കഴിഞ്ഞ വേനൽക്കാലത്ത്, അവിചാരിതമായി നടത്തിയ ഒരു സുഹൃദ് സന്ദർശനത്തിനിടയ്ക്കാണ് ലോക പൈതൃക പട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയ അതിപുരാതനവും തലമുറകളുടെ ചരിത്രമുറങ്ങുന്നതുമായ മനോഹരമായ കാന്റർബറി കത്തീഡ്രൽ സന്ദർശിക്കാനിട വന്നത്.

ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സമൂഹത്തിന്റെ ആസ്ഥാനമായാണ് കാന്റർബറി ആർച്ച് ബിഷപ്പിന്റെ സിംഹാസനം കൂടിയായ കത്തീഡ്രൽ നിലനിൽക്കുന്നത്. കാന്റർബറി ആർച്ച് ബിഷപ്പ്, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമപ്രധാന ആചാര്യനും ആഗോള ആംഗ്ലിക്കൻ സമൂഹത്തിന്റെ തലവനുമായി ആദരിക്കപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ കാന്റർബറി ആർച്ച് ബിഷപ്പ് സ്റ്റീഫൻ ലാങ്ങ്ടൻ, പ്രശസ്തമായ മാഗ്ന കാർട്ട ഉടമ്പടിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾ കൊണ്ട് കാന്റർബറി, ആദ്യത്തെ മാഗ്ന കാർട്ട ടൗണുകളിലൊന്നായി വിശേഷിക്കപ്പെടുന്നു.

ഞായറാഴ്ച കുർബാന കത്തീഡ്രലിലാകാമെന്ന സുഹൃത്തിന്റെ നിർദേശ പ്രകാരം മാർഗേറ്റ് എന്ന സ്ഥലത്തു നിന്ന് ഏകദേശം 45 മിനിറ്റ് ഡ്രൈവ് ചെയ്ത് കത്തീഡ്രൽ പരിസരത്ത് എത്തിയപ്പോഴേക്കും ഏറ്റവും ചൂട് കൂടുതലുള്ള ദിവസങ്ങളിലൊന്നെന്ന് തെളിഞ്ഞുകത്തുന്ന സൂര്യൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. അല്പം വൈകിയതുകൊണ്ട്, കാർ പാർക്ക് നിറഞ്ഞ് കവിഞ്ഞിരുന്നു. പരിസരങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികളെയും സഞ്ചാരികളെയും കാണാമായിരുന്നു. സുഹൃത്തിന്റെ നാട്ടിലെ അയൽപക്കക്കാരായ മലയാളി കുടുംബത്തെയും അവിടെ കണ്ടു. ശേഷം കത്തീഡ്രലിലേയ്ക്ക്.

Read Also: മനസില്‍ മഞ്ഞുപെയ്യുന്ന മരുഭൂമിയിലെ ഒരിടം

പഴമയും പുതുമയും കെട്ടിപ്പിടിച്ചുനിൽക്കുന്ന തെരുവിലൂടെ അഞ്ച് മിനിറ്റോളം നടന്ന് പ്രധാന കവാടത്തിലെത്തി സെക്യൂരിറ്റിയോട് അനുവാദം ചോദിച്ചു. അനുമതി കിട്ടിയതിനെത്തുടർന്ന് കത്തീഡ്രലിന്റ ഉൾഭാഗത്തേക്ക് വഴി കാട്ടാനായി ഒരു വൈദികൻ നിൽക്കുന്നുണ്ടായിരുന്നു.
ഇരുന്നൂറ് മീറ്ററോളം ഇടനാഴികൾ പിന്നിട്ട് ദേവാലയത്തിന് അകത്ത് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പ് എത്തിയപ്പോൾ പരമാവധി നിശബ്ദത പാലിക്കണമെന്നും കുർബാന കഴിയുന്ന വരെ ഇവിടം  ഫൊട്ടോ   എടുക്കാൻ പാടുള്ളതല്ലെന്നും അറിയിച്ചു.dyvia jose, canterbury church, travelogue, iemalayalam

കൂടെയുള്ള കുട്ടികളെ ഉദ്ദേശിച്ചാകണം നിശബ്ദതയുടെ കാര്യം വീണ്ടും ഓർമിപ്പിച്ചു. കുർബാനയുടെ അനുഷ്ഠാനങ്ങളും ശൈലികളും എല്ലാം അനുഭവിച്ചറിഞ്ഞ കുറച്ച് മിനിറ്റുകൾ. ആയിരത്തി നാനൂറോളം വർഷങ്ങളായി ആരാധന നടന്നുവരുന്ന ഒരു കത്തീഡ്രൽ, അതിന്റെ പ്രൗഢിയോടും പഴമയോടും വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങൾ പോലും ആ കാന്തിക വലയത്തിൽ എന്ന പോലെ പരമാവധി നിശബ്ദരായിരുന്നത് അത്ഭുതപ്പെടുത്തി. ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി സമാധാനമാശംസിക്കാനായി ഇറങ്ങിവന്നതും അനുഭവമായി. രാജകീയ വിവാഹം ആശീർവദിച്ച അതേ ആർച്ച് ബിഷപ്പ് തന്നെ. ഞങ്ങൾ നിന്നിരുന്ന കത്തീഡ്രലിന്റെ ഒരു വശത്തുള്ള ചെറിയ ഭാഗം തന്നെ പലതരം പെയിന്റിങ്ങുകളും നിറം പിടിപ്പിച്ച ഗ്ലാസ്സ് പെയിന്റിങ്ങുകൾ കൊണ്ടും കരകൗശല വൈദഗ്ധ്യം കൊണ്ടും അമ്പരപ്പിക്കുന്നതായിരുന്നു.

വലതുവശത്തായി മുകളിൽ, പ്രത്യേക രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഒരു പഴയ ക്ലോക്ക് ആരാലും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഇരുപത്തിയൊന്നോളം മണികൾ കത്തീഡ്രലിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്.dyvia jose, canterbury church, travelogue, iemalayalam

കത്തീഡ്രലിന്റെ ചരിത്ര പ്രാധാന്യം

കത്തീഡ്രലിന്റെ ശരിക്കുമുള്ള പേര് ‘കത്തീഡ്രൽ ആൻഡ് മെട്രോപൊളിറ്റിക്കൽ ചർച്ച് ഓഫ് ക്രൈസ്റ്റ് അറ്റ് കാന്റർബറി’ എന്നാണ്. 597-ാമാണ്ടിൽ, ക്രൈസ്തവ വിശ്വാസങ്ങളെ പുനസ്ഥാപിക്കാൻ പോപ്പ് ഗ്രിഗറി, വി. അഗസ്റ്റിനെയും കൂടെ നാൽപ്പത് സന്യാസിമാരെയും ഇംഗ്ലണ്ടിലേയ്ക്ക് അയച്ചു. കാന്റർബറിയിൽ ഒരു പള്ളിയും സന്യാസ സഭയും പണി കഴിക്കുകയും ആദ്യത്തെ ആർച്ച് ബിഷപ്പായി മാറുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു.

സ്ഥാപിക്കപ്പെട്ട കത്തീഡ്രൽ പിന്നീട് പലപ്പോഴായി പുതുക്കിപ്പണിതു. പള്ളി പിന്നീടുണ്ടായ ഒരു തീപിടുത്തത്തെത്തുടർന്ന് 1174ൽ വളരെ വലിയ തോതിൽ അഴിച്ചുപണി നടത്തുകയും ഗോഥിക് ശൈലിയിൽ വിപുലീകരിക്കുകയും ചെയ്തു. വിശുദ്ധനായ തോമസ് ബെക്കറ്റിന്റെ ദേവാലയം സന്ദർശിക്കാനെത്തുന്ന വിശ്വാസികളുടെ എണ്ണം ഗണ്യമായി കൂടി വരുന്നതും കണക്കിലെടുത്തായിരുന്നു പുനരുദ്ധാരണം. 1012 മുതൽ ചെറിയ തോതിൽ വിശ്വാസികൾ കത്തീഡ്രൽ സന്ദർശിക്കാൻ തുടങ്ങിയിരുന്നു.dyvia jose, canterbury church, travelogue, iemalayalam

