കൊച്ചി: എന്തൊരു സ്പീഡ്! ‘കൊടിയേറ്റം’ സിനിമയിലെ ഭരത് ഗോപിയുടെ കഥാപാത്രത്തെ പോലെ എറണാകുളം ജെട്ടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പുതുതായി സർവ്വീസ് ആരംഭിച്ച ‘വേഗ’ ബോട്ടിൽ യാത്ര ചെയ്താൽ ആരും ഇങ്ങനെ പറഞ്ഞു പോകും. എറണാകുളത്ത് നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ഇനി പത്ത് മിനിറ്റ് കൊണ്ട് ബോട്ടിലെത്താം. എറണാകുളം ജെട്ടിയിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് അതിവേഗ ബോട്ട് ‘വേഗ 120’ സർവ്വീസ് ആരംഭിച്ചു.
Read More: കായൽക്കാറ്റേറ്റ് ഫോർട്ട് കൊച്ചിയിലേക്ക്
കേരളത്തിലെ ആദ്യത്തെ അതിവേഗ ഏസി ബോട്ടാണ് ‘വേഗ 120.’ പേരു പോലെ തന്നെയാണ് വേഗ ബോട്ട്. എറണാകുളം വൈക്കം സർവ്വീസ് നടത്തുന്ന വേഗ ബോട്ടുകൾ തന്നെയാണ് എറണാകുളത്ത് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് സർവ്വീസ് നടത്തുന്നത്. വൈക്കത്ത് നിന്നും രാവിലെ എറണാകുളത്ത് എത്തുന്ന ബോട്ട് പിന്നീട് വൈകീട്ടാണ് തിരിച്ചു പോകുന്നത്. ഇതിനിടയിലുള്ള സമയത്താണ് ഫോർട്ട് കൊച്ചിയിലേക്ക് സർവ്വീസ് നടത്തുന്നത്.
Read More:വൈക്കത്തു നിന്നും കൊച്ചിയിലേക്ക് അതിവേഗം എത്താം
സാധാരണ ബോട്ടുകൾ ഫോർട്ട് കൊച്ചിയിലെത്താൻ 20 മിനിറ്റ് സമയമാണ് എടുക്കുന്നതെങ്കിൽ വേഗാ ബോട്ടിന് പത്ത് മിനിറ്റ് സമയം മാത്രം മതി.
വൈക്കത്ത് നിന്ന് ഒൻപത് മണിക്ക് എറണാകുളം ബോട്ട് ജെട്ടിയിലെത്തുന്ന വേഗാ ബോട്ട് 9.55 -ന് ഫോർട്ട്കൊച്ചിയിലേക്ക് ആദ്യ സർവ്വീസ് ആരംഭിക്കും. വൈകിട്ട് അഞ്ച് മണിക്ക് ഫോർട്ട് കൊച്ചിയിൽ നിന്നും എറണാകുളം ജെട്ടിയിലേക്ക് തിരിക്കുന്ന വേഗ 5.30 ന് വൈക്കത്തേക്ക് പുറപ്പെടും. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനമാകുന്ന തരത്തിലാണ് വേഗാ ബോട്ടിന്റ യാത്രാ ക്രമീകരണം. മറ്റു ബോട്ടുകൾ വെല്ലിംഗ്ടൺ ഐലൻഡ് ജെട്ടിയിൽ അടുത്തതിന് ശേഷമാണ് ഫോർട്ട് കൊച്ചിയിലെത്തുന്നതെങ്കിൽ വേഗ നേരിട്ട് ഫോർട്ട് കൊച്ചി ബീച്ചിനടുത്തുള്ള കമാലക്കടവിലെ ജെട്ടിയിലാണ് അടുക്കുന്നത്.

ഫൊട്ടോ: ഹരിഹരൻ സുബ്രമണ്യൻ
ഏസി, നോൺ ഏസി വിഭാഗങ്ങളിലായി 120 സീറ്റുകളാണ് വേഗയിൽ ക്രമീകരിച്ചിരിക്കുന്നത്. ഏസി വിഭാഗത്തിൽ 40 സീറ്റുകളാണുള്ളത്. നോൺ ഏസിയിൽ 80 സീറ്റും. ഏസി ടിക്കറ്റിന് 20 രൂപയാണ്. നോൺ ഏസിയിൽ 10 രൂപയും. ടിക്കറ്റ് ബോട്ടിനുള്ളിൽ നിന്നുമാണ് ലഭിക്കുന്നത്.

മികച്ച സീറ്റിങ്, വൃത്തിയുള്ള ക്യാബിനുകൾ എന്നിവയാണ് വേഗ ബോട്ടിനെ ആകർഷകമാക്കുന്നത്. കായൽ കാഴ്ചകൾക്ക് അനുയോജ്യമായ ജാലകങ്ങളും വേഗ ബോട്ടിനുണ്ട്. സുരക്ഷാ സംവിധാനമായ ലൈഫ് ജാക്കറ്റ് എല്ലാ സീറ്റിനടിയിലും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഫയർ എസ്റ്റിംഗ്യൂഷർ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ബോട്ടിലുണ്ട്. കൊച്ചി കാഴ്ച്ചകളുടെ ചിത്രങ്ങൾ കൊണ്ട് ബോട്ടിന്റെ അകം ആകർഷകമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ലഘുഭക്ഷണങ്ങൾ ലഭിക്കുന്ന സ്നാക്ക്സ് ബാറും വേഗാ ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.
കൊച്ചി മുസിരീസ് ബിനാലെ, ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷം, കാര്‍ണിവല്‍ തുടങ്ങിയവ കാണാന്‍ പോകുന്നവർക്ക് ഏറെ ഉപയോഗപ്രദമാകുന്ന ബോട്ട് സർവീസാണ് ‘വേഗ 120’.