എയര്‍പോര്‍ട്ടിനു മുന്നില്‍ നിന്ന് ബസില്‍ കയറി. അടുത്ത സ്റ്റോപ് ഏതെന്നും എങ്ങോട്ടൊക്കെ കണക്ഷന്‍ കിട്ടുമെന്നുമൊക്കെ അറിയിപ്പ് ബോര്‍ഡുണ്ട്. യാത്രക്കാരില്‍ അധികപേരുടേയും കൈയ്യില്‍ പൂച്ചെണ്ടുകളുണ്ട്. യൂറോപ്പില്‍ വന്നിട്ട് ആദ്യമായിട്ടുള്ള ആ ബസു യാത്ര, പൂച്ചെണ്ടുകളെക്കൊണ്ട് നിറഞ്ഞതില്‍ അത്ഭുതം തോന്നി. പൂച്ചെണ്ടുകള്‍ പിടിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് പ്രായഭേദമോ ലിംഗഭേദമോ ഇല്ല. അന്തം വിട്ട് അവരെ നോക്കിയതിന്റെ കൊണ്ടാവണം ദേവി റാം ചേട്ടന്‍ വിശദീകരിച്ചു.
‘അമ്മയെ കാണാന്‍ പോകുന്നവരാണ്. ഇന്ന് മദേഴ്‌സ് ഡേയാണ്.’
അപ്പോഴാണ് ഓര്‍ത്തത് മെയ് 12 രണ്ടാം ഞായറാഴ്ചയാണല്ലോ എന്ന്. മെയ് മാസത്തിലെ രണ്ടാം ഞായറാണ് മിക്കവാറും രാജ്യങ്ങള്‍ മാതൃദിനമായി ആചരിക്കുന്നത്. മാതൃത്വം, മാതൃബന്ധങ്ങള്‍, സമൂഹത്തില്‍ അമ്മമാരുടെ സ്വാധീനം എന്നിവയ്ക്ക് അമ്മമാര്‍ക്ക് നല്‍കുന്ന ആദരദിനമാണ് ഇവര്‍ക്ക് മാതൃദിനം. ഉദ്ദേശ്യങ്ങള്‍ ഒന്നാണെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് വിവിധ ദിവസങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. യൂറോപ്പില്‍ പൊതുവെ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനം. ഏതായാലും പൂച്ചെണ്ടുകള്‍ പിടിച്ച് ഞങ്ങളെക്കൂടി വരവേല്ക്കുകയായിരുന്നു നഗരം.
യുഎന്‍ പരിസ്ഥിതി പ്രോഗ്രാം ദുരന്തനിവാരണ തലവനായ ഡോ മുരളി തുമ്മാരുകുടി വൈകിട്ട് 7.30 ന് സ്റ്റാർബക്സിൽ ഒരു കോഫി പേ ചര്‍ച്ച വെച്ചിട്ടുണ്ട്. ജനീവയിലെ മലയാളികള്‍ അവിടെയുണ്ടാവും എന്നറിയിച്ചിട്ടുണ്ട്.
ഗേര്‍ കോണാവിന്‍ നഗരമധ്യമാണ്. അവിടെയാണ് പ്രധാന ബസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും. പ്രധാനപ്പെട്ട കടകളും മറ്റുമുള്ളതും അവിടെ തന്നെ. അല്പ ദൂരം മുന്നോട്ടു നടന്നാല്‍ ജനീവ തടാകമാണ്. ഞങ്ങളുടെ ലക്ഷ്യം ജനീവ തടാകവും ചുറ്റുപാടുകളും കാണുക എന്നതായിരുന്നു.
മഞ്ഞുറഞ്ഞ ആല്‍പ്‌സ് നിരകളുടെ താഴ്വരയിലെ നഗരമാണ് ജനീവ. തടാകക്കരയിലെ മതില്‍ക്കെട്ടുകളില്‍ മനോഹരമായ ചെടികള്‍… പല വര്‍ണ്ണങ്ങളില്‍ പൂക്കള്‍ വിരിഞ്ഞു നിന്നിരുന്നു. തടാകം നീണ്ടു നീണ്ടു പരന്നു കിടക്കുകയാണ്. തെളിഞ്ഞ വെള്ളം. തിരമാലകള്‍ കടലിലെ തിരമാലകള്‍ പോലെ കുതിച്ചുയരുന്നു.
എന്റെ കൈയ്യിലെ മൊബൈല്‍ ഫോണ്‍ ഗുണമുള്ളതായിരുന്നില്ല. ഒരു യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ ക്യാമറ കൈയ്യില്‍ കരുതണം എന്ന് വിചാരിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അത് വാങ്ങാന്‍ പോകാന്‍ പറ്റിയില്ല. ആ ക്യാമറ കൊണ്ട് ഫോട്ടോയെടുക്കുന്നത് അത്ര നല്ല പണിയല്ല. എന്നിട്ടും കുറച്ച് ഫോട്ടോകളെടുത്തു. തടാകത്തിനു ചുറ്റും സ്വിസ് ബാങ്കുകള്‍. എങ്ങോട്ട് തിരിഞ്ഞാലും ബാങ്കുകള്‍… പ്രശസ്തമാണല്ലോ സ്വിസ് ബാങ്ക്!
സ്വിസ് ബാങ്കുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് തടാകത്തിന് കുറുകെയുള്ള പാലത്തില്‍ നിന്നു കൊണ്ട് ചില ഫോട്ടോകള്‍ എടുത്തു.
അതില്‍ ഒരു ഫോട്ടോ അപ്പോള്‍ തന്നെ ഫേസ്ബുക്കിലേക്ക് അപ്ലോഡ് ചെയ്തു. പിന്നില്‍ സ്വിസ് ബാങ്കുകളാണെന്ന് കുറിപ്പും എഴുതി.
പതിനഞ്ച് ലക്ഷത്തെക്കുറിച്ച് ആദ്യം ഓര്‍മിപ്പിച്ചത് എഴുത്തുകാരന്‍ സേതു സാറാണ്. പിന്നീട് മിക്കവാറും കമന്റുകള്‍ പതിനഞ്ച് ലക്ഷത്തെ ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു. വല്ല വഴിയുമുണ്ടെങ്കില്‍ കൊണ്ടു വരണമെന്ന്, കമ്മീഷന്‍ തരാമെന്ന്, ഈ പണമൊക്കെ സ്വിസ് ബാങ്കുകള്‍ എങ്ങനെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന്…
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പണം സ്വിസ് ബാങ്കിലാണുള്ളതെന്നും അത് പിടിച്ചെടുത്ത് 15 ലക്ഷം വീതം ഓരോ ഇന്ത്യക്കാരുടെ അക്കൗണ്ടിലും ഇടുമെന്നായിരുന്നല്ലോ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യവട്ടം പ്രധാനമന്ത്രിയാകും മുമ്പുള്ള പ്രഖ്യാപനം! ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ തള്ളല്‍! മിക്കവര്‍ക്കും തള്ളാണെന്നറിയാം. എന്നാല്‍ ചിലരുടെ ദിവാസ്വപ്നത്തിലിപ്പോഴുമുണ്ട്.
ജനീവ തടാകം ആകാശക്കാഴ്ചയില്‍ നീല ചന്ദ്രക്കലപ്പോലെയാണ്. സ്വിറ്റ്‌സര്‍ലന്റിലും ഫ്രാന്‍സിലുമായി തൊണ്ണൂറു കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നു. ലോസാന്‍, നിയോണ്‍ തുടങ്ങിയ പട്ടണങ്ങള്‍ ഈ തടാകതീരത്താണ്. ജനീവ ചന്ദ്രക്കലയുടെ ഇങ്ങേയറ്റത്താണ്. തടാകവും ഫ്‌ളവര്‍ ക്ലോക്കും മറ്റും കണ്ടു. പൂവു കൊണ്ടുള്ള ക്ലോക്കാണ്. അപ്പോഴാണ് ശ്രദ്ധിച്ചത് സമയം 7.45. പക്ഷേ, ഇരുട്ട് വീണിട്ടില്ല. വെയില്‍ മാഞ്ഞിട്ടില്ല. അത്ഭുതത്തോടെ കൂടിയാണ് ഞാനത് കണ്ടത്. സമ്മറില്‍ സൂര്യന്‍ വൈകി മാത്രം അസ്തമിക്കുന്നു.
അസ്തമയത്തിന് 9.30 കഴിയും എന്ന് സഹയാത്രികര്‍ പറഞ്ഞു. മുരളിച്ചേട്ടന്‍ സ്റ്റാർബക്സിൽ കോഫീ പേ ചര്‍ച്ച പറഞ്ഞിരുന്നത് 7.30 നാണ്. പതിനഞ്ചു മിനിറ്റ് വൈകിയിരിക്കുന്നു. അങ്ങോട്ടേക്കെത്താന്‍ 15 മിനിറ്റ് വേണ്ടി വരികയും ചെയ്യും. പക്ഷേ, ആ പ്രദേശം മുഴുവന്‍ അറിയുന്ന ദേവി റാം ചേട്ടനും ഗീതാകൃഷ്ണന്‍ ചേട്ടനും കൂടെയുള്ളതു കൊണ്ട് ചെന്നെത്തിപ്പെടാന്‍ പ്രയാസമില്ല.
ബസു കിട്ടുന്നിടത്തേക്ക് നടക്കുന്നതിനിടയ്ക്കാണ് TOI എന്നെഴുതിയ പെട്ടികള്‍ കാണുന്നത്. വെളുപ്പില്‍ അരികുകള്‍ക്ക് നീലച്ചായമുള്ള പെട്ടികള്‍. പൊതു ശൗചാലയങ്ങളാണവ. വൃത്തിയില്‍ പരിപാലിയ്ക്കുന്നു. അടുത്തെത്തിയിട്ടും മൂത്രമണത്തില്ല.
അങ്ങേയറ്റം വൃത്തിയുള്ള തെരുവുകള്‍. കടലാസുകഷണമോ പ്ലാസ്റ്റിക്കോ എന്തിന് സിഗരറ്റ് കുറ്റി പോലും റോഡിലില്ല. അവിടുത്തെ വൃത്തി അത്ഭുതം തോന്നിപ്പിക്കുന്നു. ഒപ്പം ആ ജനതയോട് ആദരവും. എത്ര ഭംഗിയിലും വൃത്തിയിലും സൂക്ഷിക്കുന്നു അവര്‍!
ഓരോ പുതിയ കാഴ്ചകള്‍…
തണുപ്പും കാറ്റുമേറ്റാല്‍ എനിക്ക് പെട്ടെന്ന് കഫക്കെട്ടും ജലദോഷവും വരുമെന്ന് സംസാരത്തിനിടയില്‍ സൂചിപ്പിച്ചിരുന്നു. വയനാട്ടിലും ഇടുക്കിയിലും താമസിക്കുമ്പോള്‍ തണുപ്പു കാലത്ത് കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ രാത്രിയിലും പ്രഭാതങ്ങളിലും കമ്പിളി തൊപ്പിയോ തല മൂടുന്ന മഫ്‌ളറോ ഉപയോഗിച്ചിരുന്നു. തല മൂടുക എന്നതാണ് പ്രധാനമായി കണ്ടത്. തലയില്‍ തണുപ്പടിയ്ക്കാതെ നോക്കണം എന്ന് പറയുന്ന ഡോക്ടര്‍മാരെ വരെ അറിയാം. ജനീവയില്‍ വന്നിറങ്ങിയതു മുതല്‍ കാണുന്നത് തണുപ്പില്‍ തല മൂടാത്ത മനുഷ്യരെയാണ്. എല്ലാവരും ജാക്കറ്റിനുള്ളിലാണ്. കഴുത്തും ചെവിയും മൂടുന്ന മഫ്‌ളറോ ചെറു ഷാളോ ആണ് ഉപയോഗിക്കുന്നത്.
ഈ തണുപ്പത്ത് എനിക്ക് ജലദോഷം വരുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ ഗീതാകൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞത് അതിന് സാധ്യത കുറവാണെന്നാണ്. വൈറസ് കാര്യമായില്ലത്രേ! സത്യമാണോ എന്നറിയില്ല. അതിന്റെ വശങ്ങളൊന്നും ചോദിക്കാന്‍ നിന്നില്ല. കുറച്ച് കാര്യമുണ്ടാവണം. കേരളം പോലെ ഉഷ്ണമേഖലയില്‍ വൈറസുകള്‍ക്ക് പടര്‍ന്നു പിടിക്കാന്‍ സാധ്യതകളേറെയുണ്ട്. മാലിന്യ സംസ്‌ക്കരണം ഇന്നും എവിടെയുമെത്താത്തതു കൊണ്ട് വൈറസുകള്‍ക്ക് വളരാനുള്ള സാഹചര്യം നാം ഒരുക്കി കൊടുക്കുന്നു. വായു, വെള്ളം, പരിസരമെല്ലാം മാലിന്യം നിറഞ്ഞിരിക്കുന്നു.
അതേ സമയം ഇവിടം പരിസര ശുചിത്വമുള്ള നാടായതു കൊണ്ട് വൈറസ് വ്യാപനം കുറയുന്നുണ്ടാവണം. കൂടുതല്‍ കാലവും തണുപ്പായതു കൊണ്ട് ഇവയ്ക്ക് അതിജീവിക്കാനും കഴിയുന്നുണ്ടാവില്ല. ഏതായാലും തിരിച്ചു വരും വരെ ജലദോഷം എന്റെ പരിസരത്തേക്ക് വന്നില്ല.
തിങ്ങിനിറഞ്ഞ് പല തട്ടുകളിലുള്ള മനുഷ്യര്‍ വസിക്കുന്നിടത്തു നിന്നെത്തിയിട്ട് കാണുന്നതെല്ലാം അത്ഭുതമാണ്! ഇവിടെ ഉള്ളതെല്ലാം മേന്മയുള്ളതെന്നല്ല, പരമാവധി മേന്മയെ കാണാന്‍ ശ്രമിയ്ക്കുന്നു. എന്തെങ്കിലും ജീവിതത്തില്‍ പകര്‍ത്താനുണ്ടോ എന്ന് തിരയുന്നു.
ബസ് കാത്തു നില്ക്കുമ്പോഴും ‘ഹൂ’ എന്ന ശബ്ദത്തോടെ കാറ്റ് വീശുന്നു. നല്ല തണുപ്പും. ദേവി റാം ചേട്ടന്‍ ലോകാരോഗ്യ സംഘടയുടെ മുന്നില്‍ നിന്ന് ഞങ്ങളെ കണ്ടെത്തുമ്പോള്‍ ഇരുവര്‍ക്കും ഓരോ പൊതി തന്നിരുന്നു. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്വെറ്ററും ഷാളും ധരിച്ചിരുന്നു. പക്ഷേ, അതു കൊണ്ടൊന്നുമാവില്ലെന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം. മുമ്പ് വന്ന മലയാളികളും തണുപ്പിനെക്കുറിച്ചത്ര ബോധമുള്ളവരായിരിക്കില്ല – ഞങ്ങളെപ്പോലെ. അതവര്‍ക്ക് നന്നായറിയാം. അവര്‍ നല്‍കിയ പൊതിയില്‍ ജാക്കറ്റ് ആയിരുന്നു. ആ ജാക്കറ്റും ഇട്ടു കൊണ്ടാണ് ബസില്‍ കയറിയത്.
സ്റ്റാർബക്സിൽ ആദ്യം കയറുന്ന കോഫി ഷോപ്പ്. മുറ്റത്തിട്ടിരുന്ന കസേരകളില്‍ കുറച്ചു പേര്‍ ഇരുന്നിരുന്നു. തണുത്ത കാറ്റ് വീശുന്നു. ഈ തണുപ്പത്ത് പുറത്തിരിക്കേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടു. അകത്ത് നല്ല തിരക്കുണ്ട്. മുകളില്‍ സ്ഥലമുണ്ട് എന്നു പറഞ്ഞപ്പോള്‍ അങ്ങോട്ടേയ്ക്കു നടന്നു. ഹരീഷും ഉമയുമുണ്ട്. മറ്റുള്ളവര്‍ അപരിചിതര്‍. മുരളിച്ചേട്ടന്‍ അവിടുണ്ടായിരുന്നുവെന്നും ഇപ്പോള്‍ പുറത്തു പോയതാണെന്നും പറഞ്ഞു. ദേവിറാം ചേട്ടനും ഗീതാകൃഷ്ണന്‍ ചേട്ടനും കൂടെയുള്ളതു കൊണ്ട് വലിയ അപരിചിതത്വം തോന്നിയില്ല.
ഉച്ചയ്ക്ക് വിമാനത്താവളത്തില്‍ വെച്ച് പരിചയപ്പെട്ട വിദ്വാനെക്കുറിച്ച് ചോദിച്ചു. മലയാളികള്‍ ഒത്തുകൂടിയ ഈ കൂട്ടത്തില്‍ അദ്ദേഹമുണ്ടായിരുന്നില്ല! ഗീതാകൃഷ്ണന്‍ ചേട്ടനും ദേവിറാം ചേട്ടനും ആളെ വേഗം പിടി കിട്ടി. മലയാളത്തിലെ വിഷാദ നായകന്‍ വേണു നാഗവള്ളിയുടെ മരുമകനാണത്രേ! അപ്പോഴാണ് ഗീതാകൃഷ്ണന്‍ ചേട്ടന്‍ മറ്റൊരു ചലച്ചിത്ര പ്രതിഭയുടെ കൊച്ചുമകനാണെന്നറിയുന്നത്. തിക്കുറിശ്ശിയുടെ കൊച്ചു മകനാണ്.
കാപ്പി വന്നത് പറക്കപ്പിലാണ്. നാട്ടിലെ മൂന്നു ഗ്ലാസോളം…വന്നിട്ട് ഒന്നും കഴിച്ചിരുന്നില്ല. അതു കൊണ്ട് ആ പറക്കപ്പ് നന്നായി ഇഷ്ടപ്പെട്ടു. എന്നാല്‍ മധുരമുണ്ടായിരുന്നില്ല. എന്നാല്‍ ചോദിക്കാനും പോയില്ല. ഇവിടെത്തെ രീതി എന്താണെന്ന് അറിയില്ലല്ലോ…
ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ആദ്യമായി കാണുകയാണ്. ആനന്ദ്, ജയകൃഷ്ണന്‍, അമിത്, മോബിന്‍, ദീപക് രാജു, രുഗ്മിണി. ആനന്ദിനെ ബ്ലോഗ് ഓര്‍ക്കുട്ട് കാലം മുതല്‍ പരിചയമുണ്ട്. കാണുന്നത് ആദ്യം.
ഇതിനിടയ്ക്ക് മുരളിച്ചേട്ടന്‍ വന്നു. പല പല വിഷയങ്ങളിലേക്ക് സംസാരം നീണ്ടു. എന്റെ ആദ്യ വിദേശയാത്രയാണെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും കൗതുകം.
ആദ്യമായിട്ടോ?
അഞ്ചാറു വര്‍ഷം മുമ്പ് പാക്കിസ്ഥാനിലേക്ക് പോകാന്‍ അവസരം കിട്ടിയിരുന്നു. പക്ഷേ, അന്ന് പാസ്‌പോര്‍ട്ടില്ലായിരുന്നു എന്നു പറഞ്ഞു.
പാസ്‌പോര്‍ട്ട് പെട്ടെന്ന് കിട്ടാന്‍ ശ്രമിച്ചൊന്നുമില്ല. ഇല്ലാത്തതു കൊണ്ട് പോകുന്നില്ല – അത്ര തന്നെ എന്ന മനോഭാവമായിരുന്നുവെന്നോര്‍ത്തു. അപ്പോഴാണ് മുരളിച്ചേട്ടന്‍ പറഞ്ഞത് പാക്കിസ്ഥാനിലേക്ക് ഒരു പാസ്‌പോര്‍ട്ടെടുത്ത് വയ്ക്കുന്നത് നല്ലതാണെന്ന്. പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍… തമാശയായിരുന്നെങ്കിലും അതിലൊരുപാട് ചിന്തിക്കാനുണ്ടായിരുന്നു. ന്യൂനപക്ഷമാകുന്ന ഒരു വിഭാഗത്തോട് നിരന്തരം പാക്കിസ്ഥാനെപ്പറ്റി പറയുക. വിശ്വാസപരവും ചരിത്രപരവുമായ ചില കാരണങ്ങളെ ഇന്നിലേക്കും വലിച്ചിഴയ്ക്കുന്നു. ജന്മനാട് അന്യവത്ക്കരിക്കപ്പെടുന്നു. ഇന്നു വരെ നാട് എന്ന അര്‍ത്ഥത്തില്‍ അങ്ങനൊരു അന്യവത്ക്കരണം എന്നിലുണ്ടായിട്ടില്ല. അതിന് കാരണങ്ങള്‍ പലതുണ്ട്. എല്ലാവരുമുണ്ടായിട്ടും ചിലപ്പോള്‍ അന്യയായി പോകുന്ന പ്രതീതിയില്‍ പെട്ടിട്ടുണ്ട്. നമ്മുടെ ധാരണകളൊന്നുമല്ല ഈ ലോകജീവിതം എന്ന ബോധ്യം തന്നെ അന്യയെ സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ പലതും. എന്നാല്‍ നാട് എന്ന നിലയില്‍ അന്യവത്ക്കരണം അനുഭവിക്കുന്നവരെ അറിയാം.
പിന്നീട് സ്റ്റാർബക്സിലെ സംസാരത്തെപ്പറ്റി ഓര്‍ത്തിരുന്നിട്ടുണ്ട്. ചിന്തിപ്പിച്ചിട്ടുണ്ട്. ദേശം അന്യമാകുന്നതിനെപ്പറ്റി… ഒരിക്കല്‍ എന്നോടും പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് പറഞ്ഞുവെന്നിരിക്കട്ടെ… അങ്ങനെ സംഭവിച്ചുവെന്നിരിക്കട്ടെ…
ഞാന്‍ അതിര്‍ത്തിയിലെ മുള്ളുവേലികളില്‍ പിടിച്ച് കാലം കഴിയ്ക്കുന്നതോര്‍ത്ത് ഞെട്ടി!
ശ്രീരാമന്‍ വനവാസത്തിന് പോയപ്പോള്‍ വനാതിര്‍ത്തി വരെ ചെന്ന പ്രജകളോട് ഈ കൂട്ടത്തിലെ പുരുഷന്മാരെല്ലാം മടങ്ങിപ്പോകൂ എന്ന് പറഞ്ഞു. പിന്നെ സ്ത്രീകളെല്ലാം വീടുകളിലേക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞു. അതനുസരിച്ച് അവര്‍ മടങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ പതിനാലു വര്‍ഷത്തിനു ശേഷം രാമന്‍ മടങ്ങി വരുമ്പോള്‍ വനാതിര്‍ത്തിയില്‍ കാണുന്നത് ഒരു ജനപദം സൃഷ്ടിച്ചിരിക്കുന്നതാണ്.
മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിട്ട് നിങ്ങള്‍ പോയില്ലേ എന്ന് രാമന്‍ ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞത് സ്ത്രീകളോടും പുരുഷന്മാരോടുമാണ് പോകാന്‍ പറഞ്ഞത് ആണും പെണ്ണുമല്ലാത്ത തങ്ങളോട് പറഞ്ഞില്ല, അതു കൊണ്ടാണിതു വരെ കാത്തു നിന്നത് എന്നായിരുന്നു.
ഹിന്ദുക്കളെല്ലാം ഇന്ത്യയില്‍, മുസ്ലീങ്ങള്‍ പാക്കിസ്ഥാനില്‍… ഇതു രണ്ടുമല്ലാത്തവര്‍ എവിടെ പോകും? രണ്ടിന്റേയും പകുതി വീതമുള്ളവര്‍? വേതാളം പറഞ്ഞ കഥകളില്‍ വിക്രമാദിത്യനെ ഉത്തരം മുട്ടിച്ച ചോദ്യം പോലെ ഞാന്‍ ഉരുകി.
വാഗാ അതിര്‍ത്തിയിലെ മുള്ളുവേലിക്കരുകിലെ ശിഷ്ടജീവിതം!