മെയ് 13 നാണ് ലോക പുനര്‍നിര്‍മ്മാണ സമ്മേളനം ആരംഭിക്കുന്നത്. 9.30 ന് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പ്ലീനറിയുടെ ഒരു ഓപ്പണ്‍ സെഷനില്‍ സംസാരിക്കുന്നത്. ഒന്‍പത് മണിക്ക് മുമ്പേ രജിസ്‌ട്രേഷന് വേണ്ടി എത്തണമെന്നറിയിച്ചിരുന്നു. GP 2019 എന്നൊരു ആപ്പും തുടങ്ങിയിരുന്നു. ഇതിനെപ്പറ്റിയൊക്കെ ഐക്യരാഷ്ട്ര സഭയുടെ പല വിഭാഗങ്ങളില്‍ നിന്ന് ഇ-മെയിലുകള്‍ വന്നിരുന്നു. പൊതുവെ ഇ-മെയിലുകള്‍ ശ്രദ്ധിയ്ക്കുകയും കഴിയുന്നതും വേഗത്തില്‍ മറുപടി കൊടുക്കാനും ശ്രമിക്കാറുണ്ട്. അതു കൊണ്ട് തന്നെ ഐക്യരാഷ്ട്ര സഭയില്‍ നിന്ന് വരുന്ന മെയിലുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. രജിസ്‌ട്രേഷന്‍ മുന്‍കൂട്ടി ചെയ്തിരുന്നു.

എങ്കിലും ബാഡ്ജും മറ്റും വാങ്ങേണ്ടതുണ്ടായിരുന്നു. ആളിവിടെ എത്തി എന്നറിയിക്കേണമല്ലോ! പക്ഷേ, സീമ ടീച്ചര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രാഷ്ട്രീയ നേതാവു കൂടിയായതു കൊണ്ട് അത്യാവശ്യം കേസുകളുണ്ടായിരുന്നതു കൊണ്ട് പാസ്‌പോര്‍ട്ട് പുതുക്കാന്‍ നല്‍കിയിട്ട് കുറെ നടപ്പ് നടന്നിട്ടാണ് കിട്ടിയത്. ആദ്യമൊക്കെ യാത്രയെക്കുറിച്ച് ഫോണില്‍ സംസാരിക്കുമ്പോഴൊക്കെ യാത്ര നടക്കുമോന്ന് അറിയില്ലെന്ന് പറയുമായിരുന്നു.

രാവിലത്തെ ഭക്ഷണം താമസിച്ച ഹോട്ടലില്‍ നിന്ന് കഴിച്ച് ഞങ്ങള്‍ യാത്ര തിരിക്കുമ്പോള്‍ സമയം 7.30 കഴിഞ്ഞിട്ടേയുള്ളൂ. തലേന്ന് കിട്ടിയ നിര്‍ദ്ദേശപ്രകാരം പൊതു വാഹനത്തില്‍ എത്താവുന്നതേയുള്ളൂ. 20-25 മിനിറ്റ് യാത്ര! ബസ് നമ്പര്‍ 10 ല്‍ കയറി മൂന്നു സ്റ്റോപ്പുകള്‍ക്കപ്പുറം ഇറങ്ങി ബസ് നമ്പര്‍ 22 ല്‍ നേഷന്‍സില്‍ ഇറങ്ങുക. കിട്ടിയ നിര്‍ദ്ദേശത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു. പക്ഷേ, ബസ് കാത്തു നില്‍ക്കുമ്പോള്‍ രണ്ടു ഡല്‍ഹിക്കാരികള്‍ വന്നു പരിചയപ്പെട്ടു. അവരും സമ്മേളനത്തിന് വന്നവരാണ്. അവര്‍ക്ക് ഈ നഗരം ചിരപരിചിതമെന്ന പോലെയായിരുന്നു പെരുമാറ്റം. എയര്‍പോര്‍ട്ടൊഴികെ ഒന്നും പരിചിതമല്ലാത്ത ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി. ബസ് നമ്പര്‍ 10 വന്നപ്പോള്‍ ഒരുമിച്ചു കയറി. അവരിറങ്ങിയ Buchet സ്റ്റോപ്പില്‍ ഞങ്ങളുമിറങ്ങി. ഇനി എങ്ങോട്ട്? ഏതു ദിക്കിലേക്ക്?

റോഡ് മുറിച്ചു കടന്ന് ബസ് നമ്പര്‍ 22 പ്രതീക്ഷിച്ചു നിന്നു. അതാ വരുന്നു 22… പക്ഷേ നിര്‍ത്തിയത് ആദ്യം ഇറങ്ങിയിടത്ത് നിന്ന് വലത്തോട്ടു തിരിയുന്ന റോഡിലാണ്. കാല്‍നടക്കാര്‍ക്ക് വേണ്ടി അടയാള വിളക്കില്‍ പച്ച കത്തി നിന്നതു കൊണ്ട് ഓടി അപ്പുറത്തെത്തി ഒരു വിധത്തില്‍ ബസില്‍ കയറി. ഇരുവശവും മരങ്ങള്‍. മനോഹരമായ വാസ്തുവിദ്യയില്‍ തീര്‍ത്ത കെട്ടിടങ്ങള്‍. പരിചയമുള്ളവര്‍ കൂടെയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ പുറംകാഴ്ചകളില്‍ ലയിച്ചിരുന്നു. കുറേയിരുന്നിട്ടും നേഷന്‍സ് എത്തുന്നില്ല. നഗരം വിട്ട് ബസ് ഒരു പാലം കയറി ഗ്രാമപ്രദേശത്തേക്കു പ്രവേശിച്ചു. ഭംഗിയുള്ള പാലമായിരുന്നു. താഴെ പുഴയുടെ (തടാകത്തിന്റെ ഭാഗമോ) കരയില്‍ പൈന്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചതു പോലുണ്ടായിരുന്നു. ഇന്നേ വരെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത സുന്ദരമായ കാഴ്ച!

ഒരു മേല്‍പ്പാലത്തിനരുകില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഡല്‍ഹിക്കാരികള്‍ എടുപിടീന്ന് ചാടിയിറങ്ങി. ഒപ്പം ഞങ്ങളും. സമയം 8.30.

ഇറങ്ങി കഴിഞ്ഞപ്പോഴാണ് മനസ്സിലായത് വഴി തെറ്റിയിരിക്കുന്നു! 22 ല്‍ നിന്നും വരുന്ന ബസിനാണ് ഞങ്ങള്‍ കയറിയത്. മേല്‍പ്പാലം കയറിയിറങ്ങി അടുത്ത ബസിന് Buchet ലേക്ക്. അവിടെ നിന്ന് 22 ല്‍ നേഷന്‍സിലേക്ക്… സമയം 9 നോടടുത്തപ്പോഴാണ് നേഷന്‍സില്‍ എത്തുന്നത്.europe travelogue, myna umaiban, iemalayalam

ഒരു കാലൊടിഞ്ഞ കസേരയുടെ ശില്പമുണ്ടവിടെ. യാത്രികര്‍ ഒറ്റയ്ക്കും കൂട്ടായും സെല്‍ഫിയെടുക്കുന്നു. പിന്നില്‍ ഒരു വാട്ടര്‍ ഫൗണ്ടന്‍ ഉണ്ട്. അതിന് എതിരെയുളള റോഡു കടന്നാല്‍ നേഷന്‍സിന്റെ മുഖ്യ കവാടമാണ്. 193 രാജ്യങ്ങളുടെയും പതാകകള്‍ നാട്ടിയിരിക്കുന്നു. സെക്യൂരിറ്റി ഓഫീസറുടെ കൈയ്യില്‍ എന്റെ രജിസ്‌ട്രേഷന്‍ ഫോം കൊടുത്തപ്പോള്‍ കുറച്ചു മുകളിലേക്ക് നടക്കണമെന്നു പറഞ്ഞു. ചെറിയ കയറ്റമാണ്. നടക്കുന്നതിന്റെ വലതുവശം യുഎന്‍ കോമ്പൗണ്ട് ആണ്. മതിലുകളില്ല അവിടെ. മരങ്ങളാണ്. ശിശിരത്തില്‍ പൊഴിഞ്ഞ ഇലകള്‍ക്കു പകരം പുതുനാമ്പുകള്‍ തളിര്‍ത്ത് ഇളം പച്ചയോടെ നില്‍ക്കുന്നു എങ്ങും.

ടീച്ചര്‍ അസ്വസ്ഥയാണ്. സമയം കഴിഞ്ഞു. ഇനി രജിസ്‌ട്രേഷന്‍ നടക്കുമോ? ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുമില്ല. എനിക്കു പക്ഷേ അല്പവും സമ്മര്‍ദ്ദമില്ലായിരുന്നു. മറ്റൊരു നാട്ടില്‍ പ്രത്യേകിച്ച് അപരിചിതമായ നാട്ടില്‍ ഒട്ടും ഗൃഹപാഠം ചെയ്യാതെ ഇറങ്ങിത്തിരിക്കാന്‍ പാടില്ലായിരുന്നു. പക്ഷേ, സംഭവിച്ചു പോയി. എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലില്‍ നിന്നും റൂട്ട് മാപ്പുകള്‍ കിട്ടിയിരുന്നു. ബസ് നമ്പര്‍ 10, 22 എന്ന സംഖ്യയില്‍ ഞങ്ങള്‍ വിശ്വസിച്ചു. ദിക്കുകള്‍ മനസ്സിലാക്കിയില്ല. ബസ്സില്‍ കണക്ഷന്‍ ബസുകളെപ്പറ്റി സൂചിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അതും അശ്രദ്ധയോടെയാണ് നോക്കിയിരുന്നത്. ഞാന്‍ ടീച്ചറോട് സമാധാനം പറയുന്നുണ്ട്. രജിസ്‌ട്രേഷന്‍ 9 ന് നിര്‍ത്തി വെയ്ക്കാനൊന്നും സാധ്യതയില്ല. എത്രയോ രാജ്യങ്ങളില്‍ നിന്ന് 6000 ലേറെപ്പേര്‍… ഇവരുടെ രജിസ്‌ട്രേഷന്‍ ഒരു മണിക്കൂറില്‍ അവസാനിക്കുകയോ? സാധ്യമല്ലാത്ത കാര്യം.
അങ്ങനെ നടക്കുമ്പോള്‍ വലതു വശത്ത് മരങ്ങള്‍ക്കിടയില്‍ സ്വസ്ഥനും ശാന്തനുമായി ഗാന്ധിജി ഇരിക്കുന്നു! റോഡരുകില്‍ നിന്ന് കുറച്ചു മാറിയാണ്.

ടീച്ചര്‍ വേഗത്തില്‍ മുന്നോട്ടു നടക്കുകയാണ്. വഴിയില്‍ നിന്ന് രണ്ടു ഫോട്ടോയെടുത്ത് തിരിച്ചു പോകും മുമ്പ് സ്വസ്ഥമായി വരാം കേട്ടോ എന്ന് ഗാന്ധിജിയോട് പറഞ്ഞ് ടീച്ചറുടെ ഒപ്പമെത്താന്‍ ഓടി. ഇടതു വശത്ത് റെഡ്‌ക്രോസ് ആസ്ഥാനം. വലത് യുഎന്‍ കെട്ടിട സമുച്ചയം.

എയര്‍പോര്‍ട്ടിലില്ലാത്ത സുരക്ഷാ പരിശോധനയായിരുന്നു അവിടെ. വളയും മോതിരവും വരെ അഴിപ്പിച്ചു. പത്തു മുപ്പതാളുകള്‍ക്കു പുറകില്‍ നിന്നു. സമാധാനമുണ്ട് – രജിസ്‌ട്രേഷന്‍ തുടരുകയാണിപ്പോഴും. എട്ട് പത്ത് കൗണ്ടറുകളുള്ളതുകൊണ്ട് പെട്ടെന്നെത്തി. G p 2019 WRC രജിസ്‌ട്രേഷന്‍ ഇവിടെയല്ല എന്ന കൗണ്ടറിലെ ഉദ്യോഗസ്ഥ പറഞ്ഞു. പിന്നെ എവിടെയാണ്? പേടിച്ച് പേടിച്ചാണ് ചോദിച്ചത്. അവരൊരു ജര്‍മ്മനാണെന്ന് തോന്നിച്ചു. ഇന്ത്യന്‍ ഇംഗ്ലീഷ് അവര്‍ക്കും അവരുടെ സംസാരശൈലി എനിക്കും തിരിയണമെന്നില്ല. പക്ഷേ, കാര്യം വ്യക്തമായി അറിയേണ്ടതു കൊണ്ട് അവരുടെ ശൈലി പ്രശ്‌നമായതേയില്ല. അപ്പോള്‍ ശ്രദ്ധയില്ലായ്മയാണ് പ്രശ്‌നം!

അവര്‍ പറഞ്ഞു. നിങ്ങളൊരു കാലൊടിഞ്ഞ കസേര കണ്ടില്ലേ? അതിനു പിന്നിലാണ് കോണ്‍ഫറന്‍സ് കെട്ടിടം. സമയം പോയെങ്കില്‍ ടാക്‌സി പിടിച്ചോളൂ. സീമ ടീച്ചര്‍ നിന്ന കൗണ്ടറില്‍ നിന്ന് ‘ഇവിടല്ല സ്ഥലം’ എന്ന ഉത്തരമേ കിട്ടിയുള്ളൂ. ടീച്ചര്‍ വീണ്ടും അസ്വസ്ഥയായി. സമയം 9.30 ആകുന്നു. 500 മീറ്ററോളമുണ്ട് നടക്കാന്‍.

europe travelogue, myna umaiban, iemalayalam

മേപ്പിൾ മരച്ചുവട്ടിൽ

ടാക്‌സി ഞങ്ങളുടെ മനസ്സിലില്ല. ഇങ്ങോട്ടുള്ള കയറ്റം കയറിയതിന്റെ ശ്വാസംമുട്ടല്‍ കുറഞ്ഞിട്ടില്ല ടീച്ചര്‍ക്ക്. വീണ്ടും നടന്നു കീഴോട്ട്… അതാ ഗാന്ധിജി… അതാ തകര്‍ന്ന കസേര! പിന്നില്‍ ഫൗണ്ടന്‍… പക്ഷേ, പിന്നില്‍ ഏറെ കെട്ടിടങ്ങള്‍. വഴിയില്‍ ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാല്‍ ഇംഗ്ലീഷ് അറിയുന്നവര്‍ കുറവാണ്. അറിഞ്ഞാല്‍ തന്നെ അതിവേഗതയിലെ അവരുടെ ശൈലി പിടി കിട്ടില്ല. ഏതായാലും രണ്ടു മൂന്നു പേരോട് ചോദിച്ച് യഥാര്‍ത്ഥ സ്ഥലത്ത് എത്തിച്ചേര്‍ന്നു.

വഴി തെറ്റാന്‍ വീണ്ടുമിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.

* * *
അടുത്തെവിടെയെങ്കിലും കാണാന്‍ പോയാലോന്നുണ്ട് എന്നറിയിച്ചപ്പോള്‍ നിയോണ്‍ ആണ് നല്ലത് എന്നറിഞ്ഞു. പക്ഷേ, പരിചയമില്ല. ട്രെയിനില്‍ പോകുന്നതാണ് നല്ലത്. മൂവാറ്റുപുഴക്കാരന്‍ ന്യൂറോ സയന്റിസ്റ്റ് ജയകൃഷ്ണന്‍ കൂടെ വന്നു. ഗേര്‍ കോണാവിനില്‍ സ്ട്രാബക്‌സിനു മുന്നില്‍ നില്ക്കാനാണ് പറഞ്ഞത്. പക്ഷേ, ഗേര്‍ കോണവിനിലെ പല വഴികളിലൂടെ നടന്നിട്ടും സ്ട്രാബക്‌സ് കണ്ടു പിടിക്കാനായില്ല. അടുത്തെവിടെയോ ആണെന്ന് ഗൂഗിള്‍ മാപ്പ്… അടുത്തെത്തുമ്പോള്‍ മറഞ്ഞു പോകുന്ന മായ! കുറച്ചു നേരം അങ്ങനെ ചുറ്റിക്കറങ്ങി. അപ്പോഴേക്കും ജയകൃഷ്ണനെത്തി ഞങ്ങളെ കണ്ടു പിടിച്ചു!

ഹൈ സ്പീഡ് ട്രെയിനില്‍ 12 മിനിറ്റ് മതി നിയോണിലേക്ക്. പഴയ നഗരം. ഒട്ടും തിരക്കില്ല. ഏറെക്കുറെ റോഡുകള്‍ ഒഴിഞ്ഞു കിടക്കുന്നു. കേരളത്തിലെ ഹര്‍ത്താല്‍ ദിനം പോലുണ്ട്. വല്ലപ്പോഴും മാത്രം വണ്ടികള്‍ പോകുന്നു. ജയകൃഷ്ണനും ആദ്യമായി വരികയാണ്. പഴയൊരു പള്ളിക്കരുകിലൂടെ താഴോട്ടിറങ്ങി. അതാ ഭൂമിയിലെ സ്വര്‍ഗ്ഗം മുന്നില്‍! വിശാലമായ സ്ഫടിക ജലതടാകം. ബോട്ടുകള്‍ കൂട്ടത്തോടെ വിശ്രമിക്കുന്നു. കെട്ടിടങ്ങളുടെ വാസ്തുവിദ്യ തന്നെ അത്ഭുതകരമാണ്. ഒരേ മാതൃകകള്‍ പിന്തുടരുന്നു. എത്രയോ ഫോട്ടോ എടുത്തു. ഒന്നില്‍പോലും യഥാര്‍ത്ഥ സൗന്ദര്യം പതിഞ്ഞില്ല. അന്നേരത്താണ് പഴയൊരു മൊബൈലുമായി ഇറങ്ങിത്തിരിച്ചതില്‍ അല്പം വിഷമം തോന്നിയത്.

europe travelogue, myna umaiban, iemalayalam

നിയോൺ തടാകക്കരയിൽ

ശക്തമായ കാറ്റുണ്ട്. തടാകത്തിലെ ഓളങ്ങള്‍ കരയില്‍ ആര്‍ത്തലയ്ക്കുന്നു. സംരക്ഷണഭിത്തിയ്ക്കും മുകളിലേക്ക് തിരമാലകള്‍. തടാകക്കരയില്‍ ഇരിയ്ക്കാന്‍ ചാരു ബെഞ്ചുകളുണ്ട്. ബെഞ്ചുകളിലേക്ക് പലപ്പോഴും വെള്ളം പറന്നു വീഴുന്നു. അക്കരെ കുന്നിന്‍ ചെരിവില്‍ കൊച്ചു വീടുകള്‍ കാണാം. ഫ്രാന്‍സാണത്രേ! പണക്കാര്‍ താമസിക്കുന്നിടമാണ്. ഇവിടെ നിന്നു നോക്കുമ്പോള്‍ കാടു പിടിച്ചിടം പോലെ… ഇടയില്‍ വീടുകള്‍ കാണാമെന്നു മാത്രം.

