പുറപ്പെടുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. എത്താന്‍ പോകുന്നത് ഈ നഗരത്തിലേക്കായിരിക്കുമെന്ന്. അലഞ്ഞലഞ്ഞ് എത്തിയതായിരുന്നു കൊല്‍ക്കത്തയില്‍. എവിടേക്കെങ്കിലും പോവുക എന്ന കഠിനമായ തോന്നല്‍ തലയ്ക്കകത്ത് വന്നു കേറിയപ്പം വണ്ടി കേറിയത് ചിദംബരത്തേക്കാണ്. ചുള്ളിക്കാടിന്റെ ‘ചിദംബരസ്മരണ’യും സി.വി.ശ്രീരാമന്റെ ‘ചിദംബരവും’ വായിച്ചിട്ടുണ്ട്. കനകാംബാളും ശിവകാമിയും മുനിയാണ്ടിയുമെല്ലാം ആ സമയം എന്റെ മനസ്സിലേക്ക് കേറി വന്നു. പരപ്പനങ്ങാടി സ്റ്റേഷനില്‍ നിന്നും ചിദംബരത്തോട്ടു നേരിട്ട് ട്രെയിനുകളൊന്നുമില്ല. അതുകൊണ്ട് തിരുച്ചിറപ്പള്ളിക്കാണ് ടിക്കറ്റ് എടുത്തത്. അവിടുന്ന് മൂന്ന് മണിക്കൂര്‍ അപ്പുറത്ത് ചിദംബരം.
സമയം 11.35, ചെന്നെ എക്സ്പ്രസ്സ്, അതിന്റെ ഒരു സെക്കന്റ് ക്ലാസ്സ് മുറിയില്‍ ഞാന്‍ ഇരുന്നു. കോയമ്പത്തൂര്‍, ഈറോട്, മൂര്ത്തിപാളയം… സ്ഥലങ്ങള്‍ പിന്നെയും ഓടി കൊണ്ടിരുന്നു. ഇടയ്ക്കെപ്പൊഴേ ഞാന്‍ കൊല്‍ക്കത്തയെ പറ്റി ചിന്തിച്ചു. ആ ചിന്ത പെരുക്കുംതോറും അവിടേക്ക് എത്രയും വേഗം എത്തണമെന്നുള്ള തോന്നലും കനത്തു. ഈ ട്രെയിന്‍ ചെന്നൈയിലേക്കാണ്. ചെന്നൈയിലെത്തിയാല്‍ ഹൗറയിലേക്കും, സാന്ദ്രാഗച്ചിയിലേക്കും പോകുന്ന ട്രെയിനുകളുണ്ട്. എനിക്ക് പോകാം. സമയം 9.45. ട്രെയിന്‍ തിരുച്ചിറപള്ളി ജംങ്ഷന് വിട്ടു. ഞാന്‍ സീറ്റില്‍ തന്നെ ഇരുന്നു. സ്ഥലങ്ങള്‍ പിന്നെയെും ഓടി മറഞ്ഞു. പുലര്‍ച്ചെ 4.15 ന് ആദ്യമായി ഞാന്‍ ചെന്നൈയിലെത്തി. ഇറങ്ങിയത് എഗ്മോര്‍ സ്റ്റേഷനിലാണ്. ഹൗറയിലേക്ക് പോകുന്ന ട്രെയിനുകളെല്ലാം ചെന്നൈ സെന്‍ട്രലില്‍ നിന്നാണ് എടുക്കുന്നത്. ഫോണില്‍ സ്ഥലം തപ്പി അവിടേക്ക് നടന്നു. മഞ്ഞ വെളിച്ചം. ഉണര്‍ന്നു തുടങ്ങുന്ന നഗരം.
രാവിലെ 8.45 ന് ഹൗറയിലേക്ക് പോകുന്ന ഒരു ട്രെയിനുണ്ട്. അതില്‍ കേറി. സെക്കൻഡ് ക്ലാസ്സ് ബോഗി. കാല് വയ്ക്കാന്‍ പോലും ബുദ്ധിമുട്ടുള്ള തരത്തില്‍ തിരക്കുണ്ടായിരുന്നു. ചിലര്‍ ബർത്തുകളിലെ കമ്പികളിലും മറ്റും തുണി കൊണ്ട് തൊട്ടില് പോലെ കെട്ടി അതില്‍ കിടുറങ്ങുന്നു. എനിക്ക് ഇത് നീണ്ട സമയത്തിന്റെ യാത്രയാണ്. എങ്കിലും അത് ആലോചിക്കാതെ കേറി. ആ കോച്ചിലുണ്ടായിരുന്നവരില് ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്കും മറ്റും പണിയെടുക്കാന്‍ വന്നവരായിരുന്നു. കാഴ്ച്ചയില്‍ ചെറിയ കുട്ടികള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ബര്‍ത്തില്‍ തല കൈയ്ക്ക് കുത്തിചാരി കിടന്ന ഒരു പയ്യന്റെ ക്ഷീണിച്ച മുഖത്തിന്റെ ദൈന്യഭാവം എനിക്കിപ്പഴും ഓര്‍ക്കാന്‍ പറ്റുന്നുണ്ട്.
തിരക്കിനുള്ളിലൂടെ പാന്മസാലകളും കുപ്പിവെള്ളങ്ങളും പായ്ക്കറ്റ് ഫുഡ്കളും ഓടിനടന്നു. ചിലര്‍ വന്നു പാട്ട് പാടി പൈസ ചോദിച്ചു. വേറൊരു കൂട്ടര് വെറുതെ കൈക്കൊട്ടി പൈസ ചോദിക്കുന്നു. കൊടുത്തില്ലെങ്കില്‍ അവര്‍ ഉമ്മ വയ്ക്കാന്‍ ശ്രമിക്കും. തുണിപൊക്കി തുടങ്ങും. പല മാതിരി ജീവിക്കുന്നവര്‍.
നിന്ന് മടുത്തപ്പോഴൊക്കെ നിലത്ത് കുത്തിയിരുന്നു. ‘കഹാം ജാ രഹാ ഹേ?.’ അടുത്ത് നിന്ന ഒരു പയ്യന് എന്നെ നോക്കി ചോദിച്ചു. ‘ഹൗറ’.
അവന് ബിഹാറിയാണ്. പരിചയപ്പെട്ട മറ്റൊരാള്‍ ഭുവനേശ്വരിലേക്ക്. ജനല്പ്പുറങ്ങളില് സ്ഥലങ്ങള്‍ മാറി മാറി തെളിഞ്ഞു. ഏതോ സ്റ്റേഷനില്‍ നിന്നും കുട്ടയില്‍ പേരയ്ക്കയുമായി കേറിയ ഒരു സ്ത്രീയുടെ അടുക്കല്‍ നിന്നും ഉപ്പും മുളകും വിതറി ഒരു പേരയ്ക്ക വാങ്ങി കഴിച്ചു. വിജയവാഡ കഴിഞ്ഞു. രാത്രി ഒന്‍പതേ മുക്കാലൊക്കെ ആയപ്പോള്‍ വിശാഖപട്ടണത്തെത്തി. അവിടെ ഇറങ്ങണമെന്നു തോന്നി. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷന്റെ പുറത്തോട്ടിറങ്ങി നഗരം നോക്കി ഞാന്‍ കുറച്ച് നടന്നു. വിശക്കുന്നുണ്ടായിരുന്നു. ഒരു കടയില്‍ കയറി ഭക്ഷണം കഴിച്ചു. പന്ത്രണ്ട് മണിക്ക് ഹൗറയിലേക്ക് പോകുന്ന ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് ഉണ്ട്. അതിനാണ് ഇനി എനിക്ക് പോകേണ്ടത്. ആ വണ്ടിയിലും സീറ്റുകളൊക്കെ ഫുള്ളാണ്. എന്റെ ബാഗില്‍ ഒരു ബെഡ് ഷീറ്റുണ്ട്. കേറിയപാടെ അതെടുത്ത് നിലത്ത് വിരിച്ച് ഞാന്‍ കണ്ണടച്ച് കിടന്നു. എന്റെ തലയ്ക്ക് മുകളിലൂടെ ഇടയ്ക്കിടെ ഏതൊക്കെയോ കാലുകള്‍ കവച്ചു പോകുന്നത് ഉറക്കത്തിലേക്ക് വീഴും വരെ ഞാന്‍ അറിഞ്ഞു.
കണ്ണു തുറപ്പോള്‍ പുറത്ത് വെളിച്ചം വീണു തുടങ്ങിയിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൂര്യന് ഉദിക്കുന്നത് നേരത്തെയാണ്. സീറ്റുകള്‍ ഒഴിഞ്ഞ് തുടങ്ങി. ജനാലയ്ക്കരികില്‍ ഒരൊഴിഞ്ഞ സീറ്റില്‍ ഞാനിരുന്നു. വണ്ടി പോകുന്നത് ഒഡീഷയിലൂടെയാണ്. പുറത്ത് മഴ പെയ്യുന്നുണ്ട്. അങ്ങ് ദൂരങ്ങളിലേക്ക് പരന്നു കിടക്കുന്ന വയലുകളില്‍ വീണുകൊണ്ടിരുന്ന മഴയെ എന്റെ കാഴ്ച ആസ്വദിച്ച് നനഞ്ഞു. ഇടയ്ക്ക് കമ്പാര്‍ട്ട്മെന്റിലേക്ക് ഒരു ഹാര്‍മോണിയവും തൂക്കി ബംഗാളി ഭാഷയിലുള്ള ഏതോ ഒരു പാട്ട് പാടി കൊണ്ട് ഒരു സ്ത്രീ വന്നു. ഉച്ചത്തില്‍ അതീവ ഭംഗിയായി കേള്‍ക്കുന്ന ശബ്ദം. താളം മുറിഞ്ഞു പോകാതെ ഇടക്ക് ‘ബാബൂ.. ബാബൂ…’ എന്ന് വിളിച്ച് ഓരോരുത്തരെയും നോക്കി അവര്‍ കൈനീട്ടുന്നു. സമീപത്ത് നിന്ന് ആ സംഗീതം അകന്നു പോയപ്പോള്‍ അതിന്റെ പിറകെ സീറ്റില്‍ നിന്നും എണീറ്റ് ഞാനും അല്‍പ്പനേരം നടന്നു. എന്റെ നാട് എനിക്കിപ്പോള്‍ വളരെ ദൂരെയാവുന്നു. കൊല്‍ക്കത്ത വളരെ വളരെ അടുത്തും.
ഏതാണ്ട് രണ്ടരയോടെ ഞാന്‍ ഹൗറയില്‍ വണ്ടിയിറങ്ങി. മുപ്പതോളം പ്ലാറ്റ്ഫോമുകളുള്ള ഇന്ത്യയിലെ വലിയ സ്റ്റേഷന്. എവിടെയൊക്കെയോ പോകാന്‍ തിരക്ക് കൂട്ടുന്ന അനേകമനേകം ആൾക്കൂട്ടങ്ങള്‍. ഞാന്‍ പതിയെ പുറത്തേക്കിറങ്ങി. യാത്രക്കാരെ തിരഞ്ഞ് സ്റ്റേഷനു വെളിയില്‍ ധാരാളമായി നിര്‍ത്തിയിട്ടിരിക്കുന്ന മഞ്ഞ അംബാസിഡര്‍ കാറുകള്‍ ഈ നഗരത്തിന്റെ കാഴ്ചയാണ്.
കൊല്‍ക്കത്ത. ഏതെങ്കിലുമൊരു കാലത്തില്‍ എത്തണമെന്നു തീര്‍ച്ചപ്പെടുത്തിയ സ്ഥലം. ഇവിടേക്ക് ഞാന്‍ വളരെ പെട്ടെന്ന് തന്നെ എത്തി.
ചേച്ചിയുടെ സുഹൃത്തും അതു വഴി എന്റെ സ്നേഹിതനുമായ സല്മാന് എന്നയാള്‍ ഞാന്‍ വിളിച്ചപ്പോള്‍ തന്നെ ഹൗറയിലേക്ക് വരികയും എന്നെ താമസസ്ഥലത്തേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു. പെട്ടെന്ന് നേരം വെളുക്കുന്നതു പോലെ പെട്ടെന്ന് ഇരുട്ട് വീഴുകയും ചെയ്യുന്ന സ്ഥലം. അന്ന് പിന്നെ എങ്ങും പോയില്ല. ഇക്ബാല്പുരിലെ ഇടുങ്ങിയ തെരുവുകളിലൊന്നില്‍ അനേകം പഴക്കം ചെന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയില്‍ യാത്രയുടെ ക്ഷീണത്തില്‍ ഞാന്‍ മതിമറന്നുറങ്ങി. താഴേ മഞ്ഞവെളിച്ചത്തില്‍ തെരുവ്…

സോനാഗച്ചി
‘ഒരു സുഹൃത്ത് ഹൗറയിലേക്ക് വരും. അങ്ങേരെ കാണണം. ഇന്ന് രാത്രി അങ്ങേരുടെ കൂടെയാവും താമസിക്കുക. നാളെ വരാം’ എന്നും പറഞ്ഞ് ഞാന്‍ ഇക്ബാല്പുരില് നിന്നും ഹൗറയിലേക്ക് ബസ് കേറി. ആരും വരാനില്ല. തോന്നിയപാടെ ഒറ്റയ്ക്ക് അലയാന്‍ വേണ്ടി പറഞ്ഞ കള്ളമായിരുന്നു അത്. മമത ബാനര്‍ജി പങ്കെടുക്കുന്ന ഒരു പരിപാടി അന്ന് കൊല്‍ക്കത്തയില്‍ നടക്കാനുള്ളതു കൊണ്ടും കൂടി നഗരം അൽപമേറെ തിരക്കിലായിരുന്നു.
സോനാഗച്ചിലേക്ക് പോകാമെന്നു വിചാരിച്ചു. സോനാഗച്ചിയെപറ്റി ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്. ഏതോ കാലത്ത് ആരംഭിച്ച ഇന്നും തുടരുന്ന, ശരീരത്തെ ലൈംഗികവൃത്തിക്കായി ഒരുക്കി നിര്‍ത്തുന്ന അനേകം പേരാണ് ആ തെരുവില്‍. ഹൗറയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരമാണ് അവിടേക്ക്. നടക്കാമെന്നു തീരുമാനിച്ചു. ഗൂഗിള്‍ മാപ്പ് തെളിച്ച് തരുന്ന വഴികളിലൂടെയാണ് എന്റെ സഞ്ചാരം. ആ നടപ്പില്‍ കൊല്‍ത്തയുടെ ഭാവം പെട്ടെന്ന് ഇരുണ്ട് പോയി. എത്രയോ പിന്നിലാവേണ്ട ഒരു കാലത്തിലൂടെയാണ് ഞാനപ്പോള്‍ നടന്നു പോയത്. ബസ്സുകളും ടാക്സികളുമൊന്നും പോകുന്ന റോഡല്ല. ഇവിടെ മുഷിഞ്ഞതും, പൊളിഞ്ഞതുമായ കെട്ടിടങ്ങള്‍, വഴിയരികില്‍ നിലത്തിരുത്തി ക്ഷുരകം ചെയ്യുന്നവര്‍, മനുഷ്യന് മനുഷ്യനെ വലിച്ച് പോവുന്ന കൈറിക്ഷകള്, റോഡരികിലെ ടാപ്പില്‍ നിന്നും കൂട്ടം കൂടി കുളി നടത്തുന്നവര്‍.
ഏതൊക്കെയോ ഇടുങ്ങിയ ഗലികളിലൂടെ ഞാന്‍ സോനാഗച്ചിയിലേക്ക് നടന്നു. ചുവന്ന തെരുവ് അടുത്തായി എന്നതിന്റെ സൂചന കിട്ടും പോലെ രണ്ടു മൂന്നു സ്ത്രീകള്‍ തന്റെ ആവശ്യക്കാരെ കാത്ത് വഴിയരികില്‍ നില്‍ക്കുന്നുണ്ട്. അവര്‍ എന്നെ നോക്കി ചിരിച്ച് എന്തോ ആംഗ്യം കാട്ടി. ഞാനത് ശ്രദ്ധിക്കാത്ത മട്ടില്‍ അവരെ കടന്നു പോയി.
സോനാഗച്ചിയിലേക്ക് പ്രവേശിക്കുന്ന കാവടത്തിനടുത്തെത്തിയപ്പോള് കേറണോ വേണ്ടയോ എന്ന് സംശയിച്ച് കുറച്ചും കൂടി മുന്നോട്ടു നടന്നു. എന്തോ ഒരു ഭയം ഉള്ളിലേക്ക് പ്രവേശിക്കുന്നത് പോലെ. എങ്കിലും തിരിഞ്ഞ് നടന്നു അതിനുള്ളിലേക്ക് കേറി. ആ തെരുവ് മൊത്തം ശരീരം വില്ക്കാന് നില്‍ക്കുന്നവരും അവരില്‍ തൃപ്തിയടയാന് വരുന്നവരും. ഞാന്‍ അതിലൂടെ മെല്ലെ മുന്നോട്ടു നടന്നു. പൊടുന്നനെ ഒരു മനുഷ്യന് എന്റെ പിറകെ ഓടി വന്നു. ‘മേരേ ലട്ക്കിയോ കോ ദേഖ്നെ ഹേ ക്യാ ?’ വേണ്ടെന്നു ഞാന്‍ അറിയാവുന്ന ഭാഷയൊപ്പിച്ച് പറഞ്ഞു. എന്നിട്ടും അയാള്‍ പോകുന്നില്ല. അയാളുടെ പെണ്‍കുട്ടികളെ ഒന്ന് വന്നു കണ്ട് നോക്കൂ എന്നാണ് അയാള്‍ നിര്‍ബന്ധിക്കുന്നത്. ‘നോ’ എന്നു ഞാന്‍ തറപ്പിച്ചു. അയാള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. ഞാനയാളെ ശ്രദ്ധിക്കാത്ത മട്ടില്‍ വഴി മാറി നടന്നു. ഇടുങ്ങിയ വഴി. ഇരു സൈഡിലും രണ്ടോ മൂന്നോ തട്ടുകളായുള്ള കുടുസ്സ് മുറികള്‍. അതിന്റെ മുന്നില്‍ ശരീരം പാതി പ്രദര്‍ശിപ്പിച്ചും അല്ലാതെയും ഒരുങ്ങി നില്ക്കുന്ന സ്ത്രീകള്‍. ഏതാണ്ടെല്ലാവരും ചുവപ്പാണ് ഉടുത്തിട്ടുള്ളത്. ചിലര്‍ അങ്ങനെ നിന്നു കൊണ്ട് പുകവലിക്കുന്നു. ആ തെരുവിന്റെ അറ്റം വരെയും ഞാന്‍ നടന്നു. സത്യജിത് റേയ്ക്ക് പ’ഥേര്‍ പാഞ്ചാലി’യിലേക്ക് ചുനിബാല ദേവിയെ കിട്ടിയത് ഈ തെരുവിലെവിടെയോ വച്ചാണെണെ് കേട്ടിട്ടുണ്ട്.
പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ ജീവിക്കാനായി ഇവിടെ ലൈംഗികതൊഴിലാളികളായി മാറുന്നു. മനസ്സ് അസ്വസ്ഥപ്പെടുന്നുണ്ടായിരുന്നു. എന്തു കൊണ്ടോ ഈ തെരുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നു അപ്പോള്‍ തോന്നി. ഫോണിനകത്ത് ക്യാമറ ഓണാക്കി ഷര്‍ട്ടിന്റെ കീശയിലിട്ടു.. എല്ലാം എന്റെ ഫോണില്‍ പതിയുന്നുവെന്ന ധാരണയില്‍ ഞാന്‍ മെല്ലെ തിരിച്ച് നടന്നു. അവര്‍ എന്നെ ക്ഷണിക്കുന്നുണ്ട്. ഞാന്‍ എന്റെ നോട്ടത്തെ അവര്‍ക്ക് കൊടുത്ത് നടന്നു കൊണ്ടിരുന്നു. ഒരു സ്ത്രീ എന്നെ നോക്കി എന്തോ പറഞ്ഞു. ഞാനും തിരിച്ചെന്തെങ്കിലും സംസാരിച്ചാലോ എന്നോര്‍ത്ത് അവര്‍ക്ക് നേരെ തിരിഞ്ഞതാണ്. പൊടുന്നനെ അവര്‍ ഓടി വന്നു എന്റെ കീശയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിക്കാനായി ശ്രമിച്ചു. അതു കണ്ട് അവിടെ കൂടി നിന്ന സ്ത്രീകളെല്ലാം എനിക്ക് നേരെ വന്നു. അനുഭവിച്ചതില്‍ വച്ച് ഏറ്റവും ഭീകരവും ഭീതിതവുമായ നിമിഷങ്ങള്‍. അപരിചിതമായ നഗരം. എനിക്കറിയാത്ത ഭാഷയില്‍ അവര്‍ എന്തൊക്കെയോ ഒച്ചയിട്ട് എന്റെ കൈയ്യില്‍ നിന്നും ഫോണ്‍ പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയാണ്. ബഹളം കേട്ട് കുറച്ച് പുരുഷന്മാര് അവിടേക്ക് വന്നു. അവര്‍ക്ക് എന്റെ ഫോണ്‍ പരിശോധിക്കണമെന്നായി. പിടിക്കപ്പെടുമെന്നു ഉറപ്പാക്കിയ നിമിഷം. പക്ഷേ ഭാഗ്യമെന്നവണ്ണം ആ പിടിച്ചു പറിയില് എന്റെ ഫോണിന്റെ ഡിസ്പ്ലേ അപ്പോഴേക്കും പോയിട്ടുണ്ടായിരുന്നു ‘മൈ ഫോ ഈസ് കംപ്ലയിന്റ്… ഐ കാന്റ് ടെയ്ക് ഫോട്ടോസ്.’
സോനാഗച്ചിയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടതാണ്. ഓര്‍ക്കുമ്പോള്‍ ഇപ്പഴും ആ നിമിഷത്തിന്റെ ആളലുണ്ട് മനസ്സില്‍.
സോനാഗച്ചി, ചിത്രങ്ങള്‍. ശശി ഘോഷ്, ഇന്ത്യന്‍ എക്സ്പ്രസ്സ്
കഞ്ചാവ് പുകയുന്ന രാത്രി
ഏതൊക്കെയോ വഴികളിലൂടെ കുറേ നടന്നു. പല കടകളിലലഞ്ഞ് ഒരു കടയില്‍ നിന്നും ഫോണ്‍ ശരിയാക്കി കിട്ടി. രാത്രിയുടെ മഞ്ഞവെളിച്ചത്തില്‍ ഹൗറ പാലത്തില്‍ പോയിരുന്നു. അടിയില്‍ ഹൂഗ്ലി നദി ഒഴുകുന്നു. കുറേ നേരം ഞാനാ ഇരിപ്പിരുന്നു തണുത്ത കാറ്റ്. ഏതാണ്ട് പതിനൊന്നൊക്കെ ആയപ്പോള്‍ ഹൗറ റെയില്‍വേ സ്റ്റേഷനിലെ ഏതെങ്കിലുമൊരു സിമന്റ് ബെഞ്ചിലോ മറ്റോ പോയി ഉറങ്ങണമെന്നു തോന്നി. സ്റ്റേഷനിലിരിക്കുമ്പോള്‍ അടുത്ത പ്ലാറ്റ്ഫോമിലേക്ക് വന്നു നിന്ന ട്രെയിനില്‍ നിന്നും ഭയങ്കരമായ കൊട്ടുകളും ആര്‍പ്പുവിളികളും. പല ബോഗികളില്‍ നിന്നും ചെറു കൂട്ടങ്ങളായി ഇറങ്ങി അതൊരു വലിയ കൂട്ടമായി. സ്ത്രീകളും കുട്ടികളുമുണ്ട്. ആര്‍പ്പുവിളികള്‍ തുടര്‍ന്നു കൊണ്ട് അവര്‍ സ്റ്റേഷന് വെളിയിലേക്ക് പോവുകയാണ്. എനിക്ക് കൗതുകമായി. ഞാന്‍ ഉറക്കത്തെ കളഞ്ഞ് എണീറ്റ് അവര്‍ക്ക് പിറകെ പോയി ആ കൂട്ടത്തിനുള്ളിലേക്ക് കേറി. റോഡിലൂടെ ഡാന്‍സും കൊട്ടുമൊക്കെയായി ആഘോഷമായ നടത്തം. ഞാനപ്പോള്‍ അവരിലൊരാളായി മാറി. ആ നടത്തം ഒരു തെരുവിലേക്കിറങ്ങി. രാത്രിയുടെ തെരുവ്. മഞ്ഞവെളിച്ചം കത്തുന്ന വിളക്കുകാലുകള്‍, റിക്ഷകളിലും വിരിച്ച ചണചാക്കുകളിലുമായി ഉറങ്ങുന്ന ക്ഷീണിച്ച മനുഷ്യര്‍.
നടത്തം ഹൂഗ്ലി നദിക്കരയിലെ ഒരു ക്ഷ്രേത്രത്തിന്റെ അടുത്തെത്തി. ഭയങ്കരമായ ജനകൂട്ടം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അവിടെ വച്ച് നടക്കുന്ന ഗോഡ് ശങ്കര്‍ ബാബ ഭോല്‍ നാഥ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു അവരെന്നു പിന്നീടറിഞ്ഞു. ഭക്തിയുടെ ഭ്രാന്തമായ ഒച്ചപ്പാടുകള്‍. തിരക്കിനുള്ളിലൂടെ നടന്നു ഞാന്‍ നദിക്കരയിലേക്ക് ചെന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന കൂട്ടങ്ങള്‍ നദിയിലേക്കിറങ്ങി കലങ്ങിമറിയുന്നു. ചിലര്‍ എന്തെല്ലാമോ കൊണ്ടുവന്നു അതിലൊഴുക്കുന്നു.
പരിസരമാകെ അപ്പോള്‍ നിറഞ്ഞ് നിന്ന ഒരു മണം. അപ്പോഴാണ് കണ്ടത്. മണല്‍തീരത്ത് വട്ടം വട്ടമായി ഇരിക്കുന്ന അനേകം അനേകം പേര്. അവര്‍ കഞ്ചാവ് പുകയ്ക്കുകയാണ്. ചിലര്‍ ചിലങ്ങളില് അത് നിറയ്ക്കുന്നു. ഈ ഉത്സവത്തിന്റെ ഭാഗമാണ് അതെന്നു തോന്നുന്നു. പൂക്കള്‍ക്കും പൂജാവസ്തുകള്ക്കുമൊപ്പം മരുജ്ജ്വാന നിറയ്ക്കാനുള്ള ‘ചിലം’ കുഴലുകളും വഴിയരികില്‍ ധാരാളമായി വിൽപനയ്ക്ക് വച്ചിരിക്കുന്നു.
കല്‍ക്കരി കത്തിച്ചാണ് കൊല്‍ക്കത്തയില്‍ മിക്കവാറും ചായയുണ്ടാക്കുന്നത്. അഞ്ച് രൂപയ്ക്ക് കിട്ടുന്ന കോപ്പയിലെ ആ ചായ പല പ്രാവശ്യം കുടിച്ച് ആ രാത്രി മൊത്തം ഞാന്‍ അതിലൂടെ അലഞ്ഞു.

ശാന്തിനികേതന്‍
രാവിലെ ആറേ കാലിന് ഹൗറ സ്റ്റേഷനില്‍ നിന്നും ബോല്പ്പൂരിലേക്ക് വണ്ടി കയറി. മൂന്നു മണിക്കൂര്‍ ദൂരം. അവിടുന്ന് ഏതാണ്ട് നാല് കിലോമീറ്റര്‍ അടുത്താണ് ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍. തലേ ദിവസം രാത്രിയിലെ ഉറക്കക്ഷീണം ട്രെയിനിലിരിക്കുമ്പോള്‍ കണ്ണുകളെ തളര്‍ത്തുന്നുണ്ടായിരുന്നു. ശാന്തിനികേതനിലെത്തിയാല് ഏതെങ്കിലും മരത്തണലില്‍ കുറച്ച് നേരം ഉറങ്ങണമെന്നു അപ്പോള്‍ തോന്നി. ബോല്‍പ്പൂരില്‍ നിന്നും സൈക്കിള്‍റിക്ഷയിലാണ് ശാന്തിനികേതനിലേക്ക് പോയത്. അലഞ്ഞ് ആദ്യമെത്തിയത് സലിം മുന്‍ഷിയുടെ ആര്‍ട്ട് ഗാലറിയില്‍. രവീന്ദ്രനാഥ ടാഗോറും ശാന്തിനികേതന്റെ പൂര്‍വ കാലങ്ങളും അടങ്ങുന്ന പെയിന്റിങ്ങുകളാണ് ആ ഗാലറിയില്‍. അവിടുന്ന് വിശ്വഭാരതി, കലാഭാവന, രവീന്ദ്ര മ്യൂസിയം, പിന്നെയും ഏതൊക്കെയോ ആര്‍ട്ട് ഗാലറിയിലും മറ്റുമായി ഞാന്‍ ചുറ്റിനടന്നു.
മരച്ചുവടുകളാണ് വിശ്വഭാരതിയുടെ ക്ലാസ്സ് മുറികള്‍. പ്രകൃതിയെ അനുഭവിച്ച് ആ മരത്തിന്റെ തണലുകളില്‍ മഞ്ഞസാരിയുടുത്ത കുട്ടികള്‍ ഇരിക്കുന്നു. അവര്‍ക്ക് മുന്പില് സ്ഥാപിക്കപ്പെട്ട ബോര്‍ഡിനടുത്ത് ഇരുപ്പ്പീഠത്തില് അധ്യാപിക. അങ്ങനെ പല പല കൂട്ടങ്ങള്‍. രാവിലെ ആറു മണി മുതല്‍ പത്ത് മണി വരെയാണ് ശാന്തിനികേതനില്‍ ക്ലാസ്സുകള്‍ ഉണ്ടാവുന്നത്. മരച്ചുവടുകളില്‍ ഏകാകിയായി വായനയില്‍ മുഴുകി വേറെയും ചില മനുഷ്യര്‍ ഇരിക്കുന്നുണ്ട്. ഉച്ച തുടങ്ങുന്നതിന്റെ, വെയില്വീഴുന്ന സമയം. ഒരു തണലില്‍ ഇത്തിരി നേരം ഞാനിരുന്ന് മയങ്ങി.
പിന്നെയും നടന്നു. കലാഭാവനയുടേയും രവീന്ദ്ര മ്യൂസിയത്തിന്റേയും മുറ്റത്ത് രാം കിങ്കര്‍ ഉണ്ടാക്കിയ ശില്പ്പങ്ങള് കണ്ടു. അതിശയങ്ങളാണ്. ആധുനിക ശില്‍പ്പ, ചിത്രകലകളില്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടുന്ന ചിത്രകാരനും ശില്‍പ്പിയുമാണ് രാം കിങ്കര്‍ ബൈജ്. കലാഭാവനയുടെ മുറ്റത്ത് 1938ലാണ് അദേഹം തന്റെ ഏറെ പ്രസിദ്ധമായ ‘സന്താള്‍ ഫാമിലി’ എന്ന ശില്‍പ്പം നിര്‍മ്മിച്ചത്. അവിടുത്തെ ചുമരുകളിലും മറ്റും അവിടെ പഠിച്ചതും ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നതുമായ വേറെയും ചിലരുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും.
രവീന്ദ്ര മ്യൂസിയത്തില്‍ കയറാന്‍ ടിക്കറ്റ് എടുക്കേണ്ടി വന്നു. മഹാകവി താമസിച്ച മുറി, അദ്ദേഹം ഉപയോഗിച്ച വാഹനം, അദ്ദേഹത്തിന്റെ വേറെയും ചരിത്രശേഷിപ്പുകള്‍. പിന്നെയും ഏതൊക്കെയോ കാഴ്ചകളിലേക്ക് ഞാനലഞ്ഞ് ചെന്നു. ശാന്തിനികേതനില്‍ നിന്നും ബോല്പ്പൂരിലേക്കുള്ള മടക്ക വഴിയിലാണ് യാദൃശ്ചികമായി ഒരു സുഹൃത്തിനെ കാണുന്നത്. രതീഷ്. ചിത്രകാരനാണ്. അവന്റെ സൈക്കിളിന്റെ പിറകിലിരുന്ന് പിന്നെയും കലാഭാവനയിലേക്ക്. ഞങ്ങള്‍ കുറേ നേരം ഒരു മരച്ചുവട്ടിലിരുന്ന് സംസാരിച്ചു. പിന്നീട് ഒരു മുറിയിലേക്ക് അവനെന്നെ വിളിച്ച് കൊണ്ടു പോയി, ചെയ്ത പെയിന്റിങ്ങുകളെല്ലാം കാണിച്ചു. ചിത്രകലയോട് ഭ്രാന്തമായ അഭിനിവേശം ഉള്ളയാളാണ്. അവന് ചെയ്ത മരങ്ങളുടെ പല തരം സ്കെച്ചുകളിലേക്ക് നോക്കികൊണ്ടിരിക്കുമ്പോള്‍ മുളങ്കുഴലുകള്‍ ചേര്‍ത്ത് വച്ച് നിര്‍മ്മിച്ച ഒരു ഉപകരണം അവന് കൈയ്യിലെടുത്തു. ‘ഇത് എന്താണെന്ന് അറിയോ?’ ആ ഉപകരണം അവന് ചുണ്ടിനോട് ചേര്‍ത്തു. ഇതുവരെയും കേള്‍ക്കാത്ത സംഗീതത്തിന്റെ മാന്ത്രികമായ മറ്റൊരു തരം നാദം. ആ മുറിയില്‍ അതൊഴുകി. ശാന്തിനികേതനില്‍ നിന്നും ഏറെ വൈകിയാണ് പിന്നെ ഞാന്‍ മടങ്ങിയത്.

രവീന്ദ്രസദന്
എങ്ങും പോകാതെ ഇക്ബാല്പുരിലെ താമസമുറിയില്‍ പിറ്റേ ദിവസം മുഴുവന്‍ ഞാന്‍ ക്ഷീണിച്ചുറങ്ങി. അടുത്ത ദിവസം രവീന്ദ്രസദനിലേക്ക് പോകുമ്പോള്‍ അന്ന് ഡ്യൂട്ടി ഇല്ലാത്തതിനാല്‍ സല്‍മാനും കൂടെ വന്നു. ബൈക്കിലാണ് പോയത്. തിരക്ക് പിടിച്ച ട്രാഫിക്കില്‍ പൊടിപിടിച്ചതും പൊളിഞ്ഞ് തുടങ്ങിയതുമായ ബസുകളുടെയും അംബാസിഡറുകളുടേയും ഇടയിലൂടെ നഗരം കണ്ട് ഞങ്ങളോടി. റോഡിന്റെ സൈഡിലൂടെ ആളുകളെ വലിച്ച് പോകുന്ന കൈറിക്ഷകള് അപ്പോഴുമുണ്ട്.
താമസസ്ഥലത്ത് നിന്നും ഏഴെട്ടു കിലോമീറ്റര്‍ അകലെ ജൊരാസാങ്കോ എന്ന സ്ഥലത്താണ് ടാക്കൂര്‍ ബാരിയെന്നും രവീന്ദ്രസരണിയെന്നുമെല്ലാം വിളിക്കപ്പെടുന്ന ടാഗോര്‍ കുടുംബത്തിന്റെ വീട്. 1784ല്‍ ടാഗോര്‍ വംശപരമ്പരയിലെ മൂന്നാം തലമുറയില്‍പ്പെട്ട നീല്മണിറാം ആണ് ഈ വീട് നിര്‍മ്മിച്ചത്. അനേകം മുറികളുള്ള വലിയ മാളിക. മുകള്‍ നിലയില്‍ മാത്രമേ സന്ദര്‍ശക പ്രവേശനമുള്ളൂ. കോവണി കയറി മുകളിലേക്ക് ചെന്നു. ടാഗോറിന്റെ പത്നി മൃണാളിനി ദേവി ഉപയോഗിച്ച അടുക്കളയാണ് അപ്പോള്‍ ആദ്യം കാഴ്ചയായത്. ഏതൊക്കെയോ മുറികളിലൂടെയും മട്ടുപ്പാവിലൂടെയും ഞാന്‍ നടന്നു. എപ്പോഴും രവീന്ദ്രസംഗീതത്തിന്റെ അലകള്‍ ഒരു ഗ്രാമഫോണില്‍ നിന്നും പരിസരങ്ങളിലേക്ക് ഒഴുകി വീണുകൊണ്ടിരുന്നു.
ടാഗോര്‍ കുടുംബത്തിലെ പേറ്റുമുറി. ഇവിടെയാണ് മഹാകവി ജനിച്ച് വീണത്. അവിടുന്നു ഞാന്‍ ചെന്നു കേറിയ തൊട്ടടുത്ത മുറിയിലാണ് ടാഗോര്‍ അവസാനകാലം ചിലവഴിച്ചതും മരണപ്പെട്ടതും. ടാഗോര്‍ ഉപയോഗിച്ച എഴുത്തുമുറി കൂടാതെ ചൈന മാതൃകയില്‍ ഏതോ വിശിഷ്ട വൃക്തിക്ക് വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വേറെയും ചില മുറികളുണ്ട് ആ മാളികയില്‍. ചില്ലുകൂടുകളില്‍ ടാഗോറിന്റെ ഉടുപ്പുകള്‍, ചെരിപ്പ്, പാത്രങ്ങള്‍, കൈപ്പടകള്‍ പിന്നെയും അദ്ദേഹത്തിന്റേതായ എന്തെല്ലാമോ സംരക്ഷിച്ച് വച്ചിരിക്കുന്നു.
ടാഗോര്‍ വംശപരമ്പരയിലെ പലരുടേയും ഛായാപടങ്ങള്‍, അവരുടേയും ശേഷിപ്പുകള്‍, ദേവേന്ദ്രനാഥ ടാഗോറിന്റെയും മറ്റും പെയിന്റിങ്ങുകള്‍, ഇങ്ങനെയങ്ങനെ കാഴ്ചകള്‍ ചരിത്രത്തിന്റെ അകലങ്ങളിലെ അനുഭവങ്ങളിലേക്കും അറിവുകളിലേക്കും കൂട്ടിക്കൊണ്ടു പോയ അനേകനേരങ്ങളായിരുന്നു രവീന്ദ്രസദനില്.

കാളീഘട്ടിലേക്കുള്ള വഴിയില്‍
ചെന്നെയിലേക്കും അവിടുന്നു കോഴിക്കോടേക്കും ചേച്ചി ട്രെയിന്‍ ബുക്ക് ചെയ്ത് തന്നിരുന്നു. നാട്ടിലേക്കുള്ള മടക്കയാത്രയുടെ തലേ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മുറിയില്‍ നിന്നും ഇറങ്ങി. വിക്ടോറിയ പാലസിലേക്കും കാളിഘട്ടിലേക്കും പോകണം. കാഴ്ചയുടെ ആ ദൂരങ്ങളിലേക്ക് ആര്‍ത്തി നിറഞ്ഞ ഒറ്റയ്ക്കുള്ള നടത്തം. ഞാന്‍ ആസ്വദിക്കുകയായിരുന്നു. വിക്ടോറിയ പാലസിലേക്ക് നടന്നു പോകുന്ന വഴിയില്‍ നാഷണല്‍ ലൈബ്രറിയും ഭാഷാഭവനും കണ്ടു. നിറയെ മരങ്ങളും പച്ചപ്പുമുള്ള ഭൂമി. അവിടെ കയറി. കട്ടികണ്ണടവച്ച, മുടിയും താടിയും നീട്ടി വളര്‍ത്തിയ മനുഷ്യര്‍. ബിഭൂതിഭൂഷനും, സത്യജിത് റേയും, മൃണാല്സെനുമെല്ലാം തീര്‍ച്ചയായും തങ്ങളുടെ കാലത്ത് ഇവിടെ തന്നെയായിരുന്നിരിക്കണം. ഞാന്‍ വെറുതെ വിചാരിച്ചു. അനുവാദം വാങ്ങി ലൈബ്രറിയ്ക്കകത്തേക്ക് കേറി. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലേയും പുസ്തകശേഖരങ്ങള്‍ ഇവിടെയുണ്ട്. ഞാന്‍ മലയാളത്തെ തിരഞ്ഞു. വള്ളത്തോളും ബഷീറുമൊക്കെയുണ്ട്. എഴുത്തുകാരുടെ ഛായാപടങ്ങള്‍ ഒട്ടിച്ചു വച്ചതില്‍ മലയാളത്തില്‍ ഉള്‍പ്പെടുത്തിയത് വള്ളത്തോളിനെയാണ്. വള്ളത്തോളിന്റെ ഏതാണ്ടെല്ലാ പുസ്തകങ്ങളുടെയും പഴയ പതിപ്പുകള്‍ എനിക്കവിടെ കാണാനായി.
വിക്ടോറിയ പാലസിലെത്തുമ്പോള്‍ ഏതാണ്ട് നാലു മണി ആയിരുന്നു. ബ്രിട്ടീഷ് അധിനിവേശകാലത്ത് വിക്ടോറിയ രാജ്ഞിയുടെ സ്മരണയ്ക്കായി മാര്‍ബിളില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ആ മന്ദിരം. അതിനുള്ളില്‍ ഇന്ത്യാ ഗവൺമെന്റ് ഒരു മ്യൂസിയം സജ്ജീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മേധാവിത്ത രൂപങ്ങളുടെ ഛായാപടങ്ങള്‍, പ്രതിമകള്‍, ചരിത്രത്തിന്റ ഭാഗമായ തുപ്പാക്കികളും മറ്റ് ആയുധങ്ങളും. ഏതൊക്കെയോ വൈസ്രോയിമാരുടെയോ മറ്റോ ഉടുപ്പുകളും അവര്‍ ഉപയോഗിച്ച സാധനങ്ങളും ചില്ലുകൂടുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കീഴടക്കപ്പെട്ട ഒരു ജനതയുടെ ജീവിതം വലിയൊരു ക്യാന്‍വാസില്‍ ആവിഷ്കരിച്ചിരിക്കുന്നു. എല്ലാം കണ്ട് പുറത്തേക്കിറങ്ങി വിശാലമായ പാര്‍ക്കിന്റെ പുല്‍മൈതാനിയില്‍ കുറച്ച് നേരം കിടന്നു. എപ്പോഴും സഞ്ചാരികള്‍ വന്നു കൊണ്ടിരിക്കുന്ന സ്ഥലം. പാര്‍ക്കിന്റെ അങ്ങിങ്ങായി സല്ലപിക്കുന്ന പ്രണയികള്‍.
ഇരുട്ട് വീണു തുടങ്ങി. കാളിഘട്ടിലേക്ക് പോകണോ വേണ്ടയോ എന്ന് സംശയിച്ചു. വഴി പറഞ്ഞു തരുന്ന ഫോണിലെ ചാര്‍ജ് ഏതാണ്ട് തീരാറായിരിക്കുന്നു. എങ്കിലും പെട്ടെന്ന് വന്ന ഓര്‍മ്മയില്‍ പോകണമെന്നു തന്നെ ഉറച്ചു. ഫോണ്‍ ഓഫാക്കി വച്ച് വഴി ചോദിച്ചാണ് നടന്നത്. മൂന്നോ നാലോ കിലോമീറ്റര്‍ ദൂരം. വഴിയരികുകളില്‍ ചിലപ്പോഴൊക്കെ നാവ് നീട്ടിയ രുദ്രയായ കാളീരൂപങ്ങള്‍. കാളിഘട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നിടത്തെ തെരുവ് തിരക്ക് നിറഞ്ഞതായിരുന്നു. പലതരം മനുഷ്യര്‍. സോനാഗച്ചിയിലേതുപോലെ പൈസയ്ക്ക് വേണ്ടി ലൈംഗികവൃത്തിക്കായി ആവശ്യക്കാരെ കാത്തുനില്ക്കുന്ന സ്ത്രീകള്‍, പൂക്കള്‍, പഴങ്ങള്‍ തുടങ്ങിയവ വില്പന നടത്തുന്ന ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ. പിന്നെയും മുന്നോട്ടു നടന്നപ്പോള്‍ ചെറിയ ചെറിയ ഷെഡ്ഡുകള്‍ കണ്ടു. അതിനുള്ളില്‍ മുള, ചകിരി മണ്ണ് തുടങ്ങിയവ ഉപയോഗിച്ച് കാളിയുടെ വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള പ്രതിമകളും ശില്‍പ്പങ്ങളും നിര്‍മ്മിക്കുകയാണ് കുറച്ച് മനുഷ്യര്‍. കുറച്ചു നേരം അതിനെ ചുറ്റിപറ്റി നിന്നു. കരകൗശലത്തിന്റെ വലിയൊരു മേഖലയാണ് കാളിഘട്ട്.
ക്ഷേത്രവും സമീപവും മഞ്ഞവെളിച്ചത്തില്‍ നിറഞ്ഞ് നില്ക്കുന്നു. ക്ഷേത്രനടയ്ക്ക് പുറത്തേ വരാന്തയില്‍ നാലഞ്ച് പുരുഷന്മാര് ചീട്ടു കളിക്കുകയാണ്. അതിന്റെ തൊട്ടടുത്ത് ഒരാള്‍ കൈകള്‍ കൂപ്പി ഭയങ്കരമായ പ്രാര്‍ത്ഥനയിലാണ്. നോട്ടത്തിന്റെ ഒറ്റ ബിന്ദുവില്‍ തന്നെ പലതാവുന്ന കാഴ്ചകള്‍. ഇത്തിരി നേരം അവിടുത്തെ തോടിന്റെ കരയിലിരുന്നു. അത് നദിയായിരുന്നോ? ഒഴുക്ക് വളരെ കുറവായിരുന്നു.
ഇക്ബാല്പുരിലേക്ക് തിരിച്ച് പോകുമ്പോള്‍ നടക്കേണ്ടി വന്നില്ല. ഒരാളോട് വഴി ചോദിച്ച് നില്ക്കുമ്പോള് ആ വഴി വന്ന ഒരു ഓട്ടോ അയാള്‍ കൈകാണിച്ച് നിര്‍ത്തി. എന്റെ താമസ്ഥലത്തിനടുത്തൂടെ പോകുന്ന വണ്ടിയാണ് അത്. രാത്രിയില്‍ കൊല്‍ക്കത്ത നഗരം ഇരമ്പികൊണ്ടിരുന്നു.

മടക്കം
പന്ത്രണ്ടേ കാലിന് സാന്ദ്രാഗച്ചിയില്‍ നിന്നായിരുന്നു ട്രെയിന്‍. നാട്ടിലേക്കുള്ള മടക്കത്തിനായി ബാഗെല്ലാം റെഡിയാക്കി ഒരുങ്ങി നില്‍ക്കുമ്പോഴാണ് നാട്ടില്‍ നിന്നും അനിയത്തി വിളിക്കുന്നത്. അമ്മച്ചി മരിച്ചു. അവള് കരയുന്നുണ്ട്. ഇവിടേക്ക് പുറപ്പെടുതിന് രണ്ടാഴ്ച മുന്‍പേയാണ് സുഖമില്ലാതെ കിടക്കുന്ന അമ്മമ്മയെ ഹോസ്പിറ്റലില്‍ പോയി അവസാനമായി കണ്ടത്. ഞാന്‍ ഉടനെ കേറും. പക്ഷേ അങ്ങനെ കേറിയാലും രണ്ടു ദിവസം കഴിയാതെ എനിക്കിനി നാട്ടിലേക്ക് എത്താന്‍ കഴിയില്ല. ‘എനിക്ക് വരാന്‍ പറ്റില്ല,’ ഫോണില്‍ പറഞ്ഞു. ഡല്‍ഹിയിലുള്ള ചേച്ചി ഒഴികെ അതുവരെയും ഞാന്‍ കോഴിക്കോട് ആണെന്നു ധരിച്ചിരുന്ന വീട്ടുകാരെ അപ്പോള്‍ അറിയിക്കേണ്ടി വന്നു, ‘ഞാനിപ്പോള്‍ കൊല്‍ക്കത്തയിലാണ്.’
ബംഗാളും ഒഡിഷയും ബീഹാറുമെല്ലാം പിറകിലേക്ക് പിറകിലേക്ക് മറഞ്ഞു കൊണ്ടിരുന്നു. ട്രെയിനിലിരിക്കുമ്പോള്‍ എത്രയോ നേരം അമ്മമ്മയേയും മരണത്തെയും പറ്റിയാണ് ഞാനോര്‍ത്തത്. ഇനിയൊരിക്കലും എനിക്ക് കാണാന്‍ സാധിക്കാത്ത പ്രിയപ്പെട്ട മുഖം. അകലെ നിന്നും അത് യാത്ര പറയുകയാണ്. ഞാനും. ഇതാ പ്രിയപ്പെട്ട യാത്ര!

Read Here: തനിച്ചുള്ള യാത്രകളൊന്നും യഥാര്‍ത്ഥത്തില്‍ തനിച്ചല്ല