട് മാതാവിന്റെ പള്ളിയ്ക്കകം കാണാനായില്ല. കാണേണ്ട അത്ഭുതങ്ങളിലൊന്നാണ് പള്ളിയെന്ന് എബിൻ പറഞ്ഞു.
പിന്നെ വരാം. അക്വാ വെർജിനിലെ ജലധാരയിൽ ഞാൻ ഒരു ഫ്രാങ്കിട്ടിട്ടുണ്ട്!
റോമിന്റെ പ്രതീകമായി എവിടെയും കാണുന്ന കൊളോസിയത്തിലേക്കായിരുന്നു അടുത്ത യാത്ര. എ.ഡി. 70-72 കാലഘട്ടത്തിൽ ഫ്ലേവിയൻ രാജവംശത്തിലെ വെസ്പേഷ്യൻ ചക്രവർത്തി നിർമ്മിച്ചതാണ് കൊളോസിയം. എ.ഡി. 80 ൽ, വെസ്പേഷ്യന്റെ മകൻ ടൈറ്റസ് കൊളോസിയം തുറന്നു. കൊളോസിയം പൊതുവേ ഫ്ലേവിയൻ ആംഫിതിയേറ്റർ എന്നാണറിയപ്പെടുന്നത്. ഗ്ലാഡിയറ്റോറിയൽ പോരാട്ടങ്ങളും വന്യമൃഗ പോരാട്ടങ്ങളും ഉൾപ്പെടെ പലതരം മത്സരങ്ങളുടെ വേദിയായിരുന്നു തുടക്കകാലത്തിത്.
കുറച്ചു നൂറ്റാണ്ടുകളുടെ ഉപയോഗത്തിനുശേഷം, പതിനെട്ടാം നൂറ്റാണ്ട് വരെ കൊളോസിയം അവഗണിച്ചു കിടക്കുകയായിരുന്നു. കൊളോസിയത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കാലക്രമേണ നശിച്ചിരുന്നു. എന്നാലിന്ന് പല പുതുക്കി പണികളിലൂടെ, ആംഫിതിയേറ്റർ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.
ഒരേ സമയം 50000 കാണികളെ ഉൾക്കൊളളാനുള്ള ശേഷി ഈ ആംഫി തീയറ്ററിനുണ്ടായിരുന്നു. ക്രൂരവിനോദങ്ങളുടെ വേദിയായിരുന്നു ഒരു കാലത്ത് കൊളോസിയം എന്ന ഓർമ ഇതിനുള്ളിലേക്ക് കയറുമ്പോൾ അസ്വസ്ഥപ്പെടുത്തി. അടിമകളുടേയും മൃഗങ്ങളുടെയും തമ്മിൽതല്ലി മരണങ്ങളുടെ വേദി! ആ ചോരപ്പാടുകൾ എവിടെയൊക്കെ പതിഞ്ഞിരിക്കാം. സൂക്ഷ്മമായി ഞാൻ ഓരോ കല്ലിലും പരതി.
ആയിരത്തഞ്ഞൂറു വർഷം മുമ്പു നടന്ന ആ ക്രൂരവിനോദങ്ങളെയോർത്ത് ചഞ്ചലപ്പെടാനുള്ള സമയമല്ലയിതെന്ന് മനസ്സിനെ പാകപ്പെടുത്തി. ഇന്നത്തെ മനുഷ്യനിലേക്കുള്ള പാത ഒട്ടും സമാധാനത്തിന്റേതല്ല. ഇപ്പോഴും തൊട്ടാൽ പൊട്ടിപ്പോകുന്ന അത്ഭുതമാണ് നാം പറയുന്ന സമാധാനം.
മാനവികത, പരസ്പര ബഹുമാനം, തന്മയീഭാവം, സഹകരണം തുടങ്ങിയ ഗുണങ്ങളിലേക്ക് ശരിയായ വിധത്തിലെത്താൻ ഇനിയുമെത്രയോ നാളെടുക്കും. മനുഷ്യൻ യഥാർത്ഥ മനുഷ്യനാവാൻ. സമാധാനത്തിന്റെ വഴി അത്ര എളുപ്പമല്ല – നീതിയുടേയും.
അന്നേരത്ത് പണ്ട്, കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരധ്യാപകൻ പറഞ്ഞ പള്ളീലച്ചന്റെ കഥയോർമ വന്നു.
എന്തോ കാര്യത്തിന് ഇടവക വിശ്വാസി ദൈവത്തിന്റെ പ്രതിനിധിയാണെന്ന ചിന്തയില്ലാതെ അച്ചന്റെ കരണത്തടിച്ചു. അച്ചൻ മറുകരണം കാണിച്ചു കൊടുത്തു. അങ്ങനെയാണല്ലോ ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. അയാൾ മറുകരണത്തും കൊടുത്തു. അപ്പോൾ അച്ചനയാളെ കൂട്ടിപ്പിടിച്ച് പൊതിരെ തല്ലിയത്രേ! അയാൾ എന്തനീതിയാണ് അച്ചൻ ചെയ്തതെന്ന് ചോദിച്ചു. മറുകരണത്തും തല്ലാൻ ആവശ്യപ്പെട്ടതു കൊണ്ടല്ലേ തല്ലിയതെന്ന ന്യായം.
മറുകരണത്തും അടി കിട്ടിയാൽ പിന്നെന്തു ചെയ്യണമെന്ന് ക്രിസ്തു പറഞ്ഞിട്ടില്ല എന്നായിരുന്നു അച്ചൻ കൊടുത്ത മറുപടി. പലപ്പോഴും നാം മനുഷ്യർ ഇങ്ങനെയാണ്. കാടത്ത ജീവിതത്തിന്റെ അംശം ഇന്നും കൂടുതലുള്ള ഇരുകാലി മൃഗം.
കൊളോസിയത്തിനകത്ത് നല്ല തിരക്കാണ്. പൊളിഞ്ഞു കിടക്കുന്നിടങ്ങൾ നന്നാക്കുന്നുണ്ട്. അത് ആംഫി തീയറ്ററിന്റെ ഗരിമയെ നഷ്ടപ്പെടുത്തുന്നുണ്ട്.
ഫോട്ടോ എടുക്കാൻ കിട്ടിയത് ഒരു തുർക്കിക്കാരനെയാണ്. അദ്ദേഹം കുടുംബത്തോടൊപ്പം സെൽഫിയെടുക്കാൻ പ്രയാസപ്പെടുകയാണ്. അവരുടെ ഫോട്ടോയെടുത്ത് സഹായിച്ചിട്ട് തിരിച്ച് സഹായം ചോദിക്കുകയായിരുന്നു. അദ്ദേഹം എടുത്ത ഫോട്ടോ കാണിച്ചിട്ട് എങ്ങനെ, താൻ നല്ല ഫോട്ടോഗ്രാഫറാണോ എന്ന് ചോദിച്ചു. വളരെ നന്നായിരിക്കുന്നുവെന്ന് മറുപടി പറഞ്ഞു.
അപ്പോഴാണ് ഫോട്ടോ എടുത്തു തന്നവർക്കൊക്കെ നന്ദി മാത്രമേ പറഞ്ഞുള്ളല്ലോ എന്നോർത്തത്. അവർ ചെയ്തു തന്ന സഹായത്തെ അഭിനന്ദിക്കേണ്ടതു കൂടിയുണ്ട് എന്ന് മനസ്സിലാക്കിയത്. പിന്നീടുള്ള ഫോട്ടോയെടുപ്പിൽ നന്ദിയ്ക്കൊപ്പം അഭിനന്ദനം കൂടി നൽകി. അപ്പോൾ സുന്ദരമായ പുഞ്ചിരി കൂടി പകരം കിട്ടി.
കൊളോസിയത്തിന് തൊട്ടടുത്താണ് റോമൻ ഫോറം. പുരാതന റോമിലെ പ്രധാന ഭരണ സമുച്ചയങ്ങളായിരുന്നു അവിടെ. റോമിലെ നിത്യജീവിതത്തിന്റെ കേന്ദ്രമായിരുന്നു ഫോറം. തെരഞ്ഞെടുപ്പുകളുടെ, ഘോഷയാത്രകളുടെ, പൊതുസമ്മേളനങ്ങളുടെ, കുറ്റവിചാരണകളുടെ, ഗ്ലാഡിറ്റോറിയൽ മത്സരങ്ങളുടെ വേദിയായിരുന്നു ഇത്. പ്രത്യേകിച്ച് പൊതു അങ്ങാടി കൂടി.
ഇപ്പോൾ പലതും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. കണ്ടു കൊണ്ടിരിക്കുന്നത്, പുരാതന റോമാ സാമ്രാജ്യത്തിന്റെ അവശേഷിപ്പികളാണെന്ന യാഥാർത്ഥ്യം സ്വപ്നത്തിലല്ലെന്ന് ഞാൻ ഉറപ്പിച്ചു കൊണ്ടിരുന്നു.