scorecardresearch

മനസില്‍ മഞ്ഞുപെയ്യുന്ന മരുഭൂമിയിലെ ഒരിടം

മലനിരകള്‍ക്കിടയിലൂടെയുള്ള ഈ യാത്രയില്‍ ഒരിക്കലിത് കടലിന്റെ ഭാഗമായിരുന്നുവെന്ന ഓര്‍മ നമ്മളെ ഭയപ്പെടുത്തും

Jebel Jais, ജബല്‍ജൈസ്, Jebel Jais mountains, ജബല്‍ജൈസ് മലനിരകൾ, Ras al Khaimah, റാസല്‍ഖൈമ, UAE, യുഎഇ, Oman, ഒമാൻ, Travelogue, യാത്രാവിവരണം, Gulf news, ഗൾഫ് വാർത്തകൾ, IE Malayalam, ഐഇ മലയാളം

കടലിറങ്ങിപ്പോയ ഒരിടം… റാസല്‍ഖൈമയിലെ ജബല്‍ജൈസ് മലനിരകളിലേക്കുള്ള യാത്രയില്‍ ആദ്യം ഓര്‍മ വന്നത് ഈ വാക്കുകളാണ്. യുഎഇയിലെ ആധുനികതയുടെ മറുപുറമാണ് ഉമ്മല്‍ഖ്വയ്ന്‍, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളിലെ കൃഷിയിടങ്ങളും മലനിരകളും അടങ്ങിയ പ്രകൃതിയുടെ പച്ചപ്പ്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് റാസല്‍ഖൈമയിലെ ജബല്‍ജൈസ്. സമുദ്രനിരപ്പില്‍നിന്ന് 1934 മീറ്റര്‍ ഉയരമുള്ള ഹജര്‍ പര്‍വതനിരകളിലെ ഉയര്‍ന്ന ഭാഗം സ്ഥിതിചെയ്യുന്നത് ഒമാനിലെ മുസാണ്ഡം ഗവര്‍ണറേറ്റിലാണ്.

റാസല്‍ഖൈമ എമിറേറ്റിന്റെ വടക്കുകിഴക്കു ഭാഗത്തായുള്ള ജബല്‍ജൈസിന് 1892 മീറ്റര്‍ ഉയരമാണുള്ളത്. യുഎഇയില്‍ താമസമാക്കിയ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും അധികം തവണ യാത്ര പോയിട്ടുള്ളതും ജബല്‍ജൈസിലേക്കാണ്. വീണ്ടും വീണ്ടും പോകാന്‍തോന്നുന്ന ഒരു മാന്ത്രിക ഇടം. താമസസ്ഥലമായ അജ്മാനില്‍നിന്ന് റാസല്‍ഖൈമ എമിറേറ്റിലേക്കു കടക്കുമ്പോള്‍ തന്നെ, ദൂരെ മേഘങ്ങള്‍ക്കിടയിലേയ്ക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലനിരകള്‍ കണ്ടുതുടങ്ങി. മണല്‍ക്കൂനകളും മണല്‍പ്പരപ്പുകളും കടന്ന് റാസല്‍ഖൈമയില്‍ എത്തുമ്പോഴേയ്ക്കും പ്രത്യേകതരം പാറകളും കല്ലുകളും നിറഞ്ഞ കുന്നുകളാണു ജബല്‍ജൈസിലേയ്ക്കുള്ള വഴിയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

Jebel Jais, ജബല്‍ജൈസ്, Jebel Jais mountains, ജബല്‍ജൈസ് മലനിരകൾ, Ras al Khaimah, റാസല്‍ഖൈമ, UAE, യുഎഇ, Oman, ഒമാൻ, Travelogue, യാത്രാവിവരണം, Gulf news, ഗൾഫ് വാർത്തകൾ, IE Malayalam, ഐഇ മലയാളം

വഴിയരികില്‍ ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന ഒട്ടകങ്ങള്‍. ഇവ റോഡിലേയ്ക്ക് ഇറങ്ങാതിരിക്കാനായി വേലികെട്ടിയിരിക്കുന്നു. ഇടയ്ക്കു ദൂരത്ത് ഒട്ടകങ്ങളുടെ ഫാമുകള്‍. അപൂര്‍വമായി ചില ആളനക്കങ്ങളും. മണ്‍കൂനകള്‍ക്കു മുകളിലൂടെ തനിച്ച് നീങ്ങുന്ന ചില ഒട്ടകങ്ങള്‍ ഏകാന്തതയുടെ ഒരു ഉള്‍ക്കിടലം നമ്മിലുണ്ടാക്കും. റാസല്‍ഖൈമയിലെ ഡിഫന്‍സ് പാലസ് കഴിഞ്ഞാല്‍ വരവേല്‍ക്കുന്നത് യുഎഇയുടെ മറ്റൊരു മുഖമാണ്. ഇരുപതോളം കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ജബല്‍ജൈസ് താഴ്വാരത്തിലെത്താം. നാല്‍പ്പതിലധികം കിലോമീറ്ററാണു മലമുകളിലേയ്ക്ക്.

കുന്നുകളുടെ താഴ്വാരത്ത് അതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി നിറയെ ഉരുളന്‍കല്ലുകളും പാറകളും. നാട്ടിലെത്തി ഏതോ പുഴക്കരയിലൂടെ നടക്കുന്നുവെന്ന തോന്നലില്‍ ഇടയ്ക്കെപ്പോഴോ ഒരു പുഴയിരമ്പത്തിന് കാതോര്‍ത്തു പോകും. അവയ്ക്കിടയില്‍ ചില ഒറ്റ മരങ്ങളും. മുള്ളുകള്‍നിറഞ്ഞ മരങ്ങളാണ് അവയിലേറെയും. ‘ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റിനട്ട മരങ്ങള്‍’ എന്ന് വീരാന്‍കുട്ടി എഴുതിയതാണ് ഒറ്റമരങ്ങളെ കാണുമ്പോള്‍ ഓര്‍മവരുന്നത്. വേരുകള്‍ക്കുപോലും എത്താന്‍കഴിയാത്ത അത്ര ഒറ്റപ്പെട്ടുനില്‍ക്കുന്ന ചില മരങ്ങളെ ചേര്‍ത്തുപിടിക്കാന്‍ തോന്നാറുണ്ട് പലപ്പോഴും. കനത്ത ചൂടുകാലത്തും ഇവ ഈ പച്ചപ്പോടെ ഉയര്‍ന്നുനില്‍ക്കുന്നത് തനിച്ചായവന്റെ ഉള്‍ക്കരുത്തോടയാണെന്ന് ആശ്വസിക്കും അപ്പോള്‍.

Jebel Jais, ജബല്‍ജൈസ്, Jebel Jais mountains, ജബല്‍ജൈസ് മലനിരകൾ, Ras al Khaimah, റാസല്‍ഖൈമ, UAE, യുഎഇ, Oman, ഒമാൻ, Travelogue, യാത്രാവിവരണം, Gulf news, ഗൾഫ് വാർത്തകൾ, IE Malayalam, ഐഇ മലയാളം

ചൂടുകാലത്ത് യുഎഇയിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലെത്തുമ്പോഴും ജബല്‍ജൈസിലത് 30 ഡിഗ്രിയില്‍ താഴെയായിരിക്കും. അതുകൊണ്ടാണു ചൂടുകാലത്ത് ജബല്‍ജൈസ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നത്. തണുപ്പുകാലത്ത് കാലാവസ്ഥ മൈനസ് രണ്ട് മുതല്‍ മൂന്നുവരെയാവും. മഞ്ഞുപെയ്യുന്ന ഇടമാണ് ജബല്‍ജൈസ്. വഴിയില്‍ രണ്ടുമൂന്നിടത്ത് വില്ലകളും ചെറിയ കൃഷിയിടങ്ങളും കാണാം. അനുയോജ്യമായ കാലാവസ്ഥയില്‍ താഴ്‌വരയില്‍ പല കൃഷികളും ചെയ്യുന്നു. മല്ലിച്ചപ്പും പുതിനയും പിന്നെ ഈന്തപ്പനകളും താഴ്വാരത്തെ പച്ചപുതപ്പിച്ചിട്ടുണ്ട്.

രണ്ടു കുന്നുകള്‍ക്കിടയിലൂടെ മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നെ റോഡിന് ഇരുവശവും മലനിരകളാണ്. വരള്‍ച്ചയുടെ ആ ഇടത്ത് ഇടയ്ക്കു കാണുന്ന ഒറ്റ മരങ്ങളം കാട്ടാടുകളിലും മാത്രമാണു ജീവന്‍തുടിക്കുന്നത്. ഞൊടിയിടയില്‍ ഓടി മറയുന്ന കാട്ടാടുകള്‍ എത്ര നിഷ്പ്രയാസമാണു പാറക്കൂട്ടങ്ങളിലൂടെ പിന്‍വാങ്ങി ആകാശം തൊടുന്നതെന്ന് അത്ഭുതം തോന്നും. മലനിരകള്‍ക്കിടയിലൂടെയുള്ള ഈ യാത്രയില്‍ ഒരിക്കലിത് കടലിന്റെ ഭാഗമായിരുന്നുവെന്ന ഓര്‍മ നമ്മളെ ഭയപ്പെടുത്തും. നമ്മള്‍കടന്നു പോകുന്ന വഴിയിലൂടെ എത്ര മത്സ്യങ്ങളും ജലജീവികളും നീന്തിത്തുടച്ചിട്ടുണ്ടാവും.

Jebel Jais, ജബല്‍ജൈസ്, Jebel Jais mountains, ജബല്‍ജൈസ് മലനിരകൾ, Ras al Khaimah, റാസല്‍ഖൈമ, UAE, യുഎഇ, Oman, ഒമാൻ, Travelogue, യാത്രാവിവരണം, Gulf news, ഗൾഫ് വാർത്തകൾ, IE Malayalam, ഐഇ മലയാളം

ഒരുതരത്തില്‍ പറഞ്ഞാല്‍ ഭീതിയുടെ താഴ്വരയാണിത്. 70 ദശലക്ഷം വര്‍ഷം മുമ്പാണ് ജബല്‍ജൈസ് ഉള്‍പ്പെട്ട ഹജര്‍ പര്‍വതനിര രൂപപ്പെട്ടതെന്നാണു കരുതുന്നത്. റോഡിന് ഇരുവശവും ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകളാണ്. മലനിരകളിലെ കല്ലുകള്‍ക്കു കൊത്തിവച്ചപോലെയുള്ള ദൃശ്യഭംഗി. ചിലപ്പോഴൊക്കെ ഏതോ ഒരു കോട്ടയിലോ കൊത്തുപണികള്‍ നിറഞ്ഞ കല്‍ക്കൊട്ടാരത്തിലോ എത്തിയതുപോലെ തോന്നും.

മലയിടുക്കുകളില്‍ വലിയ ഗുഹകളും കല്ലുകള്‍ക്കിടയില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റുനില്‍ക്കുന്ന പോലെ അപൂര്‍വം ചില മരങ്ങളും. മലകള്‍ക്കിടയിലൂടെ നീര്‍ച്ചാലുകള്‍ ഒഴുകുന്ന വഴികള്‍. ഇവയ്ക്കിടയില്‍ ചിലതു വെണ്ണക്കല്ലുകള്‍പോലെ തിളങ്ങി, ചിലത് അടുക്കിവച്ച പാളികള്‍പോലെ നിലകൊണ്ടു. മറുവശത്ത് അഗാധമായ കൊക്കകള്‍ മനസില്‍ ഭീതി സൃഷ്ടിക്കുന്നു.

ചുരം തുടങ്ങുന്നതിനു മുന്‍പ് വാദിഗിദ്ധ തടാകം കാണാം. അണകെട്ടി നിര്‍ത്തിയ ഈ തടാകം എമിറേറ്റിലെ പ്രധാന ജലസേചന മാര്‍ഗങ്ങളില്‍ ഒന്നാണ്. വഴിയില്‍ ഇടയ്ക്ക് കുന്നുകളില്‍ കല്ലുകള്‍ വെട്ടിയുണ്ടാക്കിയ പോലെ ചെറിയ വീടുകള്‍. അതി വിശാലമായ വേലികള്‍ക്കുള്ളില്‍ കല്ലുകള്‍കൊണ്ടു തട്ടുതട്ടായി നിര്‍മിച്ച വീടുകള്‍. മലനിരകള്‍ക്കു താഴെയുള്ള ഗ്രാമീണജീവിതത്തിന്റെ നേര്‍പ്പതിപ്പായിരുന്നു ആ വീടുകള്‍. വഴിയരികില്‍ കല്ലുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ വിശ്രമകേന്ദ്രങ്ങള്‍.

Jebel Jais, ജബല്‍ജൈസ്, Jebel Jais mountains, ജബല്‍ജൈസ് മലനിരകൾ, Ras al Khaimah, റാസല്‍ഖൈമ, UAE, യുഎഇ, Oman, ഒമാൻ, Travelogue, യാത്രാവിവരണം, Gulf news, ഗൾഫ് വാർത്തകൾ, IE Malayalam, ഐഇ മലയാളം

പിന്നീട് മലമുകളിലേയ്ക്കുള്ള ഹെയര്‍പിന്‍ വളവുകളും കയറ്റവുമാണ്. പതിനഞ്ച് കിലോമീറ്ററോളം ചുരം പിന്നിട്ടാലാണു മലമുകളില്‍ എത്തുക. പാറക്കെട്ടുകള്‍ ചെത്തിയെടുത്തുണ്ടാക്കിയ വഴിയില്‍ മല ഇടഞ്ഞു വീഴാതിരിക്കാനായി പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുന്നു. ചിലയിടങ്ങളില്‍ സിമെന്റ് തേച്ച് സുരക്ഷ ഒരുക്കിയിരിക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ വെള്ളം ഒഴുകാനായി അനേകം പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മുകളിലേയ്ക്ക് എത്തുംതോറും വാഹനങ്ങള്‍ നിര്‍ത്തി മലകളെ കീഴടക്കാന്‍ ശ്രമിക്കുന്നവരെ കാണാം. കല്ലുകളുടെ വിടവുകള്‍ക്കിടയില്‍ കാലുറപ്പിച്ച് മലകയറുന്നത് എളുപ്പമായി തോന്നുമെങ്കിലും തിരിച്ചിറങ്ങല്‍ അതീവ ശ്രമകരമാണ്. യുഎഇയിലെ മികച്ച ട്രക്കിങ്, ക്യാംപിങ് ഡെസ്റ്റിനേഷനാണു ജബല്‍ജൈസ്. വിശ്രമകേന്ദ്രവും ടോയ്‌ലറ്റ് ഉള്‍പ്പെടെ മികച്ച സൗകര്യം ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Jebel Jais, ജബല്‍ജൈസ്, Jebel Jais mountains, ജബല്‍ജൈസ് മലനിരകൾ, Ras al Khaimah, റാസല്‍ഖൈമ, UAE, യുഎഇ, Oman, ഒമാൻ, Travelogue, യാത്രാവിവരണം, Gulf news, ഗൾഫ് വാർത്തകൾ, IE Malayalam, ഐഇ മലയാളം

മലമുകളിൽ പ്രധാന വ്യൂ പോയിന്റായ ഡെക്ക് പാര്‍ക്ക്. ഹജര്‍ പര്‍വതത്തിന്റെയും അറേബ്യന്‍ ഗള്‍ഫിന്റെയും മനോഹരമായ ദൃശ്യഭംഗി ആസ്വദിക്കുന്നതിനായി ബൈനോക്കുലറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നെറുകയിലെ കാഴ്ച അതിമനോഹരമാണ്. ഒരു ഭാഗത്ത് വളഞ്ഞുപുളഞ്ഞ് പോകുന്ന പാത. അവയിലൂടെ ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങള്‍. ഗര്‍ത്തങ്ങള്‍… അകലെ കടലിന്റെ നീലപ്പരപ്പ്…

ജബല്‍ജൈസിലെ മലനിരകളില്‍ ചാരനിറമാണ് നിറഞ്ഞുനില്‍ക്കുന്നത്. മേഘങ്ങളുടെ സഞ്ചാരവും സൂര്യന്റെ പാതയും ഇടയ്ക്കു നിറഭേദങ്ങള്‍ വരുത്തുന്നു.

ഗിന്ന്സ് ബുക്ക് ഓഫ് വേള്‍സ് റെക്കോര്‍ഡിലും ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ സിപ് ലൈൻ (Zip Line) ആണ് ജബല്‍ജൈസിലേത്. 1680 മീറ്റര്‍ ഉയരത്തിൽ റാസല്‍ഖൈമ ടൂറിസം ഡെവപ്മെന്റ് അതോറിറ്റി ഒരുക്കിയ സിപ് ലൈനിൽ സാഹസിക സഞ്ചാരികള്‍ക്കു 120 മുതല്‍ 150 കിലോമീറ്റര്‍ വേഗതയില്‍ തെന്നിനീങ്ങാം. ആകാശംമുട്ടുന്ന മലനിരകള്‍ക്കിടയില്‍ വലിച്ചുകെട്ടിയ സ്റ്റീല്‍ റോപ്പുകളിലൂടെ രണ്ടു മുതല്‍ മൂന്നു മിനുട്ട് നീളുന്ന ആവേശം നല്‍കുന്ന റൈഡാണു ജബല്‍ ജൈസ് ഫ്ളൈറ്റ് നല്‍കുന്നത്.

ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലാണ് സിപ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളി, ശനി എന്നീ അവധി ദിനങ്ങളിലെ റൈഡിനു നിരക്ക് അധികമാണ്. ഡിസംബര്‍ ഓഫറായി നിലവില്‍ 250 ദിര്‍ഹമാണ് റൈഡിന് ഈടാക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് വഴിയും വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പ്രത്യേക ഓഫറുകള്‍ ലഭ്യമാകും. സിപ് ലൈനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആക്ഷന്‍ ക്യാമറ വാടകയ്ക്ക് ലഭിക്കും. സിപ് ലൈനിൽ കയറാൻ 40 മുതല്‍ 130 കിലോ വരെ ഭാരമുള്ളവരെയാണ് അനുവദിക്കുന്നത്. കുറഞ്ഞത് 122 സെന്റിമീറ്റര്‍ ഉയരം വേണം. 18 വയസില്‍ താഴെയുള്ളവരോടൊപ്പം പ്രായപൂര്‍ത്തിയായ ഒരാള്‍ കൂടെയുണ്ടാകണം.

ജബല്‍ ജൈസിലേയ്ക്കു സ്വന്തം വാഹനങ്ങളില്‍ വരുന്നവരാണു യുഎഇയിൽ ഏറെയും. പുറത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ മിക്കവാറും ട്രാവല്‍ ഏജന്‍സികള്‍ ഒരുക്കിയ യാത്ര സൗകര്യമാകും ഉപയോഗപ്പെടുത്തുക. റാസല്‍ഖൈമയിലെ ചില ട്രാവല്‍ ഏജന്‍സികള്‍ ജബല്‍ ജൈസിലേയ്ക്കു ബസ് സര്‍വിസ് നല്‍കുന്നുണ്ട്. ടാക്സി സര്‍വിസും ലഭ്യമാണ്.

Jebel Jais, ജബല്‍ജൈസ്, Jebel Jais mountains, ജബല്‍ജൈസ് മലനിരകൾ, Ras al Khaimah, റാസല്‍ഖൈമ, UAE, യുഎഇ, Oman, ഒമാൻ, Travelogue, യാത്രാവിവരണം, Gulf news, ഗൾഫ് വാർത്തകൾ, IE Malayalam, ഐഇ മലയാളം

യുഎഇയുടെ മറ്റു ഭാഗങ്ങളിലേതിനേക്കാള്‍ 10 മുതല്‍ 15 ഡിഗ്രിവരെ താഴ്ന്ന താപനിലയാണു ജബൈല്‍ ജൈസില്‍ എപ്പോഴും. ഇതുകാരണം ചൂടുകാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ജബൈല്‍ ജൈസ്. ടെന്റ് കെട്ടിയും മറ്റും രാത്രി ക്യാംപ് ചെയ്യാന്‍ തയാറായി എത്തുന്നവരാണ് ജബല്‍ജൈസിലേക്കുള്ള യാത്രക്കാരില്‍ അധികവും. പുലര്‍ച്ചെ സൂര്യോദയം കണ്ട് മലയിറങ്ങും ഇവര്‍.  വഴിയരികിലും മലകളുടെ താഴ്വാരങ്ങളിലും ഭക്ഷണം പാകം ചെയ്യുന്ന നിരവധിപേരെ കാണാനാവും.

മാല്യന്യങ്ങള്‍ നിക്ഷേപിക്കാന്‍ എല്ലായിടത്തും സൗകര്യം ഒരുക്കിയിട്ടുണ്ട്. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ പതിനായിരം ദിര്‍ഹമാണു പിഴ. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണവുമായി എപ്പോഴുമുണ്ടാകും. നിരോധിത സ്ഥലങ്ങളിലെ പാര്‍ക്കിങ്ങുകള്‍ക്കും വഴിയടച്ചുള്ള പാര്‍ക്കിങ്ങുകള്‍ക്കും കനത്ത പിഴ നല്‍കേണ്ടിവരും. മലമുകളില്‍ ഒന്നു രണ്ടിടങ്ങളില്‍ ചെറിയ കഫ്റ്റീരിയകള്‍ ഒഴിച്ച് ജബല്‍ ജൈസില്‍ അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങള്‍ ഇല്ല. ക്യാംപിങ്ങിനായി വരുന്നവര്‍ അവശ്യവസ്തുക്കളും കൊണ്ടുവരണം.

അസ്തമയത്തിന് ഒരുങ്ങുമ്പോഴാണ് ഞങ്ങള്‍ മലയിറങ്ങുന്നത്. തണുപ്പുകാലത്തിന്റെ ആരംഭമായിരുന്നിട്ടും പുറത്തെ കാറ്റില്‍ തണുത്തുവിറച്ചു. ആറു മണിയായപ്പോഴേയ്ക്കും സൂര്യന്‍ മലനിരകള്‍ക്കിടയില്‍ മറഞ്ഞു. മലനിരകള്‍ രാത്രിയുടെ കരിമ്പടം പുതച്ചുതുടങ്ങി. ഇനിയും ഉദയങ്ങളും അസ്തമയങ്ങളും കാണാന്‍ നിരവധി പേര്‍ ജബല്‍ജൈസിലെത്തും…

അമൂല്യമായ കാഴ്ചകളുടെ വിഭവമൊരുക്കി കാത്തിരിക്കുന്ന, ഇനിയും കാണാത്ത പ്രകൃതിയുടെ അനേക ലക്ഷം കാഴ്ചകളെക്കുറിച്ചാണ് യാത്ര അവസാനിക്കുമ്പോള്‍ ചിന്തിച്ചത്. അതെ, പ്രപഞ്ചമാണ് ഏറ്റവും മികച്ച കലാസൃഷ്ടി.

 

Stay updated with the latest news headlines and all the latest Travel news download Indian Express Malayalam App.

Web Title: Jebel jais ras al khaimah longest zipline dubai uae