scorecardresearch
Latest News

ഓറോവില്‍ കാത്തു വച്ച സിനിമാ-വിസ്മയങ്ങള്‍

പോണ്ടിച്ചെരിയ്ക്കടുത്ത് ഒറോവില്ലില്‍ നടന്ന ഫിലിം അപ്പ്രീസിയേഷന്‍ കോഴ്സില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണ് അധ്യാപികയും ഗവേഷകയുമായ ലേഖിക

auroville india, auroville pondicherry, auroville commune, auroville travel, auroville stay, auroville community, film appreciation course, ഒറോവില്‍, പോണ്ടിച്ചേരി, യാത്ര

ഓറോവില്‍ എന്ന മനോഹരമായ ഇടത്തേക്ക് എത്തിയത് ഏറെക്കാലമായി ചെയ്യണം എന്നാഗ്രഹിച്ച ഫിലിം അപ്പ്രീസിയേഷന്‍ കോഴ്സ് (Film Appreciation Course) ചെയ്യാനാണ്. സാധാരണയായി പൂനെയിലെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അവിടെത്തന്നെയുള്ള നാഷണല്‍ ഫിലിം ആര്‍ക്കൈവ്സുമായി ചേര്‍ന്ന് നടത്താറുള്ള കോഴ്സ്, ഇടയ്ക്കൊക്കെ പൂനെയ്ക്ക് പുറത്തും എത്താറുണ്ട്. അങ്ങനെയാണ് പോണ്ടിച്ചേരിയ്ക്കടുത്ത് ഓറോവില്‍ എന്ന് പേരുള്ള ‘Experimental township’ലേക്ക് ഈ കോഴ്സ് എത്തുന്നത്‌. അതിനു പിന്നില്‍ സ്കില്ലിങ് ഇന്ത്യ ഇൻ ഫിലിം ആൻഡ് ടെലവിഷൻ (SKIFT), ഓറോവിൽ ടൈംലൈൻസ് എന്ന രണ്ടു സ്ഥാപനങ്ങളാണ്.

‘Film Appreciation: History and Aesthetics’ എന്നതായിരുന്നു എട്ട് ദിവസം നീണ്ടു നിന്ന കോഴ്സിന്റെ ഫോക്കസ്. പൂനെ ഫിലിം ഇൻസറ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥിയായ സുദീപ്തോ ആചാര്യയുടെ നേത്രുത്വത്തില്‍ ആയിരുന്നു കോഴ്സ്. ലളിതവും വ്യത്യസ്തവുമായ രീതിയിൽ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ സാദ്ധ്യതകള്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ക്ലാസ്സുകൾ പുതിയ അറിവുകളിലെക്കും ആസ്വാദനരീതികളിലേക്കും വഴി തെളിച്ചു.

റോയ് ആൻഡേഴ്സണിന്റെ ‘എ പീജ്യന്‍ സാറ്റ് ഓണ്‍ എ ബ്രാഞ്ച് റിഫ്ലെക്റ്റിംഗ് ഓണ്‍ എക്സിസ്റ്റന്‍സ്’ (A Pigeon Sat on a Branch Reflecting on Existence) എന്ന സിനിമയിലെ ഒരു രംഗത്തിൽ നിന്ന് ആരംഭിച്ച കോഴ്സ്, തുടര്‍ന്ന് നരേറ്റിവ്, സ്പേസ്, ടൈം, കളര്‍, സൗണ്ട്, ഡോകുമെന്ററി, ഷോര്‍ട്ട് ഫിലിം എന്നീ മേഖകളിലേക്ക് കടന്നു. സിനിമയുടെ ചരിത്രവും പ്രധാനപ്പെട്ട ഫിലിം മൂവ്മെന്റുകളായ ഇറ്റാലിയന്‍ നിയോ റിയലിസം (Italian neorealism), ഫ്രഞ്ച് ന്യൂ വേവ് (French New Wave), ജര്‍മന്‍ എക്സ്പ്രെഷനിസം (German Expressionism), റഷ്യന്‍ മൊണ്‍ടാഷ് (Russian montage) എന്നിവയും പ്രതിപാദിക്കപ്പെട്ടു. ബൈസൈക്കിള്‍ തീവ്‌സ് (Bicycle Thieves), മെട്രോപോളിസ് (Metropolis), ബാറ്റില്‍ഷിപ്പ് പൊട്ടംക്കിന്‍ (Battleship Potemkin), ദി ഫോര്‍ ഹണ്ട്രഡ്‌ ബ്ലോസ് (The 400 Blows), പ്യവോള്‍ഫോ (Pierrot le Fou) എന്നീ ക്ലാസ്സിക് സിനിമകളിലൂടെയാണ് ഫിലിം മൂവ്മെന്റുകളെ പരിചയപ്പെടുത്തിയത്.

ജീന്‍ കെല്ലിയുടെ ‘സിംഗിംഗ് ഇന്‍ ദി റൈന്‍’ (Singing in the Rain) എന്ന ചിത്രം സൈലന്റ് സിനിമയിൽ നിന്നും ടാക്കീസിലേക്കുള്ള പരിവർത്തനത്തിൽ അകപ്പെട്ട അഭിനേതാക്കളുടെ കഥയാണ്. ലാപ്ടോപ്പിൽ മാത്രം കണ്ടു ശീലിച്ച ഈ ചിത്രം തിയേറ്ററില്‍ കണ്ട അനുഭവം മനോഹരമായിരുന്നു. കൂടാതെ ആന്ദ്രേ തർകോവ്സ്കിയുടെ ‘ദി മിറര്‍’ (The Mirror), ആന്ദ്രേ റുബ്ലേവ് (Andrei Rublev), ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കിയുടെ ത്രീ കളേര്‍സ് – റെഡ്, ത്രീ കളേര്‍സ് – ബ്ലൂ (Three Colours: Blue, Three Colours: Red), റോബർട്ട് ബ്രസ്സോണിന്റെ ‘എ മാന്‍ എസ്കേപ്പ്ഡ്‌’ (A Man Escaped), ഇംഗ്മർ ബർഗ്മാന്റെ ‘ക്രൈസ് ആന്‍ഡ്‌ വിസ്പേര്‍സ്’ (Cries and Whispers), അന്റോണിയോണിയുടെ ‘റെഡ് ഡെസേര്‍ട്ട് (Red Dessert), അലെൻ റെനെയുടെ ‘ഹിരോഷിമ മോണ്‍ അമോര്‍’ (Hiroshima mon amour) എന്നീ സിനിമകളും വലിയ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞു. ഹ്രസ്വചിത്രങ്ങളുടെ ആസ്വാദന ദിവസം പ്രദർശിപ്പിച്ച ‘ബിഗ്‌ സിറ്റി ബ്ലൂസ്’ (Big City Blues), ‘ദി ബേക്കറി ഗേള്‍ ഓഫ് മോന്‍കാവ്’ (The Bakery Girl of Monceau), ‘റെഡ് ബലൂണ്‍’ (Red Balloon), ഗ്ലാസ് (Glass), ‘ആന്‍ ഒക്കറന്‍സ് അറ്റ്‌ ഔള്‍ ക്രീക്ക് ബ്രിഡ്ജ്’ (An Occurrence at Owl Creek Bridge), ‘ടോയ്ലാന്‍ഡ്‌’ (Toyland), എന്നീ സിനിമകൾ ദൃശ്യമാധ്യമത്തിന്റെ പുതു വാതായനങ്ങളും പുതിയ വായനാസാധ്യതകളും തുറന്നിട്ടു. സിനിമ അസ്വാദനത്തിലും നിരൂപണത്തിലും മാത്രം ഒതുങ്ങി നിന്ന ഒരു കൂട്ടം ആളുകള്‍ക്ക് സ്വന്തമായി സിനിമ എടുക്കാന്‍ പ്രചോദനമാകുന്ന തരത്തില്‍ സിനിമയോട് അടുപ്പിച്ചു നിര്‍ത്തി, എട്ടു ദിവസങ്ങള്‍ നീണ്ടു നിന്ന ഈ കോഴ്സ്.

auroville india, auroville pondicherry, auroville commune, auroville travel, auroville stay, auroville community, film appreciation course, ഒറോവില്‍, പോണ്ടിച്ചേരി, യാത്ര

ഓറോവിൽ

എട്ടു ദിവസങ്ങള്‍ കൊണ്ട് ഓറോവില്ലിനേയും ഒരു പരിധി വരെ അടുത്തറിയാന്‍ കഴിഞ്ഞു എന്നതായിരുന്നു ഈ കോഴ്സിന്റെ മറ്റൊരു പ്രധാനപ്പെട്ട ‘Take Away’. പ്രഭാതത്തിന്റെ നഗരം എന്നറിയപ്പെടുന്ന ഓറോവില്‍ ഒരു ആഗോളനഗരമായി (Universal Township) വിഭാവന ചെയ്യപ്പെട്ടിട്ടുള്ള ഒരു പ്രദേശമാണ്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍, പോണ്ടിച്ചേരിയില്‍ നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ ചെറുടൌണ്‍ഷിപ്പ്. വിവിധ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഇവിടെ ഒരുമിച്ച്‌ കഴിയുന്നു. ജാതി, മത, വർണ്ണ, രാഷ്ട്രീയ ഭേദമില്ലാതെ, മനുഷ്യനെ മനുഷ്യനായി മാത്രം കാണുക എന്ന സങ്കല്‍പ്പത്തില്‍ ഉരുത്തിരിഞ്ഞ ‘ഓറോവിൽ’ സ്ഥാപിച്ചത് അരൊബിന്ദോയുടെ സഹകാരിയായിരുന്ന മദര്‍ (The Mother) എന്നറിയപ്പെടുന്ന മിറാ അല്ഫാസയാണ്. നാല്‍പ്പത്തിരണ്ടു രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിയഞ്ഞൂറോളം പേരാണ് ഇവിടെ സ്ഥിരതാമസക്കാരായുള്ളത്.

ഓറോവില്ലില്‍ തന്നെ താമസിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അവിടെയുള്ള ഹോസ്റ്റലുകളിലും ഗെസ്റ്റ് ഹൗസുകളിലും ബുക്കിംഗ് തിരക്ക് കാരണം പോണ്ടിച്ചേരിയിലെ ഒരു ഓയോ അപാർട്ട്മെന്റിൽ താമസിക്കേണ്ടി വന്നു. ഓറോവില്ലിലേക്ക് യാത്ര ചെയ്യുന്നവര്‍ വളരെ മുന്‍കൂട്ടി അവിടുത്തെ താമസം ബുക്ക്‌ ചെയ്യേണ്ടതുണ്ട്. കാരണം, അവിടേക്ക് എത്തുന്നവര്‍, വിദേശികള്‍ പ്രത്യേകിച്ചും, മാസങ്ങളോളം അവിടെ താമസിക്കാന്‍ ഉദ്ദേശിച്ച് എത്തുന്നവരാണ്. അത് കൊണ്ട് തന്നെ, ഹോസ്റ്റലുകളിലും ഗെസ്റ്റ് ഹൗസുകളിലും അവര്‍ക്കാകും മുന്‍തൂക്കം. അങ്ങനെ, നീണ്ട കാലയളവ്‌ താമസിക്കാന്‍ ആളില്ലാത്തപക്ഷം മാത്രമേ കുറച്ചു ദിവസങ്ങള്‍ക്കായി അവിടെ എത്തുന്നവര്‍ക്ക്
ഓറോവില്ലില്‍ താമസം തരപ്പെടുകയുള്ളൂ.

ഓറോവില്‍ വിസിറ്റേര്‍സ് സെന്റര്‍

ഓറോവിലേക്കുള്ള കവാടം എന്ന് വേണമെങ്കില്‍ പറയാവുന്ന ഇടമാണ് വിസിറ്റേര്‍സ് സെന്റര്‍. മരങ്ങളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പാതയിലൂടെ നടന്നു വേണം ഇവിടെ എത്താന്‍. സന്ദർ‌ശകരെയും അതിഥികളേയും ഓറോവില്‍ ഹോസ്റ്റ് ചെയ്തു തുടങ്ങുന്നത് ഇവിടം മുതലാണ്‌. പേര് സൂചിപ്പിക്കുന്നത് പോലെ അതിഥികള്‍ക്ക് വേണ്ട വിവരങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ ചേര്‍ന്നതാണ് വിസിറ്റേര്‍സ് സെന്റര്‍. ഫോട്ടോ എക്‌സിബിഷൻ, വീഡിയോ ഷോകൾ, എന്നിവയിലൂടെ ഓറോവിൽ ജീവിതത്തെയും കമ്മ്യൂണിറ്റിയെയും ഇവിടെ പരിചയപ്പെടുത്തുന്നു. ഒരു ഇൻഫർമേഷൻ പോയിന്റായി പ്രവർത്തിക്കുന്ന സെന്ററിൽ നിരവധി കഫേകളും, ബോട്ടിക്കുകളും, വൈകുന്നേരങ്ങളിൽ പ്രത്യേക പരിപാടികളും ഉണ്ട്. വിസിറ്റേര്‍സ് സെന്ററില്‍ നിന്ന് വേണം മാതൃമന്ദിറിലേക്ക് എത്താന്‍.

auroville india, auroville pondicherry, auroville commune, auroville travel, auroville stay, auroville community, film appreciation course, ഒറോവില്‍, പോണ്ടിച്ചേരി, യാത്ര

മാതൃമന്ദിര്‍

ഓറോവില്ലിനെക്കുറിച്ച് വായിച്ചപ്പോൾ തന്നെ ഏറ്റവും ശ്രദ്ധയാകർഷിച്ച ഇടങ്ങളിലൊന്നാണ് മാതൃമന്ദിര്‍ (Temple of the Mother). ഓറോവില്ലിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന വാസ്തുവിസ്മയം. മിറാ അൽഫാസയുടെ സങ്കല്പത്തിൽ ‘പരിപൂർണ്ണത തേടുന്ന മാനവഗണത്തിനു ദൈവം നല്‍കുന്ന ഉത്തരം’. സര്‍വസാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന, പന്ത്രണ്ടു ഇതളുകളാല്‍ ചുറ്റപ്പെട്ട ഈ സുവർണ്ണ ഗോളം (Geodesic dome), മനഃശാന്തി കൈവരിക്കുന്നതിനായും, യോഗ, ധ്യാനം, ആത്മീയമായ സമ്മേളനങ്ങൾ എന്നിവയ്ക്കായും രൂപകല്പന ചെയ്യപ്പെട്ടതാണ്. ആയിരത്തിനാനൂറു ഡിസ്കുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന മാതൃമന്ദിറിന്റെ ഉയരം ഇരുപത്തിയൊന്‍പതു മീറ്ററാണ്. മധ്യത്തിലുള്ള ഗോളത്തിന്റെ നേരെ താഴെയാണ് ഇന്നര്‍ ചേംബര്‍. ലോകത്തെ തന്നെ ഏറ്റവും വലിയ, optically-perfect glass globe ആണ് മാതൃമന്ദിറിന്റെ ഇന്നര്‍ ചേംബര്‍ എന്ന് കരുതപ്പെടുന്നു.

പ്രശാന്തതയും സമാധാനവും സദാസമയവും നിലനിര്‍ത്തുന്ന തരത്തില്‍ നിശബ്ദമായാണ് മാതൃമന്ദിര്‍ സംരക്ഷിച്ചിരിക്കുന്നത്. മാതൃമന്ദിറിന് ചുറ്റുമുള്ള ഇടം ‘P:eace Area’ എന്ന് അറിയപ്പെടുന്നു. മാതൃമന്ദിര്‍ പുറത്തു നിന്ന് കാണാന്‍ പ്രയാസമില്ല. എന്നാല്‍ അകത്തേക്ക് കയറമെങ്കില്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യണം. ഇന്നര്‍ ചേംബറില്‍ ധ്യാനത്തില്‍ ഇരിക്കണമെങ്കില്‍ പ്രത്യേകിച്ചും.

മാതൃമന്ദിറിന്റെ മറ്റൊരു പ്രധാന ആകർഷണം ഏവരെയും സ്വാഗതം ചെയ്തു കൊണ്ട് അവിടെ തഴച്ചു വളർന്നു നിൽക്കുന്ന ഒരു ആല്‍മരമാണ്. നൂറ്റിയിരുപത്തിനാല് രാജ്യങ്ങളിലെ ജനങ്ങള്‍ ഈ ആല്‍മരത്തിന്‌ കീഴില്‍ സംഗമിച്ചതോടെയാണ് ഓറോവില്‍ എന്ന മാതൃകാ ടൗൺഷിപ്പിന്റെ എന്ന ആശയം ഉടലെടുക്കുന്നത്. നൂറു വർഷത്തിലധികം പഴക്കമുള്ള വേരുകളാൽ (Aerial prop roots) സമ്പുഷ്ടമായ ഈ വൃക്ഷം ഒരു കാഴ്ച തന്നെയാണ്. ഓറോവില്ലിന്റെ അന്‍പത്തിയഞ്ചു ശതമാനം ഹരിതമേഖലയാണ്. ബാക്കിയുള്ള നാല്പത്തിയഞ്ചു ശതമാനത്തിലാണ് കെട്ടിടങ്ങളും മറ്റും.

auroville india, auroville pondicherry, auroville commune, auroville travel, auroville stay, auroville community, film appreciation course, ഒറോവില്‍, പോണ്ടിച്ചേരി, യാത്ര

ഓറോവില്‍ എന്ന ഇക്കോസിസ്റ്റം

ഓറോവില്ലിൽ നിറയെ വേപ്പ് മരങ്ങൾ കാണാം. അവിടുത്തെ ആവാസവ്യവസ്ഥയെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഓറോവില്ലിന്റെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളുടെ ഭാഗമായി നട്ടുപിടിപ്പിച്ചതാവാം. ഇത് കൂടാതെ അവിടെ തന്നെ നട്ടു വളർത്തിയ ദശലക്ഷത്തോളം മരങ്ങളുമുണ്ട്. സാധാരണ ഭൂമിയെ കാടുകളാക്കി മാറ്റി ഇവര്‍ കാണിച്ചിരിക്കുന്ന മാജിക് ഏവര്‍ക്കും പാഠമാകേണ്ടതാണ്. ഓറോവില്ലിന്റെ സമീപത്ത് ഒരു ബോട്ടാണിക്കൽ ഗാർഡന്‍ സ്ഥിതി ചെയ്യുന്നുണ്ട്. അമ്പതു ഏക്കർ വരുന്ന ഈ സസ്യോദ്യാനത്തില്‍ ഏകദേശം ആയിരത്തിമൂന്നൂറു സസ്യങ്ങള്‍ പരിപാലിക്കപ്പെടുന്നു. ഇതിനോട് ചേർന്ന് ഒരു പരിസ്ഥിതി പഠനകേന്ദ്രവുമുണ്ട്. പരിസ്ഥിതി അവബോധം, ജൈവവൈവിധ്യ സംരക്ഷണം, പരിശീലനം എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. പ്രകൃതിസംരക്ഷണം മാത്രമല്ല, പ്ലാസ്റ്റിക് കുപ്പികൾ, കോംപാക്ട് ഡിസ്കുകൾ, സൈക്കിൾ ട്യൂബുകള്‍ തുടങ്ങി നിര്‍മ്മാജ്ജനം ചെയ്യാന്‍ സാധിക്കാത്ത എന്നീ വസ്തുക്കളിൽ നിന്നും നിത്യോപയോഗവസ്തുക്കൾ നിർമിക്കുന്ന രീതിയും ഓറോവില്ലിലുണ്ട്.

ഓറോവില്ലിനെ നയിക്കുന്ന ഒരു പ്രധാനപ്പെട്ട ആശയങ്ങളില്‍ ഒന്നാണ് ‘Sustainable living’ എന്നത്. അത് കൊണ്ട് തന്നെ ഓറോവില്ലിന്റെ സംരംഭങ്ങള്‍ എല്ലാം തന്നെ ഇതിനെ ചുറ്റിപ്പറ്റിയാണ്. സംഗീതത്തെ ഉപയോഗിച്ചു കൊണ്ടുള്ള പരിവര്‍ത്തന പ്രവര്‍ത്തനങ്ങളാവട്ടെ, മുള കൊണ്ട് ഉണ്ടാക്കുന്ന ഒരു ‘ഇക്കോസിസ്റ്റം’ ആകട്ടെ, ഓറോവില്ലില്‍ മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന ആശയമായ ‘സസ്റ്റൈനബിലിറ്റി’ എന്നതില്‍ ഊന്നിയാണ്.

 

സ്വരം-ബാംബൂ സെന്റര്‍

മാനവരാശിയുടെ ഉന്നമനത്തിനായി സംഗീതത്തിന്റെ അനന്തസാധ്യതകള്‍ എങ്ങനെ വിനിയോഗിക്കാം എന്ന അന്വേഷണമാണ് ഓറോവില്ലും യുനെസ്ക്കോയും ചേര്‍ന്നുള്ള സംരംഭമായ ‘സ്വരം’. സംഗീതത്തേയും അതിന്റെ വൈവിധ്യത്തേയും ആഘോഷിക്കുന്നതിനോടൊപ്പം തന്നെ രോഗശാന്തി, വിദ്യാഭ്യാസം എന്നിവയില്‍ സംഗീതത്തിനുള്ള റോള്‍, എന്നിവ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു ‘സ്വരം’. സംഗീത ഉപകരണങ്ങളുടെ നിര്‍മാണം, വില്‍പ്പന, സംഗീതവുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പുകളും ഇവിടെ സ്ഥിരമായി നടന്നു വരുന്നു. ഓറോവില്‍ കാണാന്‍ എത്തുന്നവര്‍ക്കായി മാതൃമന്ദിറിലേക്ക് പ്രവേശിക്കുന്ന കവാടത്തിനിരികില്‍ തന്നെ ‘സ്വര’ത്തിന്റെ ഒരു സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്. വിവിധ തരം സംഗീത ഉപകരണങ്ങള്‍ ആണ് അവിടെ പ്രധാനമായും കാണാന്‍ കഴിയുക.

‘സസ്റ്റൈനബിലിറ്റി’ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മറ്റൊരു സംരംഭമാണ് മുള കേന്ദ്രം (Bamboo Centre). മുള കൊണ്ട് ഉണ്ടാക്കുന്ന വൈവിധ്യമാർന്ന കരകകൗശല വസ്തുക്കൾ, ഫർണിച്ചർ, ആഭരണങ്ങൾ, സോപ്പ് എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ്‌ ഇവിടെ. മുളയെ ഉപയോഗപ്രദവും മനോഹരവുമായ ഉൽ‌പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള തൊഴിൽ പരിശീലന അവസരങ്ങളും ബാംബൂ സെന്റർ നല്‍കി വരുന്നു. ഓറോവില്ലിന്റെ മറ്റൊരു സവിശേഷതയായ ആര്‍ക്കിറ്റെക്ച്ചറിലും മുളയ്ക്ക് വലിയ പങ്കുള്ളതായി കാണാം. ‘Town Planning’, ‘Architecture’ എന്നിവയിലും ഒരു ഓറോവില്‍ മോഡല്‍ ഉണ്ട്. പ്രകൃതിയ്ക്കിണങ്ങിയ, എളുപ്പത്തില്‍ ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടുണ്ടാക്കുന്ന മനോഹരമായ വീടുകള്‍ ഔറോവിന്റെ മറ്റൊരു പ്രത്യേകതയാണ്.

auroville india, auroville pondicherry, auroville commune, auroville travel, auroville stay, auroville community, film appreciation course, ഒറോവില്‍, പോണ്ടിച്ചേരി, യാത്ര

ഫിലിം അപ്പ്രീസിയേഷന്‍ കോഴ്സ് നടന്ന, ഓറോവില്‍ ടൌണ്‍ ഹാള്‍ കോംപ്ലെക്സിനുള്ളിലെ ‘സിനിമ പാരഡിസോ’ എന്ന ചെറു തിയേറ്റര്‍, സാവിത്രി ഭവൻ എന്ന ലൈബ്രറി, വ്യത്യസ്ത സംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ കാണുവാൻ സാധിക്കുന്ന കൾച്ചറൽ പവലിയൻ എന്നിവയാണ് ഓറോവില്ലിലെ ‘സോഷ്യല്‍ ഹബ്ബുകള്‍’ എന്ന് വേണമെങ്കില്‍ പറയാം. നൂറ്റിയിരുപതു പേര്‍ക്ക് ഇരിക്കാവുന്ന ‘സിനിമ പാരഡിസോ’ തിയേറ്ററില്‍ ദിവസവും രാത്രി എട്ടു മണിക്ക് വ്യത്യസ്ത സിനിമകൾ പ്രദർശിപ്പിക്കും. അവിടെ നിന്നും കിട്ടിയ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ്വ വിദ്യാര്‍ഥികളും ഇപ്പോള്‍ ഓറോവില്‍ ടൈംലൈന്‍സ് പ്രവര്‍ത്തകരുമായ റിച്ചാ ഹഷിംഗ്, രിവു ലാഹ എന്നിവര്‍ അവിടെ ഒരു ഫിലിം അപ്പ്രീസിയേഷന്‍ കോഴ്സ് നടത്താന്‍ തീരുമാനിക്കുന്നത്‌.

പല രാജ്യങ്ങളിൽ നിന്നും വന്ന് ഓറോവിൽ അംഗങ്ങളായിത്തീര്‍ന്നവര്‍ (ഓറോവില്ലിയൻസ്) മാനവരാശിയുടെ ഐക്യത്തിനായി പടുത്തുയർത്തിയതാണ് ഈ ചെറുനഗരം. ഓറോവില്ലിന്റെ നന്മ ഇവിടുത്തെ അന്തേവാസികളിലും പ്രകൃതിയിലും തൊട്ടറിയാന്‍ സാധിക്കും. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള മണ്ണ് അടങ്ങിയ മാതൃമന്ദിറിലെ മാർബിൾ കുഴി ‘വസുധൈവ കുടുംബകം’ അഥവാ ലോകം ഒരു കുടുംബമാണ് എന്ന സന്ദേശം പകരുന്നു. വൃക്ഷങ്ങൾ സമൃദ്ധമായി നട്ടുപിടിപ്പിച്ചും സൗരോര്‍ജ്ജം ഉപയോഗിച്ചും ഓറോവിൽ ജനത ആഗോളതാപനത്തിനെത്തിരെ പോരാടുന്നു. മാനവഐക്യത്തിന്റെ ഈ ചൈതന്യം മനുഷ്യവംശത്തെ കുറച്ചെങ്കിലും മുന്നോട്ട് നയിക്കും എന്നതിലും തര്‍ക്കമില്ല.

പക്ഷേ ‘മാനുഷരെല്ലാരും ഒന്ന് പോലെ’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാന്‍ ശ്രമിക്കുമ്പോഴും ‘കള്ളവുമില്ല, ചതിയുമില്ല’ എന്ന് തുടര്‍ന്ന് പാടാന്‍ ഓറോവില്ലിനു പോലും സാധിക്കുമെന്ന് തോന്നുന്നില്ല. കോഴ്സിൽ പങ്കെടുത്ത ഒരു സഹപാഠിയുടെ മുറിയിൽ കയറി സാധനങ്ങൾ എടുക്കുകയും പണം മോഷ്ടിക്കുകയും സാധനങ്ങൾ പലയിടത്തായി ചിതറിയിടുകയും ചെയ്ത സംഭവം ശരിക്കും ഞെട്ടിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ എന്നതിൽ ഉറപ്പില്ല. പക്ഷേ ഓറോവിൽ പ്രതിനിധാനം ചെയ്യുന്ന ആദർശങ്ങൾക്ക്‌ വിരുദ്ധമായിരുന്നു.

Read Here: തനിച്ചുള്ള യാത്രകളൊന്നും യഥാര്‍ത്ഥത്തില്‍ തനിച്ചല്ല

Stay updated with the latest news headlines and all the latest Travel news download Indian Express Malayalam App.

Web Title: Auroville film appreciation course experiences