വെറുതെ പോലും ചിന്തിച്ച യാത്രയല്ലാത്തതു കൊണ്ടു തന്നെ കണ്ണും കാതും തുറന്നു വെച്ച് ഒരു കുട്ടിയുടെ മനസ്സോടു കൂടി യാത്ര ചെയ്യാന്‍ ആ നിമിഷം മുതല്‍ തീരുമാനിച്ചു. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് യാത്ര ചെയ്യുന്നത്. രസകരമായ കാര്യം, ഇപ്പോള്‍ സഞ്ചരിക്കുന്ന വിമാനത്തേക്കാള്‍ വ്യത്യസ്തമായിരുന്നു നെടുമ്പാശ്ശേരിയില്‍ നിന്ന് കയറിയ വിമാനം. ഒരു കാളവണ്ടി വിമാനമായിരുന്നു ആദ്യത്തേത്. സഞ്ചരിക്കുന്നത് നെടുമ്പാശ്ശേരിയില്‍ നിന്ന് ദോഹയിലേക്കായതുകൊണ്ട് ഇത്രയൊക്കെ മതിയെന്ന് വിമാനക്കമ്പനിക്കുണ്ടാവും. യാത്രക്കാരില്‍ കൂടുതലും പ്രവാസി തൊഴിലാളികള്‍.
അതേ സമയം ദോഹയില്‍ നിന്നുളള വിമാനം യൂറോപ്പിലേക്കുളളതു കൊണ്ടാവണം ഏറെ സൗകര്യങ്ങളോടു കൂടിയതായിരുന്നു. ജീവനക്കാരുടെ സ്വഭാവത്തില്‍ പോലും അത് പ്രകടമാണ്. ഒരേ വിമാനക്കമ്പനിയുടെ രണ്ടു ദേശങ്ങളിലേക്കുളള വിമാനത്തില്‍ എങ്ങനെയാണ് ഉച്ചനീചത്വങ്ങള്‍ പ്രകടമാവുന്നത് എന്ന് വ്യക്തമായിരുന്നു. ഒന്ന് ഏഷ്യയെ-വികസ്വരസമൂഹത്തെ അടയാളപ്പെടുത്തുന്നു. അടുത്തത് വികസിതസമൂഹത്തെയും. എന്തിനാണ് ഈ വേര്‍തിരിവ് എന്ന് ആരോടാണ് ചോദിക്കേണ്ടതെന്നറിയില്ല.
ജനല്‍ സീറ്റില്‍ ഇരുന്നു കൊണ്ട് മണലാരണ്യം കണ്ടു. മഴമേഘങ്ങളെ കണ്ടു. പല തരത്തില്‍ ഒഴുകുന്ന മേഘങ്ങള്‍ക്കിടയിലൂടെ ഞാനും സഞ്ചരിച്ചു. മേഘങ്ങള്‍ക്കിടയിലൂടെ താഴെയുള്ള പ്രദേശങ്ങള്‍ ഇടയ്ക്ക് തെളിഞ്ഞും മങ്ങിയും കണ്ടു കൊണ്ടിരുന്നു.
മേഘങ്ങള്‍ക്കിടയില്‍ താഴെയുളള പ്രദേശങ്ങള്‍ അവ്യക്തമായ നേരങ്ങളില്‍ വിമാനം സഞ്ചരിക്കുന്ന പാത സ്‌ക്രീനില്‍ കണ്ടു കൊണ്ടിരുന്നു. അതു കൊണ്ട് കുറേ ദൂരെയുള്ള പ്രദേശങ്ങളേതെന്ന് മനസ്സിലാക്കാനാകുമായിരുന്നു. ഈജിപ്ത്, ഇറാന്‍, ഇറാഖ് അങ്ങനെ പല സ്ഥലങ്ങള്‍ കാണുമ്പോഴും തൊട്ടു താഴെ ചില സ്ഥലങ്ങളുടെ മുകളിലൂടെ പോകുമ്പോഴും ജീവിതത്തില്‍ ഒരിക്കലും കാണാന്‍ സാധിക്കില്ല എന്ന് വിചാരിച്ചിരുന്നല്ലോ എന്നോര്‍ത്ത് അത്ഭുതം കൂറി. മലകള്‍ക്ക് മുകളില്‍ വെളുത്ത ചാലുകള്‍ കണ്ടപ്പോള്‍ ആദ്യം വിചാരിച്ചത് ചുണ്ണാമ്പു കല്ലുകളാണെന്നായിരുന്നു. പക്ഷേ കുറേ കഴിഞ്ഞപ്പോഴാണ് അവ മഞ്ഞുമലകള്‍ ആണെന്ന് മനസ്സിലായത്.
