മുഖക്കുരു പലപ്പോഴും നിങ്ങൾ പ്രതീക്ഷിക്കാത്ത അവസരത്തിൽ പ്രത്യക്ഷപ്പെട്ടേക്കാം. നിങ്ങൾ ഒരു വിവാഹ പാർട്ടിയോ മറ്റ് എന്തെങ്കിലും പരിപാടിയിലോ പങ്കെടുക്കാൻ ആഗ്രഹിച്ച് ഇരിക്കുമ്പോഴായിരിക്കാം വില്ലനെപോലെ മുഖക്കുരു പതിയെ പൊങ്ങി വരുന്നത്.
മുഖക്കുരു പൊടുന്നനെ വരുന്നതിന് പല കാരണങ്ങളും ഉണ്ട്. ഹോർമോൺ വ്യതിയാനം, അമിത സമ്മർദ്ദം, ക്രാഷ് ഡയറ്റിന്റെ പാർശ്വഫലങ്ങൾ, മേക്കപ്പ് ശരിയായി കഴുകാതിരിക്കൽ, നിർജ്ജലീകരണം, ഉറക്കത്തിന്റെ അഭാവം, ഉറക്കം, ചർമ്മസംരക്ഷണ പ്രവർത്തനങ്ങളുടെ അമിത ഉപയോഗം, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ഹോർമോൺ ഗുളികകൾ പോലുള്ള ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ, വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് എന്നിവ മൂലമാകാമെന്ന് കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ.മാനസി ഷിരോലികർ വിശദീകരിക്കുന്നു.
“മുഖക്കുരു പലപ്പോഴും തെറ്റായ സമയത്താണ് വരുന്നത്. ഏതെങ്കിലും പ്രധാനപ്പെട്ട പരിപാടിയ്ക്ക് മുൻപ് അവ വരുന്നു. അവയുടെ വലുപ്പം വർദ്ധിക്കുന്നതും, കൂടാതെ പഴുപ്പ് നിറയുന്നതും കൂടുതൽ അസ്വസ്ഥത ഉണ്ടാകുന്നു” വിദഗ്ധ പറയുന്നു.
അവ ചികിത്സിക്കുന്നതിനുള്ള ചില ഫലപ്രദമായ മാർഗ്ഗങ്ങൾ വിദഗ്ധ പങ്കുവയ്ക്കുന്നു.
സാലിസിലിക് ആസിഡ്: സാലിസിലിക് ആസിഡ് പെട്ടെന്ന് വാങ്ങാൻ ലഭ്യമാണ്. അത് ജെൽ, ക്രീം അല്ലെങ്കിൽ സെറം രൂപത്തിൽ ലഭിക്കും. ഇത് സുഷിരങ്ങൾ അടയാതെ പ്രവർത്തിക്കുന്നു. ചർമ്മത്തിന്റെ മുകളിലെ പാളിയിൽ നിന്ന് നിർജ്ജീവമായ ചർമ്മകോശങ്ങൾ പുറന്തള്ളുന്നു.
മുഖക്കുരു വേഗത്തിൽ സുഖപ്പെടുത്തുന്നു. ഇത് പുരട്ടിയ ഭാഗത്ത് മറ്റ് മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. എന്നിരുന്നാലും, സാലിസിലിക് ആസിഡ് ചർമ്മത്തെ വരണ്ടതാക്കും, അതിനാൽ ഒരു മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ഉറപ്പാക്കുക.
പിമ്പിൾ പാച്ചസ്: പഴുപ്പ് വലിച്ചെടുക്കുന്ന ഹൈഡ്രോകോളോയിഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് പിമ്പിൾ പാച്ചസ് നിർമ്മിച്ചിരിക്കുന്നത്. മുഖക്കുരു വിരുദ്ധ ഘടകങ്ങളായ സാലിസിലിക് ആസിഡ്, ടീ ട്രീ ഓയിൽ അല്ലെങ്കിൽ സെന്റല്ല പോലുള്ള ഘടകങ്ങൾ അവയിൽ അടങ്ങിയിരിക്കാം.
മുഖക്കുരു വരുമ്പോൾ, നാം അതിനെ സ്പർശിക്കുന്നു. ഇത് കൂടുതൽ വീക്കവും ഉണ്ടാക്കുന്നു. ഒരു പിമ്പിൾ പാച്ചസ് ഉപയോഗിച്ചാൽ ബാക്ടീരിയ സംക്രമണം ഉണ്ടാകില്ല.
ബെൻസോയിൽ പെറോക്സൈഡ്: ബെൻസോയിൽ പെറോക്സൈഡ് വിവിധ രൂപങ്ങളിൽ കാണാം. ക്രീമുകൾ, ജെൽ, ക്ലെൻസറുകൾ, സ്പോട്ട് ട്രീറ്റ്മെൻറുകൾ. നിങ്ങൾക്ക് പഴുപ്പ് നിറഞ്ഞ മുഖക്കുരു ഉണ്ടെങ്കിൽ, ബെൻസോയിൽ പെറോക്സൈഡിന് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. കാരണം ഇത് ആന്റിമൈക്രോബയൽ ആണ്, അതായത് മുഖക്കുരുവിന് കാരണമാകുന്ന മുഖത്തെ ബാക്ടീരിയകളെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ഇത് നിങ്ങളുടെ സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പക്ഷേ, ബെൻസോയിൽ പെറോക്സൈഡ് വരൾച്ച ഉണ്ടാകുന്നതിനാൽ അമിതമായി ഉപയോഗിക്കരുത്.
ഇൻട്രാലെസിയോണൽ സ്റ്റിറോയിഡ് (ഒരു ഡെർമറ്റോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ നൽകപ്പെടുന്നു): ട്രയാംസിനോലോൺ അസറ്റേറ്റ് എന്നറിയപ്പെടുന്ന ഒരു ചെറിയ അളവിലുള്ള സ്റ്റിറോയിഡ് മുഖക്കുരുവിലേക്ക് ഡെർമറ്റോളജിസ്റ്റ് കുത്തിവയ്ക്കുന്ന ഒരു കുത്തിവയ്പ്പാണ് ഐഎൽഎസ്. ഇത് 48 മണിക്കൂറിനുള്ളിൽ ഫലങ്ങൾ കാണിക്കാൻ തുടങ്ങുന്നു. പിഗ്മെന്റേഷനോ പാടുകളോ അവശേഷിക്കുന്നില്ല.
എന്നിരുന്നാലും, ഇവ താൽക്കാലിക പരിഹാരങ്ങൾ മാത്രമാണ്. നിങ്ങൾക്ക് ആവർത്തിച്ച് മുഖക്കുരു വരുന്നുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുക.