തലേന്ന് വഴി തെറ്റി യാത്രകളായിരുന്നതു കൊണ്ട് ഹോട്ടലിൽ നിന്ന് നേരത്തെ ഇറങ്ങി. ലോക പുനർനിർമ്മാണ സമ്മേളനത്തിൽ ഞങ്ങൾ സംസാരിക്കേണ്ടത് ഉച്ചയ്ക്കായിരുന്നു.

പരിഭ്രമമുണ്ടായിരുന്നു എനിക്ക്. കഴിഞ്ഞ കുറേ വർഷങ്ങളായി എത്രയോ വേദികളിൽ സംസാരിച്ച പരിചയമുണ്ടായിരുന്നു. ചിലയിടത്ത് മുൻകൂട്ടി തയ്യാറെടുത്തും ചിലപ്പോൾ തയ്യാറെടുപ്പുകളില്ലാതെയും സംസാരിച്ചിട്ടുണ്ട്. എവിടെ ചെല്ലുമ്പോഴും പഴയ ഏഴാം ക്ലാസ് കുട്ടിയെപ്പോലെ ഇന്നും പരിഭ്രമിക്കാറുണ്ട്. ആദ്യമൊക്കെ വളരെ കുറച്ചേ സംസാരിക്കാനാകുമായിരുന്നുള്ളു. പല വേദികളിലായി സംസാരിക്കാനായതു കൊണ്ടാണ്, ഒരു തരത്തിൽ പരിശീലനം നേടിയതു കൊണ്ടാണ് ഒരു വിധം ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. എഴുതാൻ പറ്റിയേക്കും, പക്ഷേ, പറയാൻ പ്രയാസമാണ്. ചിലർക്ക് തിരിച്ചും.

ഏഴാം ക്ലാസിൽ വെച്ചാണ് ആദ്യമായി ഒരു പ്രസംഗപീഠത്തിനു മുന്നിൽ നില്ക്കുന്നത്. സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു അത്. അമ്മച്ചി പ്രോത്സാഹിപ്പിച്ച്, എഴുതിത്തന്ന്, കാണാതെ പഠിച്ച് പറഞ്ഞ പ്രസംഗം.

എങ്ങനെ ഒറ്റയ്ക്ക് വേദിയിൽ നില്ക്കും, മൈക്ക് കണ്ടാൽ വിറച്ചാലോ, മുന്നിൽ ആളെ കണ്ടാൽ പരിഭ്രമിച്ചാലോ എന്നൊക്കെ അന്ന് ചോദിച്ചിരുന്നു. അന്ന് അമ്മച്ചി പറഞ്ഞു തന്ന സൂത്രം വേദിയിൽ കയറിയിട്ട് മുന്നിലിരിക്കുന്നവരെ ശ്രദ്ധിക്കേണ്ടെന്നും ഏറ്റവും പിന്നിൽ ഭിത്തിയിലേക്ക് നോക്കി സംസാരിച്ചാൽ മതിയെന്നുമായിരുന്നു. അതെന്നിൽ നിറച്ച ആത്മവിശ്വാസം ചെറുതല്ല. അന്ന് ഒന്നാം സമ്മാനവും വാങ്ങി പറന്നാണ് വീട്ടിലെത്തിയത്.

എന്നാലുമിപ്പോഴും പറയാൻ ഒരുങ്ങിയത് പലതും വിഴുങ്ങിയിട്ടു പോരും. മുല്ല നസറുദ്ധീനെപ്പോലെ മൂന്നാമത്തെ പ്രസംഗത്തിൽ ആശ്വാസം കണ്ടെത്തും.

മുല്ല നസറുദ്ധീൻ ഒരിക്കൽ പ്രസംഗത്തിന് പോയി വന്ന് മൂന്നാമത്തെ പ്രസംഗമാണ് തനിക്കേറെ ഇഷ്ടപ്പെട്ടതെന്ന് ഭാര്യയോട് പറഞ്ഞു. അതു കേട്ട് ഭാര്യ ചിന്താകുലയായി. ഒരു പ്രസംഗത്തിന് പോകുന്നുവെന്ന് പറഞ്ഞു പോയയാൾ എങ്ങനെ മൂന്ന് പ്രസംഗിച്ചു എന്നായി ഭാര്യ. അപ്പോൾ മുല്ല പറഞ്ഞു:

“പ്രസംഗിക്കണം എന്ന് വിചാരിച്ചു പോയത് ആദ്യ പ്രസംഗം. വേദിയിൽ പ്രസംഗിച്ചത് രണ്ടാമത്തെ പ്രസംഗം. പലതും വിട്ടു പോയി, ഇങ്ങനെയൊക്കെ പ്രസംഗിക്കാമായിരുന്നു എന്നു വിചാരിച്ചത് മൂന്നാം പ്രസംഗം.”

മൂന്നാമത്തെ പ്രസംഗമായിരുന്നു എനിക്കുമെപ്പോഴുമിഷ്ടം!

World Reconstruction Conference, WRC4 Geneva, Rebuilding Kerala, Pinarayi Vijayan, maina umaiban, europe tour, doha, geneva. travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര

കോൺഫറൻസ് ഹാൾ

പുനർനിർമ്മാണ സമ്മേളനം തുടങ്ങുന്നത് ഓപ്പണിങ് പ്ലീനറിയോടെയാണ്. കൂടാതെ, സമ്മേളന ദിവസങ്ങളിലുള്ള മൂന്നോ നാലോ പ്ലീനറി സെഷൻ, ഒരേ സമയം പല ഹാളുകളിൽ നടക്കുന്ന സമാന്തര സാങ്കേതിക സമ്മേളനങ്ങൾ ഇങ്ങനെയാണ് സമ്മേളനത്തിന്റെ രീതി. ഓപ്പണിംഗ് പ്ലീനറിയിൽ മുഖ്യപ്രഭാഷണം നടത്താനുള്ള അവസരമാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇന്ത്യയിലെ മറ്റൊരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഇങ്ങനെയൊരു അവസരം ലഭിച്ചിട്ടില്ല.

തലേന്ന് രജിസ്ട്രേഷൻ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നിടത്തേക്ക് എത്തിയപ്പോഴേക്കും വൈകിയിരുന്നു. സദസ്സിലേക്ക് കയറിയിരിക്കാതെ സമ്മേളന വേദിയുടെ വാതിലിനരികിൽ നിന്നാണ് സംസാരം കേട്ടത്.

2018 ഓഗസ്റ്റിലുണ്ടായ പ്രളയം കേരള ജനത ഒറ്റക്കെട്ടായി നിന്നു കൊണ്ടാണ് അതിജീവിച്ചത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകിച്ച്‌ യുവാക്കളും വിദ്യാര്‍ത്ഥികളും അസാധാരണമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചു. കേരള സമൂഹത്തില്‍ വേരൂന്നിയ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടതു കൊണ്ടാണ്‌ അവര്‍ക്കിത്‌ സാധ്യമായത്‌. കേരളത്തിലെ പൊതുസമൂഹവും സര്‍ക്കാരും ഐക്യത്തോടെയും പെട്ടെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കടലിനോട്‌ മല്ലടിച്ച്‌ നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തോട്‌ നമ്മള്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നു എന്നും അവരുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം ജീവനുകള്‍ പ്രളയത്തില്‍ നഷ്‌ടപ്പെടുമായിരുന്നു എന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

‘കേരളം പുനര്‍നിര്‍മ്മിക്കുക എന്ന ബൃഹദ്‌ ദൗത്യമാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്‌. പ്രളയത്തിനു മുമ്പ്‌ ഉണ്ടായിരുന്നത്‌ പുനഃസ്ഥാപിക്കുകയല്ല ഇതിന്റെ ലക്ഷ്യം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള ഒരു പുതിയ കേരളം നിര്‍മ്മിക്കാനാണ്‌ കേരള പുനര്‍നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്‌,’ അദ്ദേഹം തുടർന്നു.

ലോകബാങ്കും ഐക്യരാഷ്ട്രസഭയും യൂറോപ്യൻ കമ്മീഷനും സംയുക്തമായാണ് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് ലോക പുനർനിർമ്മാണ സമ്മേളനം നടത്തുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ദുരന്തങ്ങൾ, ആ പ്രദേശങ്ങൾ നേരിട്ട രീതി എന്തെന്ന് അറിയുന്നതിനും പുനർനിർമാണ പ്രവർത്തനങ്ങൾ ഏതു വിധത്തിലാണ് നടക്കുന്നത് എന്നും പരസ്പരം പങ്കു വയ്ക്കുന്നതിനും മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് നയരൂപീകരണം നടത്തുന്നതിനുമുള്ള ആഗോള പരിസരം സൃഷ്ടിക്കുകയാണ്‌ ലോക പുനർനിർമ്മാണ സമ്മേളനം ലക്ഷ്യം വെയ്ക്കുന്നത്. ദുരന്ത പ്രദേശങ്ങളിലെ സർക്കാർ സംവിധാനം, പുനർനിർമാണത്തിന് രൂപരേഖ ഉണ്ടാക്കുകയും അതിനനുസരിച്ച് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടാവാമെങ്കിലും സമ്മേളനത്തിൽ നിന്ന് കിട്ടുന്ന പുതിയ അറിവുകൾ കൂടി ഉൾപ്പെടുത്തി മെച്ചപ്പെട്ട നയരേഖ ഉണ്ടാക്കാൻ സാധിക്കുന്നു.

വിവിധ പ്രദേശങ്ങളിലെ ഭരണകർത്താക്കൾ, ഉദ്യോഗസ്ഥർ, സംഘടനാ പ്രവർത്തകർ, ഗവേഷകർ, യുവജനങ്ങൾ, ദുർബല വിഭാഗത്തിൽ ഉൾപ്പെട്ടവർ തുടങ്ങി താല്പര്യമുള്ളവർക്ക് ഈ സമ്മേളനത്തിൽ പ്രതിനിധികൾ ആവാം. ആറായിരത്തോളം പേരാണ് ഇത്തവണ സമ്മേളനത്തിൽ പങ്കെടുത്തത്.

ദുരന്തം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാൽ വിപൽ കാലാവസ്ഥാ നിർവ്വഹണത്തിലൂടെ (Climate Risk Management) സുസ്ഥിര വികസനം ലക്ഷ്യമാക്കുന്നു കോൺഫറൻസ്. സുസ്ഥിര വികസനം നടപ്പിൽ വരുത്തേണ്ടത് ദുരന്തത്തേയും വിപൽകാലാവസ്ഥയേയും എങ്ങനെ നേരിടാം എന്നാലോചിച്ചു കൊണ്ടാവണം. ദുരന്തം മുൻകൂട്ടി കാണുവാനും വിലയിരുത്തുവാനും അതിനനുസരിച്ച് ദുരന്ത ലഘൂകരണം നടത്തുവാനുമുള്ള പദ്ധതി ആസൂത്രണം ചെയ്യുവാനും കഴിയേണ്ടതുണ്ട്. ദുരന്തം മൂലമുണ്ടായേക്കാവുന്ന സാമൂഹ്യ-സാമ്പത്തിക നഷ്ടം കുറയ്ക്കുവാനും പാരിസ്ഥിതിക തകർച്ച കുറയ്ക്കുന്ന തരത്തിലുമാവണം പുനർനിർമ്മാണ പ്രവൃത്തികൾ നടത്തേണ്ടത്.

ഇത്തവണത്തെ വിഷയം ‘Inclusion for Resilient Recovery’ എന്നതായിരുന്നു. ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ആശയം.

എല്ലാ വ്യക്തികളെയും സമൂഹത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. അതിനു വേണ്ടി ഓരോരുത്തരുടേയും കഴിവ് മെച്ചപ്പെടുത്തുക, കൂടുതൽ അവസരങ്ങൾ നൽകുക, ആദരം നൽകുക, വ്യക്തികളിലെ കുറവുകളെ പരിഹരിച്ച് സമൂഹത്തിന്റെ ഭാഗമാക്കുക തുടങ്ങിയവയാണ് സമ്മേളനം വിഭാവനം ചെയ്തത്.