വി. തോമസ് ബെക്കറ്റ്

കാന്റർബറിയുടെ വിശുദ്ധനെന്ന് അറിയപ്പെടുന്നു. ഇംഗ്ലണ്ടിന്റെ രാജാവായിരുന്ന ഹെൻറി രണ്ടാമനുമായുള്ള ആശയത്തർക്കങ്ങൾ, പള്ളിയുടെയും പുരോഹിതരുടെയും മേലുള്ള രാജാക്കന്മാരുടെ അധികാരങ്ങളെ പഴയപടി അനുധാവനം ചെയ്യാൻ വിശുദ്ധൻ മടിക്കുന്നതിൽ നിന്നും സഭയ്ക്കു വേണ്ടി വാദിക്കാൻ തുടങ്ങുകയും ചെയ്തതിൽ നിന്നുമുണ്ടായ അലോസരങ്ങൾ രാജാവിന്റെ അപ്രീതിക്ക് കാരണമായി. രാജാവിന്റെ ചില പ്രസ്താവനകൾ
കേൾക്കാനിടയായ നാല് പട്ടാളക്കാർ, വിശുദ്ധനെ ഇല്ലാതാക്കുക എന്നതാണ് രാജാവിന്റെ ഇംഗിതമെന്ന് ധരിച്ച്, കത്തീഡ്രലിൽ എത്തുകയും തുടർന്ന് വിശുദ്ധന്റെ വധത്തിൽ എത്തിച്ചേരുകയുമാണുണ്ടായത്. (വർഷം 1170).

ഈയിടം പ്രതീകാത്മകമായി നാല് വാളുകളെ പ്രതിഷ്ഠിച്ച് രക്തസാക്ഷി മണ്ഡപമായി വണങ്ങുന്നു. വളരെ പെട്ടെന്ന് തന്നെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. മരണസമയത്ത് വിശുദ്ധന്റ രക്തം പുരണ്ട വസ്ത്രങ്ങൾ ചിലർ സൂക്ഷിച്ച് വച്ചിരുന്നതായും, സ്പർശിക്കുന്നവർ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകുന്നതായും അനേകർ സാക്ഷ്യപ്പെടുത്തി. തിരുശേഷിപ്പുകൾ 1220 ൽ ട്രിനിറ്റി ചാപ്പലിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കുകയും അനേകം തീർത്ഥാടകർ സന്ദർശിക്കുന്ന പുണ്യസ്ഥലമായി കത്തീഡ്രൽ മാറുകയും ചെയ്തു. വിശുദ്ധന്റെ രക്തസാക്ഷി മണ്ഡപത്തിന് തൊട്ടടുത്ത് സന്യാസികൾ പ്രാർത്ഥനയ്ക്കായി ചിലവഴിച്ചിരുന്ന മുറികൾ ഇപ്പോഴും ഉണ്ട്. രക്തസാക്ഷിത്വവും വിശുദ്ധന്റെ മരണാനാന്തര ചടങ്ങുകളും പ്രതിപാദിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ചിത്രം ഇവിടെ കാണാം. ഇവിടെ ഫൊട്ടോ എടുക്കാൻ അനുവാദമില്ല. കത്തോലിക്ക സമൂഹവും ആംഗ്ലിക്കൻ സമൂഹവും ഒരേ പോലെ രക്തസാക്ഷിയായും വിശുദ്ധനായും വി. തോമസ് ബെക്കറ്റിനെ കാണുന്നു.dyvia jose, canterbury church, travelogue, iemalayalam

