ഭക്ഷണം ഞങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നില്ല. എവിടെ നിന്നെങ്കിലും കഴിക്കാമെന്നായിരുന്നു വിചാരിച്ചിരുന്നത്. ഷമോണിയിലെത്തിയതേ (Chamonix) റെയിൽവേ സ്റ്റേഷൻ കണ്ടുപിടിക്കാനാണ് ഒരുങ്ങിയത്. തലങ്ങും വിലങ്ങും റോഡുകൾ. ഏത് റോഡിലൂടെ പോയാൽ റെയിൽവേ സ്റ്റേഷനിലെത്താനാവും? വഴിയിൽ ഒന്നു രണ്ടു പേരോട് ചോദിച്ചു. അവരും അപരിചിതർ. തദ്ദേശീയരല്ല.
ഗൂഗിൾ മാപ്പിൽ തിരഞ്ഞു. ഒരു കിലോമീറ്ററിലേറെ നേരെ പോയിട്ട് ഇടത്തോട്ട് തിരിഞ്ഞാൽ സ്റ്റേഷനായി. നേരെ നടന്നു. ആളും അനക്കവുമൊന്നുമില്ലാത്തൊരു സ്റ്റേഷനിലെത്തി. ഗ്ലേസിയേഴ്സിലേക്ക് പോകുന്ന തീവണ്ടിയാപ്പീസ് ഇതല്ലെന്ന് ഉറപ്പായിരുന്നു. ഒരു പാലത്തിനപ്പുറവും ഇപ്പുറവും സ്റ്റേഷനുകളാണെന്നും അതിൽ ചെറിയ സ്റ്റേഷനിൽ നിന്നാണ് ഞങ്ങൾക്ക് ഗ്ലേസിയറിലേക്ക് പോകേണ്ടതെന്നുമാണ് സൂസൻ പറഞ്ഞിരുന്നതെന്ന് ഓർത്തു. ഈ സ്റ്റേഷന് കുറച്ച് താഴെ ഒരു പാലം കണ്ടു. അങ്ങോട്ടേക്ക് നടന്നു തുടങ്ങി. മുന്നിൽ ജയരാജ് സാറാണ് നടക്കുന്നത്. പാലത്തിനടിയിൽ എത്തിയപ്പോൾ മുകളിലേക്കെത്താൻ പിന്നെയും കുറെ നടക്കണം. സീമ ടീച്ചർ ആകെ അസ്വസ്ഥയായിരുന്നു. മോണ്ട് ബ്ളാൻകിലെ തണുപ്പിൽ ശ്വാസം മുട്ട് തുടങ്ങിയിരുന്നു. സമയം 1.20 ആയിരിക്കുന്നു. സ്റ്റേഷൻ കണ്ടു പിടിക്കാനായിട്ടുമില്ല.
ജയരാജ് സർ, പാലത്തിനരുകിലെ വീടിനു മുന്നിൽ നിന്നിരുന്ന മധ്യവയസ്കയായ സ്ത്രീയോട് സ്റ്റേഷൻ അന്വേഷിച്ചു. അവർ പെട്ടെന്ന് വീടിനകത്തേക്ക് കയറി ഒരു ജാക്കറ്റെടുത്തിട്ടിട്ട് ഞങ്ങളോടൊപ്പം മുന്നിൽ നടന്നു. വന്ന അതേ വഴിയിൽ തിരിച്ചു പോവുകയാണ്. ഒരു കിലോമീറ്ററോളം വന്ന വഴിയേ നടക്കുമ്പോൾ ഒരു പാലമുണ്ട്. ആ പാലം കഴിഞ്ഞ ഉടനെ ഇടത്തോട്ട് തിരിഞ്ഞു. ആ ഫ്രഞ്ച് വനിത വാതോരാതെ വർത്തമാനം പറയുന്നുണ്ട് ജയരാജ് സാറിനോട്.
ടീച്ചറും ഞാനും അവർക്കൊപ്പമെത്താൻ പാടുപെടുകയാണ്. ഇടയ്ക്കൊരിടത്ത് റോഡരുകിലെ മണ്ണെടുക്കുന്നു, ഹിറ്റാച്ചിയിൽ ഒരു പെൺകുട്ടി. കൗതുകത്തോടെ ഞാനാ കാഴ്ച നോക്കി നിന്നു. വളരെ കൊച്ചു പെൺകുട്ടി. കണ്ടാൽ പന്ത്രണ്ടോ പതിമൂന്നോ വയസ്സേ തോന്നൂ. ലൈസൻസ് എടുക്കാൻ എത്ര വയസ്സാവണമായിരിക്കും അവിടെ? അതോ അവൾക്ക് പതിനെട്ടിലേറെ ഉണ്ടാവുമോ? കാഴ്ചയിൽ ചെറുപ്പം തോന്നുന്നതുമാവാം.
യൂണിഫോമും അവൾ ധരിച്ചിട്ടുണ്ട്. ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. അവൾക്കിഷ്ടപ്പെടുമോ എന്ന ചിന്ത ഒരുവശത്ത്. വിശപ്പ് മറ്റൊരിടത്ത്. സ്റ്റേഷനിലെത്തേണ്ടത് അതിലുമത്യാവശ്യം… ഹിറ്റാച്ചി പെൺകുട്ടിയെ നോക്കി നിന്ന നേരം കൊണ്ട് ജയരാജ് സാറും ഞങ്ങളുടെ വഴികാട്ടിയും കാഴ്ചയിൽ നിന്നു മറഞ്ഞു. പിന്നെ, ഓട്ടമായിരുന്നു. ഒരു വളവ് പിന്നിട്ടപ്പോൾ മനോഹരമായ തോട്ടത്തിനു നടുവിലൂടെ മുകളിലേക്ക് കയറാനുളള പടികൾ. ഈ പടികൾ കയറിച്ചെല്ലുന്നതാണ് ഞങ്ങളന്വേഷിച്ച സ്റ്റേഷനെന്ന് ഫ്രഞ്ച് വഴികാട്ടി പറഞ്ഞു.
അവർ ഞങ്ങളോടൊപ്പം നടക്കാൻ തുടങ്ങിയപ്പോൾ എന്റെ ധാരണ കവലയെത്തുമ്പോൾ വഴി ചൂണ്ടിക്കാണിച്ചു തന്ന് മടങ്ങുമെന്നാണ്. പിന്നെയും നടപ്പു തുടർന്നപ്പോൾ അവരെന്തോ ആവശ്യത്തിന് ടൗണിലേക്ക് വരികയാണെന്നാണ് കരുതിയത്. അവർ റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടെത്തിച്ചിരിക്കുന്നു! മധുരമനോഹരമായി ചിരിച്ച് കൈതന്ന് യാത്രയാക്കുന്നു!
രണ്ടുകിലോമീറ്ററോളമാണ് അവർ ഞങ്ങൾക്കൊപ്പം നട്ടുച്ചയ്ക്ക് നടന്നത്.

ഷമോണിയുടെ, ഫ്രാൻസിന്റെ, യൂറോപ്പിന്റെ ബ്രാൻഡ് അംബാസഡറാണ് അവർ. മറ്റൊരു ദേശത്ത് വഴിതെറ്റിപ്പോയ അപരിചിതരെ കൃത്യ സ്ഥലത്തെത്തിച്ച വഴികാട്ടി. അവരെപ്പോലെ എത്രയോ പേരെ ഈ യാത്രയിൽ കണ്ടുമുട്ടുകയുണ്ടായി. അവരൊക്കെ ആ നാടിന്റെ ബ്രാൻഡ് അംബാസിഡർമാരാണ്!
അപ്പോഴൊക്കെ ഞാൻ ചിന്തിച്ചത് നമ്മുടെ നാട്ടിൽ നമ്മൾ എങ്ങനെയാണ് വിദേശികളോട് പെരുമാറുന്നത് എന്നാണ്. നമ്മുടെ പെരുമാറ്റത്തെപ്പറ്റി അവരും ചിന്തിച്ചിരിക്കില്ലേ എന്നാണ്.
മടങ്ങിയെത്തിയ ശേഷം കുടുംബസമേതം ഇടുക്കിയിലേക്ക് യാത്ര ചെയ്യുമ്പോൾ മൂത്ത മകൾ ഇതളിനടുത്തിരുന്ന ഇംഗ്ലണ്ട് സ്വദേശികൾ പറഞ്ഞൊരു കാര്യമുണ്ട്. ഉത്തരേന്ത്യക്കാർ പെരുമാറാൻ മോശമാണ്. ദക്ഷിണേന്ത്യക്കാരാണ് മെച്ചം. കുറച്ചു കൂടി സൗഹൃദത്തിൽ പെരുമാറുന്നുണ്ട് എന്ന്. ഓരോ ദേശത്തും സഞ്ചരിക്കുന്നവർ അവിടുത്തെ ജനങ്ങളെക്കൂടിയാണ് വിലയിരുത്തുന്നത്.
മെർ ദി ഗ്ലേസിലേക്കുള്ള (Mer de Glace) തീവണ്ടിയാണ് ഞങ്ങൾക്ക് വേണ്ടത്. മോണ്ടൻവേഴ്സ് (Montenvers) സ്റ്റേഷനിലേക്കുള്ള വണ്ടി. റാക്ക് സിസ്റ്റത്തിലോടുന്ന മലയോര ട്രെയിനാണത്. രണ്ട് ട്രാക്കുകൾക്കിടയിൽ പൽചക്രം പിടിപ്പിച്ച പാത. ആ പൽചക്രത്തിൽ അള്ളിപ്പിടിച്ചാണ് ട്രെയിൻ മുന്നോട്ട് പോകുന്നത്. ഷമോണിയിൽ നിന്ന് അഞ്ചു കിലോമീറ്ററാണ് മോൺടെൻവേഴ്സ് റെയിൽവേ സ്റ്റേഷനിലേക്ക്. പക്ഷേ, അര മണിക്കൂറിലേറെയെടുക്കും. പൽചക്രങ്ങളിലൂടെയുള്ള മലകയറ്റമായതുകൊണ്ട് വളരെ പതുക്കെയാണ് യാത്ര. വഴിയോരക്കാഴ്ചകൾ നന്നായി ആസ്വദിക്കാനാകുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിലോടുന്ന ട്രെയിനാണത്. 1913 മീറ്റർ ഉയരത്തിലേക്കാണ് സഞ്ചാരം.
റാക്ക് സിസ്റ്റത്തിലോടുന്ന തീവണ്ടി ആദ്യത്തേതായിരുന്നില്ല.
മുമ്പ് മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കുള്ള പൈതൃക വണ്ടിയിൽ പോയിട്ടുണ്ട്. മേട്ടുപ്പാളയത്തു നിന്ന് കൂനൂർ വരെ ഇപ്പോഴും ആവിയെഞ്ചിനാണ്. വഴിയിൽ നിർത്തി നിർത്തി വെള്ളം നിറച്ച് …. ഏകദേശം അൻപതു കിലോമീറ്റർ അഞ്ചു മണിക്കൂറുകൊണ്ട് ഓടിയാണ് അന്ന് ഊട്ടിയിലെത്തിയത്!

മെർ ദി ഗ്ലേസ് എന്നാൽ ഹിമാനിയുടെ കടൽ എന്നർത്ഥം. മോ ബ്ലായുടെ (Mont Blanc) വടക്കേ ചെരുവിലാണ് ഈ ഹിമാനി. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ ഹിമാനിയാണിത്. ആൽപ്സ് പർവ്വതനിരകളിലെ ഹിമാനികളിൽ രണ്ടാം സ്ഥാനത്തുള്ളതും. ഷമോണിയുടെ മുകൾ ഭാഗമാണിത്. ഷമോണിയിൽ നിന്ന് നോക്കിയാൽ ഒരു കാലത്ത് ഹിമാനി കാണാമായിരുന്നു. പക്ഷേ, ഇപ്പോൾ ചുരുങ്ങി ചുരുങ്ങി ഇടുക്കിലേക്കായിരിക്കുന്നു. പ്രതിവർഷം 300 അടി മെർ ദി ഗ്ലേസ്, മോൺ ടെൻവേഴ്സിൽ നിന്ന് നീങ്ങുന്നുവെന്നാണ് കണക്ക്. ഇത് മണിക്കൂറിൽ ഒരു സെന്റിമീറ്റർ വെച്ചാണ്.
മെർ ദി ഗ്ലേസ് കാണുക മാത്രമല്ല താഴ്ഭാഗത്തേക്ക് പോയി കാണുകയും ചെയ്യാം. മോ ബ്ലായിലേക്ക് താഴെ നിന്ന് മുകളിലേക്കാണ് യാത്രയെങ്കിൽ ഇവിടെ ഗോണ്ടോള ലിഫ്റ്റിൽ താഴോട്ടാണ് പോകേണ്ടത്. അതും മലയുടെ പകുതി ദൂരം വരെ. താഴ് വരയിൽ മഞ്ഞുമല തുരന്ന ഗ്രോത്തെ ദി ഗ്ലേസ് (Grotte de Glace) എന്ന ഗുഹയുണ്ട്. അതാണ് പ്രത്യേക ആകർഷണം. പക്ഷേ, മലയുടെ പകുതിയിൽ നിന്ന് താഴ് വരയിലേക്ക് പടികളുണ്ട്. അഞ്ഞൂറിലേറെപ്പടികൾ. വന്നതല്ലേ പോകാൻ തന്നെ തീരുമാനിച്ചു. ടീച്ചറുടെ ശ്വാസംമുട്ടൽ പ്രശ്നമാകുമോ എന്ന് ആശങ്കയുണ്ട്. ഇറങ്ങാൻ ബുദ്ധിമുട്ടാണെങ്കിലും ടീച്ചറും പടികൾ ഇറങ്ങിത്തുടങ്ങി. കുറച്ച് പടികൾ പിന്നിടുമ്പോൾ പാറയിൽ അടയാളപ്പെടുത്തിയിട്ടുണ്ട് ഹിമാനി അവിടെ നിന്നിരുന്ന വർഷം. താഴോട്ടിറങ്ങുന്തോറും ഹിമാനി പിൻവലിഞ്ഞ വർഷങ്ങൾ എത്ര അടുത്താണെന്ന് അമ്പരക്കും.
ആഗോള താപനമാണ് ഹിമാനിയുടെ പിൻവാങ്ങലിനു പ്രധാന കാരണമായി പറയപ്പെടുന്നത്. ചില പ്രദേശങ്ങളിലെ ഹിമാനികൾ മൊത്തത്തിൽ അപ്രത്യക്ഷമാകുന്നതിനെപ്പറ്റി വായിച്ചിട്ടുണ്ട്. ഹിമാനികളുടെ അപ്രത്യക്ഷമാകലിൽ പ്രതിഷേധസൂചകമായി ഫ്രാന്‍സില്‍ അടുത്തിടെ ഒരു ഹിമാനിയുടെ ‘ശവമടക്ക് യാത്ര’ സംഘടിപ്പിച്ചിരുന്നു. ഇന്നുള്ളതിന്റെ പത്തിരട്ടിയെങ്കിലും വലിപ്പം മോ ബ്ലാ ഹിമാനിക്ക് വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്നു. ആഗോളതലത്തില്‍ ഉണ്ടായ താപനിലയിലുള്ള വര്‍ധനവാണ് ഇത്തരത്തിലുള്ള മഞ്ഞുരുകലുകള്‍ക്ക് കാരണമാകുന്നത്.
മലഞ്ചെരുവിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാറുമുണ്ടിവിടെ. താഴ്‌വരയിലെ മഞ്ഞുഗുഹ കാണുമ്പോഴാണ് അൽഭുതപ്പെട്ടു പോവുന്നത്. ആറടിയിലേറെ ഉയരവും അത്രതന്നെ വീതിയുമുള്ള ഹിമ തുരങ്കത്തിൽ, ഉള്ളിലേക്ക് കയറിയാലും ചുറ്റും മഞ്ഞാണ്. വലിയൊരു മഞ്ഞു മലയാണ് ഹിമാനിയുടെ ഭാഗമാണ് ഈ കാണുന്നതെല്ലാം എന്നും അവിടവിടെ കാണുന്ന പാറകൾ അല്ല പ്രധാനമെന്നും ബോധ്യപ്പെടുന്നത് ഗുഹയിലൂടെ നടക്കുമ്പോഴാണ്. നിലത്ത് കയറ്റുപായ വിരിച്ചിട്ടുണ്ട്. അതു കൊണ്ടാണ് തെന്നി വീഴാത്തത്. ഹിമത്തിൽ കസേരയും മേശയും സോഫയുമൊക്കെ വിനോദ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഹിമഭിത്തിയിൽ പല ചിത്രപ്പണികളും. മൊബൈൽ ഫോണിലെടുത്ത ഫോട്ടോകൾ ചുറ്റിലുമുള്ള ഹിമപാളികളിൽ തട്ടി പ്രതിഫലിച്ച് വികൃതമായി. കണ്ണാണ് ഏറ്റവും വലിയ ക്യാമറ എന്ന് സമാധാനിച്ച് എല്ലാം കണ്ടും തൊട്ടുമറിഞ്ഞു.

തിരിച്ചുള്ള പടികയറ്റം ദുഷ്ക്കരമായിരുന്നു. ഒന്നാമത് വിശപ്പ്. കൈയ്യിൽ കരുതിയിരുന്ന അണ്ടിപ്പരിപ്പും കൊറിച്ച് ചോക്ളേറ്റും നുണഞ്ഞ് കയറി. ശരീരം ഒന്ന് ചൂട് പിടിച്ച പോലെ. കുറച്ച് കയറിയപ്പോഴേക്കും ആകെ ഉഷ്ണം. മോ ബ്ലായിലെ- 10 ഡിഗ്രിയല്ല ഇവിടെ. + 7 ഡിഗ്രിയാണ്. വെയിലുണ്ട്. അതിലേറെ പടികൾ കയറുകയാണ്. ജാക്കറ്റും സ്വെറ്ററും മറ്റും ഓരോന്നായി അഴിച്ചു നടക്കാൻ തുടങ്ങി. സാധാരണ വസ്ത്രമിട്ട് നടക്കാവുന്ന അവസ്ഥയാണ് കയറ്റം കയറൽ കൊണ്ടുണ്ടായ മെച്ചം.
ഷമോണിയിൽ നിന്ന് മോണ്ടെൻവേഴ്സ് സ്റ്റേഷനിലേക്കുള്ള യാത്ര അത്ഭുതകരമായ കാഴ്ചയാണ് നൽകുന്നത്. കുറച്ച് മുകളിലേക്കെത്തിയാൽ ട്രെയിൻ സഞ്ചരിക്കുന്നത് മഞ്ഞിലൂടെയാണെന്നു തോന്നും. പാളങ്ങൾ കാണാൻ വയ്യാത്തതു കൊണ്ടാണ് തോന്നൽ എന്ന് പറയുന്നത്. അതേസമയം, ചുറ്റും മഞ്ഞുവീണു കിടക്കുന്നു. ഇലകളിൽ, മരങ്ങളിൽ, നിലത്ത് മഞ്ഞുപൊടി….
മഞ്ഞുകട്ടകളിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ചിലയിടങ്ങളിൽ ട്രെയിൻ … ഷമോണി താഴ് വരയിലേക്കുള്ള കാഴ്ച അതിമനോഹരമാണ്. മോണ്ട് ബ്ലാങ്കിന് മുകളിൽ നിന്ന് കാണുന്നത് ഷമോണി പട്ടണവും പ്രാന്തപ്രദേശവുമാണെങ്കിൽ മോൺടെൻവേഴ്സിലേക്കുള്ള യാത്രയിലെ ദൃശ്യം കൊച്ചു കൊച്ചുഗ്രാമങ്ങളുടേതാണ്. കുറച്ചു വീടുകൾ അടുത്തടുത്ത്… പിന്നെ ഹിമാനിയിൽ നിന്നൊഴുകുന്ന പുഴ, മഞ്ഞു പടലങ്ങൾ , കുറ്റിക്കാടുകൾ… എല്ലായിടത്തും മഞ്ഞിന്റെ സാന്നിധ്യമുണ്ട്. എന്നാൽ, വെയിലുണ്ട്. നാട്ടിലെ കോടമഞ്ഞ് കാണാനുമില്ല. ഇപ്പോഴും ഈ താഴ് വരയിലെ ജനങ്ങൾ കാലിവളർത്തലും മറ്റുമായി ജീവിക്കുന്നു എന്നത് കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു മലമ്പ്രദേശത്തു കൂടിയല്ല സഞ്ചരിക്കുന്നത്. ഫ്രാൻസിലൂടെയാണ്…
എനിക്ക് ഈ മലമ്പ്രദേശത്ത് കുറച്ചുകാലം താമസിക്കണമെന്നുണ്ട്. അവരുടെ സംസ്ക്കാരവും ജീവിത രീതിയും അടുത്തറിയണമെന്നുണ്ട്. അപ്പോണ് മനുഷ്യ ജീവിതമെന്ന സമസ്യയ്ക്കു മുന്നിൽ തരിച്ചിരുന്നു പോകുന്നത്. ആഗ്രഹങ്ങളൊന്നും പിടിതരണമെന്നില്ല, പിടി തരുന്നവ ആഗ്രഹങ്ങളാവണമെന്നുമില്ല.
മൂത്ത മകൾ ഇതൾ കുറച്ചുകാലം മുമ്പൊക്കെ പണം ആരാണ് കണ്ടുപിടിച്ചത് എന്നു ചോദിക്കുമായിരുന്നു. എങ്ങനെ ജീവിക്കണം, എവിടെയൊക്കെ പോകണം എന്നൊക്കെ തീരുമാനിക്കുന്നത് പണമാണ് എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴായിരുന്നു അത്. അപ്പോഴൊക്കെ, അവളുടെ അമ്മയും അങ്ങനൊക്കെ ചിന്തിച്ചിട്ടുണ്ടെന്ന് ഉള്ളിൽ പറഞ്ഞിട്ടുണ്ട്. സമത്വസുന്ദരമായ, വിലക്കുകളും വിലങ്ങുകളുമില്ലാത്ത, അതിരുകളില്ലാത്ത, പണാധിപത്യമല്ലാത്ത ലോകത്തെ ഞങ്ങൾ സ്വപ്നം കാണുന്നു…