ഭക്ഷണം കഴിക്കാത്തതിന്റെ, ഒരുപാട് നടന്നതിന്റെ, കയറ്റം കയറിയതിന്റെ ക്ഷീണത്തിലാണ് മുറിയിൽ ചെന്നു കയറിയത്. കുളിച്ച് വേഷം മാറി ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങാമെന്ന് തീരുമാനിച്ചു. താമസിക്കുന്ന ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. ഇനിയും നടക്കാൻ വയ്യെന്ന് കരുതി രാത്രി ഭക്ഷണം അവിടെ നിന്നു തന്നെ കഴിച്ചു.
ഫ്രഞ്ച് ഇറ്റാലിയൻ ഭക്ഷണമാണ് അവിടെയുള്ളത്. അന്ന് സ്പെഗറ്റി എന്ന നൂഡിൽ വർഗ്ഗത്തിൽ പെട്ട തക്കാളി നൂഡിലാണ് അത്താഴമായി കഴിച്ചത്. (പത്താമധ്യായത്തിൽ ഭക്ഷണത്തെക്കുറിച്ച് പ്രത്യേകമായി എഴുതുന്നുണ്ട്) പണം കൊടുക്കാൻ റിസപ്ഷനിൽ നിൽക്കുമ്പോഴാണ് ഒരാൾ പരിചയപ്പെടുന്നത്. ഞങ്ങൾ മൂവരും മലയാളത്തിൽ സംസാരിക്കുന്നത് കേട്ട് മലയാളികളാണല്ലേ എന്നു പറഞ്ഞ് പരിചയപ്പെടുകയായിരുന്നു.
കാസർഗോഡ് സ്വദേശിയായ ഡോ. ഉണ്ണികൃഷ്ണനായിരുന്നു അത്. ‘സേവ് ദ ചിൽഡ്രൻ’ എന്ന ലോകസംഘടനയുടെ ആസ്ട്രേലിയൻ ഡയറക്ടറാണ് അദ്ദേഹം. കുറച്ച് സമയത്തിനുള്ളിൽ ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചു. ജനീവയെ കുറിച്ച്, ഐക്യരാഷ്ട്രസഭയെക്കുറിച്ച്, നൂറു വർഷം മുമ്പ് ലണ്ടൻ ആസ്ഥാനമായി തുടങ്ങിയ ‘സേവ് ദ ചിൽഡ്രൻ’ എന്ന സംഘടനയെക്കുറിച്ച്, റെഡ്ക്രോസിനെക്കുറിച്ച്, ദുരന്തങ്ങളുണ്ടാകുന്ന പ്രദേശത്തെ കുട്ടികളെക്കുറിച്ച്, ബാലാവകാശങ്ങളെക്കുറിച്ച്… ഇടയ്ക്ക് അദ്ദേഹം ജനീവയിലെ ഐക്യരാഷ്ട്രസഭാ മന്ദിരത്തിനു മുന്നിലെ കാലൊടിഞ്ഞ കസേരയുടെ കഥ പറഞ്ഞു.
മുപ്പത്തിയൊമ്പത് അടി ഉയരത്തിൽ തടി കൊണ്ട് നിർമ്മിച്ച കൂറ്റൻ കസേരയുടെ ഒരു കാൽ ഒടിഞ്ഞിരുന്നു. പുനർനിർമ്മാണ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ ആദ്യ ദിവസം തന്നെ ആ കസേര ശ്രദ്ധയിൽ പെട്ടിരുന്നു. ലൂയിസ് ജനീവ എന്നയാൾ ഡാനിയേൽ ബെസെറ്റ് എന്ന കലാകാരന്റെ നിർദ്ദേശപ്രകാരം നിർമ്മിച്ചതായിരുന്നു ആ കാലൊടിഞ്ഞ കസേര (Broken Chair). കുഴിബോംബുകൾക്കെതിരെയുള്ള ബോധവത്ക്കരണത്തിനായി, പ്രതീകാത്മകമായാണ് 1996 ൽ ഈ സ്മാരകം ഐക്യരാഷ്ട്രസഭയുടെ മുന്നിൽ സ്ഥാപിച്ചത്.
ഹാൻറിക്യാപ്പ് ഇൻറർനാഷണലിന്റെ സഹസ്ഥാപകനായ പോൾ വെമ്യൂലന്റെ ചിന്തയിലുണർന്ന പദ്ധതിയായിരുന്നു കാലൊടിഞ്ഞ കസേര. അന്ന് 10 മീറ്റർ ഉയരത്തിലൊരു കസേരയാണ് അവിടെ സ്ഥാപിച്ചത്. കുഴിബോംബുകൾക്കെതിരെ, ഒട്ടോവ ഉടമ്പടിയിൽ കൂടുതൽ രാജ്യങ്ങളെ ഒപ്പു വെപ്പിക്കുന്നതിന് വേണ്ടി ബോധവത്ക്കരണം നടത്തുകയായിരുന്നു ഉദ്ദേശ്യം.
ഒടിഞ്ഞ കസേര എന്ന പ്രതീകം ലോക ശ്രദ്ധയിൽ വരികയും തുടക്കത്തിൽ നാല്പത് രാജ്യങ്ങൾ കുഴിബോംബിനെതിരെ ഒപ്പിടുകയും ചെയ്തു. പിന്നീട് പുതുക്കി പണിത കാലൊടിഞ്ഞ കസേരയാണ് ഇന്നു കാണുന്നത്. ജനീവ സന്ദർശിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർക്കും മറ്റുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ സ്മാരകം.
കാലൊടിഞ്ഞ കസേര പ്രതീകമാകുന്നതെങ്ങനെയെന്ന് ഡോ. ഉണ്ണിക്കൃഷണൻ വിശദീകരിച്ചത് അദ്ദേഹം നേരിട്ടു കണ്ട പല അനുഭവങ്ങളിൽ നിന്നായിരുന്നു. അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഒരു കടയിൽ ഷൂ വാങ്ങാൻ പോയ കാര്യം അദ്ദേഹം ഓർമ്മിച്ചു. അവിടെയുള്ളതെല്ലാം ഒറ്റ ഷൂ ആയിരുന്നു. ഒരുപക്ഷേ, ഒറ്റ ഷൂ പ്രദർശിപ്പിക്കുകയും ജോഡി ആവശ്യക്കാർക്ക് എടുത്തു കൊടുക്കുകയുമാവും എന്നു കരുതി. ഒന്നിനും ജോഡിയുണ്ടായിരുന്നില്ല. എന്തു കൊണ്ടാണെന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് – അവിടെ ഒറ്റക്കാൽ മാത്രമുള്ളവരാണ് ഷൂ വാങ്ങാൻ വരുന്നതെന്ന്. ഏകദേശം നാലായിരത്തോളം പേർ ഒറ്റ ഷൂവിനായി വരുന്നു. അവർ ജന്മനാ ഒറ്റക്കാലിൽ ജനിച്ചവരായിരുന്നില്ല. കുഴിബോംബ് പൊട്ടി ഒരു കാൽ നഷ്ടപ്പെട്ടവരായിരുന്നു!
അദ്ദേഹം പറയുന്ന അനുഭവങ്ങൾ വിറയലോടെയല്ലാതെ കേൾക്കാനാവില്ല. കേരളത്തിൽ ജീവിക്കുന്ന നമ്മൾ ഏതുതരത്തിലുള്ള ദു:ഖമാണ് യഥാർത്ഥത്തിൽ അനുഭവിക്കുന്നത്? ആഭ്യന്തര കലാപങ്ങൾ, യുദ്ധങ്ങൾ, ഭീകരത, തീവ്രവാദ പ്രവർത്തനങ്ങൾ… പല രാജ്യങ്ങളിലുമുള്ള ജനങ്ങൾ എന്തെല്ലാം പ്രശ്നങ്ങളെയാണ് ദിവസവും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ ഭാവി എന്തായി തീരും?
മൊബൈൽ ഫോണും ടാബും മറ്റും നമ്മൾ കുട്ടികൾക്ക് കൊടുക്കരുതെന്ന് പറയുന്നു. നമ്മുടെ സംസ്കാരത്തിലൂന്നിയാണ് അങ്ങനെ പറയുന്നത്. അതേ സമയം ദുരന്തബാധിത പ്രദേശത്തെ കുട്ടികളെ നല്ല പൗരരായി വളർത്തുന്നതിനും മാനസികാഘാതം കുറയ്ക്കുന്നതിനും നല്ല വിദ്യാഭ്യാസം നൽകുന്നതിനും മൊബൈൽ അപ്പുകൾ നിർമ്മിച്ച് ടാബുകൾ കൊടുക്കുന്നതിനെപ്പറ്റിയാണ് ഡോ.ഉണ്ണികൃഷ്ണന് പറയാനുള്ളത്.
ഏതു നിമിഷവും തീവ്രവാദത്തിലേക്ക് നീങ്ങിപ്പോകാവുന്ന, തെറ്റായ മാർഗ്ഗങ്ങളിൽ സഞ്ചരിച്ചേക്കാവുന്നവരെ വിശ്വ പൗരരായി വളർത്തുവാൻ സന്നദ്ധരായ ഒട്ടേറെപ്പേരുടെ സഹായം ‘സേവ് ദ ചിൽഡ്രൻ’ സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്. ഇടയ്ക്ക് അദ്ദേഹത്തോട് അനുവാദം വാങ്ങി ഒന്നു രണ്ട് ഫോട്ടോയെടുത്തു. അപ്പോഴൊക്കെ സാർ, സാർ എന്നു വിളിച്ചിരുന്നു. അതു നമ്മുടെ ശീലമാണല്ലോ. ദയവ് ചെയ്ത് സാർ എന്നെന്നെ വിളിക്കല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മാർത്ഥമായ പ്രതികരണം.

മെയ് 16 ഉച്ചയോടെ ജനീവ വിടുന്നു. ഞങ്ങളുടെ യാത്രാ കാര്യങ്ങൾ ചെയ്തിരുന്നത് യുഎൻ ഉദ്യോഗസ്ഥനായ ബിൻലായ് ആയിരുന്നു. ടിക്കറ്റും നാലു ദിവസത്തെ ചെലവുമാണ് അവരിൽ നിന്ന് ലഭിക്കുന്നത്. ആദ്യ വിദേശയാത്രയായതു കൊണ്ട് എനിക്ക് ഒന്നിനെപ്പറ്റിയും വിവരമില്ല. ബിൻലായ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്തെങ്കിലും മറുപടി കൊടുക്കുക എന്നേയുള്ളൂ. ഒരിക്കൽ അദ്ദേഹത്തിന്റെ മെയിലിലുണ്ടായിരുന്നത് യാത്രാ വിവരങ്ങൾ അറിയിക്കാനായിരുന്നു. 15 ന് ഞങ്ങളുടെ സമ്മേളനം അവസാനിക്കുമെന്നറിഞ്ഞപ്പോൾ 16 ന് തന്നെ ഞാൻ മടക്കടിക്കറ്റിന് എഴുതി. ക്ഷണപത്രം അയച്ചു കിട്ടിയപ്പോൾ 19 വരെയാണ് എഴുതിയിരുന്നത്. കൂടെ യാത്ര ചെയ്യുന്ന സീമ ടീച്ചറോ, ഉമയോ മടങ്ങുന്നതിനെപ്പറ്റി വ്യക്തമായ തീരുമാനങ്ങളെടുത്തിട്ടില്ല. ക്ഷണപത്രത്തിൽ 19 കണ്ടതോടെ ബിൻലായിക്ക് വീണ്ടുമെഴുതി മടക്ക ടിക്കറ്റ് 19 ന് മതിയെന്ന്. അപ്രകാരം ടിക്കറ്റ് അയച്ചു കിട്ടുകയും ചെയ്തു. 16 മുതലുള്ള ചെലവ് സ്വയം വഹിക്കണം. സീമ ടീച്ചർ പാസ്പോർട്ട് പുതുക്കാൻ നൽകിയിട്ട് കുറച്ച് വൈകിയിരുന്നു. അതാണ് തിരിച്ചു വരവിനെപ്പറ്റി ചിന്തിക്കാതിരുന്നത്. ടിക്കറ്റ് വന്ന ശേഷമാണ് ടീച്ചറുമായി കൂടുതൽ സംസാരിക്കുന്നത്. ടീച്ചർ എവിടെ പോകുന്നോ 19 വരെ കൂടെ ഞാനുമുണ്ടാകും എന്നറിയിച്ചു. ജയരാജ് സാറാണ് സമ്മേളനം കഴിഞ്ഞുള്ള യാത്രകൾ ആസൂത്രണം ചെയ്തത്. എല്ലായിടത്തേക്കും എനിക്കു കൂടി ടിക്കറ്റെടുത്തു. അതു പ്രകാരം 16 ന് ഉച്ചയ്ക്ക് ശേഷം അതിവേഗ ട്രെയിനിൽ പാരീസിലേക്ക് പോകാൻ ടിക്കറ്റെടുത്തിരുന്നു. ഉച്ച വരെയുള്ള സമയം എങ്ങനെ ചിലവഴിക്കുമെന്നായി.
തലേദിവസം ഡോ.ഉണ്ണികൃഷ്ണൻ നൽകിയ നിർദ്ദേശം റെഡ് ക്രോസ് മ്യൂസിയം കാണൂ എന്നാണ്. നേഷൻസ് ഓഫീസ് സമുച്ചയത്തിന് മുന്നിലാണ് ഇന്റർനാഷണൽ റെഡ് ക്രോസ് ആസ്ഥാനം. ആദ്യ ദിവസം രജിസ്ട്രേഷനു വേണ്ടി പോയ ഓഫീസിന് എതിർവശം. ഗാന്ധിജിയുടെ പ്രതിമയുള്ള ഭാഗത്ത് നിന്ന് എതിരെ നോക്കിയാൽ ചെറിയൊരു കുന്നിലാണ് ICRC- International Committee of Red Cross (Comité international de la Croix-Rouge (CICR)-in French)
എന്ന് തോന്നും.
ചെറിയ കുന്നിൻ ചെരുവിൽ കാട്ടു പുല്ലുകളാണെങ്കിലും തോട്ടത്തിനു വേണ്ടി വെട്ടിയൊതുക്കിയതാണെന്നേ തോന്നൂ. ഇടത് വശത്ത് ചെറിയൊരു പാർക്കുണ്ട്. വിശ്രമിക്കാനുള്ള ചാരു ബെഞ്ചുകൾ … മ്യൂസിയം പത്തു മണിക്കേ തുറക്കൂ. ഞങ്ങളുടെ മുന്നിൽ സമയമുള്ളതുകൊണ്ട് നേഷൻസ് പറമ്പിൽ ശാന്തനും സ്വസ്ഥനുമായിരിക്കുന്ന ഗാന്ധിജിയെ കാണാൻ പോയി. മുമ്പ് തിരക്കിട്ട് അതിലേ കടന്നു പോയതാണ്. പോകും മുമ്പ് വരുന്നുണ്ടെന്ന് അന്ന് പറഞ്ഞിട്ടാണ് പോയത്. മെയിൻ റോഡിൽ നിന്ന് പത്തിരുപത് മീറ്റർ ഉള്ളിലായാണ് ഗാന്ധിജിയുടെ പ്രതിമ. ചുറ്റും തളിരിട്ടു തുടങ്ങിയ മരങ്ങൾ. ഇത്രയേറെ ശാന്തനും സ്വസ്ഥനുമായ ഒരു ഗാന്ധി പ്രതിമ ഞാൻ നാട്ടിലെങ്ങും കണ്ടിട്ടുണ്ടായിരുന്നില്ല.
പെരുവഴിയിൽ കാക്ക കാഷ്ഠിച്ച ഗാന്ധി! ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നാട്ടിൽ കണ്ടു വരുന്ന ഗാന്ധി അങ്ങേയറ്റം പ്രതീകവത്ക്കരിച്ചു നിൽക്കുന്നു. എപ്പോഴും പെരുവഴിയിലാകാവുന്ന ഗാന്ധി, കാഷ്ഠം വീഴാവുന്ന ഗാന്ധി… ഗാന്ധി പ്രതിമ മാത്രമല്ല ആശയങ്ങളും പെരുവഴിയിലാണ്. ഗാന്ധിയെന്നാൽ പലർക്കും ശുചിത്വത്തിന്റെ മാത്രം പ്രതീകമാണ്.
മഹാത്മ എന്ന വാക്ക് പലർക്കും രുചിക്കാതിരിക്കുന്നു. ഗോഡ്സേയെ മഹാത്മാവാക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ തികച്ചും പെരുവഴിയിലാകുന്ന ഗാന്ധിജിയെ കണ്ടു ശീലിച്ചവർക്ക് മുന്നിലാണ് മരങ്ങൾക്കിടയിൽ ശാന്തനും സ്വസ്ഥനമായ ഗാന്ധി! ഗാന്ധിയുടെ ചിന്തകളും ആശയങ്ങളും ജന്മനാട് മറന്നു പോയിരിക്കുന്നു. മറ്റൊരു നാട്ടിൽ ആ ആശയങ്ങൾക്ക് കാതോർക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ, അപകടത്തിൽപ്പെട്ടവർക്കായി സംഘടിതവും സുസ്ഥിരവുമായ ഒരു സൈനിക നഴ്സിംഗ് സംവിധാനമോ യുദ്ധക്കളത്തിൽ പരിക്കേറ്റവരെ പാർപ്പിക്കാനും ചികിത്സിക്കാനും സുരക്ഷിതവും പരിരക്ഷിതവുമായ സ്ഥാപനങ്ങളോ ഇല്ലായിരുന്നു. 1859 ജൂണിൽ, സ്വിസ് വ്യവസായി ഹെൻറി ഡുനന്റ് (Henry Dunant) ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ മൂന്നാമനെ കാണാൻ ഇറ്റലിയിലേക്ക് പോയി – അക്കാലത്ത് അൾജീരിയയിൽ ബിസിനസ്സ് നടത്തുന്നതിലെ ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ. ജൂൺ 24 ന് വൈകുന്നേരം ഇറ്റാലിയൻ പട്ടണമായ സോൽഫെറിനോയിൽ എത്തിയപ്പോൾ, അവിടെ നടന്നു കൊണ്ടിരുന്ന യുദ്ധത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. ഒരൊറ്റ ദിവസം കൊണ്ട് ഇരുവശത്തുമായി 40,000 സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തു.
യുദ്ധാനന്തര ഭീകരത, പരിക്കേറ്റ സൈനികരുടെ കഷ്ടപ്പാടുകൾ, വൈദ്യസഹായത്തിന്റെ അഭാവം തുടങ്ങിയ കാര്യങ്ങൾ ഹെൻറി ഡുനന്റിനെ ഞെട്ടിച്ചു. തന്റെ യാത്രയുടെ യഥാർത്ഥ ഉദ്ദേശ്യം അദ്ദേഹം പൂർണ്ണമായും ഉപേക്ഷിച്ച്, പരിക്കേറ്റവരുടെ ചികിത്സയ്ക്കും പരിചരണത്തിനും സഹായിക്കുന്നതിന് ദിവസങ്ങളോളം അവിടെ ചെലവഴിച്ചു. വിവേചനമില്ലാതെ സഹായിക്കാൻ പ്രാദേശിക ജനതയെ പ്രേരിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ സഹായം സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ജനീവയിലെ തന്റെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം 1862-ൽ പ്രസിദ്ധീകരിച്ച ‘എ മെമ്മറി ഓഫ് സോൾഫെറിനോ’ എന്ന പുസ്തകം യൂറോപ്പിലെ പ്രമുഖ രാഷ്ട്രീയ, സൈനിക വ്യക്തികൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. കൂടാതെ പരിക്കേറ്റ സൈനികരെ സഹായിക്കാൻ ദേശീയ സന്നദ്ധ ദുരിതാശ്വാസ സംഘടനകൾ രൂപീകരിക്കണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.
റെഡ് ക്രോസ് മ്യൂസിയത്തിനു മുന്നിൽ കുറെ പ്രതിമകളുണ്ട്. അവർ യുദ്ധ രക്തസാക്ഷികളാണ് (war victims). സന്ദർശകർ ഈ രക്തസാക്ഷികളോട് ചേർന്ന് നിന്ന് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലിടണമെന്ന് അവിടെ എഴുതി വെച്ചിരുന്നു. ഇനിയൊരു യുദ്ധം വേണ്ട, ഇനിയും യുദ്ധ രക്തസാക്ഷികളുണ്ടാവരുത്, ഒരു യുദ്ധത്തെയും സന്ദർശകരാരും പ്രോത്സാഹിപ്പിക്കരുത് എന്ന് പ്രതീകവത്ക്കരിക്കുകയാണ് ഫോട്ടോയിലൂടെ…
യുദ്ധത്തിന്റെ കെടുതികളിലേക്കും നഷ്ടങ്ങളിലേക്കും വിരൽ ചൂണ്ടുകയാണ് മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളിലൂടെ. . . രക്തം പുരണ്ട വസ്ത്രങ്ങൾ മുതൽ യുദ്ധത്തടവുകാർ വരെയുണ്ട്. രക്തസാക്ഷികൾ നമ്മുടെ മുഖത്തോടു മുഖം നോക്കി അവരുടെ അനുഭവം പങ്കുവെയ്ക്കുന്നത് മുറിവേറ്റുകൊണ്ടല്ലാതെ കണ്ടിരിക്കാനാവില്ല. (യഥാർത്ഥത്തിൽ മരിച്ചവരാണവർ -സാങ്കേതികതയുപയോഗിച്ച് നേരിട്ടെന്ന പോലെ സംസാരിക്കുകയാണ്. )
ജനീവയിൽ വന്നെത്തുന്ന എല്ലാവരും നിർബന്ധമായി കാണേണ്ടതാണ് ഈ മ്യൂസിയം. പ്രത്യേകിച്ച് രാഷ്ട്ര നേതാക്കൾ… യുദ്ധമല്ല സമാധാനത്തിന്റെ വഴിയാണ് നമുക്ക് വേണ്ടത് എന്ന് ബോധ്യപ്പെടുത്തുന്നു ഈ മ്യൂസിയം.
Read Here: ഹിമാനികളുടെ നടുവിൽ: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 7