ഞാന്‍ ജനിച്ച ഇടുക്കിയിലും വിവാഹം കഴിഞ്ഞെത്തിയ വയനാട്ടിലും മഞ്ഞിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം കോടമഞ്ഞു മാത്രമായിരുന്നു. തൊട്ടു മുന്നിലുള്ള വസ്തുക്കളെ കാണാന്‍ വയ്യാത്തത്ര നിലയില്‍ മഞ്ഞില്‍ പൊതിഞ്ഞു നിന്നിട്ടുള്ളവ. ഇവിടെ കാണുന്നത് മഞ്ഞ് മലകള്‍ തന്നെയാണെന്ന് തിരിച്ചറിയുന്നു.
കിലോമീറ്ററോളം ജനവാസത്തിന്റെ ഒരു അടയാളം പോലും ഇല്ല. ചിലയിടത്ത് റോഡുകള്‍ വളഞ്ഞുപുളഞ്ഞു പോകുന്നത് കാണാം. പുഴകളും തടാകങ്ങളും കാണുന്നുണ്ട്. ചിലയിടങ്ങളില്‍ കെട്ടിടങ്ങളുടെ നിര… അവ പട്ടണങ്ങള്‍ ആയിരിക്കാം. വീണ്ടും കിലോമീറ്ററുകളോളം വിജനത. പിന്നെയും എവിടെയൊക്കെയോ ജനപഥങ്ങള്‍. മഞ്ഞു മലകള്‍ക്കും കാടുകള്‍ക്കും മണലാരണ്യങ്ങള്‍ക്കുമിടയില്‍ ഇത്തിരപ്പോന്ന ഇടങ്ങളിലാണ് മനുഷ്യന്‍ ഓരോ സംസ്‌ക്കാരമുണ്ടാക്കി ജീവിക്കുന്നത്. നിരന്തരമായ അന്വഷണങ്ങൾ, നിര്‍ത്താതെയുളള നടപ്പുകള്‍… ഒടുക്കം ഒരിടത്ത് ചെന്നണയുന്നു. നടന്നു വന്ന വഴികളില്‍ കണ്ട ഇടങ്ങളേക്കാള്‍ അവിടം ജീവിക്കാന്‍ നല്ലതെന്നു തീരുമാനിക്കുന്നു. മനുഷ്യന്റെ ശക്തിയെ, മനുഷ്യന്‍ ജീവിക്കുന്ന ലോകത്തെ, അത്ഭുതത്തോടും അമ്പരപ്പോടും കൂടിയല്ലാതെ എനിക്കപ്പോള്‍ നോക്കി കാണാന്‍ കഴിഞ്ഞില്ല. ഈ മഞ്ഞു മലങ്ങള്‍ക്കിടയില്‍ എവിടെയൊക്കെയോ മാത്രം മനുഷ്യന് സ്വസ്ഥമായി ജീവിക്കാമെന്ന് കണ്ടുപിടിച്ച ആ പൂര്‍വ്വികരെ നമിക്കുന്നു.