പലതരത്തിലുള്ള ചരിത്രരേഖകളും സ്മാരകങ്ങളും പെയിന്റിങ്ങുകളും ബുക്കുകളും സ്വന്തമായിട്ടുള്ള കത്തീഡ്രലിന്, അതെല്ലാം കൈകാര്യം ചെയ്യാനുള്ള പ്രത്യേക പോളിസികളും സ്റ്റാഫുകളും ഉണ്ട്. കത്തീഡ്രലിൽ ചെറിയ ഒരു ശതമാനം മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ. രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള റെക്കോർഡുകളുടെ ശൃംഖല തന്നെ സ്വന്തമായിട്ടുണ്ട്. ഒമ്പതാം നൂറ്റാണ്ടു മുതൽ കത്തീഡ്രലുമായി നടന്നിട്ടുള്ള ഇടപാടുകളെല്ലാം ഇതിൽ പെടുന്നു. 1900മാണ്ടിന് മുമ്പ് പ്രസിദ്ധീകരിച്ച മുപ്പതിനായിരം പുസ്തകങ്ങളും പിന്നീടുണ്ടായ വർഷങ്ങളിൽ ചേർക്കപ്പെട്ട ഇരുപതിനായിരത്തിലേറെ പുസ്തകങ്ങളും നിറഞ്ഞാണ് ലൈബ്രറി.

ആയിരത്തി ഇരുന്നൂറോളം സ്ക്വയർ മീറ്റർ സ്റ്റെയിൻഡ് ഗ്ലാസ്സ് പെയിന്റുകളുടെ ശേഖരം വിസ്മയമാണ്. കത്തീഡ്രലിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം ചില്ല് ജാലകങ്ങളും ചുമരുകളും എത്ര കണ്ടാലും മതി വരികയില്ല ചില സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൂർണമായും ഭംഗി ആസ്വദിക്കാനായില്ല. കൊത്തുപണികളും ശിൽപ്പങ്ങളും ദേവാലയത്തിന്റെ അൾത്താര മുതൽ ചുമരുകളിലും തറയിലും കൈവരികളിലും എല്ലാം തെളിഞ്ഞു കാണാം. 1538 ൽ ഹെൻട്രി എട്ടാമൻ ദേവാലയം നശിപ്പിക്കാൻ പട്ടാളക്കാരെ വിടുകയും ഒത്തിരി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഇപ്പോഴും ഉടഞ്ഞുപോയ പല ശില്പങ്ങളും അതേപോലെ നിലനിർത്തിയിരിക്കുന്നത് കാണാം. കത്തീഡ്രലിന്റെ പരിപാലനം വളരെ വലുതും പ്രാധാന്യമുള്ളതുമായ പദ്ധതിയാണ്.

Read Also: കൊല്‍ക്കത്തയിലേക്ക് സെക്കന്റ് ക്ലാസ് വണ്ടിയില്‍

അഞ്ചാം നൂറ്റാണ്ടു മുതലുള്ള ചരിത്രരേഖകളും പെയിന്റിങ്ങുകളും ശില്പങ്ങളും കൊത്തുപണികളും മങ്ങിപ്പോവാതെയും നശിച്ചുപോവാതെയും സംരക്ഷിക്കാൻ പ്രഗത്ഭരായ ഒട്ടനവധി കലാകാരന്മാരുടെ സേവനം കത്തീഡ്രൽ ദിനം തോറും ഉപയോഗപ്പെടുത്തുന്നു. പ്രധാന കവാടത്തിൽ കാണുന്ന ഗ്ലാസ് ഇലസ്ട്രേഷൻ ആരുടെയും ശ്രദ്ധയാകർഷിക്കും.

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് നൂറ് വർഷമാകുന്നതിനോടനുബന്ധിച്ച് ലോകപ്രശസ്ത കലാകാരന്മാരായ ബാൾഡ്‌വിനും ഗുഗ്ഗിസ്ബർഗും ചേർന്ന് നൂറ് ഗ്ലാസ് ജാറുകൾ കൊണ്ട് ഒരു ബോട്ടിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ കലാസൃഷ്ടിയ്ക്ക്  Under an Equal Sky എന്നാണ് പേര് നൽകിയിരിക്കുന്നത്.dyvia jose, canterbury church, travelogue, iemalayalam

വളരെ പ്രശസ്തമായ ഗായകസംഘം കത്തീഡ്രലിനുണ്ട്. വാദ്യോപകരണങ്ങളും പാരമ്പര്യമായി കൈമാറിവന്നതും കത്തീഡ്രലിനു മാത്രം സ്വന്തമായിട്ടുള്ളതുമായ ഒട്ടനവധി പ്രാർത്ഥനാഗാനങ്ങളുടെ ശേഖരവും അമ്പരപ്പിക്കുന്നതാണ്. സഞ്ചാരികൾക്കും തീർത്ഥാടകർക്കും സൗകര്യപ്രദമായ രീതിയിൽ പല തരത്തിലുള്ള സംവിധാനങ്ങൾ കത്തീഡ്രൽ ചുറ്റിക്കണ്ട് മനസിലാക്കാൻ അധികാരികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ട് മണിക്കൂറെങ്കിലുമുണ്ടെങ്കിൽ മാത്രമേ എല്ലാം കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയൂ. ഒരു ഗൈഡിന്റെ സഹായത്തോടെ ഗ്രൂപ്പുകളായും കയ്യിൽ പിടിച്ച് കേൾക്കാവുന്ന ഒരു റെക്കോർഡറുടെ സഹായത്തോടെ ഒറ്റയ്ക്കും കത്തീഡ്രൽ കാണുവാണുള്ള മാർഗങ്ങളുണ്ട്. അറുപതോളം ആളുകൾക്ക് ഒരുമിച്ചിരുന്ന് കാണാവുന്ന ഇരുപത് മിനിറ്റോളം ദൈർഘ്യമുള്ള, കത്തീഡ്രലിന്റെ ചരിത്രപ്രസക്തിയും ഇന്നോളമുള്ള യാത്രകളുമടങ്ങുന്ന ദൃശ്യാവിഷ്കരണം കാന്റർബറി കത്തീഡ്രലിലെ യാത്രാനുഭവം പൂർണമാക്കും. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഭാഷകളിൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്.

കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും പരിപാലനത്തിനുമൊക്കെയായി ചാരിറ്റി രൂപീകരിച്ചിട്ടുണ്ട്. ഗൈഡഡുകളായി സേവനം അനുഷ്ഠിക്കുന്ന പലരും  വോളണ്ടറി സർവീസ് ആയിട്ടാണ് ചെയ്യുന്നത്. ഗ്രൂപ്പുകളായും സ്കൂൾ – കോളേജ് – പ്രൊഫഷണൽ കോഴ്‌സുകൾ പഠന പദ്ധതിയുടെ ഭാഗമായിട്ടും കത്തീഡ്രൽ സന്ദർശിക്കുന്നവർ ഏറെയുണ്ട്. കത്തീഡ്രൽ സുവനീർ ഷോപ്പിൽനിന്ന് സ്മാരകങ്ങളും ബുക്കുകളും പ്രാർത്ഥനാ ഗാനങ്ങളുടെ സിഡികളുമെല്ലാം വാങ്ങാം. ഓൺലൈൻ വഴി വാങ്ങാനും സൗകര്യമുണ്ട്. കാന്റർബറി കത്തീഡ്രൽ ലോഡ്ജ്, താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനോടൊപ്പം കോൺഫറൻസുകൾ, വിവാഹാനന്തര സ്വീകരണ ചടങ്ങുകൾ, ഗ്രാജുവേഷൻ സെറിമണികൾ തുടങ്ങിയ ഇവന്റുകൾ കത്തീഡ്രലിന്റെ സാമീപ്യത്തിൽ തന്നെ  നടത്തുന്നതിനുള്ള സൗകര്യം കൂടിആവശ്യക്കാർക്ക് ഒരുക്കി കൊടുക്കുന്നു.

ഒറ്റയ്ക്കും കൂട്ടമായുമൊക്കെ വരുന്ന സന്ദർശകർ, തങ്ങൾകണ്ട് തീർത്ത ചരിത്ര വിസ്മയത്തിന്റെ സംതൃപ്തി പങ്കുവച്ച് വിട പറയുന്നുന്നത് കാണാമായിരുന്നു. കത്തീഡ്രലിലും അനുബന്ധമായി പരിപാലിച്ചു പോരുന്ന ഗാർഡനലിലും ഷോപ്പിലും ചെലവഴിച്ച രണ്ട്- മൂന്ന് മണിക്കൂറുകൾ ഏറ്റവും വിലമതിക്കുന്ന അറിവിനും അത്ഭുതത്തിനും  കാരണമായെന്ന  സന്തോഷത്തിലാണ് അവിടെനിന്ന് വിട പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook