കോവിഡ് -19 രോഗ വ്യാപനം കാരണം ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ മേഖലയാണ് ഹോസ്പിറ്റാലിറ്റി വ്യവസായം. എന്നിരുന്നാലും, പല നഗരങ്ങളും ലോക്ക്ഡൗണുകൾക്ക് ശേഷം ക്രമേണ തുറക്കുകയും ജോലിയുടെ ഭാഗമായും അല്ലാതെയുമുള്ള യാത്രകൾ വർധിക്കുകയും ചെയ്തതോടെ ഈ രംഗം വീണ്ടും സജീവമാവുന്നുമുണ്ട്. പരമാവധി സുരക്ഷ ഉറപ്പാക്കുക എന്നതിൽ കോവിഡ് സാഹചര്യത്തിൽ ഹോട്ടലുകൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടി വരും. യാത്രക്കാരും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടി വരുന്നു.
കോവിഡ് കാരണമുള്ള അപകടസാധ്യതകൾ വരും മാസങ്ങളിലും തുടരും. അതിനാൽ, യാത്രക്കാർ പുതിയ രീതികളോട് പൊരുത്തപ്പെടേണ്ടതും ഹോട്ടലിൽ താമസിക്കുമ്പോൾ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതും അനിവാര്യമായിത്തീരുന്നു.
ഔദ്യോഗികമോ അല്ലാത്തതോ ആയ യാത്രകളുടെ ഭാഗമായി ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് സ്വീകരിക്കാവുന്ന ചില മുൻകരുതൽ നടപടികൾ ഈസ് മൈ ട്രിപ്പ് (EaseMyTrip.com) എന്ന ട്രാവൽ വെബ്സൈറ്റ് മുന്നോട്ട് വയ്ക്കുന്നു.
ചെക്ക് ഇൻ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക
നിങ്ങൾ ഒരു മുറി ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ഹോട്ടൽ പിന്തുടരുന്ന സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളുമായി പരിചിതമാവണം. മുറിയുടെ ശരിയായ ശുചിത്വം, മറ്റ് സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് മുതലായ ഹോട്ടലിന്റെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളുമായി ഒത്തുപോവുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് പ്രാധാന്യം നൽകണം.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ഹോട്ടലുകൾ കാഷ് ലഷ് പെയ്മെന്റുകൾ സ്വീകരിക്കുകയും മറ്റ് കോൺടാക്റ്റ്ലെസ് സേവനങ്ങൾ നൽകുകയും ചെയ്യും എന്ന കാര്യം പരിഗണിക്കുക
Read More: Google Pay: ഗൂഗിൾ പേ ഉപയോഗിക്കാറുണ്ടോ?; എങ്ങനെയാണ് പണം അയക്കുന്നത് എന്ന് അറിയാം
ഹോട്ടലിൽ എത്രത്തോളം തിരക്കുണ്ടാവുമെന്ന കാര്യവും അന്വേഷിക്കുന്നത് നല്ലതാണ്. കൂടുതൽ മുറികളിലും താമസക്കാർ നിറഞ്ഞ ഹോട്ടലുകളാണെങ്കിൽ രോഗവ്യാപന സാധ്യത കൂടുതലായിരിക്കും. ആളുകൾ കുറവുള്ള ഹോട്ടലാണെങ്കിൽ ഇത് കുറയും.
ഹോട്ടലിന്റെ ഇൻ-ഹൗസ് മെഡിക്കൽ സൗകര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതും നല്ലതാണ്. കുറച്ച് ദിവസമായി ആരും താമസിക്കാത്ത ഒരു മുറി ആവശ്യപ്പെടുന്നത് വിവേകപൂർണ്ണമായിരിക്കാം. കാരണം അത്തരം കേസുകളിൽ രോഗവ്യാപന സാധ്യത കുറയും.
മുറികളിലെ ശുചിത്വം
മിക്ക ഹോട്ടലുകളും അതിഥികൾക്കായി മുറികൾ വൃത്തിയാക്കി നൽകാറുണ്ടെങ്കിലും റൂമിലെത്തിയാൽ ഡോർ നോബുകൾ, സ്വിച്ചുകൾ, ടിവി റിമോറ്റുകൾ, ബാത്ത്റൂം, മറ്റ് പ്രമുഖ പരന്ന പ്രതലങ്ങൾ എന്നിവ പെട്ടെന്ന് സാനിറ്റൈസ് ചെയ്യുന്നത് നന്നായിരിക്കും. ഈ ഉപരിതലങ്ങൾ വൃത്തിയാക്കാനും മുറിയുടെ സുരക്ഷ ഉറപ്പാക്കാനും നിങ്ങൾക്ക് ആന്റ്റിസെപ്റ്റിക് വൈപ്പുകൾ അല്ലെങ്കിൽ സാനിറ്റൈസിങ് സ്പ്രേ ഉപയോഗിക്കാം.
Read More: QR code scanner: നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് എങ്ങനെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം?
ഹൗസ് കീപ്പിങ് ജീവനക്കാരുമായി കുറഞ്ഞ സമ്പർക്കം നിലനിർത്തുന്നതും നിലവിലെ സാഹചര്യത്തിൽ നല്ലതാണ്. ഒപ്പം ഹൗസ് കീപ്പിങ് ജീവനക്കാരും മുറിയിലെ താമസക്കാരും കൈ സാനിറ്റൈസ് ചെയ്യുന്നതും അകലം പാലിക്കുന്നതും ഉറപ്പാക്കണം.
ലിഫ്റ്റ്, സ്പാ, ജിം എന്നിവ ഒഴിവാക്കുക
ഒരു ഹോട്ടലിൽ പല ആളുകളും ലിഫ്റ്റ് ലിഫ്റ്റ് പതിവായി ഉപയോഗിക്കാറുണ്ട്. മാത്രമല്ല അത്തരം ഒതുക്കമുള്ള സ്ഥലത്ത് സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടാണ്. മാത്രമല്ല, ലിഫ്റ്റിൽ ഒരു അതിഥി അണുബാധയുള്ള ഉപരിതലങ്ങളുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുണ്ട്.
അതിനാൽ, ആരോഗ്യം അനുവദിക്കുകയാണെങ്കിൽ, കോണിപ്പടികൾ ഉപയോഗിക്കണം. ലിഫ്റ്റുമായും സമാന ഇടങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് താഴത്തെ ഏതെങ്കിലും നിലയിൽ മുറി എടുക്കുന്നത് നന്നായിരിക്കും.
കൂടാതെ, ശാരീരിക സമ്പർക്കത്തിനുള്ള സാധ്യത വളരെ കൂടുതലായതിനാൽ സ്പാ, ജിം എന്നിവ ഒഴിവാക്കുന്നതാണ് ബുദ്ധി. ഇവ ഉപയോഗിക്കുന്നതിന് പകരം റൂമിനകത്ത് തന്നെ വ്യായാമം ചെയ്യാനാവുന്ന തരത്തിലുള്ള വിശാലമായ മുറികൾ ആവശ്യപ്പെടാം. അല്ലെങ്കിൽ പുറത്ത് നടക്കാനോ ജോഗിങ്ങിനോ സൗകര്യമുണ്ടോയെന്നും നോക്കാം.
വായുസഞ്ചാരം
വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ ഇടങ്ങളിൽ വൈറസ് വ്യാപന സാധ്യത കൂടുതലുള്ളതിനാൽ അത്തരം ഇടങ്ങൾ ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദ്ദേശിക്കുന്നത്. അതിനാൽ അത്തരം സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധിക്കണം.
ശുദ്ധവായു കടക്കാനും വായുസഞ്ചാരം വർദ്ധിപ്പിക്കാനും ജനാലകൾ തുറന്നിടണം. നിരവധി ഹോട്ടൽ റൂമുകളിൽ ജനാലകൾ തുറക്കാൻ പ്രശ്നമുണ്ടാവും. അതിനാൽ ജനാലകൾ തുറക്കാൻ കഴിയുമോ എന്ന് ഹോട്ടൽ അധികൃതരോട് ചോദിച്ച് മനസ്സിലാക്കുക. അല്ലെങ്കിൽ വായു ശുദ്ധീകരിക്കുന്ന ഹൈ എഫിഷ്യൻസി പാർട്ടിക്കുലേറ്റ് എയർ (ഹെപ) ഫിൽറ്റർ ഉണ്ടോ എന്ന് അന്വേഷിക്കുക. ഒരു ടേബിൾ ഫാനു ഉപയോഗ പ്രദമാണ്. ഒരു തുറന്ന ജനാലക്ക് സമീപം ഉപയോഗിച്ചാൽ വായുപ്രവാഹത്തെ അത് സഹായിക്കും.
ബുഫെകളും മറ്റ് പൊതു സ്ഥലങ്ങളും ഒഴിവാക്കുക
സമീപത്തുള്ള മറ്റ് അതിഥികളുമായി ശാരീരിക ബന്ധമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇൻ-ഹൗസ് റെസ്റ്റോറന്റുകളിൽ ബുഫെ ഒഴിവാക്കുന്നത് നല്ലതാണ്. മുറിയിൽ നേരിട്ട് ഭക്ഷണം ഓർഡർ ചെയ്യുന്നതാണ് നല്ലത്.
Read More: WhatsApp: വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ അറിയുന്നതെങ്ങനെ?
ഹോട്ടൽ ലോബിയിലും മറ്റ് പൊതു സ്ഥലങ്ങളിലും പോകുന്നത് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്. ഒരു ഹോട്ടലിന്റെ പൊതു ഇടത്തിലായിരിക്കുമ്പോൾ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക.
സുരക്ഷ, ശുചിത്വം, പരിമിതമായ സമ്പർക്കം എന്നിവ കോവിഡ് കാലത്ത് ഒരു ഹോട്ടലിൽ താമസിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ടചില കാര്യങ്ങളാണ്. അതിഥികൾ അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങൾ ഹോട്ടലുകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ ഹോട്ടലിൽ താമസിക്കുന്ന സമയത്ത് സുരക്ഷിതമായ പെരുമാറ്റം പിന്തുടരാനുള്ള ഉത്തരവാദിത്തം അതിഥികൾക്കാണ്.