ഒമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു മൂകാംബികയിലേക്കുളള ആദ്യയാത്ര. മൂകാംബികയില്‍ തൊഴുത് സൗപര്‍ണികയില്‍ കുളിച്ച് കുടജാദ്രി കയറി സര്‍വ്വഞ്ജപീഠം വരെ ചെല്ലുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആ യാത്രയില്‍ പക്ഷേ കുടജാദ്രിയെന്ന സ്വപ്‌നം മാത്രം സാക്ഷാത്കരിക്കാനായില്ല. യാത്രാസംഘത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊന്നും കുടജാദ്രിയിലേക്കുള്ള കഠിനപാത താണ്ടാന്‍ വയ്യ. ഒരേ ഉത്സാഹത്തോടെ, ഒരേ ചടുലതയോടെ, യാത്രയോടുള്ള പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്കൊപ്പം വേണം, ചിലയിടങ്ങളിലേക്കുള്ള യാത്രയെന്ന തിരിച്ചറിവോടെയാണ് അന്ന് മൂകാംബികയോട് വിട പറഞ്ഞത്.
വീണ്ടും എത്രയോ തവണ കുടജാദ്രി സ്വപ്‌നങ്ങളിലേക്ക് കടന്നു വന്നു. പല തവണ പ്ലാന്‍ ചെയ്തിട്ടും അവസാന നിമിഷം മാറിപ്പോയ യാത്രകള്‍, വിചിത്രമായൊരു കണ്ണുകെട്ടി കളി പോലെ… എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇത്തവണ ‘കുടജാദ്രി വിളിച്ചത്’. പോകാന്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു ഇത്തവണ, കൊല്ലൂര്‍ ജനസാഗരമായി മാറുന്ന നവരാത്രി ആഘോഷക്കാലം. മൂകാംബികയിലെ നവരാത്രി ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഒപ്പം കുടജാദ്രിയിലേക്കൊരു യാത്രയും. ഏറെനാളായി ആഗ്രഹിക്കുന്ന ഒന്നു കൂടിയായിരുന്നു തനിച്ചൊരു യാത്ര എന്നത്. ഒരുപാട് മുന്നൊരുക്കങ്ങളില്ലാതെ, പതിവു ദിനചര്യകളോടെല്ലാം രണ്ടു-മൂന്നു ദിവസത്തേക്ക് വിട പറഞ്ഞ് ഒരു യാത്ര.
മൂകാംബിക യാത്ര
യാത്രാ ഒരുക്കങ്ങളും വളരെ പെട്ടെന്നായിരുന്നു. ആലപ്പുഴയില്‍ നിന്നും കൊല്ലൂര്‍ വരെ ദിവസേന സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ടി സി ബസിനെ കുറിച്ച് മുന്‍പ് എവിടെയോ വായിച്ചൊരു ഓര്‍മ്മയുണ്ടായിരുന്നു. അന്വേഷിച്ചു പിടിച്ചു ഉടനെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു. അടുത്ത ദിവസം വൈകിട്ട് 5:15 ന് അങ്ങനെ കൊച്ചി വൈറ്റിലയില്‍ നിന്നും യാത്രയാരംഭിച്ചു. പതിനാലു മണിക്കൂറോളം ദൈർഘ്യമുള്ള യാത്ര. ഏറെ നാളുകള്‍ക്കു ശേഷമായിരുന്നു അത്രയും നീണ്ടൊരു ബസ് യാത്ര. എന്നാല്‍ രാത്രി യാത്രയായതിനാല്‍ ഉറക്കത്തിനിടെ അത്ര ദൂരം താണ്ടിയത് അറിഞ്ഞില്ലെന്നു വേണം പറയാന്‍. പിറ്റേ ദിവസം രാവിലെ 7:30 യോടെ ബസ് മൂകാംബികയിലെത്തി.
കൊല്ലൂരിലെ താമസം
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കൊല്ലൂര്‍ പൊലീസ് സ്‌റ്റേഷന്റെ അരികിലായി ഒരു താമസസ്ഥലം ബുക്ക് ചെയ്തിരുന്നു. ക്ഷേത്രത്തിലേക്കും സൗപര്‍ണികയിലേക്കും നടന്നു പോകാവുന്ന ദൂരം മാത്രം, അതായിരുന്നു ആ ഹോട്ടലിന്റെ പ്രധാന ആകര്‍ഷണം. നവരാത്രി കാലമായതിനാല്‍ കൊല്ലൂരിലെ ഹോട്ടലുകളിലൊക്കെ തീര്‍ത്ഥാടകരുടെ തിരക്കായിരുന്നു. പ്രധാന ഹോട്ടലുകള്‍ എല്ലാം തന്നെ അമ്പലത്തിന്റെ പരസരത്തു തന്നെയാണ്.
മൂകാംബിക പരിസരത്തെ ഹോട്ടൽ മുറികളിലെ മാക്സിമം ലക്ഷ്വറി എന്നു പറയാവുന്നത് എയർ കണ്ടീഷണോടു കൂടിയ ഡീലക്സ് റൂമുകൾ മാത്രമാണ്. ഇടത്തരം ഹോട്ടലുകളാണ് ഇവിടെ ഏറെയും. അടുത്തിടെ വന്ന ഏതാനും ത്രി സ്റ്റാർ ഹോട്ടലുകളും മൂകാംബികയിലുണ്ട്. ക്ഷേത്രപരിസരമായതിനാൽ വെജിറ്റേറിയൻ ഹോട്ടലുകളാണ് ഇവിടെ കൂടുതലും. മിക്ക ഹോട്ടലുകൾക്കു മുന്നിലും കേരള ഹോട്ടൽ എന്ന വലിയ ബോർഡുകളും കാണാം.
കുടജാദ്രിയിലേക്ക്
ആദ്യ ദിവസം ക്ഷേത്രസന്ദര്‍ശനവും സൗപര്‍ണിക യാത്രയും നവരാത്രി ആഘോഷപരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കലും ക്ഷേത്രത്തിലെ അഡിഗമാരോടും ഭാരവാഹികളോടുമുള്ള സംസാരവുമൊക്കെയായി കടന്നു പോയി. രണ്ടാം ദിവസമായിരുന്നു കുടജാദ്രിയിലേക്കുള്ള യാത്ര. കൊല്ലൂര്‍ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ രാവിലെ ആറു മണി മുതല്‍ കുടജാദ്രിയിലേക്കുള്ള ജീപ്പുകള്‍ ഊഴം കാത്ത് കിടപ്പു തുടങ്ങും. നൂറില്‍പ്പരം ജീപ്പുകളാണ് ഇവിടെ നിന്നും കുടജാദ്രിയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. ഓരോ ജീപ്പിലും എട്ടു പേര്‍ കയറിയാല്‍ മാത്രമേ ട്രിപ്പ് ആരംഭിക്കൂ. ഒരാള്‍ക്ക് 350 രൂപ വെച്ചാണ് ചാര്‍ജ്. ഷെയറിംഗ് ഒഴിവാക്കി തനിയെ ഒരു ജീപ്പ് വിളിച്ചു പോവുകയുമാവാം, 2800 രൂപ കൊടുത്താല്‍.
ഷെയറിംഗ് ജീപ്പിനു വേണ്ടി കാത്തിരുന്നപ്പോഴാണ് അറിയുന്നത്, ഈ ജീപ്പുകള്‍ കുടജാദ്രിയിലേക്കുള്ള സഞ്ചാരികളെ മാത്രമേ കയറ്റുന്നുള്ളൂ. അവിടെ നിന്നും ചിത്രമൂലയില്‍ പോയി വരണമെങ്കില്‍ വീണ്ടും രണ്ടു മണിക്കൂര്‍ കൂടി വേണം. ചിത്രമൂലയിലേക്കുള്ള യാത്രക്കാര്‍ തിരിച്ചെത്തുന്നതു വരെ മറ്റു യാത്രക്കാര്‍ കാത്തിരിക്കേണ്ടി വരും. കാത്തിരിപ്പു മാത്രമല്ല പ്രശ്നം, ഒരു മണിക്കൂറിന് ഒരാള്‍ക്ക് 200 രൂപ വെച്ച് വെയിറ്റിംഗ് ചാർജും ജീപ്പുകാര്‍ ഈടാക്കും. ഇതെല്ലാം ഒഴിവാക്കാനാണ് ജീപ്പുകാര്‍ ആദ്യമേ നിബന്ധനകള്‍ വയ്ക്കുന്നത്. ഒന്നുകില്‍ ചിത്രമൂലയിലേക്കുള്ള യാത്രക്കാര്‍ മാത്രം, അല്ലെങ്കില്‍ ഒരു ജീപ്പ് മൊത്തമായി വാടകയ്ക്ക് എടുത്ത് പോവണം. ഇനിയെന്തു ചെയ്യുമെന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് ചിത്രമൂലയിലേക്കുള്ള മറ്റൊരു യാത്രികനെ കൂടെ കണ്ടു കിട്ടിയത്. കഴിഞ്ഞ പതിനാലു വര്‍ഷമായി കുടജാദ്രിയിലേക്ക് ജീപ്പ് സര്‍വീസ് നടത്തുന്ന, കൊല്ലൂരില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ മനോജിന്റെ ജീപ്പില്‍ എട്ടര മണിയോടെ അങ്ങനെ കുടജാദ്രിയിലേക്കുള്ള യാത്ര ആരംഭിച്ചു.
മൂകാംബിക വനസങ്കേതം
ഗ്രാമീണ അന്തരീക്ഷത്തിലൂടെയുള്ള യാത്ര കുറച്ചു കഴിഞ്ഞപ്പോള്‍ കാടിന് അകത്തു കൂടിയായി. മൂകാംബിക വനസങ്കേതമാണ് റോഡിനിരുവശവും. സമയം ഒമ്പതു മണിയോട് അടുത്തിരുന്നെങ്കിലും ഇനിയും നേരം പുലര്‍ന്നിട്ടില്ലാത്ത രീതിയില്‍ കോടമഞ്ഞാല്‍ മൂടികിടക്കുന്ന വഴികളായിരുന്നു മുന്നില്‍. ചീവിടുകളുടെ കരച്ചിലിനാല്‍ മുഖരിതമാകുന്ന, ഇടയ്ക്കിടെ അരുവികളൊഴുകുന്ന വന്യത നിറഞ്ഞ കാടാണ് ഒരു ഭാഗത്ത്. മറുഭാഗത്ത് കിഴുക്കാംതൂക്കായ കൊക്കകളാണ്. ശുദ്ധവായു ശ്വസിച്ചും കാടിന്റെ ഭംഗിയാസ്വദിച്ചും ജീപ്പ് മുന്നോട്ട്. സാഗറിലേക്കും ഷിമോഗയിലേക്കുമുള്ള ബസ്സുകള്‍ ഇടയ്ക്ക് കടന്നു പോവുന്നതൊഴിച്ചാല്‍ ഏറെക്കുറെ വിജനമാണ് വഴി.
കാനനപാത അവസാനിച്ചുവെന്നു തോന്നിപ്പിച്ചത് അങ്ങിങ്ങായി വഴിയരികില്‍ പ്രത്യക്ഷപ്പെട്ട വാഴത്തോട്ടങ്ങളും പാടശേഖരങ്ങളുമാണ്. ജനവാസമുള്ള ഒരു ഗ്രാമപ്രദേശമായിരുന്നു അത്. വഴിയരികില്‍ ‘കേരള ഹോട്ടല്‍’ എന്നു വലിപ്പത്തിലെഴുതിയ ഒരു കുഞ്ഞു ഹോട്ടല്‍ കണ്ടു. അവിടെ വണ്ടി നിറുത്തി, അത്യാവശ്യത്തിന് വെള്ളവും കൊറിക്കാന്‍ കുറച്ചു സ്‌നാക്‌സും വാങ്ങി തിരിച്ചിറങ്ങി. ‘ചിത്രമൂലയിലേക്കുള്ള യാത്രയില്‍ അട്ടകളുടെ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ട്,’ അട്ടയെ തുരത്താന്‍ അല്‍പ്പം ഉപ്പും ഹോട്ടലില്‍ നിന്നും സംഘടിപ്പിച്ചാണ് ഡ്രൈവര്‍ വണ്ടിയെടുത്തത്.
ഒരു മണിക്കൂറോളം നീണ്ട ഡ്രൈവിന് ഒടുവില്‍ കുടജാദ്രിയിലേക്കുള്ള ചെമ്മണ്‍വഴിയിലേക്ക് ജീപ്പ് പ്രവേശിച്ചു. കുറച്ചു മുന്നോട്ട് പോയപ്പോള്‍ ഒരു ചെക്ക് പോസ്റ്റ് കണ്ടു. മുന്നോട്ട് പോവണമെങ്കില്‍ ഒരാള്‍ക്ക് 25 രൂപ എന്‍ട്രി ഫീ നല്‍കണം, ജീപ്പ് ഒന്നിന് 100 രൂപയും. പ്ലാസ്റ്റിക്ക് കുപ്പിയോ കവറോ കയ്യിലുണ്ടോ എന്നറിയാനായി ഗാര്‍ഡ് വണ്ടിയൊന്നു പരിശോധിച്ചു. മിനറല്‍ വാട്ടര്‍ ബോട്ടില്‍ കണ്ട് ഇത് തിരിച്ചു കൊണ്ടു വരണം കാട്ടില്‍ ഉപേക്ഷിച്ചു കളയരുതെന്ന് നിര്‍ദ്ദേശവും നല്‍കി.
ഒരു മണിക്കൂറോളം ഇനി ഓഫ് റോഡ് ഡ്രൈവാണ് എന്നു ഡ്രൈവര്‍ മുന്നറിയിപ്പു തന്നപ്പോഴും മുന്നോട്ടുള്ള വഴികളുടെ കാഠിന്യം മനസ്സിലായിരുന്നില്ല. പേരിന് റോഡെന്നു വിളിക്കാവുന്ന, കല്ലും പാറക്കൂട്ടവും നിറഞ്ഞ, തലേ ദിവസം പെയ്ത മഴയില്‍ ചെളിക്കുളമായി മാറിയ കുഴികള്‍ക്കു മുകളിലൂടെ അതീവ സാഹസികമായി വേണം ജീപ്പ് ഓടിക്കുവാന്‍. അതു വരെ തേര്‍ഡ് ഗിയറില്‍ കുതിച്ച മഹീന്ദ്ര ജീപ്പ് ഇപ്പോള്‍ ഫസ്റ്റ് ഗിയറില്‍ കിടന്ന് കിതക്കുകയാണ്.
ഒരു വണ്ടിക്ക് മാത്രം കഷ്ടിച്ചു കടന്നു പോകാവുന്ന റോഡാണ് മുന്നില്‍. ഊര്‍ധന്‍ വലിച്ചു മലയും വളവും താണ്ടി വരുന്ന ജീപ്പ് കടന്നു പോവുന്നതു വരെ എതിര്‍വശത്തു നിന്നു വരുന്ന ജീപ്പുകള്‍ കാത്തു നില്‍ക്കും. പരസ്പര സഹകരണമില്ലാതെ ആര്‍ക്കും കടന്നു പോവാന്‍ ആവാത്തൊരു പ്രഹേളികയാണ് കുടജാദ്രിയിലേക്കുള്ള റോഡുകള്‍.
എതിര്‍വശത്തു നിന്നും വരുന്ന ജീപ്പിലെ ഡ്രൈവര്‍ ഇടയ്ക്ക് മുന്നറിയിപ്പു തന്നു, ‘സൂക്ഷിച്ചു പോവൂ, മുന്നോട്ടുള്ള രണ്ട് പോയിന്റുകളില്‍ വണ്ടി കയറുന്നില്ല’. കൂടുതല്‍ സൂക്ഷ്മതയോടെ ഡ്രൈവര്‍ വണ്ടിയോടിച്ചിട്ടും ആദ്യ പോയിന്റില്‍ എത്തിയപ്പോള്‍ വണ്ടി കുഴിയില്‍ ചാടി. ഏറെ നേരത്തെ ശ്രമകരമായ ഉദ്യമത്തിനു ശേഷമാണ് ഡ്രൈവര്‍ക്ക് വണ്ടി മുന്നോട്ട് എടുക്കാനായത്.
ഓഫ് റോഡുകളിലെ ഇത്തരം അനുഭവങ്ങള്‍ പരിചയമില്ലാത്തതു കൊണ്ട്, യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു അപ്പോഴെല്ലാം മനസ്സില്‍. എന്നാല്‍, തോല്‍ക്കാന്‍ മനസ്സില്ലാത്തൊരു ചീറ്റപ്പുലി പോലെ, മണ്ണില്‍ പുതഞ്ഞ ചക്രങ്ങള്‍ ഉയര്‍ത്തി ജീപ്പ് വീണ്ടും മുന്നോട്ട്. അപകടങ്ങളില്ലാതെ ഞങ്ങളെ കുടജാദ്രിയിലെത്തിക്കുക എന്ന ഡ്രൈവറുടെ ലക്ഷ്യം ആ ജീപ്പും ഏറ്റെടുത്തിരിക്കുന്നതു പോലെ തോന്നി ആ കുതിപ്പില്‍.
വളഞ്ഞും പുളഞ്ഞും പോവുന്ന ആ കാട്ടുപ്പാതയിലൂടെ കുറച്ചു ദൂരം കൂടി മുന്നോട്ടുപോയപ്പോള്‍ പച്ചവിരിച്ച മൊട്ടക്കുന്നുകളുള്ളൊരു പ്രദേശത്തെത്തി. കുടജാദ്രി കുന്നുകളുടെ മനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നും കാണാന്‍ സാധിക്കുക. കാഴ്ചകള്‍ കാണാനും ഫോട്ടെയെടുക്കാനും പാകത്തില്‍ വണ്ടി കുറച്ചു നേരം അവിടെ നിര്‍ത്തി തന്നു. കാഴ്ചയില്‍ കുഞ്ഞനായ ഭംഗിയുള്ള ഓറഞ്ച് നിറത്തിലുള്ള കാട്ടുപ്പൂക്കള്‍ ആ പുല്‍മേട്ടിലാകമാനം വിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
“പല തരത്തിലുള്ള കാട്ടുപ്പൂക്കള്‍ ഇവിടെ കാണാം. ശിവരാത്രി സമയത്ത് ഈ പുല്‍മേട് നിറയെ ഒരു പ്രത്യേകതരം പൂക്കള്‍ പൂത്തു നില്‍ക്കുന്നതു കാണാം. മൂന്നു ഇതളുകളുള്ള, ശൂലം പോലെ തോന്നിക്കുന്ന ആ പൂക്കളെ ഇവിടുത്തുകാര്‍ ‘തെലിങ്കി പൂക്കള്‍’ എന്നാണ് വിളിക്കുന്നത്. നല്ല ഭംഗിയാണ് കാണാന്‍, ശിവരാത്രി കഴിയുമ്പോഴേക്കും ആ പൂക്കള്‍ കൊഴിയാനും തുടങ്ങും,” കൗതുകത്തോടെ കാട്ടുപൂക്കള്‍ നോക്കി നില്‍ക്കുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു തന്നു.
അപൂര്‍വ്വയിനം ചെടികളും സസ്യലതാദികളുമുള്ള പ്രദേശമാണ് കുടജാദ്രി കുന്നുകള്‍.
“പുറത്തെ ചെടികളൊന്നും ഇവിടെ വളരില്ല. പതിനാലു കൊല്ലമായി ഞാനീ റൂട്ടില്‍ വണ്ടിയോടിക്കുന്നു. അന്നും ഇന്നും ഒരേ വലിപ്പമാണ് ഈ മരങ്ങള്‍ക്കൊക്കെ. ഇവിടുത്തെ ചെടികള്‍ക്ക് അധികം വളര്‍ച്ചയില്ല,” തനിക്കിപ്പോഴും പിടികിട്ടാത്ത കുടജാദ്രിയുടെ ജൈവഘടനയെ കുറിച്ച് മനോജ് അത്ഭുതത്തോടെ പറഞ്ഞു കൊണ്ടിരുന്നു. വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇവിടം.
പുല്‍മേടുകളിലൂടെയുള്ള യാത്ര അധികം താമസിയാതെ അവസാനിച്ചു, വീണ്ടും വളഞ്ഞു പുളഞ്ഞു പോവുന്ന കല്ലും കുഴിയും നിറഞ്ഞ ചെമ്മണ്‍പാത. ഇതിനൊരു അവസാനമില്ലെന്നു തോന്നിപ്പിക്കും പോലെ മുന്നിൽ നീണ്ടു കിടക്കുന്ന വഴി… ഒടുവില്‍ ഓഫ് റോഡിലൂടെയുള്ള ഒന്നര മണിക്കൂറോളം നീണ്ട ഡ്രൈവിനൊടുവില്‍ ജീപ്പ് യാത്ര അവസാനിച്ചു. ഇനിയങ്ങോട്ട് നടന്നു കയറണം.
കുടജാദ്രി ട്രെക്കിംഗ്
സഞ്ചാരികളെയും കൊണ്ടു വന്ന ജീപ്പുകള്‍ നിർത്തിയിട്ടിരിക്കുന്നതിന് അടുത്തായി മൂന്നു ചെറിയ കോവിലുകളുണ്ട്. അതിലൊന്ന് മൂകാംബിക ദേവിയുടെ മൂലസ്ഥാനമായി കരുതപ്പെടുന്ന ക്ഷേത്രമാണ്. ക്ഷേത്രത്തിനു ചുറ്റും കാശിത്തുമ്പ ചെടികളോട് സാമ്യമുള്ള കാട്ടുചെടികള്‍ പൂത്തു തളിര്‍ത്തു നില്‍പ്പുണ്ടായിരുന്നു.
അല്‍പ്പം ചെങ്കുത്തായ കയറ്റമാണ് മുന്നില്‍. ആവേശത്തോടെ കയറി തുടങ്ങിയപ്പോഴേക്കും കിതപ്പു തുടങ്ങി. ഒറ്റ സ്‌ട്രെച്ചിലോ, ഒറ്റ കുതിപ്പിലോ കയറിപ്പറ്റാവുന്ന കയറ്റമല്ല മുന്നിലെന്ന് അതോടെ ബോധ്യമായി. മുന്‍പൊരു ഹിമാചല്‍ യാത്രയില്‍ ഒരു ഗൈഡ് പറഞ്ഞു തന്ന, മല കയറലിന്റെ ബേസിക് പാഠങ്ങളാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. ദീര്‍ഘശ്വാസമെടുത്ത് ഒരു മിനിറ്റ് വിശ്രമിച്ച് ഒരേ വേഗത്തില്‍ കയറുക. തളരുമ്പോള്‍ ഒന്നു നിന്ന് ശ്വാസമെടുത്ത് വീണ്ടും മുന്നോട്ട്…. ഏതു കുന്നിന്‍മുകളിലും പരീക്ഷിക്കാവുന്ന, ശരീരത്തെ വറുതിയിലാക്കാനുള്ള ആ കുറുക്കുവഴി ഇത്തവണയും രക്ഷയായി.
ചെങ്കുത്തായ ആ കയറ്റത്തിനൊടുവിൽ പച്ച പുതച്ച കുന്നിന്‍ചെരുവിലേക്ക് പ്രവേശിച്ചു. തൊട്ടു മുന്നിലുള്ള ആളെ പോലും കാണാനാവാത്ത രീതിയില്‍ കോടയാണ് മുന്നില്‍. ഇടയ്ക്ക് കോട നീങ്ങുമ്പോള്‍ ചൂളം കുത്തികൊണ്ട് കാറ്റ് കടന്നു വരും. സമയം 12 മണിയോട് അടുത്തിട്ടും നല്ല തണുപ്പാണ് ചുറ്റും. മുന്നോട്ടുള്ള യാത്രയ്ക്കിടെ ഒരിടത്തുവെച്ച് വഴി രണ്ടായി പിരിഞ്ഞു, ഒന്ന് ഗണേശ ഗുഹയിലേക്കുള്ളതാണ്. ഗുഹയ്ക്ക് അകത്ത് ചെറിയൊരു ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. അവിടെ സന്ദര്‍ശിച്ച് വീണ്ടും സർവ്വഞ്ജപീഠം ലക്ഷ്യമാക്കി നടത്തം തുടർന്നു.
കുത്തനെയുള്ള കയറ്റം ഉള്ളിലെ ശക്തിയൊക്കെ ചോര്‍ത്തുന്നുണ്ടായിരുന്നു ഇടയ്ക്ക്. അപ്പോഴെല്ലാം, മുന്നോട്ടു പോവൂ, മുന്നോട്ടു പോവൂ എന്ന് നിരന്തരം ഉള്ളിലിരുന്ന് ആരോ പ്രചോദിപ്പിക്കുന്നതു പോലെ…. ഇനിയൊരു കാല്‍വെപ്പിനു പോലും ശക്തിയില്ലെന്ന് ഓര്‍ത്തിരിക്കുമ്പോള്‍, മുന്നോട്ടായുന്ന ഒരു കുതിപ്പ് – ഉള്ളിലെ ഇച്ഛാശക്തിയെ അടുത്തറിയുകയായിരുന്നു. ആള്‍ക്കൂട്ട ബഹളങ്ങളില്‍ പലപ്പോഴും കാണാതെ പോകുന്ന ഉള്ളിന്റെയുള്ളിലെ ആ മറ്റൊരാള്‍, എന്നോടു തന്നെ സംസാരിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും. തനിച്ചുള്ള യാത്രകളൊന്നും യഥാര്‍ത്ഥത്തില്‍ തനിച്ചല്ലെന്ന തിരിച്ചറിവോടെ വീണ്ടും മുകളിലേക്ക്…
സര്‍വ്വഞ്ജ പീഠം
ഏതാണ്ട് ഒരു മണിക്കൂറിലേറെ നടന്നു കാണണം, അതാ കോടയാല്‍ മൂടിയ കുന്നിന്‍ മുകളില്‍ ഒരു നിഴല്‍രൂപം പോലെ സര്‍വ്വഞ്ജ പീഠം. എത്രയോ തവണ ചിത്രങ്ങളില്‍ കണ്ട് കൊതിപ്പിച്ച ആ കല്‍മണ്ഡപം. പതിയെ മുന്നിലെ കോട നീങ്ങി, ശങ്കരാചാര്യര്‍ തപസ്സിരുന്ന അറിവിന്റെ അവസാന വാക്കെന്നു വിശേഷിപ്പിക്കുന്ന സര്‍വ്വജ്ഞ പീഠം കണ്‍മുന്നില്‍ തെളിഞ്ഞു വന്നു. സമുദ്രനിരപ്പിൽ നിന്നും 1343 മീറ്ററോളം ഉയരത്തിലാണ് കുടജാദ്രിയിലെ ഈ സർവ്വഞ്ജപീഠം നിൽക്കുന്നത്.
ആദിശങ്കരന്‍ കുടജാദ്രിയില്‍ തപസ്സു ചെയ്യുകയും ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിക്കാന്‍ അനുമതി തരണമെന്നും അപേക്ഷിച്ചുവെന്നുമാണ് കുടജാദ്രിയെ കുറിച്ചുള്ള ഐതിഹ്യങ്ങളിലൊന്ന്. ശങ്കരാചാര്യരുടെ ആഗ്രഹം സമ്മതിച്ച ദേവി ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞു നോക്കിയാല്‍ താന്‍ അവിടെ പ്രതിഷ്ഠിതയാകുമെന്നും ഉള്ള വ്യവസ്ഥയും മുന്നോട്ടു വച്ചു. കൊല്ലൂരെത്തിയപ്പോള്‍ പൊടുന്നനെ ദേവി തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിച്ചു. ശങ്കരന്‍ തിരിഞ്ഞു നോക്കിയതോടെ ദേവി അവിടെ പ്രതിഷ്ഠിതയായി എന്നുമാണ് ഐതിഹ്യകഥ.
ഐതിഹ്യമെന്തായാലും, ഇക്കണ്ട ദൂരമത്രയും താണ്ടി, സ്വന്തം ശരീരത്തിനെ വെല്ലുവിളിച്ച്, കഠിനയാത്രയുടെ ക്ലേശം മുഴുവന്‍ താണ്ടി ശങ്കരാചാര്യര്‍ ഇവിടം വരെ എത്തിയതെന്തിനാവും എന്ന സംശയം ആ യാത്രയ്ക്കിടയില്‍ പലവുരു മനസ്സില്‍ പൊങ്ങി വന്നിരുന്നു. ആ കല്‍മണ്ഡപത്തിലെ കരിങ്കല്‍ തണുപ്പില്‍ കാലുകുത്തിയപ്പോള്‍ ശരീരത്തിലേക്ക് അരിച്ചുകയറിയ ഒരു പ്രത്യേക അനുഭൂതി ആ സംശയത്തെ അപ്പാടെ പറത്തികളഞ്ഞു. അനുഭവിച്ചു മാത്രം മനസ്സിലാക്കാനാവുന്ന ശാന്തിയുടെ ഒരു തീരമാണ് സര്‍വ്വഞ്ജ പീഠമെന്ന തിരിച്ചറിവ്.
മൂകാംബിക ക്ഷേത്രത്തിന് അരികെയുള്ള പൂക്കച്ചവടക്കാരിയുടെ പക്കല്‍ നിന്നും ഒരു തളിക നിറയെ പൂക്കള്‍ വാങ്ങിയിരുന്നു, അത് സര്‍വ്വഞ്ജ പീഠത്തിനു മുന്നില്‍ വെച്ചു. ഇരിക്കട്ടെ, മൂലസ്ഥാനിയായ മൂകാംബിക ദേവിയ്ക്കും കുറച്ചു പൂക്കൾ. അല്‍പ്പനേരം ആ കല്‍മണ്ഡപത്തിലിരിക്കാം എന്നു കരുതി നിലത്തിരിക്കാന്‍ നോക്കിയപ്പോഴാണ് സഞ്ചാരികളിലൊരാള്‍ ചൂണ്ടി കാണിച്ചു തന്നത്. എനിക്കു മുന്‍പെ അവിടെ ധ്യാനമിരിക്കാന്‍ ഇടം കണ്ടെത്തിയ ഒരു ചങ്ങാതിയെ. കരിങ്കല്ലിന്റെ വിടവുകള്‍ക്കിടയില്‍ തണുപ്പില്‍ ചുരുണ്ടുകൂടി ഇരിപ്പുണ്ട് ഒരു അണലി. അതോടെ ധ്യാനമിരിക്കല്‍ പരിപാടി റദ്ദ് ചെയ്ത് മണ്ഡപത്തില്‍ നിന്നിറങ്ങി, വെറുതെ ആ ചങ്ങാതിയുടെ ധ്യാനത്തിന് വിഘ്‌നം വരുത്തി കടിയേല്‍ക്കേണ്ടല്ലോ.
ചിത്രമൂല ഗുഹ
ഇനി ലക്ഷ്യം, ചിത്രമൂലയാണ്. സര്‍വ്വഞ്ജപീഠത്തില്‍ തൊഴുത് പിറകുവശത്തെ പാറക്കൂട്ടങ്ങള്‍ക്ക് അടുത്തേക്ക് നടന്നു. ഈ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങി വേണം ചിത്രമൂലയിലേക്കുള്ള യാത്ര തുടരാന്‍. ചിത്രമൂലയിലേക്കെന്നു പറഞ്ഞ് ജീപ്പില്‍ കയറിയ സഹയാത്രികന്‍ സര്‍വ്വഞ്ജ പീഠം താണ്ടിയ ക്ഷീണത്തില്‍ പ്ലാന്‍ മാറ്റിയിരുന്നു. നിങ്ങള്‍ പോയി വരൂ, ഞാനിവിടെ വെയിറ്റ് ചെയ്യാം, കിതപ്പോടെ അയാള്‍ പറഞ്ഞു.
ചിത്രമൂല വരെ പോയിട്ടു വന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ലക്ഷ്യവും അങ്ങോട്ടാണെന്ന് അറിഞ്ഞപ്പോള്‍ അക്കൂട്ടത്തിലൊരു ചെറുപ്പക്കാരന്‍ നിരാശപ്പെടുത്തി.
“നിങ്ങള്‍ക്ക് അവിടെ വരെ പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല, പ്രത്യേകിച്ചും ഈ ചേച്ചിയ്ക്ക്. നല്ല ഇറക്കമാണ്, മഴ പെയ്ത് നല്ല വഴുക്കലുണ്ട് പലയിടത്തും. പോരാത്തതിന് അട്ടയും. വഴി അപകടം നിറഞ്ഞതാണ്.” ആ മുന്നറിയിപ്പില്‍ ഒരു നിമിഷം പരുങ്ങി, ശങ്കിച്ച് നില്‍ക്കുമ്പോഴേക്കും അക്കൂട്ടത്തിലെ രണ്ടാമന്റെ വാക്കുകള്‍ തേടിയെത്തി, “കുഴപ്പമില്ല, ചേച്ചിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ പോയ്‌നോക്കൂ. ഇവിടെ വരെ എത്തിയില്ലേ, എത്താന്‍ യോഗമുണ്ടെങ്കില്‍ തീര്‍ച്ചയായും എത്തും.” പോസിറ്റീവിറ്റിയുടെ പര്യായമാണ് ആ ചെറുപ്പക്കാരന്‍ എന്നു തോന്നി.
ആ വാക്കുകള്‍ തന്ന ഊര്‍ജ്ജം ചെറുതല്ല. ‘അതെ, എത്താന്‍ യോഗമുണ്ടെങ്കില്‍ തീര്‍ച്ചയായും എത്തും,’ ആ വാക്കുകള്‍ ഒന്നു കൂടെ മനസ്സിലാവര്‍ത്തിച്ച് പതിയെ പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങി. ആ ഇറക്കം അവസാനിച്ചത് ഒരു പുല്‍മേട്ടിലാണ്. സര്‍വ്വഞ്ജ പീഠത്തില്‍ കണ്ട ചങ്ങാതിയുടെ വര്‍ഗ്ഗക്കാര്‍ ഇടയ്ക്ക് ഒന്നു രണ്ടു തവണ വഴി മുടക്കി കൊണ്ട് ആ പുല്‍മേട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞു പോവുന്നുണ്ടായിരുന്നു.
ടിവിയില്‍ പാമ്പ് ഇഴയുന്ന സീനുകള്‍ കാണുമ്പോഴേക്കും കാലുകള്‍ അറിയാതെ സോഫയിലേക്ക് കയറ്റി വയ്ക്കുന്നത്രയും ഇഴജന്തുകളെ പേടിയുള്ള ആൾ തന്നെയാണോ തൊട്ടടുത്തൂടെ ഇഴഞ്ഞുപോയ പാമ്പുകളെ നോക്കി നില്‍ക്കുന്നതെന്ന് ഒരു നിമിഷം അത്ഭുതപ്പെട്ടു. യാത്രകള്‍ ചിലപ്പോള്‍ അങ്ങനെയാണ്, നമ്മുടെ ഭീതികളെ അതില്ലാതെയാക്കും. ഇതു വരെ ആലോചിച്ചിട്ടു കൂടിയില്ലാത്ത സാധ്യതകളിലേക്ക്, നമ്മളെ കൈപ്പിടിച്ചു കയറ്റുകയും ചെയ്യും. തനിക്കു താന്‍ മാത്രം തുണയെന്ന രീതിയിലുള്ള യാത്രകളില്‍ പ്രത്യേകിച്ചും.
ഒരാള്‍ക്കു മാത്രം കഷ്ടിച്ചു കടന്നു പോകാവുന്ന കാട്ടുവഴികളാണ് മുന്നില്‍. ആളുകളുടെ കാല്‍ പതിഞ്ഞുപതിഞ്ഞ് രൂപപ്പെട്ട വഴികള്‍. നീണ്ട ഇറക്കങ്ങള്‍, വഴിയിലേക്ക് ചാഞ്ഞുകിടക്കുന്ന ചെടികളില്‍ നിന്നും തെറിച്ചു നില്‍ക്കുന്ന മുള്ളുകള്‍. ചിലയിടത്ത് വഴി മുടക്കിയെന്ന പോലെ വീണു കിടക്കുന്ന മരങ്ങള്‍ ചാടികടക്കണം. വഴുതി പോവുമെന്ന് തോന്നുന്നിടങ്ങളില്‍ കയ്യെത്തിതൊടാവുന്ന അകലത്തിലുള്ള മരച്ചില്ലകളില്‍ പിടിച്ച് സുരക്ഷ ഉറപ്പുവരുത്തി പതിയെ നൂണ്ടിറങ്ങും. കിഴക്കാംതൂക്കായ കൊക്കയ്ക്ക് അരികിലൂടെയുള്ള നേരിയ വഴികളിലൂടെയായി പിന്നെ യാത്ര.
അപകടം നിറഞ്ഞ വഴികളെ കുറിച്ചുള്ള ചിന്തയോ തിരിച്ചു കയറേണ്ട കഠിന കയറ്റങ്ങളെ കുറിച്ചുള്ള ആവലാതികളോ ഒന്നുമില്ലായിരുന്നു മനസ്സിലപ്പോള്‍. ഒരൊറ്റ ലക്ഷ്യം മാത്രം, ചിത്രമൂല. സൗപര്‍ണികയുടെ ഉത്ഭവമെന്ന് വിശ്വസിക്കുന്ന ചിത്രമൂല കാണണം. ഒരു മണിക്കൂറോളം നീണ്ട നടത്തത്തിനൊടുവില്‍ കാട്ടരുവി ഒഴുകുന്ന ശബ്ദം കേട്ടു. തൊട്ടരികില്‍ അതാ ചിത്രമൂലയിലെ പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ നിന്നും സൗപര്‍ണിക ഒഴുകിയിറങ്ങുന്നു.
ആ അവസാന ലക്ഷ്യസ്ഥാനത്തിലേക്ക് ഇനി മൂന്നാള്‍പൊക്കം ഉയരം മാത്രം. പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ ഒരു ചെറിയ ഗുഹ. അതിനകത്തൊരു ശിവലിംഗവും നന്തി പ്രതിഷ്ഠയുമുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. അതു കാണണമെങ്കില്‍ പാറയ്ക്ക് മുകളിലേക്ക് കയറണം. മൂന്നാള്‍പൊക്കത്തിലുള്ള ആ ഗുഹാമുഖത്തേക്ക് കയറാന്‍ ഒരു മര ഏണിയും അവിടെയുണ്ടായിരുന്നു. “ഏണി ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്, ചെറിയ വഴുകലുമുണ്ട്. കയറണോ,” സംശയത്തോടെ ഒരു സഹയാത്രികൻ.
ഇത്ര ദൂരം വന്നിട്ട്, ആ നന്തിയെ കാണാതെ മടങ്ങാന്‍ തോന്നിയില്ല. പതിയെ ഏണിയില്‍ പിടിച്ച് മുകളിലേക്ക് കയറി. മുട്ടു കുത്തി നില്‍ക്കാന്‍ മാത്രം ഉയരമേയുള്ളൂ ആ ഗുഹാമുഖത്ത്. സൗപര്‍ണികാ തീര്‍ത്ഥം ഒഴുകി വരുന്ന ആ ഗുഹയ്ക്ക് അകത്ത് കുറേ നേരമിരുന്നു. വന്യമായ കാനനക്കാഴ്ചകളാണ് ചുറ്റും. സഹ്യപര്‍വ്വതനിരകളുടെ വന്യമായ പച്ചപ്പ്. ശുദ്ധമായ സൗപര്‍ണിക തീര്‍ത്ഥം കൈകളിലെടുത്തു കുടിച്ചും മുഖം കഴുകിയും ചിത്രമൂലയോട് വിട പറഞ്ഞ് ഇറങ്ങി.
തിരിച്ചുകയറ്റം
ഇറങ്ങിയതിലും പ്രയാസമായിരുന്നു പലയിടത്തും തിരിച്ചു കയറല്‍. പലയിടത്തും കൈ മണ്ണില്‍ കുത്തിയും മുട്ടു കുത്തിയുമൊക്കെ വലിഞ്ഞു കയറേണ്ടി വന്നു. കാടിനകത്തു കൂടെ നടന്ന് തിരിച്ച് സര്‍വ്വഞ്ജ പീഠത്തിന് അരികിലെത്താറായപ്പോഴേക്കും ചെറുതായി മഴ പൊടിയാന്‍ തുടങ്ങിയിരുന്നു, ഒപ്പം ഇടിയും മിന്നലും. സര്‍വ്വഞ്ജ പീഠത്തിന് മുന്‍പിലെ കല്‍വിളക്കിന് മുകളിൽ മഴ വീഴുന്നത് ഫോണില്‍ പകര്‍ത്തുന്നതിനിടയില്‍ തദ്ദേശീയരായ ചിലര്‍ മുന്നറിയിപ്പു തന്നു. മൊബൈല്‍ ഓഫ് ചെയ്യണം. ഇടിവെട്ടില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് പല തവണ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇവിടെ.
നോക്കി നില്‍ക്കേ മഴ കനത്തു തുടങ്ങി.
“ഇവിടുത്തെ മഴയുടെ സ്വഭാവം പ്രവചിക്കാന്‍ പറ്റില്ല, ചിലപ്പോള്‍ പെട്ടെന്ന് തോരും. ചിലപ്പോള്‍ ഇന്നു മുഴുവന്‍ പെയ്‌തെന്നും വരും,” മഴ നനയാതിരിക്കാനായി സര്‍വ്വഞ്ജ പീഠത്തിലേക്ക് കയറി നിന്നു കൊണ്ട് ഡ്രൈവര്‍ പറഞ്ഞു.
മഴ തോരുന്നതു വരെ നിന്നാല്‍ തിരിച്ച് റൂമിലെത്താന്‍ താമസിക്കും. രാത്രി വണ്ടിയ്ക്ക് ടിക്കറ്റും ബുക്ക് ചെയ്തിരിക്കുന്നു. സമയം കളയാനില്ല. മൊബൈല്‍ ഓഫ് ചെയ്ത് ബാഗും പേഴ്‌സുമെല്ലാം കയ്യിലുണ്ടായിരുന്നു പ്ലാസ്റ്റിക് കവറില്‍ നനയാത്ത രീതിയില്‍ കെട്ടിവെച്ച്, മഴയെ ഗൗനിക്കാതെ സര്‍വ്വഞ്ജ പീഠത്തോട് യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി. കുന്നിറങ്ങുന്തോറും മഴയുടെ ഭാവം മാറി തുടങ്ങി. അങ്ങോട്ട് പോയപ്പോള്‍ കണ്ട ഇടവഴികളൊക്കെ ഇപ്പോള്‍ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയായി മാറിയിരിക്കുന്നു. നോക്കി നില്‍ക്കേ, പ്രകൃതിയുടെ രൂപം മാറുന്നു.
കുന്നിന്‍ മുകളില്‍ ഉഗ്രരൂപിയെ പോലെ പെയ്യുന്ന മഴയെ അത്രയടുത്ത് ആദ്യമായി കാണുകയായിരുന്നു. ചാഞ്ഞു പെയ്യുന്ന മഴനൂലുകള്‍, കാഴ്ചയ്ക്ക് സമ്മാനിച്ച ഭംഗി ചെറുതല്ല. പോകേ പോകേ ആ മഴനൂലുകള്‍ സൂചിപോലെ ശരീരത്തില്‍ വന്നു തറയ്ക്കാന്‍ തുടങ്ങി. അപൂര്‍വ്വമായ ആ കാഴ്ച സമ്മാനിച്ച കൗതുകത്തില്‍ തിരിച്ചിറങ്ങുമ്പോഴാണ് ഉള്ളുലയ്ക്കുന്ന പ്രകമ്പനവുമായി ഒരു ഇടിമിന്നല്‍ ഉലച്ചു കളഞ്ഞത്. കൗതുകം മാത്രമല്ല, അപകടവും പതിഞ്ഞിരിപ്പുണ്ട്. നടത്തത്തിന്റെ വേഗത കൂട്ടി. ഒട്ടും നിരപ്പില്ലാത്ത വഴികളിലൂടെ കുത്തിയൊലിച്ചു വെള്ളം ഒഴുകാന്‍ കൂടി തുടങ്ങിയതോടെ മുന്നോട്ടുള്ള ഇറക്കം കൂടുതല്‍ ദുഷ്‌കരമായി. കയറിയതിനേക്കാള്‍ ജാഗരൂകത വേണമായിരുന്നു തിരിച്ചിറങ്ങാന്‍.
ഒരു മണിക്കൂറോളം ആ മഴ മൊത്തം ‘അന്തസ്സായി’ കൊണ്ട് കുന്നിറങ്ങി ചെല്ലുമ്പോള്‍ താഴെ ക്ഷേത്രത്തിലെ പൂജാരിയും മഴയ്ക്ക് മുന്നേ ഓടി ക്ഷേത്രത്തില്‍ ഇടം പിടിച്ചവരും ചിരിയോടെ വരവേറ്റു.
“ഇതെല്ലാം ഒരനുഭവമാണ്, ഇനിയൊരു വരവില്‍ കുടജാദ്രി ഇങ്ങനെയായിരിക്കില്ല. മാറികൊണ്ടേയിരിക്കും,” പൂജാരിയുടെ ആ വാക്കുകള്‍ ശരിയാണെന്നു തോന്നി. കാരണം, ആ ഒരൊറ്റ യാത്രയില്‍ തന്നെ കുടജാദ്രിയുടെ എത്ര വ്യത്യസ്ത ഭാവങ്ങളാണ് കണ്ടത്. ഇളം വെയില്‍, കോട മഞ്ഞ്, കനത്ത മഴ. മണിക്കൂറുകള്‍കൊണ്ട് രൂപം മാറുന്ന കുടജാദ്രിയ്ക്കാണോ, ഋതുഭേദങ്ങളില്‍ മാറ്റമില്ലാതെ ഇരിക്കാനാവുക!
പൂജാരിയോട് യാത്ര പറഞ്ഞ് തിരികെ ജീപ്പില്‍ കയറി ആദ്യത്തെ വളവു കഴിഞ്ഞപ്പോഴേക്കും അടുത്ത പരീക്ഷണം കണ്‍മുന്നില്‍. അങ്ങോട്ടു പോയപ്പോള്‍ ഇല്ലാത്ത പുതിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു റോഡില്‍. തൊട്ടു മുന്‍പില്‍ പോയ ജീപ്പ് അത്തരമൊരു കുഴിയില്‍ വീണു കിടക്കുകയാണ്. ആ ജീപ്പിനെ പൊക്കിയെടുക്കാതെ മുകളിലേക്കോ താഴേക്കോ ഒരു വണ്ടിയ്ക്കും കടന്നു പോവാന്‍ ആവില്ല.
ഞൊടിയിട കൊണ്ട് ജീപ്പുകളായ ജീപ്പുകളില്‍ നിന്നെല്ലാം ഡ്രൈവര്‍മാര്‍ ചാടിയിറങ്ങി കര്‍മ്മസന്നദ്ധരായി. മണ്‍വെട്ടി കൊണ്ട് റോഡ് നികത്തിയും കുഴി കല്ലിട്ട് നികത്തിയും ടയര്‍ പൊക്കിയെടുക്കാന്‍ ശ്രമിച്ചുമൊക്കെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ആ ഉത്സാഹം കണ്ട്, ജീപ്പുകളില്‍ നിന്നിറങ്ങി യാത്രക്കാരും ജീപ്പ് പൊക്കിയെടുക്കല്‍ യഞ്ജത്തില്‍ പങ്കാളികളായി. നോക്കി നില്‍ക്കേ, അതൊരു വലിയ ആള്‍ക്കൂട്ടമായി മാറി. ഒരൊറ്റ ലക്ഷ്യത്തിനായി ആര്‍പ്പുവിളിച്ചും പരസ്പരം കരുത്തു പകര്‍ന്നും തന്നാലാവുന്ന ശക്തി മുഴുവന്‍ പുറത്തെടുത്തും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍- അതൊരു സന്തോഷമുള്ള കാഴ്ചയായിരുന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ട അധ്വാനത്തിനൊടുവില്‍ ജീപ്പ് പൊക്കിയെടുത്ത്, കുഴികള്‍ നികത്തി, വഴി, യാത്രാ സജ്ജമാക്കാന്‍ അവര്‍ക്കു സാധിച്ചു.
ഞങ്ങള്‍ മണ്‍പാതയിലൂടെയുള്ള യാത്ര തുടര്‍ന്നു. വിശപ്പിന്റെ വിളി കേട്ടു തുടങ്ങിയിരുന്നു അപ്പോഴേക്കും, രാവിലെ കഴിച്ച മസാലദോശയൊക്കെ എത്രയോ ദിവസങ്ങള്‍ക്കു മുന്‍പുള്ള ഒരു വിദൂര ഓര്‍മ്മയാണെന്ന് തോന്നി. ഒന്നര മണിക്കൂറോളം നീണ്ട ഡ്രൈവിനൊടുവില്‍ കേരള ഹോട്ടല്‍ എന്നെഴുതിയ ആ ബോര്‍ഡ് വീണ്ടും കണ്ടപ്പോഴുള്ള സന്തോഷം ചെറുതല്ല. നല്ല കുത്തരിച്ചോറും തോരനും സാമ്പാറും പപ്പടവും തൈരും കൂട്ടി ഒരു കലക്കന്‍ ഊണ് കാത്തിരിപ്പിണ്ടായിരുന്നു അവിടെ. വിശപ്പും സര്‍വ്വഞ്ജപീഠം കയറി തിരിച്ചിറങ്ങിയതുകൊണ്ടാവാം, വല്ലാത്ത സ്വാദുണ്ടായിരുന്നു ഊണിന്.
വനപാതയിലൂടെയുള്ള യാത്ര പിന്നിട്ട് തിരിച്ച് റൂമിലെത്തിയപ്പോഴേക്കും സമയം നാലരയോട് അടുത്തിരുന്നു. മുറിയിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് ഒരു ‘കൊള്ളക്കാരനെ’ കണ്ടത്, ചിത്രമൂലയില്‍ നിന്നും കാലില്‍ കയറിക്കൂടിയ ഒരു അട്ട. ചോരകുടിച്ച് നല്ല ഉന്മാദിയായി ഇരിപ്പാണ് കക്ഷി. ഉപ്പിട്ടു വേണം പുള്ളിയെ അടര്‍ത്തി കളയാന്‍ എന്ന സാമ്പ്രദായിക രീതിയെ കുറിച്ചൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പെട്ടെന്ന് കണ്ട അറപ്പില്‍ വലിച്ചുപറിച്ചു കളഞ്ഞത് അബദ്ധമായെന്ന് അധികം വൈകാതെ മനസ്സിലായി. തുടച്ചു കളയും തോറും ഊറിയൂറിവരുന്ന ചോര.
ഒന്നു കുളിച്ചു ഫ്രഷായി, പാക്കിംഗ് കഴിഞ്ഞപ്പോഴേക്കും മുറി വെക്കേറ്റ് ചെയ്ത് ഇറങ്ങാന്‍ സമയമായിരുന്നു. അന്നു രാവിലെ മൂകാംബിയയിലെത്തിയ ആലപ്പുഴ ബസ് (കെ എസ് ആര്‍ടിസി) ബസ് കാത്തു കിടപ്പുണ്ടായിരുന്നു സ്റ്റാന്റില്‍. രാത്രി 8 മണിയ്ക്ക് മൂകാംബികയില്‍ നിന്നും പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9:30 യോടെയാണ് എറണാകുളത്തെത്തുക. ഏറെനാള്‍ നീണ്ടൊരു യാത്ര സഫലമായ നിര്‍വൃതിയോടെ മൂകാംബികയോട് യാത്ര പറഞ്ഞ് ബസില്‍ കയറിയിരുന്നു, ‘അവനവന്‍ ഇട’ത്തിലേക്കുള്ള മടക്കയാത്രയ്ക്കായി…
Read more: ഓറോവില്‍ കാത്തുവച്ച സിനിമാ-വിസ്മയങ്ങള്‍