തടാകക്കരയില്‍ ദൂരദര്‍ശിനി വെച്ചിട്ടുണ്ട്, അക്കരയ്ക്കു നേരെ… ദൂരദര്‍ശിനി പണ്ടേ എന്റെ ദൗര്‍ബ്ബല്യമാണ്. ഒരു ദൂരദര്‍ശിനി വേണമെന്നും അതിലൂടെ അക്കരെ മലയിലേക്ക് നോക്കിയിരിക്കണമെന്നും ആഗ്രഹിച്ച കൗമാരകാലമുണ്ട്. അന്നൊന്നും കിട്ടാന്‍ വഴിയില്ലായിരുന്നു. പിന്നെ, പണവുമില്ലായിരുന്നു.
ഓടിച്ചെന്ന് ദൂരദര്‍ശിനിയിലൂടെ നോക്കി. പക്ഷേ, ഒന്നും കാണാനായില്ല. അപ്പോഴാണ് എഴുതി വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.

ഒരു ഫ്രാങ്ക് നാണയമിട്ടാല്‍ ഒരു മിനിറ്റ് നേരത്തേയ്ക്ക് ദൂരദര്‍ശിനി കണ്ണുകള്‍ തുറക്കും. രണ്ട് ഫ്രാങ്ക് നാണയമിട്ടാല്‍ രണ്ടു മിനിറ്റും. കൈയ്യില്‍ നാണയമൊന്നുമുണ്ടായിരുന്നില്ല. എന്റെ ഉത്സാഹം കണ്ടാവണം, സീമ ടീച്ചര്‍ ബാഗില്‍ തപ്പി. കാപ്പി കുടിച്ചപ്പോള്‍ ബാക്കി കിട്ടിയതോ മറ്റോ…

കിട്ടിയത് നമ്മുടെ ഒറ്റ രൂപാ നാണയമായിരുന്നു. ഒരു രസത്തിന് ആ നാണയമിട്ടു. സത്യമായും ദൂരദര്‍ശിനി കണ്ണുകള്‍ തുറന്നു. എന്തൊരു ആനന്ദം!

സമയം തീരും മുമ്പേ ജയകൃഷ്ണനോടും ടീച്ചറോടും കാണാന്‍ പറഞ്ഞു. രണ്ടു രൂപ നാണയം കൂടി ഇട്ടു. അതാ രണ്ടു മിനിറ്റ്…

ഏകദേശം 220 രൂപയുടെ മൂല്യമുള്ള മൂന്ന് സ്വിസ് ഫ്രാങ്ക് ചെലവാകേണ്ടിടത്താണ് 217 രൂപ ലാഭിച്ചിരിക്കുന്നത്. സ്വിസുകാരെ പറ്റിച്ച ആഹ്ലാദമൊന്നു വേറെ!

ഇതറിഞ്ഞിരുന്നുവെങ്കില്‍ ഇന്ത്യന്‍ നാണയം ഇറക്കുമതി ചെയ്ത് അര ഫ്രാങ്കിന് വിറ്റ് ചെറിയ കച്ചവടം തുടങ്ങുന്നതിനെപ്പറ്റിയും ഞങ്ങള്‍ ആലോചിക്കാതിരുന്നില്ല!

europe travelogue, myna umaiban, iemalayalam

ഇന്ത്യൻ നാണയമിട്ട് ദൂരദർശിനിയിൽ ഒരു പരീക്ഷണം

പുലിമുട്ടിലൂടെ തടാകത്തിനുള്ളിലേക്ക് നടന്നാല്‍ കുറച്ചു കൂടി വിശാല കാഴ്ചകള്‍ കാണാം. പക്ഷേ, കാറ്റ്… വീഴ്ത്തുന്ന കാറ്റു കാരണം നടത്തം വഴിയില്‍ നിര്‍ത്തി. പുലിമുട്ടിന്റെ ഇരുവശത്തു നിന്നും വെള്ളം അടിച്ചു കയറി വരുന്നു. സാധാരണ സ്വെറ്ററാണ് ധരിച്ചിരിക്കുന്നത്. പുലിമുട്ടില്‍ നടക്കാനാരംഭിച്ചതോടെ തണുത്ത് വിറയ്ക്കാന്‍ തുടങ്ങി…

