scorecardresearch
Latest News

ഡാഹൊ ക്യാംപ്: ചില ജർമൻ ഭീതി ചരിത്രങ്ങൾ

അമിത ദേശീയതയും അധികാര ലഹരിയും ചേർന്ന് ജർമനിയിൽ ഒരുകാലത്ത് ഭീതിയുടെ പര്യായമായി മാറിയ ഡാഹൊ ക്യാമ്പിനെക്കുറിച്ചുള്ള ചരിത്ര ഓർമകൾ, ദേശീയത കൊടുമ്പിരിക്കൊള്ളുന്ന ഈ ഇന്ത്യൻ കാലവുമായി ചേർത്തുവായിക്കാവുന്നതല്ലേ?

മരുമകന്‍ നീരജിന്റെയും ഭാര്യ ഓള്‍ഗയുടെയും ക്ഷണപ്രകാരം ബെര്‍ലിനും മ്യൂണിക്കും വീണ്ടും സന്ദര്‍ശിച്ചത് 2019 സെപ്റ്റംബറിലാണ്. രണ്ടു നാള്‍ ബെര്‍ലിനില്‍ താമസിച്ച ശേഷം മ്യൂണിക്കിലേക്കുള്ള കാര്‍ യാത്രയില്‍ പ്രധാന പാതകളുടെ നിർമാണ വൈദഗ്‌ധ്യം സുഖകരമായൊരു അനുഭവം നല്‍കി. ഹൈവേയിലെ തിരക്കില്‍ നിന്ന് മാറി നാവിഗേഷന്റെ സഹായത്തോടെ ഉള്‍ഗ്രാമങ്ങളിലൂടെ മ്യൂണിക്കിലേക്കുള്ള കാര്‍ യാത്രയില്‍ കണ്ട വന്‍ മരക്കൂട്ടങ്ങളും വിശാലമായ കൃഷിയിടങ്ങളും കൊച്ചു ഗ്രാമങ്ങളും ആസ്വാദ്യകരമായിരുന്നു.

ബവേറിയന്‍ സ്റ്റേറ്റിലെ മ്യൂണിക്  നഗരം ഇസാര്‍ നദിക്കു ചുറ്റിലുമായാണ് വളര്‍ന്നുവികസിച്ചത്. എട്ടാം നൂറ്റാണ്ടു മുതല്‍ ക്രിസ്ത്യന്‍ സന്യാസികള്‍ ഈ പ്രദേശത്തു വസിച്ചിരുന്നതായി പുരാവസ്തു രേഖകളില്‍ പറയുന്നു. ജർമന്‍ നഗരങ്ങളില്‍ പ്രധാനപ്പെട്ടതും ആകര്‍ഷണീയമായ കെട്ടിടങ്ങളും കാര്യക്ഷമതയോടെ പരിപാലിക്കുന്ന പാതകളും പൂന്തോട്ടങ്ങളും ചത്വരങ്ങളും തുറന്ന മാര്‍ക്കറ്റുകളും പള്ളികളും നിറഞ്ഞതാണ് മ്യൂണിക് നഗരം. മരിയന്‍ പ്ലാറ്റ്സ് ചത്വരത്തില്‍ മധ്യകാലഘട്ടത്തില്‍ ഗോത്തിക് ശൈലിയില്‍ നിർമിച്ച മനോഹരമായ കെട്ടിടം ഇപ്പോള്‍ നഗരപരിപാലകരുടെ ഔദ്യോഗിക കലവറയാണ്. ഉയര്‍ന്ന ജീവിതനിലവാരമുള്ള ഈ നഗരത്തില്‍ വേനല്‍ക്കാലത്ത് വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ്.

മരിയന്‍ പ്ലാറ്റ്സ് ചത്വരം

മരിയന്‍ പ്ലാറ്റ്സ് ചത്വരമാണ് മ്യൂണിക്കിന്റെ പ്രധാന ആകര്‍ഷണമെങ്കിലും മറ്റനവധി കേന്ദ്രങ്ങളും ഇവിടെയുണ്ട്. മരിയന്‍ പ്ലാറ്റ്സിലെ തുറന്ന മാര്‍ക്കറ്റിൽ ലോകസഞ്ചാരികള്‍ പൂക്കടകള്‍, പഴക്കടകള്‍, ഔഷധച്ചെടികള്‍, കൂണ്‍ വില്‍പ്പനക്കടകള്‍, വൈന്‍ കടകള്‍ തുടങ്ങിയവയ്ക്ക് നടുവില്‍ സജ്ജീകരിച്ച ബീയര്‍ പബ്ബുകള്‍ക്കു മുന്‍പില്‍ വരിയായി നിന്നു മഗ്ഗുകളില്‍ ബിയര്‍ വാങ്ങി പുറത്തുള്ള തുറസായ ബെഞ്ചിലിരുന്നു സൊറ പറയുന്നത് ആസ്വാദ്യകരമാണ്. മ്യൂണിക്കിലെ പ്രസിദ്ധമായ സാംസ്‌കാരിക കാര്യപരിപാടിയായ ഒക്ടോബര്‍ ഫെസ്റ്റില്‍ പങ്കെടുക്കുവാന്‍ ദൂരദേശ ബിയര്‍ കുടിയന്മാര്‍ ഇവിടെ ചേക്കേറും. സുഖകരവും ആയാസകരമായും നടന്നുകാണാവുന്നതുമായ മ്യൂണിക്ക് നഗരം വൃത്തിയോടെയും കാര്യക്ഷമായും പരിപാലിക്കുന്നത് നല്ലൊരു മാതൃകയാണ്.

മ്യൂണിക്കില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരെ നാസി ഭരണകാലത്ത് കുപ്രസിദ്ധിയാര്‍ജിച്ച ഡാഹൊ (Dachau) കോണ്‍സെന്‍ട്രേഷൻ ക്യാംപ് സന്ദര്‍ശിക്കാന്‍ നീരജ് ക്ഷണിച്ചു. മനുഷ്യക്രൂരതയുടെ നാഴികക്കല്ലായി ചരിത്രം രേഖപ്പെടുത്തിയ ഡാഹൊ ക്യാംപിനു ചുറ്റും ഓഫീസുകളും മറ്റു പാര്‍പ്പിട സമുച്ചയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇതിനകത്തേക്കുള്ള സന്ദര്‍ശനം സൗജന്യമാണ്. പ്രധാന കവാടത്തിലെ ഇരുമ്പു ഗേറ്റില്‍ വിളക്കിച്ചേര്‍ത്ത ‘Arbeit Macht Fret’ എന്ന ജർമന്‍ വാക്കിന്റെ അര്‍ഥം നീരജ് വിശദീകരിച്ചത് ‘Work Will Make You Free’ എന്നാണ്. കരുതല്‍ തടങ്കലാക്കപ്പെട്ട രാഷ്ട്രീയ തടവുകാർക്കു തൊഴില്‍ നല്‍കുവാനെന്ന വ്യാജേന 1933 ല്‍ ഹിറ്റ്‌ലര്‍ അധികാരത്തിലേറിയതിന് ശേഷം സ്ഥാപിച്ച ആദ്യത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാംപാണിത്. മധ്യകാലഘട്ടത്തിലെ ഗ്രാമമായ ഡാഹൊയിലെ ഉത്പാദനം നിലച്ച ആയുധനിർമാണ ശാലയാണ് ക്യാംപിനായി ഉപയോഗിച്ചത്. 1918ലെ ഒന്നാം ലോകയുദ്ധക്കെടുതികളും സൈനികരുടെ ഉയര്‍ന്ന മരണ നിരക്കും മാധ്യമങ്ങളിൽ പ്രചരിച്ചതും ആഭ്യന്തര പ്രശ്‌നങ്ങളും മറ്റും അതിരുകവിഞ്ഞ ദേശസ്നേഹത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു.

ഡാഹൊ ക്യാംപിനു മുന്നിൽ ലേഖകൻ

ജനാധിപത്യബോധത്തിന്റെ അഭാവവും നിലവിലിരുന്ന ചക്രവര്‍ത്തി ഭരണാധികാരികളുടെ കഴിവില്ലായ്മയും മുതലെടുത്താണ് 1932,ലെ തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ NSDAP (National Socialist German Workers’ Party) അധികാരത്തില്‍ വന്നത്. ജർമന്‍ സമൂഹത്തെ ആധുനികവത്കരിക്കുന്നതിൽ പ്രധാന കണ്ണികളായിരുന്ന സംഗീതം, സാഹിത്യം, കല എന്നീ സര്‍ഗാത്മക മേഖലകളിലെ നവീന ശ്രമങ്ങളെ ഭയത്തോടെയും നീരസത്തോടെയും വീക്ഷിച്ച യാഥാസ്ഥികരുടെയും മൗലികവാദികളുടെയും വികാരവിക്ഷോപം പ്രകടമാക്കിയ ആ കാലത്തെ തലവാചകങ്ങളായ ‘Gutter Litterature’ ‘Nigger Jazz’ ‘Degenerate Art’ എന്നിവ സാംസ്‌കാരിക നാനാത്വത്തെ എതിര്‍ക്കുന്നതായിരുന്നു. കലാമേഖലയിലെ നൂതന ആശയങ്ങള്‍ പ്രാവൃത്തികമാക്കിയ വാള്‍ട്ട്ര്‍ ഗ്രോപിയസ് (Walter Gropius)  എന്ന വാസ്തുശില്പി 1919 ൽ സ്ഥാപിച്ച ബൊഹൗസ് (Bauhaus) കലയും ആധുനിക നിർമിതിയും വ്യാവസായിക ഡിസൈനിങ്ങും ഒരുമിപ്പിച്ചുകൊണ്ടു ആരംഭിച്ച സ്റ്റുഡിയോ നാസിഭരണത്തോടെ അവസാനിച്ചു. ബൊഹൗസിൽ രൂപം കൊണ്ട ആധുനിക ഡിസൈനുകള്‍ വിവിധ മേഖലകളിൽ ആഗോളതലത്തില്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്. പോള്‍ ക്‌ളീ, വസിലി കാന്‍ഡിന്‍സ്‌കി തുടങ്ങിയവർ ബൊഹൌസിൽ കാഴ്ചയെ പ്രചോദിപ്പിക്കുന്ന ചിത്രകലയുടെ പ്രാരംഭ പ്രവര്‍ത്തകരായിരുന്നു.

1933 മാര്‍ച്ച് 22 നാസി ഭരണകാലത്ത് എസ്എസ് പട്ടാളക്കാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേകമായി രൂപീകരിച്ച പന്ത്രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തന നിരതമായിരുന്ന ഈ ക്യാംപ് കലാപ വിദ്യാഭ്യാസശാല എന്നപേരില്‍ പൊടുന്നനെ കുപ്രസിദ്ധിയാര്‍ജ്ജിക്കുകയും തുടര്‍ന്ന് സ്ഥാപിച്ച ക്യാംപുകള്‍ക്കു മാതൃകയുമായിത്തീര്‍ന്നു.

പ്രധാന കവാടത്തിലെ ഇരുമ്പുഗേറ്റ് കടന്ന് നിർവികാര ഭാവത്തോടെ കുറച്ചുപേര്‍ പുറത്തേക്കു കടന്നുപോയതും ക്യാംപ് പരിസരത്തെ തരിശുനിലം വീക്ഷിച്ചുകൊണ്ട് ഒരു മധ്യവയസ്‌ക നിശ്ചലമായി നില്‍ക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. ചില കെട്ടിടങ്ങള്‍ മാത്രം നിലനിര്‍ത്തിക്കൊണ്ട് ബാക്കിയുള്ളവ നിലംപരിശായത് ചരിത്രത്തെ പ്രതിഷ്ഠാപനപരമായി ദൃശ്യവത്കരിച്ചതു പോലെ അനുഭവപ്പെട്ടു. ആ കാലത്ത് ക്യാംപിൽ നടമാടിയ മനുഷ്യഭാവനയ്ക്ക് അചിന്തനീയമായ അതിക്രൂര താണ്ഡവങ്ങളുടെ ദൃശ്യങ്ങള്‍ ഫോട്ടോകളായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയാലും ചില്ലു കൂടുകളിലായി കെട്ടിടങ്ങള്‍ക്കകത്തു ഒരുക്കിയിട്ടുണ്ട്.

നിശബ്ദത നിറഞ്ഞ ഹാളുകളിൽ തടവിലാക്കപ്പെട്ടവരുടെ ഛായാപടങ്ങളും അവർ ഉപയോഗിച്ചതും അവരില്‍നിന്ന് പിടിച്ചെടുക്കപ്പെട്ട വസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന കാലത്തെ ഉള്‍വശം നവീകരിച്ചാണ് ഇപ്പോഴുള്ള കെട്ടിടങ്ങളുടെ ഉള്‍വശം നിർമിച്ചതെന്ന് പ്രദര്‍ശനത്തിലെ ചില ഫൊട്ടോഗ്രാഫുകള്‍ വ്യക്തമാക്കുന്നു. തുടക്കത്തില്‍ ജർമന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് യൂഗോ ജാക്കൂസ് (Hugo Jakusch) ട്രേഡ് യൂണിയന്‍ നേതാവ് ജോസഫ് സൈമൺ (Josef Simon) സോഷ്യല്‍ ഡെമോക്രറ്റ്‌സ്, തെക്കേ ബവേറിയന്‍ സംസ്ഥാനത്തെ ജർമന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര അംഗം ഫ്രാൻസ് സ്റ്റെൻസർ (Franz Stenzer), ചരിത്രകാരൻ സംസ്ഥാന സാമ്പത്തിക വിദഗ്‌ധന്‍ അലോയിസ് ഹൂണ്ട്ഹാമർ (Alois Hundhammer) എന്നിവരായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ട് ക്യാംപില്‍ എത്തിയത്. പിന്നീട് പ്രതിപക്ഷ രാഷ്ട്രീയ തടവുകാര്‍, യഹൂദര്‍ എന്നിവരെ ലക്ഷ്യം വച്ച് തുടങ്ങിയ ക്യാംപില്‍ സ്വവർഗപ്രണയികള്‍, യഹോവ സാക്ഷികള്‍, കുടിയേറ്റക്കാര്‍ എന്നിവരും 1935 ല്‍ തടവിലാക്കപ്പെട്ടു.

വംശീയ യാഥാസ്ഥികത്വം, കമ്മ്യൂണിസ്റ്റ് വിരോധം, മാനുഷികതയുടെ അവഹേളനം, ജനാധിപത്യ മൂല്യനിരാകരണം എന്നിവ ക്യാംപിന്റെ നടപ്പു രീതികളായിരുന്നു. യൂറോപ്പിലെ നാടോടികളെന്നറിയപ്പെടുന്ന സിന്‍ടി, റോമാ (ജിപ്‌സികള്‍) എന്നീ ഗോത്രങ്ങളും ക്യാംപിലെ തടവുകാരായിരുന്നു. ഓസ്ട്രിയ, പോളണ്ട്, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ്, സ്പെയ്ന്‍, ബെല്‍ജിയം, ലുക്‌സംബെര്‍ഗ്, ഇറ്റലി, ഡച്ച്, സെര്‍ബിയ, യൂഗോസ്ലാവ്, ചെഹ്, ഗ്രീക്ക് എന്നീ രാജ്യങ്ങളിലെ പൗരന്മാരും കമ്യൂണിസ്റ്റ് വിരോധത്തിന്റെ പേരിൽ ക്യാംംപില്‍ തടവുകാരായിരുന്നു. നാസികള്‍ പിടിച്ചടക്കിയ ഓസ്ട്രിയ, പോളണ്ട് എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ എതിരാളികളും നാസി ഭരണത്തെ എതിര്‍ത്തവരും എതിര്‍ക്കുവാന്‍ സാധ്യതയുള്ളവരുമെല്ലാം കാംപില്‍ അന്തേവാസികളായിത്തീര്‍ന്നു.

ക്യാംപിലെ പ്രവേശന സമയത്ത് സ്വകാര്യ വസ്തുക്കളും വസ്ത്രങ്ങളും എസ്എസ് സൈനികര്‍ക്ക് നല്‍കണം. പിന്നീട് തടവുകാരുടെ ശരീരം രോഗാണു വിമുക്തമാക്കിയശേഷം ശരീര രോമം വടിച്ചു കളഞ്ഞതിനു ശേഷമാണു പ്രവേശന മുറ പൂര്‍ത്തിയാകുന്നത്. ആറായിരം പേരെ തടവില്‍ പാര്‍പ്പിക്കുവാനുള്ള സൗകര്യത്തോടെ നിർമിച്ച ക്യാംപില്‍ 1944 ല്‍ 63,000 ത്തോളം അന്തേവാസികള്‍ ഉണ്ടായിരുന്നതായി ഡാഹൊ മ്യൂസിയം രേഖകളില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതില്‍ കൂടുതല്‍ തടവുകാര്‍ ക്യാംപില്‍ ഉണ്ടായിരുന്നതായി മറ്റു രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ആരംഭകാലങ്ങളില്‍ സാധാരണ വസ്ത്രങ്ങള്‍ ധരിക്കുവാനും പുറത്തുനിന്നും പണം കൈപ്പറ്റുന്നതിനും അവശ്യ ഭക്ഷണ വസ്തുക്കള്‍ കാന്റീനില്‍ നിന്ന് വാങ്ങുന്നതിനും കാംപില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. പിന്നീട് നീലയും ചാരനിറവും കൊണ്ടുള്ള വരകളുള്ള യൂണിഫോം നിര്‍ബന്ധമാക്കി.

പ്രദര്‍ശന ഹാളില്‍ പട്ടാളക്കാര്‍ തടവുകാരില്‍നിന്നു പിടിച്ചെടുത്ത പേനയും ചെസ് ബോര്‍ഡും പോക്കറ്റ് വാച്, അലൂമിനയ പാത്രം തുടങ്ങിയ വസ്തുക്കള്‍ നിശ്ചലമായി സംവദിച്ചു. തടവുകാര്‍ കിടന്നിരുന്ന ഇടുങ്ങിയതും നിരയായി നിർമിച്ച മരകട്ടിലുകളും, പൊതു കക്കൂസുകളും ശൗചാലയവും അനുസരിക്കാത്ത തടവുകാരുടെ ചന്തിയില്‍ ചൂരല്‍ പ്രയോഗം നടത്താൻ പ്രത്യേകമായി മരത്തില്‍ തയാറാക്കിയ ഉപകരണവും മരിച്ചവരെ കൊണ്ടുപോകുന്ന ഒറ്റചക്ര കൈവണ്ടിയും തുടങ്ങി മറ്റു പലവിധ ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. പുരുഷ തടവുകാരെ പോലെ 1944 ല്‍ 7,000 ജ്യൂതസ്ത്രീകളെ ഡാഹൊ കാംപില്‍ നിര്‍ബന്ധിത തൊഴിലിനായി എത്തിച്ചിരുന്നതായി ഔദ്യോഗിക രേഖയില്‍ സൂചിപ്പിക്കുന്നു. വൃത്തിഹീനമായ ഇടത്തിലെ താമസവും കുറഞ്ഞ അളവില്‍ നല്‍കിയിരുന്ന പോഷകാംശം കുറഞ്ഞ ഭക്ഷണവും കഠിന ജോലികളും തടവുകാരുടെ ആരോഗ്യത്തെ തകര്‍ത്തു.

പുലര്‍ച്ചെ നാലിനു കാഹള മുഴക്കത്തോടെ സജീവമാകുന്ന ക്യാംപില്‍ 5.15 നുളള ഹാജര്‍ വിളി കഴിഞ്ഞു ആറു മുതല്‍ 12 വരെയും ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു ഒരു മണി മുതല്‍ 6.30 വരെയും തടവുകാര്‍ വിവിധ തരംജോലികള്‍ ചെയ്തു. രാത്രി ഏഴിനു വീണ്ടും ഹാജര്‍ വിളി കഴിഞ്ഞു രാത്രി ഒൻപതിനു വിളക്കുകള്‍ അണയ്ക്കുമെന്ന ക്രമത്തിലാണ് ക്യാംപ് പ്രവര്‍ത്തനനിരതമായിരുന്നത്. തടവുകാര്‍ക്ക് ആരോഗ്യകരമായ മാനസികാവസ്ഥ നില നിര്‍ത്തുവാന്‍ ദേശസ്‌നേഹം തുളുമ്പുന്നതും പട്ടാള ചിട്ടയോടുകൂടിയ സംഗീതവും ക്യാംപില്‍ ദിവസേന നിര്‍ബന്ധിതമായി കേള്‍പ്പിച്ചിരുന്നു.

ഔഷധ സസ്യത്തോട്ടം, മുയല്‍ വളര്‍ത്തല്‍, ജർമന്‍ ഉപകരണശാലകള്‍ക്കായുള്ള ജോലികള്‍ ദിവസേന ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. പുറമെ കെട്ടിടത്തിനകത്തും നിലവറകളിലും ആശാരിപ്പണി, പ്ലംബര്‍, വൈദ്യുതി സംബന്ധമായ ജോലികള്‍, ലോഹ പണികള്‍ തുടങ്ങിയ  ജോലികളും തടവുകാര്‍ ചെയ്യണം. നിസാര കാരണങ്ങള്‍ക്കായി തടവുകാരെ ക്രൂരമായി മര്‍ദിക്കുകയും ഭക്ഷണം നല്‍കാതെ തടവിലിട്ടും ഭീതിതമായ അവസ്ഥ എസ്എസ് സൈനികർ ക്യാംപില്‍ നിലനിര്‍ത്തിയിരുന്നെങ്കിലും തടവുകാര്‍ക്കിടയിലെ അപൂര്‍വമായ ഐക്യം അവരുടെ മനോനില ബലപ്പെടുത്തുന്നതിനും ക്യാംപില്‍ ഒരു ലൈബ്രറി സജ്ജീകരിക്കുന്നതിന് പ്രേരകമായിത്തീരുകയും ചെയ്തു.

ലൈബ്രറി പലപ്പോഴും തടവുകാരുടെ രഹസ്യ കൂട്ടായ്മകള്‍ക്കുള്ള ഇടമായി ഉപയോഗിച്ചിരുന്നു. ക്യാംപിലെ യാതനകള്‍ കുറിപ്പുകളും ചിത്രങ്ങളുമായി പുറത്തെത്തിക്കുന്നതില്‍ അപൂർവം ചില തടവുകാർ ധീരതയോടെ പ്രവര്‍ത്തിച്ചിരുന്നതായി ഡാഹൊ രേഖകള്‍ സൂചിപ്പിക്കുന്നു.
കഠിന ജോലികളിലുള്ള ചെറിയ ന്യൂനതകള്‍, കിടക്ക വിരിച്ചതിലുള്ള പിശക്, ലോക്കറിനു മുകളിലെ വിരലടയാളം, ഭക്ഷണ പാത്രത്തില്‍ ഉണങ്ങിയ വെള്ളത്തിന്റെ പാട്, പുകയിലയോ സിഗരറ്റു കുറ്റിയോ പോക്കറ്റില്‍ സൂക്ഷിച്ചാല്‍, കൈകള്‍ പോക്കറ്റില്‍ തിരുകി വച്ചാല്‍, യൂണിഫോമിന്റെ കുടുക്ക് നഷ്ടപ്പെട്ടാല്‍ തുടങ്ങിയ കാരണങ്ങളാൽ കഠിന ശിക്ഷയ്ക്കു വിധേയമാക്കും. പൊതുകുളിമുറിയുടെ അകത്തുള്ള കമാനത്തിനു കുറുകെയുള്ള ഇരുമ്പു കമ്പിയില്‍ തടവുകാരുടെ കൈകള്‍ ബന്ധിച്ചു തൂക്കിയിട്ടു മർദനം നടത്തിയും ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി നിർമിച്ച നിലവറയില്‍ തടവിലിട്ടും എസ്എസ് സൈനികർ പീഡനം നടത്തിയിരുന്നതായുളള കുറ്റസമ്മതം രേഖപ്പെടുത്തിയിട്ടുണ്ട്.

തടവുകാരെ റെയിവേ വാഗണിലാണ് ക്യാംപില്‍ എത്തിച്ചിരുന്നത്. വാഗണില്‍ നിന്നു ട്രക്കുകളില്‍ കയറുവാന്‍ താമസിച്ചാല്‍ ക്രൂരമായ പീഡനം നേരിട്ടിരുന്നതായി ഒമി ഹാൻസ് പോപ് എന്ന തടവുകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മടിയന്മാര്‍, യാചകര്‍, സാമൂഹ്യവിരുദ്ധർ എന്ന പേരിലായിരുന്നു പൗരന്മാരെ തടവിലാക്കപ്പെട്ടത്. അതോടൊപ്പം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളായിരുന്നു ഡാഹൊ ക്യാംപിനെക്കുറിച്ചുള്ള ആ കാലത്തു ജർമന്‍ മാധ്യമങ്ങൾ പ്രചരിപ്പിപ്പിച്ചിരുന്നത്.

നാസി ഭരണത്തെ വിമര്‍ശിച്ചവർ ജാരസന്തതികളെന്നാണ് വിളിക്കപ്പെട്ടത്. നാവടക്കി പണിയെടുത്തില്ലെങ്കിൽ ഡാഹൊ ക്യാംപിലെത്തും എന്ന കിംവദന്തി നാസി ഭരണകൂടം കൃത്യതയോടെ പ്രചാരണ മാധ്യമങ്ങള്‍ വഴി സമൂഹ മനസില്‍ സന്നിവേശിപ്പിച്ചിരുന്നു. ക്യാംപില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ വെടിയേറ്റു മരിച്ചവരെന്ന ‘വ്യാജ രക്ഷപ്പെടല്‍’ കഥകളും ‘ദൈവമേ എന്നെ ഊമയാക്കൂ ഡാഹൊ ക്യാംപില്‍ പെടുത്തരുതേ’ എന്ന ലഘുകവിതയും മ്യൂണിക്കില്‍ പ്രചരിച്ചിരുന്നു. ഡാഹൊ എന്ന പേര്‍ ജർമന്‍ സമൂഹമനസില്‍ ഭീതിയുടെ പര്യായമായി മാറി.

പോഷകാഹാരക്കുറവ്, അമിതാധ്വാനം, വെയിലത്തും മഞ്ഞിലും ദീര്‍ഘ നേരത്തെ നില്‍പ്പ്, നിര്‍ബന്ധിതമായ കഠിന ജോലികൾ തുടങ്ങിയ ശിക്ഷാമുറകള്‍ കനിവ്, സഹാനുഭൂതി എന്നീ മനുഷ്യ സഹജമായ സവിശേഷവികാരങ്ങള്‍ നിർജീവമായ എസ്എസ് പട്ടാളക്കാര്‍ ക്യാംപില്‍ ചിട്ടയോടെ നടപ്പിലാക്കിയിരുന്നു. ക്യാംപില്‍ പീഡന മരണങ്ങളും പട്ടിണി മരണങ്ങളും കൊലപാതകവും ആത്മഹത്യയും ദിനം തോറും നടന്നിരുന്നു. മാനസിക രോഗികളാക്കപ്പെട്ടവരെയും ജോലിയെടുക്കുവാന്‍ ശേഷിയില്ലാത്തവരെയും കാര്‍ബോളിക് അമ്ലം കുത്തിവച്ചു കൊന്നു.

മരിച്ചവരെ അടക്കുന്നതിനായി 1940 ൽ ശ്‌മശാനം നിർമിച്ചു. പിന്നീട് ഷവര്‍ മുറിയൊരുക്കി വിഷവാതകം വമിപ്പിച്ചു കൊലപ്പെടുത്തുന്ന രീതിയും ക്യാംപില്‍ നടപ്പിലാക്കി. സൈനിക പദ്ധതികള്‍ക്കായി വിവിധ തരം വൈദ്യശാസ്ത്രപരീക്ഷണങ്ങളും തടവുകാരില്‍ നാസി ഡോക്ടര്‍മാർ നടത്തിയിരുന്നു. തടവുകാരില്‍ മലേറിയ മരുന്ന് പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി ജർമൻ സയന്റിസ്റ്റ് ഫ്രീഡ്റിച് ഹോഫ്മാൻ തന്റെ വിചാരണ കാലത്തു സമ്മതിച്ചിരുന്നു.

നാസികള്‍ പിടിച്ചടക്കിയ അയല്‍ രാജ്യങ്ങളില്‍ സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മകളുടെ സൂത്രധാരകന്മാരെ പിടിക്കുന്നതിനും ഡാഹൊ ക്യാംപിലും മറ്റു ക്യാംപുകളിലും തടവിലിടുന്നതിനും രൂപം കൊടുത്ത ‘Night and Fog’ പദ്ധതിയില്‍ പല പ്രമുഖരും ഉണ്ടായിരുന്നു. ഹോളോകോസ്റ്റ് ഭീകരത അതിജീവിച്ച യൂഗോസ്ലാവിയന്‍ ശില്‍പി നാൻഡോർ ഗ്ലിഡ് (Nandor Glid) ക്യാമ്പിനു മുന്‍വശത്തായി പ്രതിഷ്ഠിച്ച ശില്‍പ്പം ക്യാംപിന്റെ ഭീകരത പ്രകടിപ്പിക്കുന്നതാണ്.

നാസി കോണ്‍സെന്‍ട്രേഷൻ ക്യാംപുകളുടെ വിമോചനത്തിന് പത്തു വര്‍ഷത്തിന് ശേഷം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ അലെൻ റെനെ നിര്‍മിച്ച ‘നൈറ്റ്‌ ആന്‍ഡ്‌ ഫോഗ്’ എന്ന ഡോക്യുമെന്ററി

രണ്ടാം ലോക യുദ്ധകാലത്ത് ജർമനിയില്‍ ഇരച്ചുകയറിയ സഖ്യകക്ഷികളായ അമേരിക്കന്‍ പട്ടാളക്കാരാണ് ഡാഹൊ കോണ്‍സെന്‍ട്രേഷൻ ക്യാംപില്‍ കഠിനമായ പകര്‍ച്ചപ്പനി (typhus) ബാധിതരായ അനേകം തടവുകാരെ മോചിപ്പിച്ചത്. അനവധി എസ്എസ് ഗാര്‍ഡുകളും നടത്തിപ്പുകാരും അമേരിക്കന്‍ സൈനികരുടെ വെടിയേറ്റു മരിച്ചു. രക്ഷപ്പെട്ടോടിയവരെ വെടിവച്ചു കൊന്നു. അന്യരാജ്യങ്ങളിലേക്ക് ഒളിവില്‍ പോയവരെ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കൊലപ്പെടുത്തിയ തടവുകാരുടെ ജഡങ്ങളുടെ കൂമ്പാരവും ജഡം ദഹിപ്പിക്കുന്നതിനായുള്ള ശ്‌മശാനവും മറ്റും വൃത്തിഹീനമായ താമസ ഇടങ്ങളും 1945 ൽ ഡാഹൊ ക്യാംപ് അമേരിക്കന്‍ സൈന്യം വിമോചിപ്പിച്ചതിനു ശേഷം ഡാഹൊ പൗരന്മാരെ നിര്‍ബന്ധമായി കാണിക്കുകയും ജഡങ്ങള്‍ മറവുചെയ്യുവാന്‍ നാസി പാര്‍ട്ടി അംഗങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്തു.

സഖ്യകക്ഷികള്‍ 1945 ൽ ഡാഹൊ ക്യാംപിൽ തയാറാക്കിയ പട്ടാള കോടതിയിലെ വിചാരണയ്ക്കു ശേഷം കര്‍ക്കശമായ വിധിയിലൂടെ 36 എസ്എസ് സൈനികരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പുതുതായി നിർമിച്ച ഒരു സിനഗോഗും രണ്ട് പള്ളികളും ക്യാംപിനകത്തു സ്ഥിതി ചെയ്യുന്നുണ്ട്.

അതിരുകവിഞ്ഞ ദേശസ്‌നേഹവും അധികാര ലഹരിയും ഒരുമിച്ചു സേവിച്ചതിന്റെ പരിണിത ഫലം പ്രത്യേകിച്ചൊന്നും തന്നെ ജർമന്‍ ജനതയ്ക്ക് നേടിക്കൊടുത്തില്ലെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യത്വം ജഡീകരിച്ച ക്രമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡാഹൊ ക്യാംപ് സന്ദര്‍ശിച്ചു മടങ്ങുന്നവരുടെ സൂഷ്മസംവേദനക്ഷമതാമാപിനി പൊടുന്നനെ തണുത്തുറയും എന്നത് ഇവിടം സന്ദര്‍ശിച്ചു മടങ്ങുന്നവരുടെ മുഖഭാവം കണ്ടാല്‍ അറിയാം.

Stay updated with the latest news headlines and all the latest Travel news download Indian Express Malayalam App.

Web Title: Dachau concentration camp munich