മറ്റുള്ളവരുടെ അനുഭവങ്ങളും കാര്യക്ഷമമായ പരിഹാരമാർഗ്ഗങ്ങളും മനസ്സിലാക്കുന്നതിലൂടെ മെച്ചപ്പെട്ട ആശയങ്ങൾ ലഭിക്കുന്നതിനും അതിലൂടെ കൂടുതൽ മെച്ചപ്പെട്ട പുനർ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനും സാധിക്കും.

World Reconstruction Conference, WRC4 Geneva, Rebuilding Kerala, Pinarayi Vijayan, maina umaiban, europe tour, doha, geneva. travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര

പാനൽ ചർച്ചയിൽ കരേൻ സുദ്മീറിന്റെ സ്വാഗതപ്രസംഗം

പ്രളയം നേരിട്ട പ്രദേശമെന്ന നിലയിൽ കേരളത്തിന് പ്രത്യേക സെഷൻ ഉണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭ ദുരന്ത ലഘൂകരണ വിഭാഗം സീനിയർ ഉപദേശക ഡോ. കരേൻ സുദ്മീർ മോഡറേറ്ററായിരുന്നു. ഡോ വേണു വാസുദേവൻ (CEO , Rebuild Kerala Initiative), ഡോ. ടി.എൻ സീമ ( ഹരിത കേരളം മിഷൻ), പീറ്റർ പോൾ വാൻ മീൽ (Advisor, Integrated Water Resources Manager, The Netherlands) ശ്രേയാംസ് കുമാർ (Joint Managing Director, Mathrubhumi ) ആർക്കിടെക്ട് ജി. ശങ്കർ (ഹാബിറ്റാറ്റ് ടെക്നോളജീസ്) തുടങ്ങിയവർക്കൊപ്പമാണ് എനിക്കും സംസാരിക്കാനുണ്ടായിരുന്നത്.

എങ്ങനെയാണ് പ്രളയത്തെ നേരിട്ടത് എന്നും നവകേരളം എന്ന് പേരിട്ടിരിക്കുന്ന പുനർനിർമ്മാണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയെല്ലാമാണെന്നുമാണ് ഡോ.വേണു വിശദീകരിച്ചത്. പ്രളയത്തിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടു കൊണ്ട് ഓരോ വില്ലേജിലും ദുരന്ത ലഘൂകരണത്തിന് സെൽ രൂപീകരിക്കുക, ഏതു കാലാവസ്ഥയെയും താങ്ങാൻ ശേഷിയുള്ള കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക, സന്നദ്ധ പ്രവർത്തകരെ സജ്ജരാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. കേരളത്തെ പൂർവ്വസ്ഥിതിയിൽ ആക്കുക എന്നതല്ല മറിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളോടെ നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അത് സാധ്യമാണെന്ന ശുഭാപ്തി വിശ്വാസവും ഔത്സുക്യവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തണ്ണീർ തടങ്ങളില്ലാതായതും പുഴകളുടെയും തോടുകളുടെയും ജലനിർഗമന മാർഗങ്ങൾ അടഞ്ഞു പോയതും വനമേഖലയിലെ ജലസംഭരണ ശേഷി കുറഞ്ഞതും മറ്റുമാണ് പ്രളയത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചത്. ഈ നിലയിലുള്ള പാരിസ്ഥിതിക തകർച്ചയെ തിരുത്തുക എന്നത് പുനർനിർമ്മാണ പ്രക്രിയയിൽ പ്രധാനമാണ്. സുസ്ഥിര പാരിസ്ഥിതിക വികസനം ഉറപ്പാക്കുന്നവയാവണം പുനർനിർമ്മാണ പ്രോജക്ടുകൾ എന്ന് ഡോ ടി. എൻ സീമ പ്രളയവും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു.

പോൾ വാൽമീൽ സംസാരിച്ചത് വാട്ടർ മാനേജ്മെന്റ് സിസ്റ്റത്തെക്കുറിച്ചായിരുന്നു. നദികളുടെയും ജലാശയങ്ങളുടെയും ആഴം വർധിപ്പിക്കാനും സ്വഭാവിക നീരൊഴുക്ക‌് തടസപ്പെടാതെ വെള്ളത്തിന്റെ വാഹകശേഷി വർധിപ്പിക്കാനും കഴിയുന്ന രീതിയാണ‌് ‘റൂം ഫോർ റിവർ.’ സമുദ്രനിരപ്പിന‌് താഴെയുള്ള ഭൂപ്രദേശമായതിനാൽ കൃഷി, മനുഷ്യവാസം, ആവാസവ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്. നെതർലൻഡ‌്സിലെ ഗണ്യമായ പ്രദേശം സമുദ്രനിരപ്പിൽനിന്ന‌് അഞ്ചര മീറ്റർ വരെ താഴെയാണ‌്. ദശാംശം ആറ‌ു മുതൽ മൂന്നുമീറ്റർ വരെ താഴെയാണ‌് കുട്ടനാട‌്. യൂറോപ്പിലെ വടക്കു-പടിഞ്ഞാറൻ രാജ്യമായ നെതർലൻഡ‌്സ‌് ജലപരിപാലനരംഗത്ത‌് ലോകത്തിന‌് മാതൃകയാണ‌്. ഈ രംഗത്തുള്ള അവരുടെ ശാസ‌്ത്രീയ അറിവുകൾ കുട്ടനാട്ടിലെ കൃഷിയിലും മനുഷ്യജീവിതത്തിലും പ്രയോജനപ്പെടുത്താനുള്ള കർമ പദ്ധതിയാണ‌് നടപ്പാക്കണമെന്ന നിർദേശിച്ചു അദ്ദേഹം.

World Reconstruction Conference, WRC4 Geneva, Rebuilding Kerala, Pinarayi Vijayan, maina umaiban, europe tour, doha, geneva. travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര

ഡോ.ടി.എൻ സീമ , ഡോ. ഉമ വാസുദേവൻ, കരേൻ സുദ്മീർ, ഡോ. വേണു വാസുദേവൻ, ഗോപിനാഥ് പാറയിൽ എന്നിവരോടൊത്ത്

റീകൺസ്ട്രക്ഷൻ ആന്റ് ജൻറർ ഇൻക്ലൂഷൻ എന്ന വിഷയമായിരുന്നു എനിക്ക് കിട്ടിയത്. മാനവ വികസന സൂചികയിൽ വികസിത രാജ്യങ്ങൾക്കൊപ്പം നേട്ടം ഉണ്ടെങ്കിലും കേരളത്തിലെ സ്ത്രീയുടെ അവസ്ഥ അത്ര മികച്ചതല്ല. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗത്ത് വൻനേട്ടമുണ്ടങ്കിലും ജൻഡർ സെൻസിബിലിറ്റി കുറഞ്ഞ സമൂഹമാണ് കേരളം. ഗാർഹിക പീഡനങ്ങളും മാനസിഘാതങ്ങളും ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. സമ്പൂർണ്ണ സാക്ഷരരായിരുന്നിട്ടും തൊഴിൽ പങ്കാളിത്തത്തിലും രാഷട്രീയ – നിയമനിർമ്മാണ പങ്കാളിത്തത്തിലും ദേശീയ ശരാശരിയേക്കാൾ പിന്നിലാണ് കേരളം.

പ്രളയ സമയത്ത് സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ, അധ്യാപകർ, അംഗനവാടി ജീവനക്കാർ തുടങ്ങി സ്ത്രീകൾ രക്ഷാ പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

വീടുകളിലെ കാണാപണികളിൽ കുറവു വരുത്തുക, തൊഴിലിടങ്ങളിൽ ഡേ കെയർ സംവിധാനമൊരുക്കുക, തൊഴിലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക, തൊഴിൽ സാധ്യതകൾ ഉണ്ടാക്കുക, പീഡനങ്ങൾ തടയുക, വീടു പോലുള്ളവയിലെ ഉടമസ്ഥാവകാശം തുല്യതയിലെത്തിക്കുക, നയപരമായ തീരുമാനങ്ങളെടുക്കുന്ന രംഗത്തേക്ക് സ്ത്രീകളെ ഉയർത്തുക, സമത്വത്തെക്കുറിച്ചുള്ള ബോധമുണ്ടാക്കുക തുടങ്ങിയവയാണ് ലിംഗനീതി ഉറപ്പാക്കാൻ ചെയ്യേണ്ടത് എന്നാണ് പ്രധാനമായി സംസാരിച്ചത്.

പ്രളയകാലത്ത് മാധ്യമങ്ങൾ വഹിച്ച പങ്കിനെക്കുറിച്ചാണ് എം.വി ശ്രേയാംസ് കുമാർ സംസാരിച്ചത്. പുനർനിർമ്മാണ പ്രവൃത്തികളിൽ ആർക്കിടെക്ടുകളുടെ സേവനം ഉൾക്കൊള്ളിക്കണമെന്ന് ജി ശങ്കർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരന്തങ്ങളെ അതിജീവിക്കുന്ന കെട്ടിടങ്ങൾ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള, ഒട്ടേറെ അനുഭവസമ്പത്തുള്ള ജി ശങ്കർ സംസാരിച്ചത് കേട്ടത് കൗതുകത്തോടെയാണ്.

കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവകളെക്കുറിച്ചുളള ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും അത് വലിയ ശ്രദ്ധ നേടുകയും ചെയ്തു. പ്രളയത്തിൽ ചേറിൽ പൂണ്ടു പോയ ചേന്ദമംഗലം കൈത്തറിയി നിന്നാണ് ചേക്കുട്ടി പാവ രൂപം കൊണ്ടത്. ചേറിനെ അതിജീവിച്ച കുട്ടിയാണ് ചേക്കുട്ടി. ചേക്കുട്ടിയുടെ ആശയത്തിനു പിന്നിൽ പ്രവർത്തിച്ച ഗോപിനാഥ് പാറയിലും സമ്മേളനത്തിനെത്തിയിരുന്നു.

കേരളാ സെഷന്റെ ചുക്കാൻ പിടിച്ചത് ഐക്യരാഷ്ട്രരസഭ പരിസ്ഥിതി പ്രോഗ്രാം ദുരന്ത ലഘൂകരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടിയാണ്. അതിജീവന ശ്രമങ്ങളിൽ, പുനർ നിർമ്മാണ പ്രവർത്തിയിൽ കേരളം ഏറെ മുന്നിലാണെന്നാണ് പൊതുവേ ഉണ്ടായ വിലയിരുത്തൽ.

സമ്മേളന ഹാളുകളിൽ ചക്രക്കസേരകൾക്കുള്ള സ്ഥാനം മുന്നിൽ തന്നെ ഒരുക്കിയിരുന്നു. ദുർബല വിഭാഗത്തെ എങ്ങനെ ഉൾക്കൊള്ളണം എന്നതിനുള്ള സാക്ഷ്യപ്പെടുത്തലായിരുന്നു അത്. ചക്രക്കസേരകളിൽ സഞ്ചരിക്കുന്നവർ, മറ്റുള്ളവരുടെ സഹായത്തിൽ നടക്കുന്നവർ, കൈത്തൊട്ടിലിൽ കുഞ്ഞുങ്ങളുമായെത്തിയ യുവതികൾ തുടങ്ങിയവ കൗതുകകരമായിരുന്നു. ഇവർ അപൂർവ്വതയായിരുന്നില്ല. എല്ലായിടത്തും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സുഹൃത്തുക്കളുടെ സഹായത്താൽ അഫ്ഗാൻ പോലുള്ള വിദൂരസ്ഥലങ്ങളിലിരുന്ന് വിർച്ച്വൽ കോൺഫറൻസ് റിയാലിറ്റി അനുഭവവേദ്യമാക്കിയത് വിസ്മയത്തോടെയാണ് കണ്ടു നിന്നത്. അവർ കോൺഫറൻസ് വേദിയിൽ നടക്കുന്ന പരിപാടികൾ വീക്ഷിക്കുക മാത്രമല്ല വേദിക്ക് പുറത്ത് അലഞ്ഞു നടക്കുന്ന പ്രതിനിധികളുമായി വരെ സംവദിക്കുന്നുണ്ടായിരുന്നു.

World Reconstruction Conference, WRC4 Geneva, Rebuilding Kerala, Pinarayi Vijayan, maina umaiban, europe tour, doha, geneva. travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര

ഭിന്നശേഷിക്കാർക്ക് പ്രത്യേകയിടം

കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന വ്യക്തി എന്ന നിലയിൽ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊന്ന് സ്ത്രീകളുടെ പ്രാതിനിധ്യമായിരുന്നു. നേർ പകുതിയോളം സ്ത്രീകളുണ്ടായിരുന്നു – പെൺകുട്ടികൾ മുതൽ വടിയുടെ സഹായത്തിൽ നടക്കുന്ന വൃദ്ധർ വരെ.

അപ്പോഴൊക്കെ ജീവിക്കുന്നിടത്തിനു ചുറ്റുമുള്ള സ്ത്രീകളെ ഓർത്തു പോയി. പ്രത്യേകിച്ചെന്റെ വിദ്യാർത്ഥിനികളെ… വിദ്യാഭ്യാസത്തിൽ ജൻറർ വിടവ് കാര്യമായിട്ടില്ലെങ്കിലും തൊഴിൽ രംഗത്ത് വലിയ വിടവാണുള്ളത്. സമൂഹത്തിലിറങ്ങുന്ന സ്ത്രീകളുടെ എണ്ണം എത്രയോ കുറവാണ്. കാഴ്ചക്കാരായി സ്ത്രീകൾ ഏറെയുണ്ടെങ്കിലും പൊതുവേദിയിൽ തീരെയുണ്ടാവാറില്ല. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും എന്തു കൊണ്ടാണ് ഇങ്ങനൊരു വൈരുദ്ധ്യം?

സിലബസിനു പുറത്തേക്ക് കടക്കുന്ന ചില നിമിഷങ്ങളിൽ കുട്ടികളോട് ചോദിക്കാറുണ്ട് , കാരണമന്വേഷിക്കാറുണ്ട്…

അവരുടെ ഉത്തരങ്ങൾ എന്നെ ചുട്ടുപൊള്ളിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ അറിവ് നേടുന്നുവെങ്കിലും തിരിച്ചറിവ് നേടുന്നില്ലല്ലോ എന്ന് ആശങ്കപ്പെടുന്നു. ഇന്നും പുരുഷാധിപത്യ വ്യവസ്ഥയുടെ അടിമകളാണവർ. കേരളത്തിലെ 69  ശതമാനം സ്ത്രീകൾ, ചില പ്രത്യേക സാഹചര്യങ്ങളിൽ പുരുഷന് അടിക്കാൻ അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടുവെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ (NFHS -4) റിപ്പോർട്ടിൽ പറയുന്നു. അതിന്റെ തുടർച്ചയാണ് എന്റെ മുന്നിലിരിക്കുന്ന കുട്ടികളും പറയുന്നത്.

വിവാഹമെത്തും വരെ സ്വസ്ഥമായി ചെലവഴിക്കാനുള്ള ഇടമാണ് അവർക്ക് കലാലയം. വിവാഹം കഴിഞ്ഞാൽ ചിലർ പഠനം തുടരും. പക്ഷേ, ജോലി പാടില്ല. കുട്ടികളെ വളർത്തലും (മുതിർന്നവരെ നോക്കലും) വീട്ടുജോലികളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്നവർ വിശ്വസിക്കുന്നു. ആ ഉത്തരവാദിത്വം നിറവേറ്റാൻ ഏത് വിട്ടുവീഴ്ചയ്ക്കുമൊരുങ്ങാൻ പക്വമതികളാകുന്നു.

മൂന്നു വർഷം കോളേജിലെത്തുന്ന ഒരു കൂട്ടിക്ക് സർക്കാരും ഇതര സ്ഥാപനങ്ങളും ചേർന്ന് ഏകദേശം അഞ്ചുലക്ഷം രൂപ ചെലവിടുന്നുണ്ട്. ആ പണം സമൂഹത്തിന് തിരിച്ചു കൊടുക്കേണ്ടതുണ്ട്. പക്ഷേ, ആ തിരിച്ചറിവില്ലാതെ പോകുന്നു.

എൺപതും നൂറും വിദ്യാർത്ഥികളുള്ള ക്ലാസുകളിൽ ഒരാളെങ്കിലും മാറി ചിന്തിച്ചാലോ എന്നോർത്താണ് സംവാദത്തിന് ശ്രമിക്കുന്നത്.

ആണധികാര സാമൂഹ്യവ്യവസ്ഥയിൽ തിരുത്തലുണ്ടാക്കാൻ ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു ഇത്തരം സംവാദങ്ങൾ. ലിംഗനീതിയെപ്പറ്റി സംസാരിക്കുമ്പോഴൊക്കെ മുതിർന്ന, തൊഴിലെടുക്കുന്ന വിദ്യാസമ്പന്നർ തന്നെ അത് സദാചാരത്തിലേക്കും (Morality) ലിംഗഭേദലേക്കും (Sex) കൊണ്ടു ചെന്നു കെട്ടുന്നു.

ലിംഗഭേദം ജൈവികമായി നിർവ്വചിക്കപ്പെടുന്നതാണെന്നും ലിംഗനീതി സാമൂഹ്യമായി നിർവ്വചിക്കപ്പെടുന്നതാണെന്നും തിരിച്ചറിയുന്നില്ല. ജൈവിക വ്യത്യാസങ്ങൾ ഒരു തരത്തിലും ലിംഗനീതിക്ക് എതിരാവരുത്. പക്ഷേ, തിരിച്ചറിവുണ്ടാകുന്ന കാലം വിദൂരമല്ലെന്ന് പ്രത്യാശിക്കുന്നു.

ലോക പുനർനിർമ്മാണ സമ്മേളനത്തിൽ എത്തിയ സ്ത്രീകളെ ഞാൻ സാകൂതം നിരീക്ഷിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ, വംശത്തിലുള്ളവർ, പല നിറങ്ങളിലുള്ളവർ, പല വേഷക്കാർ ഒഴുകി നടക്കുന്നു. ലോക പുനർനിർമ്മാണ സമ്മേളനത്തിന്റെ രണ്ടാം പതിപ്പിൽ മുപ്പത് ശതമാനമായിരുന്നു സ്ത്രീ പ്രാതിനിധ്യമെങ്കിൽ മൂന്നാം പതിപ്പിൽ നാൽപ്പത് ശതമാനമായിരുന്നെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ നാലാം സമ്മേളനത്തിൽ പകുതിയോളമെത്തുന്ന സ്ത്രീ പ്രാതിനിധ്യം സ്ത്രീകളുടെ ഭാവിയെ സംബന്ധിച്ച ശുഭോദർക്കമായ സൂചനയാണ് നൽകുന്നത്. സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന അടിമത്തത്തിൽ നിന്ന് മോചനത്തിലേക്ക് നടന്നു വരുന്ന കാഴ്ച അത്ഭുതത്തോടെയാണ് നോക്കി നിന്നത്. സ്ത്രീ മുന്നോട്ടു തന്നെയാണ്. നാളെ അവളുടെ കൈകളിലാണ് ലോകം എന്ന് ഉറച്ച് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു.

വ്യക്തിപരമായി സ്ത്രീ എന്ന നിലയിൽ മനുഷ്യജീവി എന്ന നിലയിൽ എന്നെ തന്നെ പുനർനിർമ്മിക്കുന്നതായിരുന്നു ഈ സമ്മേളനം!

Read Here: വഴി തെറ്റിയാത്രകള്‍: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 4

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook