രാത്രി വിമാനത്തിൽ ഞങ്ങൾ റോമിലേക്ക് പുറപ്പെട്ടു. പിറ്റേന്ന് റോമിൽ മഴ ആയിരിക്കുമെന്നും 19 ഡിഗ്രി സെൽഷ്യസാണ് താപനിലയെന്നും കാലാവസ്ഥ പ്രവചനം കണ്ടു. തണുപ്പ് കുറയുന്നു എന്നത് ആശ്വാസമായി തോന്നിയെങ്കിലും മഴ യാത്രയെ ബാധിക്കുമോയെന്ന് ആശങ്കപ്പെട്ടു. പാരീസിൽ നിന്ന് പറന്നുയർന്ന് അധികനേരമാകും മുമ്പേ വിമാനം ആകാശഗട്ടറിൽ വീഴാൻ തുടങ്ങി. ഇടിയും മിന്നലും മഴയും… റോമിൽ എത്തുന്നതുവരെ സീറ്റ്ബെൽറ്റിനുള്ളിൽ തന്നെയായിരുന്നു.
കണ്ണൂരുകാരൻ എബിൻ ആയിരുന്നു ഞങ്ങളുടെ സാരഥി. നഴ്സായി ജോലി കിട്ടി വന്നതാണ്. നാട്ടിൽ നിന്ന് എത്തുന്നവരുടെ ഗൈഡായി മാറിയിരിക്കുന്നു ഇപ്പോൾ. ഞങ്ങളുടെ പരിചയത്തിലുള്ള പലരും റോമിൽ എത്തിയപ്പോൾ എബിനാണ് കൂടെയുണ്ടായിരുന്നത്.
എബിന്റെ കാറിലേക്ക് കയറിയപ്പോൾ കേരളത്തിൽ എത്തിയോ എന്ന് തോന്നിപ്പോയി. കാറിൽ എൺപതുകളിലെ മനോഹരമായ മലയാള ചലച്ചി്ചിത്രഗാനങ്ങൾ. ഹോട്ടലിലേക്ക് പോകുംവഴി തന്നെ റോമാസാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ എബിൻ കാണിച്ചു തന്നു.
മത്സല എന്നായിരുന്നു റോമിലെ ഹോട്ടലിലെ പേര്. രാവിലെ ഉണർന്നെണീറ്റ് കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങാൻ നിൽക്കുമ്പോഴാണ് സീമടീച്ചർക്ക് ഒരു ഫോൺ വന്നത്. മകളായിരുന്നു. പക്ഷേ, ടീച്ചർ ഉറക്കെ കരയുന്നു.
ജയരാജ് സാറിന്റെ അച്ഛൻ മരിച്ചു.
ഒരു നിമിഷം ഞാനും ഏതോ ഇരുട്ടിലേക്ക് വീഴുന്നതായി തോന്നി. മൂന്നുപേർ നിശബ്ദതയിൽ… കടുത്ത മൗനത്തിൽ… ആലോചനയിൽ… എനിക്ക് പിറ്റേന്ന് വൈകിട്ടാണ് ജനീവയിൽ നിന്ന് തിരിച്ചു പോകേണ്ട വിമാനം. ഇനി അധികം സമയമില്ല എന്നതാണ് പ്രശ്നം. ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പറഞ്ഞാൽ കിട്ടുമോ എന്നറിയില്ല . ജയരാജ് സാറും ടീച്ചറും പോയാൽ ഞാൻ ഒറ്റയ്ക്കാവും. എന്തായാലും അവർ പോകാൻ തീരുമാനിച്ചു. പക്ഷേ എങ്ങനെ പെട്ടെന്ന്? റോമിൽ നിന്നുള്ള വിമാനം അന്വേഷിക്കുകയായിരുന്നു, പിന്നീട്. ഏതോ സൈറ്റിൽ സൗദി എയർലൈൻസിന്റെ ഒരു വിമാനം കാണുന്നുണ്ട്. കുറഞ്ഞ ചാർജ്ജാണ് കാണിക്കുന്നത് . ഉറപ്പുവരുത്താൻ എറണാകുളത്തെ ഞങ്ങളുടെ ട്രാവൽ ഏജൻസിയിൽ വിളിച്ചു. വിമാനമുണ്ട്, പക്ഷേ ബുക്ക് ചെയ്യാൻ പറ്റുന്നില്ല, നേരിട്ട് പോയി നോക്കൂ എന്ന് അവർ. അങ്ങനെ രണ്ടും കൽപ്പിച്ച് പോകാൻ ഉറച്ചു അവർ. ഞാനും പുറപ്പെടുന്നു എന്ന് പറഞ്ഞപ്പോൾ ടീച്ചറും സാറും വേണ്ടെന്നു പറഞ്ഞു. ഏതായാലും വന്നതല്ലേ പറ്റുന്നത്ര കണ്ട് മടങ്ങൂ എന്ന് അവർ.
ജയരാജ് സാർ വന്നതിൽ പിന്നെ യാത്രയുടെ ചെലവുകൾ ഒരുമിച്ച് എടുക്കുകയായിരുന്നു. അവസാനം കണക്ക് നോക്കാം എന്ന് പറഞ്ഞു കൊണ്ട്. പാരീസിലും റോമിലും എത്തുമ്പോൾ അവിടുത്തെ കറൻസിയായ യൂറോയുടെ ഒരു നാണയം പോലും എന്റെ കയ്യിലില്ലായിരുന്നു. സ്റ്റേറ്റ് ബാങ്കിൽ നിന്നെടുത്ത ട്രാവൽ കാർഡുണ്ട്. അതിലുള്ളത് യുഎസ് ഡോളറാണ്.

രണ്ട് ഡെബിറ്റ് കാർഡുകളിൽ പണമുണ്ടെങ്കിലും ഇവിടെ പ്രയോജനമില്ല. ഈ സാഹചര്യത്തിലാണ് ഒപ്പമുണ്ടായിരുന്നവരുടെ മടക്കയാത്ര . ജയരാജ് സാറിന്റെ കയ്യിൽ ഉണ്ടായിരുന്നത് ക്രെഡിറ്റ് കാർഡാണ്. പണമായി കയ്യിൽ ഉള്ളത് 100 യൂറോ മാത്രം . 50 യൂറോ ടാക്സിയ്ക്ക് വേണം. ബാക്കി 50 യൂറോ എനിക്ക് തന്നു. കുറച്ച് ഫ്രാങ്ക് നാണയങ്ങൾ സീമ ടീച്ചർ നൽകി.
എബിന് പണം നാട്ടിൽ ചെന്നിട്ട് അയച്ചു കൊടുക്കാം എന്ന് തീരുമാനിച്ച് അവർ ടാക്സിയിൽ കയറി. രാവിലെ മുതൽ മഴയായിരുന്നു. അവരുടെ ടാക്സി വിടുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ടാക്സി കണ്ണിൽ നിന്ന് മറഞ്ഞയുടൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു. വേണമെങ്കിൽ വിഷമിച്ചു മുറിയിൽ പോയിരുന്ന് സമയം നീക്കാം. അല്ലെങ്കിൽ ഒറ്റയ്ക്കായ നിമിഷത്തെ ആഘോഷമാക്കാം.
ഒരു വിദേശരാജ്യത്ത് അവിചാരിതമായി ഒറ്റയ്ക്കായ സന്ദർഭത്തെ ആഘോഷമാക്കി എടുക്കാൻ തന്നെ തീരുമാനിച്ചു. പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ല. നേരെ ഒരു കഫറ്റീരിയയിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു. ഹോട്ടലിലേക്ക് ചെന്ന് മുറിയുടെ വാതിൽക്കൽ എത്തിയപ്പോഴാണ് താക്കോലില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കുന്നത് .
താക്കോൽ തരാൻ മറന്നതോ മുറിയിൽ പെട്ടുപോയതോ?
മുറിയ്ക്കുള്ളിൽ തന്നെയുണ്ട് – തിരക്കിൽ എടുക്കാൻ മറന്നെന്ന് സീമ ടീച്ചർ പറഞ്ഞു. പകുതി സമാധാനമായി – അവരുടെ കയ്യിൽ അല്ലല്ലോ .:.
തലേന്ന് റിസപ്ഷനിൽ കണ്ടയാൾ അല്ല ഇപ്പോൾ. ഇറ്റാലിയനാണ് ഭാഷ. ഇംഗ്ലീഷ് അറിയാമെങ്കിലും പരസ്പരം മനസ്സിലാവുന്നില്ല. എങ്ങനെയൊക്കെയോ പറഞ്ഞു മനസ്സിലാക്കിയെടുത്തു.
യാത്ര കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ റോമിൽ ഒറ്റയ്ക്കായതിനെപ്പറ്റി കേട്ടവർ, പേടിയായില്ലേയെന്ന് ചോദിച്ചിരുന്നു. ഇല്ല, അങ്ങനെ പ്രത്യേകിച്ച് തോന്നിയിരുന്നില്ല .
ഒറ്റയ്ക്ക് യാത്ര ചെയ്യാറുള്ളതാണ്. വളരെ ചെറുപ്പത്തിൽ കാട്ടിലും മറ്റും ഒറ്റയ്ക്ക് സഞ്ചരിച്ച നേടിയ ധൈര്യവുമുണ്ട്. അതിനേക്കാളേറെ യൂറോപ്പാണെന്ന ധൈര്യം -ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് തരുന്ന ആത്മവിശ്വാസം നിസ്സാരമായിരുന്നില്ല . ഏതു രാത്രിയിലും സ്ത്രീകൾ ഒറ്റയ്ക്ക് സുരക്ഷിതമായി സഞ്ചരിക്കുന്ന നാടാണ്. മറ്റു യൂറോപ്യൻ നഗരങ്ങളേക്കാൾ റോമിനുള്ള പ്രശ്നമായി കേട്ടത് പോക്കറ്റടിയാണ്. പോക്കറ്റിന് ഭാരമില്ലാത്തവർക്ക് അതേ പറ്റിയും ചിന്തിക്കേണ്ടതില്ല.
ഒപ്പമുണ്ടായിരുന്നവർ പെട്ടെന്ന് ഇല്ലാതാകുന്നു എന്ന തിരിച്ചറിവ് ഒരു നിമിഷം എന്നെ പരിഭ്രാന്തയാക്കിയിരുന്നു. അതുപക്ഷേ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനെ ഓർത്തായിരുന്നില്ല. വീട്ടുകാർ പരിഭ്രമിക്കുമോ എന്നോർത്തായിരുന്നു. അതുകൊണ്ട് തത്ക്കാലം പറയേണ്ട എന്ന് തീരുമാനിച്ചു. വിളിച്ചു പറഞ്ഞാൽ അവർ പരിഭ്രമിച്ചാൽ എന്റെ ശുഭ ചിന്തകളെ അത് ബാധിക്കും. മുറിയിൽതന്നെ ഇരിക്കേണ്ടിവരും.
എബിന്റെ കാറിലാണ് യാത്രയെങ്കിലും കാഴ്ച കാണാൻ എബിൻ വന്നിരുന്നില്ല. വഴി പറഞ്ഞു തരും. ഞാൻ അതിലെ നടക്കും . മടങ്ങുമ്പോൾ ഫോണിൽ വിളിക്കും. വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം പറയുമ്പോൾ അങ്ങോട്ടെത്തും. പല വഴിയിലും അടയാളങ്ങൾ കണ്ടെത്തി വെച്ചിരുന്നു -മടങ്ങുമ്പോൾ വഴിതെറ്റാതിരിക്കാൻ…
പണ്ട് ഒരു രാജ്യത്ത് റിയ സിൽവിയ എന്ന രാജകുമാരിക്ക് ഇരട്ടകൾ ജനിച്ചു. അവരുടെ പിതാവ് അന്നാട്ടിലെ യുദ്ധദേവനായിരുന്ന ചൊവ്വയായിരുന്നു.(Mars) ഇരട്ടകൾ തന്റെ സിംഹാസനം തെറിപ്പിക്കുമെന്ന പ്രവചനം കേട്ട രാജാവ് ആ കുട്ടികളെ ഒരു കുട്ടയിലാക്കി തൈബർ നദിയിലൊഴുക്കി. ഒരു ചെന്നായയാണ് ഇരട്ടകളെ കണ്ടെത്തിയത്. ചെന്നായ അവരെ പാലൂട്ടി വളർത്തി. കുറച്ചു കാലം കഴിഞ്ഞ് ഒരു ആട്ടിടയൻ അവരെ കണ്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വന്തം മക്കളായി വളർത്തി.
അവരുടെ പേര് റോമുലസ് എന്നും റെമുസ് എന്നുമായിരുന്നു.
അവർ പോരളികളായി വളർന്നു. പക്ഷേ, അവർ രാജാവിനെ കൊല്ലുക തന്നെ ചെയ്തു. ഇരട്ടകൾ ഒരു നഗരം സ്ഥാപിക്കാൻ ആഗ്രഹിച്ചു. പക്ഷേ, യോജിച്ച സ്ഥലത്തെ സംബന്ധിച്ച് അവർ തർക്കിച്ചു. ഒടുവിൽ റോമുലസ് , റെമുസിനെ കൊന്നു. അതിനു ശേഷം റോമുലസ് പാലന്റെൻ കുന്നിൽ നഗരം പണിത് അവിടുത്തെ ആദ്യരാജാവായി. നഗരത്തിന് റോമ എന്ന് പേരും നൽകി.
ഒന്നര സഹസ്രാബ്ദം ലോകത്തിന്റെ തലസ്ഥാനമായിരുന്നു റോമാ സാമ്രാജ്യം. ജൂലിയസ് സീസറുടെ, മാർക്ക് ആൻറണിയുടെ, ക്ലിയോപാട്രയുടെ നാട്… കലയുടെയും സംസ്ക്കാരത്തിന്റെയും കളികത്തൊട്ടിലായിരുന്നു ഇവിടം. ബഹുദൈവ വിശ്വാസികളുടെ നാടായിരുന്ന റോം, കോൺസ്റ്റന്റെ ഭരണ കാലത്തോടെ ക്രിസ്തീയതയുടെ, മാർപാപ്പയുടെ നാടായി മാറി.

പാന്തിയോൺ കാണാനാണ് ആദ്യം പോയത്. 2000 വർഷം പഴക്കമുള്ള എല്ലാ ദേവന്മാരുടെയും ക്ഷേത്രമായിരുന്നു അത്. പിന്നീട് ക്രിസ്തീയ ദേവാലയമായി മാറി. കുഞ്ഞുകുഞ്ഞ് ചുടിഷ്ടികകൊണ്ട് പണിത പുറം ഭിത്തി തന്നെ പൗരാണികത വിളിച്ചോതുന്നു. ഒപ്പം അത്ഭുതവും.
ബി.സി 27 നും എ.ഡി 14 നും ഇടയിൽ ഭരിച്ചിരുന്ന അഗസ്റ്റസിന്റെ കാലത്ത് മാർക്കസ് അഗ്രിപ്പയാണ് ഈ ക്ഷേത്രം പണി തുടങ്ങിയത് എന്ന് കരുതുന്നു. ക്രിസ്തുവിനുശേഷം 126 ൽ ഹാദ്രിയൻ ചക്രവർത്തിയുടെ ഭരണകാലത്താണ് ക്ഷേത്രം പണി പൂർത്തിയായത്. എന്നാൽ ഹാദ്രിയൻ ചക്രവർത്തി ക്ഷേത്രത്തിലെ ആദ്യലിഖിതങ്ങൾ കളഞ്ഞില്ല എന്നത് കൗതുകമുണർത്തുന്നു.
പള്ളിക്കുള്ളിലേക്ക് കയറുമ്പോൾ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നത് ഈ കെട്ടിടത്തിന്റെ താഴികക്കുടമാണ്. പാന്തിയോണിന്റെ വലിയ വൃത്താകൃതിയിലുള്ള താഴികക്കുടം, റോമൻ വാസ്തുവിദ്യയുടെ അത്ഭുതങ്ങളിലൊന്നാണ്. താഴികക്കുടത്തിനു നടുവിൽ വൃത്താകൃതിയിലൊരു ദ്വാരം ആകാശത്തേക്ക് തുറക്കുന്നു (ഒക്കുലസ്).

മുൻ കാലത്ത് മഴ പെയ്താൽ വെള്ളം ആ ദ്വാരത്തിലൂടെ അകത്തേക്ക് വീണിരുന്നില്ലത്രേ! വാസ്തുവിദ്യയുടെ പ്രത്യേകത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് അവിടെ നിന്ന് പരിചയപ്പെട്ട സ്പാനിഷ് സുഹൃത്ത് പറഞ്ഞു. അതിൽ എത്രമാത്രം ശരിയുണ്ടെന്നറിയില്ല. ഞാൻ അവിടെ എത്തുന്നുതിന് അരമണിക്കൂർ മുമ്പ് മഴ നിന്നിരുന്നു.
ഏതായാലും രണ്ടായിരം വർഷം പഴക്കമുണ്ടായിട്ടും പാന്തിയോണിന്റെ താഴികക്കുടം ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമായി അറിയപ്പെടുന്നു. റോമിൽ ഇന്നു കാണുന്ന പുരാതന കെട്ടിടങ്ങളിൽ കാര്യമായ കേടുപാടുകളില്ലാത്ത കെട്ടിടം കൂടിയാണ് പാന്തിയോൺ.
പാന്തിയോണിനു മുന്നിലെ ചത്വരത്തെ പിയാസ ദെല്ല റൊട്ടോണ്ട എന്നു പറയുന്നു. സെൽഫിയെടുത്ത് പരിചയമില്ലാത്തതിൽ എനിക്ക് വിഷമം തോന്നി. ഒറ്റയ്ക്കായതിന്റെ ഏറ്റവും വലിയ വിഷമം പൊട്ട മൊബൈലാണെങ്കിലും അതിൽ ഫോട്ടോ എടുക്കാനാവുന്നില്ലല്ലോ എന്നതായിരുന്നു. വീണിടത്തു നിന്ന് വിദ്യയെടുക്കണമെന്ന ആപ്തവാക്യം ഓർത്തുകൊണ്ട് അടുത്ത നിമിഷം ഫോട്ടോ എടുക്കുന്നതിന് പരിഹാരം കണ്ടെത്തി. വലിയ തിരക്കു കാണിക്കാതെ നിൽക്കുന്ന സഞ്ചാരികളെ ആശ്രയിക്കുക. അങ്ങനെയാണ് ബാഴ്സലോണ സ്വദേശിയായ സ്പാനിഷുകാരനെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചത്. കൂടെ പരിചയപ്പെടലും.
പാന്തിയോണിൽ നിന്ന് മടങ്ങുമ്പോൾ സീമ ടീച്ചർ വിളിച്ച് സൗദി എയർലൈൻസ് വിമാനം കിട്ടിയെന്നു അറിയിച്ചു.

പിന്നീട് കാണാൻ പോയത് ട്രെവി (Fontana di Trevi) ജലധാരയിലേക്കാണ്. മൂന്നു റോഡുകൾ ചെന്നു ചേരുന്നിടുത്താണ് ഈ ജലധാര. ഈ ജലധാര പുരാതന റോമിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം വിതരണം ചെയ്യുന്ന സംഭരണിയായിരുന്നു. 400 വർഷം ഇവിടെ നിന്ന് വെള്ളം വിതരണം ചെയ്തിരുന്നു എന്നാണ് കരുതുന്നത്.
ജലധാരയുടെ മധ്യഭാഗത്ത് ഓഷ്യാനസ് ദേവന്റെ പ്രതിമയുണ്ട്. രണ്ട് കുതിരകൾ വലിക്കുന്ന രഥത്തിലാണ് ഓഷ്യാനസിന്റെ നില്പ്. കടൽ കുതിരകളിലൊന്ന് മെരുങ്ങാത്ത ഭാവമുള്ളതും രണ്ടാമത്തേത് ഇണക്കമുള്ളതുമാണ്. കടലിന്റെ രൗദ്രശാന്ത സ്വഭാവത്തെ ഈ കടൽക്കുതിരകൾ പ്രതിനിധീകരിക്കുന്നു.

ട്രെവി ജലധാര അക്വാ വെർജിൻ ജലധാരയെന്നാണ് അറിയപ്പെടുന്നത്. ജലധാരയ്ക്ക് ചുറ്റും ആളുകളായിരുന്നു. ധാരാളം വിനോദസഞ്ചാരികൾ… അവർ പുറംതിരിഞ്ഞു യൂറോ നാണയങ്ങൾ വെള്ളത്തിലേക്കിട്ടു. അതൊരു വിശ്വാസമാണ്. വീണ്ടും റോം കാണാൻ വരും എന്ന വിശ്വാസം.
ഓരോ ദിവസവും മൂവായിരം യൂറോ ഉറവയിൽ നിന്ന് ലഭിക്കുന്നു എന്നാണ് കണക്ക് . റോമിലെ സൂപ്പർമാർക്കറ്റുകൾക്ക് സബ്സിഡി നൽകാനാണ് ഈ യൂറോ ഉപയോഗിക്കുന്നത് എന്നാണ് കേട്ടത്.
ഇനി റോമിലേക്ക് വരുമോ എന്ന് എനിക്കയ്ക്കൊരുറപ്പുമില്ല. കൈയ്യിൽ യൂറോ നാണയങ്ങളും ഉണ്ടായിരുന്നില്ല. എങ്കിലും ഒരു ഫ്രാങ്ക് ഞാനും പുറംതിരിഞ്ഞ് ജലധാരയിലേക്കിട്ട് തിരിഞ്ഞു നോക്കാതെ നടന്നു.
Read Here: മോണാലിസയുടെ രഹസ്യം തേടി : യൂറോപ്പ് യാത്രാ വിവരണം, ഭാഗം 12