വിനോദയാത്രയല്ല എന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു… കേരളത്തിന് പുറത്തേക്ക്, ഇന്ത്യയ്ക്ക് പുറത്തേക്ക്, ആദ്യമായി ഒരു അന്തർദ്ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയാണ്.
ലോക പുനർനിർമാണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പോകുന്നത്. ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, ലോകബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ ജനീവയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ ഒരു പാനൽ ചർച്ചയിൽ ഒരു വിഷയം അവതരിപ്പിച്ചു സംസാരിക്കുകയാണ് എന്റെ ദൗത്യം. തീർച്ചയായും കഴിഞ്ഞ ഒരു മാസമായി ഞാൻ ചിന്തിച്ചതത്രയും എന്താണ് അവിടെ പറയേണ്ടത് എന്നാണ്. കുറച്ചു ദിവസം
അതിനുവേണ്ടിയുള്ള വായനയിലും കുറിപ്പുകൾ തയ്യാറാക്കലിലുമായിരുന്നു. വീണ്ടും വീണ്ടും തൃപ്തിവരാതെ കുറിച്ചു കൊണ്ടിരുന്നു. വിദേശത്ത് നടക്കുന്ന ആദ്യത്തെ ആ സമ്മേളനത്തിൽ എങ്ങനെ അഭിസംബോധന ചെയ്യും എന്ന ആശങ്കകൾ തന്നെയായിരുന്നു ഏറ്റവും മുന്നിട്ടു നിന്നിരുന്നത്.
വിമാനം പറന്നുയരുമ്പോൾ മനസ്സിലെ ആശങ്കകളെ പറത്തിക്കളയുവാൻ ഞാൻ കൊതിച്ചു. എല്ലാത്തിനും ഏറെ മറ്റൊരു ആശങ്ക രണ്ടര വയസ്സുകാരിയായ മകളെ കുറിച്ചുള്ളതായിരുന്നു. അവൾ പത്തു ദിവസം എന്നെ കാണാതെ എങ്ങനെ നിൽക്കുമെന്ന ചിന്ത.
ഞങ്ങൾ നാലു പേരാണ് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം കയറിയത്. ഹരിത കേരള മിഷൻ വൈസ്ചെയർപേഴ്സൺ ഡോ. ടി എൻ സീമ , ഡോ.ഉമ വാസു ദേവൻ, ഉമയുടെ ഭർത്താവ് അഡ്വ. ഹരീഷ് വാസുദേവൻ… രാവിലെ വയനാട്ടിൽ നിന്നാണ് ഞാൻ യാത്ര തിരിച്ചത്. കോഴിക്കോട് വരെ ബസിലും അവിടെനിന്ന് ട്രെയിനിൽ ആലുവ എത്തുകയും ആലുവയിൽനിന്ന് സീമ ടീച്ചറുടെ വണ്ടിയിൽ അവരുടെ സഹോദരനായ സലിം നായരുടെ വീട്ടിലേക്ക്… അവിടെ നിന്നാണ് രാത്രി ഞങ്ങൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയത്.
സലീം ചേട്ടന്റെയും ശോഭ ചേച്ചിയുടെയും വീട്ടിൽ വെച്ച് അവരുടെ അമേരിക്കൻ സുഹൃത്ത് ഫുഗാനെ പരിചയപ്പെട്ടു. ഫുഗൻ വളരെ പെട്ടെന്ന് അടുത്തു. കേരള സംസ്കാരത്തെക്കുറിച്ച് പലതും ചോദിച്ചു. കൊതുകുകളെ ഒഴിച്ചാൽ കേരളത്തെ മൊത്തത്തിൽ ഇഷ്ടപ്പെടുന്നു എന്നവർ പറഞ്ഞു. ടീച്ചറും ഞാനും സ്വിറ്റ്സർലന്റിലേക്കാണ് പോകുന്നത് എന്നു പറഞ്ഞപ്പോൾ ‘എനിക്ക് അസൂയ തോന്നുന്നു,’ ‘എനിക്കും വരാമായിരുന്നു,’ എന്ന് അവർ പലവട്ടം പറഞ്ഞു. അവർ താമസിച്ച ഇടങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് സ്വിറ്റ്സർലൻഡ് ആയിരുന്നു. അവിടെ പത്തു വർഷം താമസിച്ചിട്ടുണ്ടത്രേ! ‘എൻറെ സ്വിറ്റ്സർലൻഡ് എൻറെ സ്വിറ്റ്സർലൻഡ്’ എന്നാണ് അവർ ഓരോവട്ടവും പറഞ്ഞത് .
പത്തു വർഷം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അന്നത്തെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു കമൽറാം സജീവ് ഒരു യാത്രാവിവരണം എഴുതി തരാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ ആശങ്കപ്പെട്ടു. കേരളത്തിന് പുറത്തേക്ക് പല വിനോദയാത്രകളും പോയിട്ടുണ്ടെങ്കിലും അതൊന്നും എന്റെ മനസ്സിൽ ആഴത്തിൽ വേരോടിയിരുന്നില്ല. ബസ്സിൽ കയറുന്നു, ലക്ഷ്യസ്ഥാനത്തെത്തുന്നു, എന്തൊക്കെയോ കാണുന്നു, എന്തൊക്കെയോ കഴിക്കുന്നു, അതേ പോലെ മടങ്ങുന്നു. ഡാൻസ് ചെയ്യുന്നു, ചിലപ്പോൾ കുറെ പാട്ടു പാടുന്നു ഇങ്ങനെ പോയാൽ ആ യാത്രകളെ എങ്ങനെ ഒരു യാത്രാവിവരണമാക്കും എന്ന കാര്യത്തിൽ ഞാൻ കൂടുതൽ കൂടുതൽ ആശങ്കയിലായി.
ജീവിതത്തിൽ നടത്തിയ എല്ലാ യാത്രകളെയുമെടുത്തു കുടഞ്ഞു നോക്കി. അതിൽ ഏതാണ് വ്യത്യസ്തമായ യാത്ര? പതിവു ശീലങ്ങളിൽ നിന്ന് വിട്ടുള്ള യാത്രയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയോളം ഒഴിവു സമയങ്ങളിൽ ആദ്യമായിട്ടെഴുതാൻ പോകുന്ന യാത്രാവിവരണത്തെക്കുറിച്ചായിരുന്നു ചിന്ത!
വിനോദയാത്രയെന്ന് കേൾക്കുന്നത് തന്നെ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്. എനിക്ക് പോകാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, അത്തയും അമ്മച്ചിയും വിട്ടില്ല. ബസ്സിൽ കയറിയാൽ ഉറങ്ങാനും ഛർദ്ദിക്കാനും തുടങ്ങുന്ന നിന്നെ എങ്ങനെ വിടുമെന്നായിരുന്നു ചോദ്യം. ശരിയായിരുന്നു , ഞാനൊരു ഉറക്കക്കാരിയും ഛർദ്ദിക്കാരിയുമായിരുന്നു യാത്രകളിൽ.
ഒരിക്കലും വിനോദയാത്ര നടക്കില്ല എന്ന ബോധ്യത്തിൽ നിന്നാണോ എന്തോ നടന്നു പോകാവുന്നിടത്തേക്ക്, ചുറ്റുപാടുകളിലേക്കിറങ്ങി നടന്നത്. അതൊരു ലഹരിയായി മാറിയത്. സംശയമുണ്ടായിരുന്നില്ല – ദൂരയാത്ര ചെയ്യാൻ സാധിക്കാത്ത ഒരു പെൺകുട്ടിയുടെ പരിസരങ്ങളിലേക്കുള്ള യാത്ര എന്നൊരു വിഷയം മനസ്സിൽ തോന്നി. ഇങ്ങനൊരു യാത്രയെ പറ്റിയെ എഴുതാൻ സാധിക്കൂ എന്നുറപ്പിക്കുകയും അത് അംഗീകരിക്കപ്പെടുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തു.
‘ഒരു പെൺകുട്ടിയുടെ അസാധാരണയാത്ര’ എന്നു പറഞ്ഞു കൊണ്ട് വലിയ പ്രാധാന്യത്തോടെയായിരുന്നു ആ യാത്ര വിവരണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത്.
എന്നാലും വലിയ യാത്രകളെപ്പറ്റി സ്വപ്നം കണ്ടിരുന്നില്ല. എല്ലാ പരിമിതികളെയും ഓർമിച്ചു കൊണ്ടു മാത്രമേ ഒരു യാത്രയെപ്പറ്റി ചിന്തിക്കാനാവൂ എന്നുറച്ചു വിശ്വസിച്ചിരുന്നു. പ്രത്യേകിച്ച് ജീവിതത്തിൽ പല വേഷക്കാരിയായിരിക്കുമ്പോൾ. പുഴയെപ്പറ്റി ഒരു ലേഖനമെഴുതിത്തുടങ്ങുമ്പോൾ ഇങ്ങനെ എഴുതിത്തുടങ്ങി…
‘നയാഗ്രയോ, ആമസോൺ കാടുകളോ, ബുർജ് ഖലീഫയോ, ചൈനയുടെ വൻമതിലോ എന്തിന് കാശ്മീരും ഹിമാലയവും പോലും എന്റെ സ്വപ്നത്തിലില്ല. മോഹിക്കുന്നില്ല എന്ന് അതിനർത്ഥമില്ല. നടക്കുന്ന കാര്യങ്ങളാലോചിച്ചാൽ മതിയല്ലോ എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട്,’ ദൂരയാത്രകളെപ്പറ്റി ചിന്തിക്കാത്തൊരാൾ ഇതാ അവിചാരിതവും അപ്രതീക്ഷിതവുമായി, ഏകദേശം പതിനാലു മണിക്കൂർ വിമാനത്തിൽ യാത്ര ചെയ്യുന്നു.
ആദ്യമായിട്ട് വിദേശത്തേക്ക് പോവുകയാണെന്നറിഞ്ഞപ്പോൾ പരിചയസമ്പന്നരിൽ നിന്ന് കുറേ നിർദ്ദേശങ്ങൾ കിട്ടി. അവിടുത്തെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വസ്ത്രം, യൂണിവേഴ്സൽ ചാർജർ, പണം എങ്ങനെ ചെലവാക്കണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…
ജനീവയിലെ കാലാവസ്ഥ ‘സമ്മർ’ എന്നായിരുന്നു കണ്ടത്. തണുപ്പിനുള്ള വസ്ത്രങ്ങളെപ്പറ്റി ചിന്തിച്ചിരുന്നില്ല. യുഎന്നിൽ നിന്നുള്ള ഒരു കത്തിൽ ‘സമ്മറിലേക്ക് സ്വാഗതം’ എന്നും കണ്ടിരുന്നു. ജനീവയിലെ കാലാവസ്ഥയെപ്പറ്റി മകൾ ഇതളാണ് ഫോണിൽ തെരഞ്ഞത്. ‘പതിനാലു ഡിഗ്രിയൊക്കെയേയുള്ളൂ’ എന്നവൾ. അത് സമ്മറാകുമോ? ഏതായാലും സ്വെറ്റർ, ഷാൾ, മഫ്ളർ എന്നിവ കരുതി.
നെടുമ്പാശ്ശേരിയിൽ നിന്ന് ദോഹ, ദോഹയിൽ നിന്ന് ജനീവ ഇങ്ങനെയായിരുന്നു വിമാനയാത്ര. ദോഹയിൽ മെയ് 12 രാവിലെ 5.50 ന് എത്തും.
സീറ്റ് നമ്പർ എവിടെയൊക്കെയോ ആയിരുന്നു. ഞാനും സീമ ടീച്ചറും ഒരുമിച്ചിരിക്കാൻ തീരുമാനിച്ചു. ഒരു ജനൽ സീറ്റ് ചോദിച്ചു വാങ്ങി. ദോഹയിൽ നിന്നുള്ള യാത്രയിലേക്കും. പക്ഷേ ദോഹ വരെ തിരക്കായതുകൊണ്ട് ഏറ്റവും പിന്നിലേയുള്ളൂ ജനൽ, രണ്ടു പേർക്കും അടുത്തിരിക്കാവുന്നതുമായ സീറ്റ്. അൽപമൊന്നാലോചിച്ചു നിന്നു. അപ്പോൾ ഖത്തർ എയർവെയ്സ് ഉദ്യോഗസ്ഥൻ ഒന്നു ചിരിച്ചു. പുറകിലിരുന്നെന്ന് വെച്ച് ബസിലേതുപോലെ ഗട്ടറിൽ വീഴില്ല.
പിന്നീടതോർത്ത് പലവട്ടം ചിരിക്കുകയും ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. ദോഹ എത്തും മുമ്പേ പകൽ വെളിച്ചം കണ്ടു തുടങ്ങിയിരുന്നു. നേരം നേരത്തെ വെളുക്കുമോ ഇവിടെ? അതോ ആകാശത്തായതു കൊണ്ട് തോന്നുന്നതാണോ?
പക്ഷേ, ദോഹയിലേക്ക് പകുതി ദൂരം എത്തുമ്പോഴേ ഇടി, മിന്നൽ, മഴ… വിമാനം ‘ആകാശഗട്ടറിൽ’ വീണു കൊണ്ടിരുന്നു. ഇളക്കങ്ങൾ, തുള്ളലുകൾ… മൂവായിരം അടി താഴ്ചയിലേക്ക് യാത്ര ചെയ്ത വിമാനമൊരിക്കൽ വീണതിനെ കുറിച്ച് ടീച്ചർ ഓർമിച്ചു. ഒരു നിമിഷാർദ്ധം മാത്രം. പക്ഷേ, ആ നിമിഷത്തിൽ എന്താണ് തോന്നിയതെന്ന് ഓർക്കാനാവുന്നില്ലെന്ന്, ജീവിതം തീർന്നിരിക്കുന്നു എന്ന ആന്തൽ മാത്രം എന്ന് അവർ പറഞ്ഞു. പക്ഷേ, അടുത്ത നിമിഷം പൈലറ്റ് നിയന്ത്രണത്തിൽ കൊണ്ടു വന്നുവത്രേ!
ആകാശത്ത് ഗട്ടറില്ലെന്നു പറഞ്ഞ എയർലൈൻ ജീവനക്കാരനെ ഓർത്തു. ആകാശ ഗട്ടറുകളുടെ ഭീതി റോഡിലെ ഗട്ടറിനില്ലെന്ന് പറയണമെന്നു വിചാരിച്ചു. പക്ഷേ, ഈ യാത്രയിൽ കണ്ടു മുട്ടുന്ന ഏറെപ്പേരെയും വീണ്ടുമൊരിക്കൽ കൂടി കാണില്ല എന്നതാണ് യാഥാർത്ഥ്യമെന്നുമോർത്തു. ഒരു മണിക്കൂറോളമാണ് സീറ്റ് ബെൽറ്റിട്ടിരുന്നത്. ഏതായാലും ആകാശഗട്ടറുകളിലെ വീഴ്ചകൾക്ക് ശേഷം പ്രകാശം പരന്ന ആകാശമായിരുന്നു. താഴെ ദോഹ വിമാനത്താവളം കാണാം. കടൽ കാണാം. എണ്ണ ശുദ്ധീകരണശാലകളാവണം കടലിനോട് ചേർന്ന്… എണ്ണപ്പാട നിറഞ്ഞ കടലെന്നു തോന്നിച്ചു.
നഗരം മുഴുവൻ കാണാം. കാര്യമായി പച്ചകളൊന്നുമില്ല. ഒരുതരം തവിട്ടു നിറം. കെട്ടിടങ്ങൾ മനോഹരമാണ്. പല ഫ്ലൈറ്റുകളിലും 2022 ലെ ലോകകപ്പിന്റെ പരസ്യമുണ്ട്. എത്ര മുമ്പേ തുടങ്ങിയിരിക്കുന്നു. ദോഹയിൽ ഞാൻ ഏറെ ശ്രദ്ധാലുവായിരുന്നു. തിരിച്ചു വരേണ്ടത് ഇതേ വഴി ഒറ്റയ്ക്കാണ്. കണക്ഷൻ ഫ്ലൈറ്റ് പിടിക്കേണ്ടതെങ്ങനെയെന്ന് നന്നായി മനസ്സിലാക്കണമെന്ന് വിചാരിച്ചു.
പക്ഷേ, ജനീവയിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോൾ ഫോണിൽ വൈഫൈ കണക്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു യൂറോപ്യൻ സിം കാർഡ് വാങ്ങിയിരുന്നു. പക്ഷേ അത് യൂറോപ്പിൽ എത്തിയാൽ മാത്രമേ പ്രവർത്തനനിരതമാകൂ. ജനിച്ചതിൽ പിന്നെ വിട്ടുനിൽക്കാത്ത മകളെ ഓർത്തു കൊണ്ടേയിരുന്നു. രാത്രി അവൾ എങ്ങനെയുണ്ടായിരുന്നവെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. അവൾ കരഞ്ഞു ബഹളം വെച്ചു എന്ന് അറിഞ്ഞാൽ പോലും എനിക്ക് തിരിച്ചുവരാൻ സാധ്യമല്ല എന്നും അറിയാമായിരുന്നു. എന്നാലും അത്യധികം ആകാംക്ഷയോടെ കൂടി വൈഫൈ കണക്ട് ചെയ്യാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ശ്രമങ്ങൾ മുഴുവൻ പരാജയപ്പെടുകയായിരുന്നു.
കുറെ കഴിഞ്ഞാണ് ഉമ കണക്ട് ചെയ്തത്. ഉമ പറഞ്ഞ രീതിയിൽ വീണ്ടും ശ്രമിച്ചു. വൈഫൈ ശരിയായപ്പോൾ വിമാനത്തിനുള്ളിൽ കയറാൻ സമയമായി കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് ‘പപ്പൻ, എങ്ങനെയുണ്ടായിരുന്നു?’ എന്ന് ചോദിച്ചു. ഒരു കുഴപ്പവുമില്ല എന്ന് മറുപടി കിട്ടിയതോടു കൂടി എന്തൊക്കെയോ എന്നിൽ നിന്ന് പറന്നു. മനസ്സും ശരീരവും ഒരു നിമിഷം ഭാരമില്ലാതെ ആകാശത്ത് പറക്കുകയാണ് എന്ന് തോന്നി.
ആ നിമിഷം മുതൽ ഞാൻ മറ്റൊരാളായി മാറുകയായിരുന്നു എന്നാണ് തോന്നുന്നത്. എൻറെ ഉള്ളിലെ ഏറ്റവും വലിയ പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന ആത്മവിശ്വാസം വലിയ ഊർജ്ജ പ്രവാഹമാണുണ്ടാക്കിയത്. തലേ ദിവസം യാത്ര പുറപ്പെടുന്ന സമയത്ത് ഞാൻ ടീച്ചറോട് മക്കളെ പറ്റി പറയുന്ന സമയത്ത് അവർ പറഞ്ഞു നമുക്ക് ടെൻഷൻ വെറുതെയാണ്. ആലോചിച്ച് ടെൻഷനടിക്കേണ്ട കാര്യമില്ല. കുഞ്ഞുങ്ങൾക്ക് സാഹചര്യങ്ങളുമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിവുണ്ട് എന്ന്. ശരിയായിരിക്കാം എന്ന് എനിക്കും തോന്നിയിരുന്നു. പക്ഷേ എന്തുകൊണ്ടോ മനസ്സ് പലപ്പോഴും അസ്വസ്ഥമാവുകയും ചെയ്തിരുന്നു.
അമ്മത്തത്തെ ദൈവത്തെപ്പോലെ കാണുന്ന ഒരാളൊന്നുമല്ല ഞാൻ . എന്തിനും, അമ്മ എന്ന ദിവ്യനാമം വെച്ചു കൊണ്ട് എൻറെ പണികളെ ഒഴിവാക്കി നിർത്തിക്കൊണ്ട്, മക്കളുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന ഒരു അമ്മയുമായിരുന്നില്ല ഞാൻ.
സ്ത്രീകളുടെ മുന്നോട്ടുള്ള വഴിയിൽ പലപ്പോഴും കുഞ്ഞുങ്ങളുടെ പേര് പറഞ്ഞാണ് മറ്റുള്ളവർ അവളെ കടിഞ്ഞാണിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നു. കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു വ്യവസ്ഥയാണിത്. അത്ര പെട്ടെന്നൊന്നും അതിനെ തകർക്കാൻ പറ്റില്ല എന്നും ബോധ്യമുണ്ട്. ഇന്ത്യൻ ഇംഗ്ലീഷ് കവയത്രിയും കൽക്കട്ടാ യൂണിവേഴ്സിറ്റിയിലെ അധ്യാപികയുമായ നബീനീത സെൻ, അവരുടെ ഗർഭം ധരിക്കലിനെപ്പറ്റിയും പ്രസവിക്കുന്നതിനെ പറ്റിയുമുള്ള ചിന്തകളിൽ നിന്ന് എഴുതിയ കവിതയിൽ എഴുതിയത് അന്നു മുതൽ സ്വതന്ത്രയായിരുന്ന ഒരുവൾ ഇപ്പോൾ മുതൽ ബന്ധിതയായി എന്നാണ്. ചിലപ്പോൾ ഞാൻ, മല്ലികാ സാരാഭായിയുടെ അമ്മയാകൽ പ്രക്രിയയ്ക്ക് ഒപ്പമായിരുന്നു. എപ്പോഴും മക്കൾക്കൊപ്പം ഇരിക്കുക എന്നതല്ല നല്ല അമ്മ എന്നും, കലയെ ജീവശ്വാസം പോലെ കാണുന്ന ഒരുവൾ ജീവശ്വാസത്തിന് വേണ്ടി ഒരുപക്ഷേ മാറിനിൽക്കുമ്പോൾ അതിനെ മക്കൾ മനസ്സിലാക്കണം എന്ന് വിചാരിച്ചിരുന്നു എന്ന് അവർ എഴുതിയിട്ടുണ്ട്.
ഏതായാലും ആശ്വാസത്തോടെയാണ് ജനീവലേക്കുള്ള യാത്ര തുടങ്ങുന്നത്.