ദേവിയാര്‍ എന്ന വട്ടത്തില്‍, പിന്നെ മറയൂരെന്ന ഇത്തിരിവട്ടത്തില്‍ പിന്നെ പിന്നെ വയനാടും കോഴിക്കോടും മലപ്പുറവും വല്ലപ്പോഴും കേരളമാകെ സഞ്ചരിച്ച് കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ തെക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിലേക്ക് സഞ്ചരിച്ച ഓര്‍മ്മകളുള്ള എന്നെ സംബന്ധിച്ച് ആകാശക്കാഴ്ച വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ വിസ്മയം എന്നത് പോലെ മനുഷ്യന്‍ ഒരു സമസ്യയായി മുന്നില്‍ നിന്നു. ഭൂമി ജീവിക്കാന്‍ സാധിക്കുന്ന ഒരു ഗ്രഹമല്ല എന്ന് എലിയട്ട് ‘വേസ്റ്റ് ലാന്‍ഡി’ല്‍ പാടുന്നു. പക്ഷേ, ഇവിടെ മനുഷ്യന്‍ സുരക്ഷിതമെന്ന് അവരുടേതായ രീതിയില്‍ അവകാശപ്പെട്ട് ജീവിക്കുന്നു. ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ച് പച്ച മനുഷ്യര്‍ അവരുടെ നിയമങ്ങളും ചട്ടക്കൂടുകളും ജീവിതരീതിയും സംസ്‌കാരവും ഉണ്ടാക്കിയിരിക്കുന്നു. ഒരിടത്തു നിന്ന് മറ്റൊരിടം വ്യത്യസ്തമാകുന്നത് അതു കൊണ്ടൊക്കെയാവണം.
എല്ലാ മനുഷ്യരുടെയും നേട്ടങ്ങള്‍ക്ക് പിന്നില്‍ ഒരുപാട് ത്യാഗത്തിന്റെയും ഒരുപാട് ചിന്തയുടെയും ബുദ്ധിയുടെയും ഫലമുണ്ട്. പക്ഷേ അത് തിരിച്ചറിയാതെ നാം പൊരുതുന്നു. എത്രയെത്ര പടയോട്ടങ്ങള്‍, യുദ്ധങ്ങള്‍, പിടച്ചടക്കലുകള്‍, ചോരപ്പുഴയൊഴുക്കുകള്‍… എന്തെല്ലാം വേര്‍തിരിവുകള്‍, മാറ്റി നിര്‍ത്തലുകള്‍… കറുത്തവരും വെളുത്തവരും തമ്മില്‍, സംസ്‌ക്കാരങ്ങള്‍ തമ്മില്‍, പ്രദേശങ്ങള്‍ തമ്മില്‍, ഉളളവരും ഇല്ലാത്തവരും തമ്മില്‍ അകലം കല്‍പ്പിക്കുന്നു.
ഈ ആകാശത്തിന്റെ അതിര് എവിടെയാണ്? ഹോമോസാപ്പിയന്‍സ് എന്ന മനുഷ്യവര്‍ഗ്ഗം യഥാര്‍ത്ഥ മനുഷ്യനിലേക്ക്, മനുഷ്യത്വത്തിലേക്ക് എത്ര ദൂരം കൂടി സഞ്ചരിക്കേണ്ടി വരും! ദൈനംദിനം ഇടപെടുന്ന ഹോമോസാപ്പിയനില്‍ ഞാനടക്കമുളള മനുഷ്യര്‍ എവിടെയെത്തിയെന്ന് ആലോചിക്കുന്നു.
മനുഷ്യന്‍ ഭൂമിയില്‍ ഉടലെടുത്ത കാലം മുതല്‍ കണക്കു കൂട്ടിയാല്‍, വളരെ കുറച്ച് ചുവടുകള്‍ മാത്രമേ നാം സംസ്‌കാരത്തിന്റെ പാതയിലൂടെ നടക്കാനായിട്ടുള്ളൂ. അതു കൊണ്ട് തന്നെ മനുഷ്യ ജീവിതത്തില്‍ ഏറിയ കൂറും കാട്ടു മനുഷ്യന്റെ അവശിഷ്ടങ്ങളാണ്. നമ്മളിപ്പോഴും പല്ലിന് പല്ല് എന്നും കണ്ണിനു കണ്ണൈന്നുമൊക്കെ വാദിച്ചു കൊണ്ടിരിക്കുന്നത് കാടത്തത്തിന്റെ അവശിഷ്ടങ്ങൾ എറെയുളളതു കൊണ്ടാണ്. ഓരോരുത്തരുടേയും സംസ്‌ക്കാരം വ്യത്യസ്തമായി രൂപപ്പെടുന്നത് പിറന്നു വീഴുന്ന ഇടം മുതല്‍ അനേക കാരണങ്ങള്‍ കൊണ്ടാണ്.
നിശ്ചയമായും ഈ യാത്രയുടെ ലക്ഷ്യങ്ങളിലൊന്ന് വിവിധ സംസ്‌കാരങ്ങളെ പരിചയപ്പെടുക എന്നതാണ്.
സംസ്‌ക്കാരത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും മനസ്സിലാക്കണമെന്നുണ്ടെങ്കിലും മുതിര്‍ന്നൊരാളായിരിക്കാന്‍ ആഗ്രഹിച്ചതേയില്ല. അതെന്റെ കാഴ്ചകളെ ശുഷ്‌കമാക്കും എന്നറിയാമായിരുന്നു. ഒരു തരത്തില്‍ ഈ യാത്രയില്‍ ഞാന്‍ അനുഭവിച്ച സ്വാതന്ത്ര്യം ഒറ്റയ്ക്കാണെന്നുള്ളതായിരുന്നു. ചെറിയ ബസ് യാത്രകളും ട്രെയിന്‍ യാത്രകളുമൊഴിച്ച് വലിയ യാത്രകള്‍ ഒറ്റയ്ക്ക് അടുത്ത കാലത്ത് നടത്തിയിട്ടില്ലായിരുന്നു. അതിനൊരു കാരണം കുഞ്ഞുങ്ങളോടൊപ്പമുള്ള യാത്ര എന്നെ ഉത്തരവാദിത്വ ബോധമുള്ളവളാക്കുന്നതായിരുന്നു. അന്നേരമൊക്കെ എന്റെ കാഴ്ചകള്‍ അധികവും കുഞ്ഞുങ്ങളിലേക്ക് ചുരുങ്ങി പോകുമായിരുന്നു. ശ്രദ്ധ അവരിലേക്ക് പതിയുമ്പോള്‍-ഉത്തരവാദിത്വ ബോധം- യാത്രയുടെ സ്വാതന്ത്ര്യത്തെ പലപ്പോഴും ഇല്ലാതാക്കുന്നു. കുഞ്ഞുങ്ങള്‍ വളര്‍ന്നിട്ട് വേണം എനിക്ക് തനിച്ചു യാത്ര ചെയ്യാന്‍ എന്ന് കരുതിയിരുന്നു. ഒറ്റയ്ക്കല്ലെന്നാലും ഒറ്റയ്ക്കാണ് ഈ യാത്ര. ശ്രദ്ധ മറ്റു കാര്യങ്ങളില്‍ ചെന്നു പെടാതിരിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നു. അതു കൊണ്ട് കൂടിയാണ് കുഞ്ഞുങ്ങളുടേതു പോലെ മനസ്സിനെ ഏകാഗ്രമാക്കി വയ്ക്കാന്‍ സാധിച്ചതും.
മഞ്ഞു മലകള്‍, താഴ്വരകള്‍, വീടുകള്‍, പട്ടണങ്ങള്‍, കൃഷിയിടങ്ങള്‍ അതിനിടയില്‍ മേഘങ്ങള്‍… ജനീവയിലേക്കുള്ള ദൂരം മുന്നിലെ സ്‌ക്രീനില്‍ എപ്പോഴും നോക്കിക്കൊണ്ടേയിരുന്നു. സ്‌ക്രീനില്‍ ജനീവ തടാകമാണ് തെളിഞ്ഞു കാണുന്നത്. മഞ്ഞു മൂടിയ പര്‍വ്വതനിരകള്‍ക്കിടയില്‍ അര്‍ദ്ധ ചന്ദ്രാകൃതിയില്‍ ജനീവ തടാകം കിടന്നു…. ഈ മലനിരകള്‍ ആല്‍പ് നിരകളാണെന്ന് അറിയാമായിരുന്നു. ഞങ്ങളുടെ കുതിരകുത്തി മല കാണുന്ന നൊസ്റ്റാള്‍ജിയയിലൂടെയാണ് ആല്പ്‌സും താഴ്വാരവും കണ്ടത്. ഈ മലനിരകളും താഴ്വാരവും എത്രയെത്ര കഥകളാണ് ലോക സാഹിത്യത്തിലൂടെ നമ്മളോട് പറഞ്ഞു കൊണ്ടിരുന്നത്. അത്ഭുതകരമായ കാഴ്ചയില്‍ ഞാന്‍ മതി മറന്നിരുന്നു. മേഘങ്ങള്‍ക്കിടയില്‍ ആകാശഗട്ടറില്‍ പല വട്ടം വീണ് വീണ്ടും നേരായ പാതയിലൂടെ പോയി വീണ്ടും മേഘങ്ങള്‍ക്കിടയിലൂടെ ഇറങ്ങുകയാണ് വിമാനം. താഴെ തട്ടുതട്ടായ വയലിടങ്ങള്‍ കാണാം. സുന്ദരമായ കാഴ്ചകള്‍. പൈന്‍മരക്കാടുകള്‍…
എന്നാലും, മലകള്‍ക്കിടയിലൂടെ ജനീവ പട്ടണത്തിലേക്ക് ഇറങ്ങുന്ന വിമാനത്തെക്കുറിച്ചുള്ള ചിന്ത ചില നേരത്തെങ്കിലും കിടലമുണ്ടാക്കുന്നുണ്ട്. കുലുങ്ങിക്കുലുങ്ങിയാണ് ഞങ്ങളുടെ വിമാനം എയര്‍പോര്‍ട്ടിലേക്ക് ഇറങ്ങുന്നത്. ചെറു വിമാനത്താവളം.
കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ ഇവിടത്തെ ആളുകളായി മാറുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തേണ്ട വിമാനം അരമണിക്കൂറോളം താമസിച്ചാണ് എത്തിയിരിക്കുന്നത്. വിമാനത്തില്‍ നിന്നും വാതിലിനടുത്തേക്ക് നടക്കുമ്പോള്‍ പുറത്ത് അതിശക്തമായ ഹൂ….ഹൂ ശബ്ദം. പുറത്തേക്ക് നോക്കുമ്പോള്‍ കത്തുന്ന വെയിലാണ്. ഈ വെയിലില്‍ എന്ത് കാറ്റ് എന്നാണാദ്യം തോന്നിയത്. ചൂടുകുപ്പായങ്ങള്‍ ലഗേജിലാണ്. കൈയ്യില്‍ ഒന്നുമില്ല. ഇതേ വരെ തണുപ്പിനെപ്പറ്റി ചിന്തിക്കേണ്ടായിരുന്നു. പൊള്ളുന്ന ചൂടില്‍ നിന്നാണ് വിമാനം കയറിയത്. ഒരുപക്ഷേ, കേരളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചൂടില്‍ നിന്ന്!
പുറത്തെ ഹൂ.. ഹൂ ശബ്ദം വിമാന എഞ്ചിന്റേതോ മറ്റോ ആണെന്ന് വിശ്വസിക്കാനാണ് അന്നേരത്ത് ഇഷ്ടപ്പെട്ടത്. പക്ഷേ, പുറത്തിറങ്ങിയപ്പോള്‍ ബോധ്യപ്പെട്ടു. പറത്തിക്കളയുന്ന കാറ്റാണ്. മാത്രമല്ല സഹിക്കാവുന്നതിലുമേറെ തണുപ്പ്. പകല്‍ താപനില 12 ഡിഗ്രിയായിരുന്നു. കാറ്റ് തണുപ്പു കൂട്ടുന്നു. ഇവിടെ 16, 14 ഡിഗ്രി സെല്‍ഷ്യസ് എന്നൊക്കെ കണ്ടപ്പോള്‍ മൂന്നാറിലെ, മറയൂരിലെ, വയനാട്ടിലെ പരിചിതമായ തണുപ്പെന്നു കരുതിയിരുന്നു. പക്ഷേ ഇതത്ര നല്ല തണുപ്പല്ല!.
എയര്‍പോര്‍ട്ടിനുള്ളില്‍ നിന്ന് പുറത്തു കടക്കണം. ഹോട്ടല്‍ എവിടെയെന്നറിയണം. ഹരീഷ് അന്വേഷിക്കാന്‍ പോയി.
‘ആ നേരത്താണ് ബാഗൊന്നും ശ്രദ്ധയില്ലാതെ വെയ്ക്കരുത്,’ ‘പേഴ്‌സൊക്കെ നന്നായി സൂക്ഷിക്കണം’ എന്നൊരാള്‍ പറയുന്നത്. കുറച്ചു ദൂരെ നിന്ന് പച്ച മലയാളത്തില്‍ പറയുകയാണ്.
എയര്‍പോര്‍ട്ട് ജോലിക്കാരനാണ്. പക്ഷേ, ഞങ്ങള്‍ മലയാളം പറഞ്ഞിരുന്നില്ല അന്നേരം. പിന്നെങ്ങനെ അറിഞ്ഞു? വേഷത്തിലും അത്ര മലയാളിത്തമില്ലായിരുന്നു. എന്നിട്ടും?
പരിചയപ്പെട്ടു. സായി എന്നാണ് പേര്. തിരുവനന്തപുരത്തുകാരനാണ്. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന മലയാളിയുടെ നമ്പറുണ്ടായിരുന്നു. അത് ദേവിറാം വെങ്കിടാചലമാണ്. അദ്ദേഹമന്ന് അവധിയിലാണെന്ന് മുമ്പേ അറിഞ്ഞിരുന്നു. എയര്‍പോര്‍ട്ടില്‍ ആവശ്യം വന്നാലോ എന്നു കരുതി സായിയുടെ നമ്പര്‍ വാങ്ങി. തിരിച്ചു പോകുന്നത് ഒറ്റയ്ക്കാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തൊട്ടുമുമ്പാണ് എത്തിയതെന്നും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനായില്ല എന്നും പരാതി പറഞ്ഞു സായി.
ഏറെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയെ കാത്തു നിന്നത് എന്നും അദ്ദേഹം തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന തന്നില്ല എന്നും സായി കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിനു പുറത്തിറങ്ങി ഞങ്ങളുടെ ഹോട്ടലിലേക്കുള്ള വണ്ടിക്കു കാത്തു നിന്നു. നല്ല തണുപ്പ്. വിറയ്ക്കുന്നു. ഇത്ര തണുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. ചൂടു കുപ്പായങ്ങള്‍ ബാഗിനുള്ളില്‍ എവിടെയോയാണ്. കേരളത്തില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പരുത്തി ചുരിദാറാണ്. തണുപ്പിനെ നേരിടാന്‍ ഒട്ടും പര്യാപ്തമല്ല. ഹോട്ടല്‍ മുറിയില്‍ എത്തിക്കിട്ടിയാല്‍ മതിയെന്നായിരുന്നു. കിടുകിടെ വിറയ്ക്കുന്നുണ്ട്. സീമ ടീച്ചറും ഞാനും വിമാനത്താവളത്തിനടുത്തു തന്നെയുള്ള ഐബിസ് ഹോട്ടലിലാണ്. നടക്കാവുന്ന ദൂരെമേയുള്ളൂവെങ്കിലും ബാഗുകളുമായി നടക്കാന്‍ വയ്യ. മാത്രമല്ല വഴിയെപ്പറ്റി ധാരണയില്ല. ഐബിസിന്റെ വണ്ടി വരുമെന്നാണ് പറഞ്ഞത്. പത്തു മിനിറ്റോളം കാത്തുനിന്ന ശേഷമാണ് അവരുടെ വണ്ടി വന്നത് . അത്രയും സമയം തണുപ്പത്ത് കിടുകിടാ വിറച്ചു നിന്നു.

മുറിയില്‍ ചെന്ന് അല്‍പം വിശ്രമിച്ച് ഞങ്ങള്‍ വിമാനത്താവളത്തിനടുത്തേക്ക് നടന്നു. വിമാനത്താവള ഉദ്യോഗസ്ഥനായ ദേവി റാം ചേട്ടന്‍ ഞങ്ങളെ പുറത്തു കാത്തു നില്‍ക്കുന്നു എന്നറിയിച്ചിരുന്നു. ഞങ്ങള്‍ എവിടെ കാത്തു നില്‍ക്കണം എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞ സ്ഥലത്തേക്ക് ഞങ്ങള്‍ക്ക് എത്താനായില്ല. വന്നിറങ്ങിയ ഉടനെ തന്നെ വഴിയെപ്പറ്റി ഞങ്ങള്‍ക്ക് പറഞ്ഞു തന്നുവെങ്കിലും ഒരടയാളവും മനസ്സിലായില്ല. നടന്ന് എയര്‍പോര്‍ട്ടിന് മുന്നില്‍ വന്നു നിന്നു. വേള്‍ഡ് ട്രേഡ് സെന്ററിനു മുന്നില്‍. പക്ഷേ ഞങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്ററിനു മുന്നിലുണ്ട് എന്ന് പറയുമ്പോള്‍ നാലു വശങ്ങളില്‍ എവിടെയും ആവാം. വശങ്ങള്‍ ഏതെന്ന് കൃത്യമായി പറഞ്ഞു കൊടുക്കാന്‍ സാധിച്ചില്ല. പിന്നീട് അവര്‍ തന്നെ ഞങ്ങളെ തേടി വന്നു. ദേവി റാം ചേട്ടനോടൊപ്പം ഗീതകൃഷ്ണന്‍ ചേട്ടന്‍ കൂടെയുണ്ടായിരുന്നു. ചേട്ടന്‍ ലോകാരോഗ്യ സംഘടനയില്‍ ജോലി ചെയ്യുന്നു. പിന്നീടാണ് അദ്ദേഹം തിക്കുറിശ്ശി സുകുമാരന്‍ നായരുടെ കൊച്ചുമകനാണ് എന്ന് മനസ്സിലാവുന്നത് .
എയര്‍പോര്‍ട്ട് റോഡില്‍ നില്ക്കുമ്പോഴാണ് ശ്രദ്ധിക്കുന്നത് സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ സൈക്കിളില്‍ സഞ്ചരിക്കുന്നു. ഞായറാഴ്ചയായിട്ടും ഏത് സ്‌കൂളില്‍ പോയതാണെന്നറിയില്ല. സൈക്കിളുകള്‍ക്കായി റോഡരുകില്‍ കാല്‍നടക്കാര്‍ക്കുള്ള വഴികള്‍ക്കൊപ്പം സൈക്കിള്‍ പാതകളുമുണ്ട്.
വിമാനത്താവളത്തിനു മുന്നില്‍ നിന്ന് ഞങ്ങള്‍ ഗേര്‍ കോണാവിലിലേക്ക് ബസ് കയറുകയായിരുന്നു. ഹോട്ടല്‍ ഐബിസില്‍ നിന്ന് ഞങ്ങള്‍ക്ക് 12 മുതല്‍ 16 വരെ ജനീവയിലെ പൊതുവാഹനങ്ങള്‍ ഉപയോഗിക്കാനുള്ള കാര്‍ഡ് തന്നിരുന്നു. ബസ്, ട്രാം, ട്രെയിന്‍ , ബോട്ട് എന്നിവയായിരുന്നു അവിടത്തെ പൊതുവാഹനങ്ങള്‍ . ഹൈവേകളിലൂടെ ഔഡിയും ബെന്‍സും ബിഎംഡബ്ലിയുമൊക്കെ ചീറിപ്പായുന്നുണ്ടെങ്കിലും നഗരത്തിനുള്ളില്‍ ഉള്ള റോഡുകളിലൂടെ അധികവും പൊതുവാഹനങ്ങള്‍ ആയിരുന്നു ഓടിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ മിക്കവാറും ആളുകള്‍ പൊതുവാഹനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ടാക്‌സിക്ക് വലിയ ചാര്‍ജ് വരും എന്നാണ് കേട്ടിട്ടുള്ളത്. പൊതു വാഹനത്തിലായിരുന്നു ഞങ്ങളുടേയും സഞ്ചാരം.
പാരിസ്ഥിതിക ജാഗ്രത പ്രഖ്യാപനങ്ങളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും കാണിക്കുന്ന രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പൊതുവഹനമുപയോഗിക്കുന്നതിനു പിന്നില്‍ അവരുടെ പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ കഴിവില്ലാഞ്ഞിട്ടല്ല, പരിസ്ഥിതി സംരക്ഷണം പ്രധാനമായി കണ്ടില്ലെങ്കില്‍ വരും തലമുറയ്ക്ക് ഒന്നുമുണ്ടാവില്ലെന്ന ബോധ്യം കൊണ്ടാണ്. കാര്‍ബണ്‍ ന്യൂട്രല്‍ സൊസൈറ്റിയാണ് അവരുടെ ലക്ഷ്യം.
ഞാന്‍ ജോലി ചെയ്യുന്ന മമ്പാട് കോളേജില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മാസത്തില്‍ ഒരു ദിവസം പൊതുവാഹനദിനമായി ആചരിക്കുന്നു. ആ ദിവസം അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതു വാഹനം ഉപയോഗിക്കണമെന്നാണ് പ്രിന്‍സിപ്പാള്‍ ഡോ. പി.കെ. ബാബുവിന്റെ നിര്‍ദ്ദേശം.
നാം വസിക്കുന്ന പരിസരത്തിനു വേണ്ടി ഒരു ദിവസം പോലും സൗകര്യങ്ങളില്‍ മാറ്റം വരുത്താന്‍ പ്രയാസമാണ് പലര്‍ക്കും. ജൈവവൈവിധ്യ ലോകത്തിലെ ഒരംഗം മാത്രമാണ് മനുഷ്യന്‍. എന്നാല്‍, പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്നത് മനുഷ്യനു മാത്രമാണ്. പാരിസ്ഥിതികബോധം ജീവിതത്തിലും പ്രവൃത്തിയിലുമുണ്ടെങ്കില്‍ മാത്രമേ മാറ്റം വരൂ. പാരിസ്ഥിതിക ജാഗ്രത പ്രചരിപ്പിക്കുന്നതിനുളള ചെറു ശ്രമമാണ് പൊതുവാഹനദിനം. ഇപ്പോള്‍ ചില സ്ഥാപനങ്ങള്‍ കൂടി പൊതുവാഹനദിനം ആചരിച്ചു തുടങ്ങിയിട്ടുണ്ട്. മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു!
ജനീവ നഗരമധ്യത്തിലേക്കുളള ബസ്സിനു ഞങ്ങള്‍ കാത്തു നിന്നു.
Read Here: ആകാശഗട്ടർ: മൈന ഉമൈബാൻ എഴുതിയ യൂറോപ്പ് യാത്രാവിവരണം ഭാഗം 1