വീണ്ടും നടന്ന് പാര്‍ക്കില്‍ പോയിരുന്നു. മനോഹരമായ കൊച്ചു പാര്‍ക്ക്. മുമ്പ് റോമാക്കാരുടെ പ്രദേശമായിരുന്നു ഇവിടം. ഇപ്പോഴും തടാകത്തെ നോക്കി പ്രവേശന കവാടം നില്‍ക്കുന്നു… പൂക്കള്‍ക്ക് എന്തൊരു നിറമാണ്. എത്ര ഭംഗിയിലാണ് പൂക്കള്‍…

നടപ്പു തുടര്‍ന്നു. നല്ല വിശപ്പ്. ഹോട്ടലുകള്‍ ഒന്നും തുറന്നിട്ടില്ല. ഒരു ഇന്ത്യന്‍ റസ്റ്റോറന്റ് കണ്ടു. അതും അടച്ചിരിക്കുന്നു. തടാകക്കരയില്‍ നിന്നും മടങ്ങാന്‍ തീരുമാനിച്ചു. കൊച്ചു പട്ടണമാണ്. നടക്കുന്ന വഴിയില്‍ എവിടെയെങ്കിലും റസ്റ്റോറന്റ് കണ്ടു കിട്ടിയേക്കും. നടക്കുന്ന വഴിയില്‍ കണ്ടം വെട്ടി മുന്തിരി നട്ടിരിക്കുന്നു. പൊടിച്ച് പടര്‍ന്നു തുടങ്ങിയിട്ടേയുള്ളൂ. തുലിപ് അടക്കം പല പൂച്ചെടിത്തോട്ടങ്ങള്‍. വര്‍ഷത്തില്‍ നാലോ അഞ്ചോ മാസമാണ് ചൂട് കിട്ടുന്നത്. ശേഷിച്ച സമയമത്രയും മഞ്ഞും തണുപ്പുമാണ്. പൂക്കളും മുന്തിരിയുമാണ് ആ പ്രദേശത്തെ പ്രധാന കൃഷി. ട്രെയിനില്‍ വരുമ്പോഴും കണ്ടു മുന്തിരിതോട്ടങ്ങള്‍… ഏറ്റവും മികച്ച വൈനുണ്ടാകുന്നത് ഈ തോട്ടങ്ങളില്‍ നിന്നാണ്.

മക്‌ഡൊണാള്‍ഡിന്റെ ഒരു കട തുറന്നിട്ടുണ്ട്. അവിടെ കയറി. വേണ്ട സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതും പണമടയ്ക്കുകുന്നതും ATM കൗണ്ടര്‍ പോലെ കമ്പ്യൂട്ടര്‍ ബന്ധിത സംവിധാനത്തിലൂടെയാണ്. അത് ആവശ്യക്കാര്‍ ചെയ്യണം. ഞങ്ങള്‍ക്കത്ര പരിചയമില്ലാത്ത പണിയായിരുന്നു. ജയകൃഷണന് അറിയുമെങ്കിലും സസ്യാഹാരം മാത്രം കഴിക്കുന്ന എനിക്ക് എന്തൊക്കെയാണ് സസ്യ വിഭവങ്ങള്‍ എന്നറിയില്ലായിരുന്നു. ബില്ലടിച്ചു കഴിഞ്ഞാല്‍ വെയിറ്റര്‍ കൊണ്ടുവന്നു തരും. കൗണ്ടറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി ജയകൃഷ്ണന്റെ സുഹൃത്തായിരുന്നു. അവര്‍ ചിരപരിചിതരെപ്പോലെ സംസാരിച്ചു. വളരെ ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി. നിറഞ്ഞ ചിരി. ജയകൃഷ്ണന്‍ ഞങ്ങളെ പരിചയപ്പെടുത്തി. അവള്‍ എമ്മ. ഗ്രാജുവേഷന്‍ കഴിഞ്ഞ് തുടര്‍ന്ന് പഠിക്കുന്നു. പക്ഷേ, ജയകൃഷ്ണന്റെ ലാബില്‍ അസിസ്റ്റന്റായി പാര്‍ടൈം ജോലി നോക്കിയിരുന്നു. അപ്പോഴത്തെ പരിചയമാണ്.

ആ നിമിഷം മുതല്‍ എമ്മ എന്റെ മനസ്സില്‍ പതിഞ്ഞതാണ്. ഇപ്പോഴും നമ്മുടെ നാട്ടില്‍ ഏത് വലിയ ബിരുദം നേടുന്നതും രക്ഷിതാക്കളുടെ സഹായത്തിലാണ്. എന്നിട്ട് തൊഴിലില്ലാത്തതില്‍ നിരാശരായി നടക്കും. വൈറ്റ് കോളര്‍ ജോലിയേ നമുക്ക് പിടിക്കൂ. ബിരുദത്തിനും മറ്റും പഠിക്കുന്ന കുട്ടികളെ ദിവസവും കാണുന്നതാണ്. വളരെക്കുറച്ച് ആണ്‍കുട്ടികള്‍ കാറ്ററിംഗിനും മറ്റും പോകുന്നുണ്ട്. അതു തന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍. അപൂര്‍വ്വം ചിലര്‍ അവധി ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോകുന്നുണ്ട്. പെണ്‍കുട്ടികളില്‍ ചെറിയൊരു ശതമാനം ട്യൂഷനെടുക്കുന്നുണ്ട്. ഇവിടെയൊക്കെ നിവൃത്തികേടാണ് താരം! ഇല്ലെങ്കില്‍ ആരുടെയെങ്കിലും സഹായത്താല്‍ മാത്രമാണ് ജീവിതം. അതാണ് അഭിമാനമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

വിദ്യാഭ്യാസം തന്നെ തൊഴിലിനു വേണ്ടിയാണെന്നാണ് പലരുടേയും വിശ്വാസം. തൊഴിലെടുത്ത് വിദ്യാഭ്യാസം നേടുന്നത് സ്വപ്‌നത്തില്‍ പോലുമില്ല.

അതേ സമയം യൂറോപ്പിലും മറ്റും ചെറുക്‌ളാസുകളില്‍ വെച്ചേ സ്വയം പര്യാപ്തരാകുന്നു കുട്ടികള്‍. ആദ്യമൊക്കെ വീട്ടില്‍ സഹായിക്കുന്നതിന് അച്ഛനമ്മമാര്‍ പ്രതിഫലം നല്‍കുന്നു. പിന്നീടവര്‍ പുറത്തേക്കിറങ്ങുകയാണ്. ഇക്കാര്യത്തെക്കുറിച്ച് മുമ്പേ കേട്ടിട്ടുണ്ട്. പക്ഷേ, ബിരുദധാരിയായ ഒരു പെണ്‍കുട്ടി റസ്റ്റോറന്റില്‍ വെയിറ്ററുടെ പണി ചെയ്യുമെന്നറിയില്ലായിരുന്നു. ഏത് തൊഴിലിലും മാന്യത കണ്ടെത്തുന്നതാണ് അവരുടെ രീതി. മികവ്. നമുക്കില്ലാത്തതും.

Read Here: മുള്ളുവേലിക്കരുകിലെ ശിഷ്ടജീവിതം: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 3

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook