രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുക എന്നത് ഒരാളുടെ ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും, ഉത്പാദനക്ഷമതയേയും നിലനിര്‍ത്താനും സമ്മർദം കുറയ്ക്കാനും ഇത് സഹായിക്കും. ഇക്കാലത്തെ ആരോഗ്യകരമല്ലാത്ത ജീവിതശൈലി, തൊഴിലിടങ്ങളിലെ സമ്മർദം, തിരക്കേറിയ ജീവിതം, വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവ അനാരോഗ്യകരമായ ഉറക്ക ശൈലികള്‍ക്ക് കാരണമാകുന്നുണ്ട്.

നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കളുണ്ട്. ശരീരത്തിന്റെ ഉറക്കശീലങ്ങളെ നിയന്ത്രിക്കുന്ന മെലറ്റോണിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് ഈ ഭക്ഷ്യവസ്തുക്കള്‍ സഹായിക്കുന്നു. അതിനാല്‍ ഇവ കഴിച്ച് നല്ല ഉറക്കത്തിനോട് ഒരു ഹലോ പറയൂ.

ബദാം

മസ്തിഷ്‌കത്തിന്റെയും ശരീര പേശികളുടേയും സമ്മർദം അയ്ക്കാന്‍ സഹായിക്കുന്ന മഗ്നീഷ്യം, കാത്സ്യം എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ ഇവ നല്ലൊരു ലഘുഭക്ഷണം കൂടിയാണ്. ദിവസവും ഒരു ഔണസ് ബദാം കഴിക്കുന്നത് ഉറക്കത്തിന്റെ ശൈലി ക്രമീകരിക്കാന്‍ സഹായിക്കും. ഇത് ഉയര്‍ന്ന അളവില്‍ മെലറ്റോണിന്‍ പ്രദാനം ചെയ്യുകയും ശരിയായ സമയത്ത് ഉറങ്ങാനും ഉണരാനും സഹായിക്കുകയും ചെയ്യുന്നുവെന്ന് ആത്മന്തന്‍ വെല്‍നസ് സെന്ററിന്റെ മേധാവി ഡോക്ടര്‍ മനോജ് കുട്ടേരി പറയുന്നു.

ചൂടുള്ള പാൽ

ഉറക്കമില്ലായ്മയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ് പാല്‍. ഇതില്‍ വൈറ്റമിന്‍ ഡി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. 7.99 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ പോഷക സമൃദ്ധമായ പാനീയമാണ് പാല്‍. നിരവധിപേര്‍ ഉറങ്ങുന്നതിന് മുന്‍പ് പതിവായി പാല്‍ കുടിക്കാറുണ്ട്. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് മനസിനേയും ശരീരത്തേയും റിലാക്‌സ് ചെയ്യാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്നു.

ജമന്തിപ്പൂ ചായ

നല്ല ഉറക്കം ലഭിക്കുന്നതിന് വളരെ പ്രകൃതിദത്തമായ പ്രതിവിധിയാണ് ജമന്തി. കാരണം അതില്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളുള്ള എപിജെനിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ജമന്തി ചേര്‍ത്ത ഒരു കപ്പ് ചായ കുടിക്കുന്നത് വളരെയധികം സഹായം ചെയ്യും. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ആരോഗ്യത്തെ നിലനിര്‍ത്തുകയും ചെയ്യും.

കോട്ടേജ് ചീസ്

ശരീരത്തില്‍ സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡ് ട്രിപ്‌റ്റോഫാന്‍ അടങ്ങിയ പ്രോട്ടീനാണ് കോട്ടേജ് ചീസ്. സമ്മർദം, ഉറക്കമില്ലായ്മ, വിശ്രമം, ഉറക്കത്തെ പ്രേരിപ്പിക്കല്‍ എന്നിവയ്ക്കായി തലച്ചോര്‍ പുറത്തുവിടുന്ന രാസവസ്തുവാണ് സെറോടോണിന്‍. നിങ്ങളുടെ സായാഹ്ന ലഘുഭക്ഷണത്തിലോ അത്താഴത്തിലോ കോട്ടേജ് ചീസ് ചേര്‍ക്കുന്നത് വളരെ ഗുണപ്രദമാണ്.

പഴവര്‍ഗങ്ങള്‍

വിറ്റാമിനുകളുടെയും ധാതുക്കളുടെയും സ്വാഭാവിക സ്രോതസായ പഴങ്ങളില്‍ മെലറ്റോണിന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യകരമായ ഉറക്ക ശൈലിയെ ഇത് പ്രോത്സാഹിപ്പിക്കും. മെലറ്റോണിന്റെ അളവ് കൂടുതലുള്ള റാസ്‌ബെറി, എരിവുള്ള ചെറി, വാഴപ്പഴം, പൈനാപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുക, ശരീരത്തെ ഉറങ്ങാന്‍ സജ്ജമാക്കുക. ഉണക്കമുന്തിരി, കുരുക്കളില്ലാത്ത പഴങ്ങള്‍, പ്ലംസ് തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പഴങ്ങള്‍ സമ്മർദത്തെ ചെറുക്കുന്നതിനും ശരീരത്തെ റിലാക്‌സ് ചെയ്യുന്നതിനും സഹായിക്കുന്നു. പകല്‍ എപ്പോള്‍ വേണമെങ്കിലും അവ കഴിക്കുന്നത് നന്നായി ഉറങ്ങാനുള്ള കഴിവ് വർധിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook