Latest News

മോ ബ്ലായിലേക്ക് : യൂറോപ്പ് യാത്രാ വിവരണം, ഭാഗം 6

ജനീവ വിമാനത്താവളത്തിൽ ഇറങ്ങാനായി വന്ന എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ വഴി തെറ്റി തകർന്ന് വീണത് മോണ്ട് ബ്ലാൻകിലാണ്. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹോമി ജെ ഭാഭ 1966 ൽ തകർന്ന വിമാനത്തിലുണ്ടായിരുന്നു

maina umaiban, europe tour, doha, geneva. travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര, mont blanc, homi j bhabha death

സമ്മേളനം തീർന്നപ്പോഴേക്കും സീമ ടീച്ചറുടെ ഭർത്താവ് ജി.ജയരാജ് എത്തി. മോ ബ്ലായിലേക്കാണ് (Mont Blanc) അദ്ദേഹത്തോടൊപ്പമുള്ള ആദ്യ യാത്ര. രാവിലെ 8.30 നുള്ള ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, ജനീവ തടാകത്തിനടുത്താണെന്നേ അറിയൂ. ഏതു വഴി പോകണമെന്നറിയില്ലായിരുന്നു. ഗേർ കോർണാവിനും തടാകത്തിനുമിടയിലെവിടെയോ ആണ്. കുറേ അന്വേഷിച്ചു നടന്നു. സമയം പോകുന്നു. ടൂറിസ്റ്റ് ബസിന്റെ ഓഫീസിലേക്ക് വിളിച്ചു നോക്കുന്നുണ്ട്. പക്ഷേ, വഴി മാത്രം മനസ്സിലാവുന്നില്ല.

നൂറ് നൂറ്റമ്പത് മീറ്ററേയുണ്ടാവൂ. എങ്കിലും ഇനി ടാക്സി ശരണം എന്നു വിചാരിച്ചു. ടാക്സിക്കാരനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം കൃത്യമായ സ്ഥലം പറഞ്ഞു തന്നു. ടാക്സിയിൽ നിന്നിറങ്ങി പോകേണ്ട വഴി ചൂണ്ടിക്കാട്ടി. കണ്ണെത്തും ദൂരത്ത് തന്നെ!

ബസ്സിനകത്ത് കയറിയപ്പോൾ ബസ് നിറഞ്ഞിരിക്കുന്നു. ഞങ്ങളാവണം അവസാനമെത്തിയവർ! തമാശക്കാരിയായ, വളരെ ചടുലതയോടു കൂടി സംസാരിക്കുന്ന ഗൈഡ്. ജനീവ തടാകത്തെപ്പറ്റി അവർ ആദ്യം സംസാരിച്ചു. പിന്നെ മോ ബ്ലായിനെപ്പറ്റി, ഷമോണി (Chamonix) എന്ന മോ ബ്ലാ പട്ടണത്തെപ്പറ്റി, അൽപം ചെന്നാൽ ഫ്രാൻസ് അതിർത്തിയെപ്പറ്റി, പാസ്പോർട്ട് ഒറിജിനൽ കൈയ്യിലില്ലേ എന്ന അന്വേഷണം.

പാസ്പോർട്ടിനെപ്പറ്റി ചോദിച്ചപ്പോൾ അകാരണമായ ഒരു ഭയം അരിച്ചു കയറി. ഉണ്ടെന്നറിയാമായിരുന്നിട്ടും ബാഗിൽ നോക്കി ഉറപ്പു വരുത്തി. എവിടെയൊക്കെ, എന്തെല്ലാം പരിശോധനകൾ… അതിർത്തികൾ ആവശ്യപ്പെടുന്ന പരിശോധനകൾ… രേഖകൾ എല്ലാം ഉണ്ടെന്നറിയാമെങ്കിലും, ശരീരത്തിൽ അന്യായമായതൊന്നും ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും പൂർണ്ണ ബോധ്യം വരുന്നില്ല പരിശോധനാ ഓഫീസറുടെ മുന്നിലെത്തുമ്പോൾ… ഒരു വിറ അറിയാതെ കടന്നു വരുന്നു. നിശ്ചയമായും അതിർത്തികളെന്നെ നിശ്ചലമാക്കുന്നു. അതിരുകളില്ലാത്ത ലോകത്തെ സ്വപ്നം കാണുന്നതു കൊണ്ടാവാം.

വയനാട്ടിൽ നിന്ന് ഈ യാത്രയ്ക്ക് തുടക്കം കുറയ്ക്കുമ്പോൾ കോഴിക്കോട് ചുരത്തിൽ ഒന്നാം വളവിനു മുൻപായി ഒരു സംഘം പോലീസുകാർ ബസ് കൈകാട്ടി നിർത്തി. രണ്ടു പേർ അകത്തേക്ക് കയറുകയും ബാഗുകൾ പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസിൽ ഡ്രൈവറുടെ തൊട്ടുടുത്തായിരുന്നു ബാഗ് വെച്ചിരുന്നത്. ഒരു പോലീസ് ഓഫീസർ അതിൽ തൊട്ടു. അപ്പോഴും ഭയം എന്നെ വന്നു തൊട്ടു. എയർപോർട്ടിലെ പരിശോധനയിൽ ഒരു സംശയവും ഉണ്ടാവുന്ന ഒന്നും ഉണ്ടാവരുത് എന്ന് നിശ്ചയിച്ചുറച്ച് ജലദോഷത്തിന് കരുതാറുള്ള രാസ്നാദി ചൂർണ്ണമോ താലീസ പത്രാദി ചൂർണ്ണമോ പോലും ഒഴിവാക്കിയിരുന്നു. എന്നിട്ടും എന്തായിരുന്നു എന്നെ പേടിപ്പിച്ചത്? ഇതാരുടേതാണ് എന്ന് പോലീസുദ്യോഗസ്ഥൻ ചോദിച്ചു.

എന്റേതാണ്, എന്റേതാണ് എന്നുറക്കെ പറഞ്ഞു. അയ്യോ എന്ന ദീനരോദനം കൂടി അതിലുണ്ടായിരുന്നോ എന്തോ? എന്റെ ബാഗിൽ വല്ലതും കണ്ടെത്തിയേക്കുമോ? മന:പൂർവ്വം കൊണ്ടു വെയ്ക്കുന്ന കഥകൾ പലതും കേട്ടിരിക്കുന്നു. എല്ലാം വലിച്ചിടുമോ?

‘എന്താണിതിനകത്ത്…’  ബസിലെ മുഴുവൻ യാത്രക്കാരുടേയും മുന്നിൽ വെച്ചാണ് ചോദ്യം. ഡ്രസ്സാണെന്ന് ഉത്തരം പറഞ്ഞു. ബാഗ് അദ്ദേഹം പഴയ സ്ഥലത്തു വെച്ച് അടുത്ത ആളുകളുടേത് പരതാൻ തുടങ്ങി. സമാധാനം!

എന്തിനാണ് ഞാനിത്ര പേടിച്ചത്? അതിനുള്ളിലെ തുണിയെല്ലാം വലിച്ചിട്ടാൽ അതേ പടി മടക്കി വെയ്ക്കാൻ പ്രയാസപ്പെടുമെന്നോർത്തിട്ടോ? അറിയില്ല. അങ്ങനെ പലതുമാവാം. നിരപരാധികളാണ് ചിലപ്പോൾ അപരാധികളാകുന്നത് എന്ന സാമൂഹ്യ വ്യവസ്ഥയിൽ ജീവിക്കുന്നതു കൊണ്ടാവാം.

ഏതായാലും ഫ്രാൻസ് അതിർത്തിയിൽ ഒരു പരിശോധനയുമുണ്ടായില്ല. സ്വിറ്റ്സർലൻഡിലെയും ഫ്രാൻസിലെയും മനോഹരമായ ഗ്രാമങ്ങൾ. മനോഹരം,സുന്ദരം എന്ന പദങ്ങളൊന്നും അനുയോജ്യമല്ല. പുതുപദങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. സ്വർഗ്ഗം താണിറങ്ങി വന്ന പ്രദേശങ്ങൾ. ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ പോലെ… ചില നോട്ടുപുസ്തകങ്ങളുടെ പുറച്ചിത്രങ്ങൾ പോലെ… കാണുന്നതൊന്നും ഫോട്ടോഷോപ്പ് മിശ്രണമല്ല. നഗ്നനേത്രങ്ങളുടെ നേർക്കാഴ്ച്ചകൾ!

കൊച്ചു കൊച്ചു വീടുകളാണ്. മിക്കതും ഇരുനിലകളാണ്. ഓടിന്റെ മേൽക്കൂര. മരവീടുകൾ. കോൺക്രീറ്റ് വളരെക്കുറവ്.

ആൽപ്സ് താഴ്വരകൾ. എങ്ങും പച്ചപ്പ്. പുൽമേടുകളിൽ മേയുന്ന പശുക്കൾ. പൈൻ കാടുകൾ. പിന്നിൽ മഞ്ഞുറഞ്ഞ ആൽപ്സ്. ഇത്ര ഹൃദയഹാരിയായ കാഴ്ച മുമ്പെങ്ങുമുണ്ടായിട്ടില്ല.

ഷമോണിയാണ് ലക്ഷ്യസ്ഥാനം. ആൽപ്സ് താഴ്വരയിലെ കൊച്ചു പട്ടണം. സുന്ദരമായ കെട്ടിടങ്ങൾ. തടി പാകിയ ചുമരുകൾ. മിക്ക കെട്ടിടങ്ങൾക്കും ബ്രൗൺ നിറമാണ്. ചട്ടികളിലും നിലത്തുമായി ചെടികൾ, പൂക്കൾ, പച്ചച്ചായമടിച്ച പാലങ്ങൾ, പൈൻകാടുകൾ… എല്ലാത്തിനും മേലെ ഉയർന്നു നില്ക്കുന്ന മോ ബ്ലാ.

 

മോ ബ്ലാ എന്നാൽ വെള്ളമല. മഞ്ഞിനാൽ വെള്ള മാത്രമേയുള്ളൂ. ഷമോണി, ആദ്യ വിൻറർ ഒളിമ്പിക്സ് നടന്ന ഇടമാണ്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. കേബിൾ കാറിലാണ് മുകളിലേക്ക് പോകുന്നത്. ചില സാഹസികൾ സ്കീയിംഗ് ഉപകരണങ്ങളുമായി കാത്തു നില്ക്കുന്നു. ശ്രദ്ധിച്ചാൽ കാണാം മഞ്ഞിലൂടെ ഒഴുകി നീങ്ങുന്ന അവരുടെ കൂട്ടുകാർ…

ഷമോണിയിൽ വെച്ച് മൊബൈൽ ആപ്പ് 10 ഡിഗ്രി സെൽഷ്യസ് എന്നു കാണിച്ചു. വെയിലുണ്ട്. ജനീവയിലെ അത്ര തണുപ്പു തോന്നിയില്ല. എങ്ങനെ തോന്നാനാണ്? അടിവസ്ത്രമൊഴിച്ചു കൂട്ടിയാൽ ആറുനിര വസ്ത്രമുണ്ട്. ഒരു തെർമൽ ബനിയൻ, പെറ്റിക്കോട്ട്, കുർത്ത, സ്വെറ്റർ എല്ലാത്തിനും മുകളിൽ ജാക്കറ്റ്, ഷാൾ… ജാക്കറ്റ് ടീച്ചറും ഞാനും കരുതിയിരുന്നില്ല. മോ ബ്ലായിൽ പോകുന്നു എന്നറിയിച്ചപ്പോൾ ജനീവിയൻ സുഹൃത്തുക്കൾ നൽകിയ നിർദ്ദേശമായിരുന്നു – ജാക്കറ്റ് നിർബന്ധമായി വാങ്ങണമെന്ന്. മൈനസ് 10 ഡിഗ്രിയിലേക്കാണ് പോകുന്നത്. ഓർമ വേണം.

ജനീവയിൽ കടകൾ ഏഴു മണിക്കടയ്ക്കും ഹോട്ടലുകളടക്കം. ഗേർ കോർണാവിലെ ബസ് – ട്രെയിൽ സ്റ്റേഷനിൽ മാത്രമാണ് രാത്രിയും കടകൾ തുറന്ന് പ്രവർത്തിക്കുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് കടകളുടെ സമയം. പകൽ കൂടുതലുള്ള വേനൽക്കാലത്തും രാത്രി കൂടുതലുള്ള ശിശിരത്തിലും ഒരേ സമയം. ഇതൊന്നുമറിയാതെയാണ് ജാക്കറ്റ് വാങ്ങാൻ ഇറങ്ങി പുറപ്പെട്ടത്. ഹരീഷാണ് ഇവിടെ ഇങ്ങനെയാണ് എന്ന് പറഞ്ഞത്. അറിഞ്ഞപ്പോഴേക്കും വൈകി. 6.50 കഴിഞ്ഞാണ് കട അന്വേഷിച്ചത്. മിക്കയിടത്തും കടയടച്ചു കഴിഞ്ഞു. ഗേർ കോർണാവിലെ കടകളുടെ സമുച്ചയത്തിൽ തിരഞ്ഞു പിന്നെ. അവിടെയും നേരത്തെ അടയ്ക്കുന്നുണ്ട്. ഏതായാലും ഒരു കടയിൽ നിന്ന് ഞങ്ങൾക്ക് പാകമായ ജാക്കറ്റ് കിട്ടി.

ഷമോണി ശാന്തവും ഗംഭീരവുമായ ചെറുപട്ടണമാണ്. പലകയടിച്ച കാപ്പിനിറമുള്ള കെട്ടിടങ്ങളാണധികവും. ചിലത് റെസ്‌റ്റോറൻറുകളും റിസോർട്ടുകളുമാണ്. പാലങ്ങളുടെ കൈവരികൾക്ക് കടും പച്ച നിറം. മൗണ്ട് ബ്ലാൻക് മഞ്ഞിൽ കുളിർന്ന് കിടക്കുന്നു. ചെറുതോടുകളിലെ വെള്ളത്തിന് മഞ്ഞിന്റെ തണുപ്പായിരിക്കണം. പാലങ്ങളുടെ കൈവരികൾക്ക് കടും പച്ച നിറം.

മോ ബ്ലാ കയറാൻ വന്നതാണ്. പക്ഷേ, ഈ പട്ടണത്തിലൂടെ വെറുതെ അലയാൻ തോന്നുന്നു.

കേബിൾ കാറിലാണ് എഗ്വിലേ ദി മിദിയിലേക്ക് പോകേണ്ടത്. മഞ്ഞ് പർവ്വതത്തിലൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പോവുകയാണ്. എന്തൊരു കാഴ്ചയാണ്. ഇടുക്കിയിലും വയനാടുമൊക്കെ എന്നും കണ്ടത് കോടമഞ്ഞ് മാത്രം. ഇവിടെ ചുറ്റും മഞ്ഞുമലകൾ മാത്രം. നല്ല വെയിലുണ്ട്. പക്ഷേ, ആ വെയിൽ മഞ്ഞിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. ചിലയിടങ്ങളിൽ ക്രിസ്റ്റൽ രൂപപ്പെട്ടിട്ടുണ്ട് – വിവിധ പ്രതിമകൾ പോലെ. പാറ തെളിഞ്ഞിരിക്കുന്നിടത്തും മഞ്ഞ് ഉരുകിയൊലിച്ച് വീണ്ടും കട്ടിയായതു പോലെ… കാഴ്ചകൾ… താഴ്വാരത്തും ചില ഇടുക്കുകളിലും സൂചികാഗ്രമരങ്ങൾ. പൈൻ മരങ്ങളാണേറെയും. അവയുടെ തലപ്പുകളിലും മഞ്ഞ് പൊടി വീണു കിടക്കുന്നു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ചകൾ മുന്നിൽ. ഷമോണി പട്ടണവും താഴ്‌വരയും ചെറുതായി ചെറുതായി വരുന്നു.

മോ ബ്ലാ – ആൽപ്സ് മേഖല ഇന്നും തർക്ക പ്രദേശമാണ്. ഇപ്പോൾ ഫ്രാൻസിന്റെ അധീനതയിലാണെങ്കിലും ഇറ്റലിയും അവകാശമുന്നയിക്കുന്നു. ഒരു വശം ഇറ്റലി, മറ്റൊരു വശം സ്വിറ്റ്സർലാന്റ് പിന്നെ ഫ്രാൻസ് … മൂന്നു രാജ്യങ്ങളുടെ സംഗമ സ്ഥലം കൂടിയാണ് ഈ പരിസരം. എന്താണ് അതിരുകളെ നിർണ്ണയിക്കുന്നത്? അതിരുകളില്ലാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

ജനീവ വിമാനത്താവളത്തിൽ ഇറങ്ങാനായി വന്ന എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ വഴി തെറ്റി തകർന്ന് വീണത് മോ ബ്ലായിലാണ്. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹോമി ജെ ഭാഭ 1966 ൽ തകർന്ന വിമാനത്തിലുണ്ടായിരുന്നു. ഇവിടെയെത്തുന്ന ഇന്ത്യക്കാർ ഹോമി ജെ ഭാഭയുടെ മരണത്തെ ഓർക്കുന്നുവോ എന്തോ?

പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ, ഭാഭയുടെ മരണത്തിൽ, ആ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പറയുന്നു.

ഹോമി ജഹാംഗീർ ഭാഭ, ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നിർണ്ണായക ഭാഗമായിരുന്നു. ആരെയും അസൂയപ്പെടുത്തുന്ന വളർച്ചയായിരുന്നു സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ അണുശക്തി രംഗത്തുണ്ടായത്. ഒപ്പം ഭാഭയുടെ വളർച്ചയും. തന്റെ ആശയങ്ങൾ സുഹൃത്തായ നെഹ്രുവിനെ വ്യക്തമായി ബോധിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇന്ത്യൻ ബഹിരാകാശ പദ്ധതിയിലും നിർണ്ണായക സ്വാധീനം ചെലുത്താൻ ഭാഭയ്ക്കായിരുന്നു. ഭാഭയുടെ മരണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ശരി വെയ്ക്കുന്ന ചില തെളിവുകൾ ലഭിക്കുകയും ചെയ്തിരുന്നു.

പത്തു വർഷം മുമ്പ് , സിഐഎ ഓഫീസറായിരുന്ന റോബർട്ട് ക്രോലിയുമായി ഗ്രിഗറി ഡഗ്ലസ് എന്ന മാധ്യമപ്രവർത്തകൻ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നിരുന്നു. ഇന്ത്യയുടെ ആണവ ഗവേഷണത്തെ തകർക്കാനായി അമേരിക്ക ആസൂത്രണം ചെയ്ത അപകടമാണ് 1966ലേത് എന്നായിരുന്നു ആ സംഭാഷണത്തിലെ വിവരം. വർഷങ്ങളായി മോ ബ്ലാ മേഖലയിൽ വിമാന അവിശിഷ്ടങ്ങൾ തിരയുന്ന ദാനിയൽ റോച്ചേയ്ക്ക് അടുത്തിടെ ഒരു എഞ്ചിന്റെയും മനുഷ്യശരീരഭാഗങ്ങളുടേയും അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. ഏതായാലും ഹോമി ജെ ഭാഭയുടെ മരണത്തിന്റെ ദുരൂഹത ഇന്നും മാറിയിട്ടില്ല. ശാസ്ത്രജ്ഞൻ മാത്രമായിരുന്നില്ല അദ്ദേഹം. ചിത്രകാരനും സംഗീതാസ്വാദകനുമൊക്കെയായിരുന്നു. ആ ബഹുമുഖ പ്രതിഭയ്ക്ക് മുമ്പിൽ പ്രണാമം.

maina umaiban, europe tour, doha, geneva. travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര, mont blanc, homi j bhabha death
Homi Jehangir Bhabha, Photo. Express Archives

യുവാക്കളിൽ ചിലർ ഐസ്സ് സ്കേറ്റിംഗിനുള്ള ഉപകരണങ്ങളുമായാണ് കേബിൾ കാറിൽ കയറിയത് തന്നെ. എഗ്വിലേ ദി മിദിയിലിറങ്ങി നേരെ അവർ മഞ്ഞുമലയിലേക്ക് നടന്നു പോകുന്ന കാഴ്ച കൊതിയോടെ ഞാൻ നോക്കി നിന്നു. തെന്നി തെന്നി അവർ മഞ്ഞിലൂടെ ഒഴുകി നീങ്ങുന്നു. വലിയ ആഹ്ലാദത്തിലാണവർ.

സൊവനീർ ഷോപ്പ്, കൊച്ച് മ്യൂസിയം അടക്കമുള്ള ഒരു കെട്ടിടമാണ് എഗ്വിലേ ദി മിദി. ഉള്ളിലൂടെ നടന്ന് അപ്പുറത്തെത്തിയാൽ ഗുഹാമുഖം പോലെയുള്ള വാതിൽ അവസാനിക്കുന്നത് മഞ്ഞുമലയിലേക്കാണ്. ഭിത്തിയും മുകൾത്തട്ടും ഇരുവശങ്ങളും മഞ്ഞ്…

ഫോട്ടോ എടുക്കാൻ കൈയ്യുറ ഊരി മാറ്റേണ്ടിയിരുന്നു. വിരലുകൾ മരവിച്ചു പോകുന്നു. പലപ്പോഴും മൊബൈൽ ഫോണിൽ വിരലമർന്നില്ല മരവിച്ചിരുന്നിട്ട്. മിക്കയിടത്തും നിലത്ത് കാർപ്പെറ്റ് വിരിച്ചിരുന്നു. എന്നാൽ തുറസായ പ്രദേശത്ത് നിന്ന് മഞ്ഞ് ഒലിച്ചിറങ്ങി നിലത്തും മഞ്ഞ് കട്ടിയായി കിടപ്പുണ്ട്. നടത്തത്തിന്റെ വേഗതയിൽ മഞ്ഞുപാറയിൽ തട്ടി വീണു പോയി. കാൽമുട്ടാണ് ചെന്നിടിച്ചത്. ഒരു നിമിഷം എണീക്കാനാവുമെന്ന് തന്നെ തോന്നിയില്ല. ആരൊക്കെയോ വീണിടത്ത് സഹായിക്കാൻ ഓടി വന്നിരുന്നു. ഏയ്, ഒന്നും പറ്റിയില്ല എന്ന ഭാവത്തിൽ അപ്പോഴേക്കും എണീറ്റു കഴിഞ്ഞിരുന്നു.

കേബിൾ കാറിൽ വീണ്ടും തുഞ്ചത്തേയ്ക്ക്. അവിടെയും തുറസായിടത്തു നിന്ന് മഞ്ഞുമലയിലേക്കിറങ്ങാം. ചെങ്കുത്തായ ഇറക്കം. ഇരുമ്പു ഗോവണി കയറി കെട്ടിടത്തിന്റെ മുകളിലെത്തിയാൽ കാഴ്ച കൂടുതൽ ദൂരത്തേക്ക്, മനോഹാരിതയിലേക്ക് …

മൊബൈലിൽ പലവട്ടം ഫോട്ടോയ്ക്ക് ശ്രമിച്ചിട്ടും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നത് നൂറിലൊന്ന് സൗന്ദര്യത്തെ മാത്രമാണ്. കണ്ണുനിറച്ച് കാണുക തന്നെ. എന്നിട്ട് മനസ്സിൽ പതിപ്പിക്കുക സർവ്വസൗന്ദര്യത്തോടും കൂടി.

maina umaiban, europe tour, doha, geneva. travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര, mont blanc, homi j bhabha death
മോ ബ്ലാ എന്നാൽ വെള്ളമല (White Mount) എന്നർത്ഥം

മോ ബ്ലാ ഇന്ന് വലിയ വിനോദ സഞ്ചാര കേന്ദ്രമാണ്. ജാക്ക് ബൽമത്തും ഡോക്ടർ മൈക്കൽ പാക്കാർഡും ചേർന്നാണ് 1786 ഓഗസ്റ്റ് 8 ന് മോ ബ്ലായിൽ ആദ്യമായി കയറിയത് . അതിനു മുമ്പ് ഹോറസ്-ബെനഡിക്ട് ഡി സോസൂർ പലവട്ടം കയറാൻ ശ്രമിച്ചിരുന്നു. 1808 ൽ മാരി പാരഡിസ് ആയിരുന്നു മോ ബ്ലാവിന്റെ ഉച്ചിയിലെത്തിയ ആദ്യ വനിത. മൗണ്ട് ബ്ലാൾക് എന്നാൽ വെള്ളമല (White Mount) എന്നർത്ഥം.

മോ ബ്ലായില്‍ നിന്ന് പന്ത്രണ്ടരയോടെ താഴെ ഷമോണിയിലെത്തണമെന്നും ഭക്ഷണം കഴിച്ച ശേഷം ചെറിയ റെയിൽവേ സ്റ്റേഷനിൽ 1.45 ന് എത്തണമെന്നുമായിരുന്നു ഗൈഡ് പറഞ്ഞിരുന്നത്. ഞങ്ങൾ വന്ന ബസ് പാർക്ക് ചെയ്യാൻ പോകുന്ന വഴിയിൽ ഗൈഡ് സൂസൻ റെയിൽവേ സ്റ്റേഷൻ കാണിച്ചു തന്നിരുന്നു. ജയരാജ് സാർ കൂടെയുള്ളതുകൊണ്ട് സൂസൻ പറഞ്ഞത് പകുതിയും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ആ നേരത്തൊക്കെ പുറം കാഴ്ചകളിൽ മതിമറന്നിരിക്കുകയായിരുന്നു.

മറ്റൊരു വഴി തെറ്റലിന്റെ തുടക്കമായിരുന്നു അത്.

Get the latest Malayalam news and Travel news here. You can also read all the Travel news by following us on Twitter, Facebook and Telegram.

Web Title: Myna umaiban europe tour memories switzerland geneva mont blanc home j bhabha death

Next Story
അതിജീവനത്തിന്റെ രസതന്ത്രം: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 5europe travelogue, myna umaiban, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express