ആരോഗ്യമുള്ള ചർമ്മം ഒറ്റ ദിവസം കൊണ്ട് സ്വന്തമാക്കാൻ സാധിക്കില്ല. അതിന് ഒരുപാട് സമയമെടുക്കും. അതുമാത്രമല്ല, ശരിയായ ഉൽപ്പന്നങ്ങൾ ഉപോയഗിക്കേണ്ടതുമുണ്ട്. ചെറുപ്പത്തിൽ ചർമ്മ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നത് ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ ചർമ്മപ്രശ്നങ്ങളിൽ നിന്നു നിങ്ങളെ രക്ഷിക്കുമെന്ന് പറയുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.കിരൺ റെഡ്ഡി. ചെറുപ്പത്തിൽ തന്നെ പിന്തുടരേണ്ട ചർമ്മസംരക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശീലങ്ങളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.
ക്ലെൻസർ, മോയിസ്ചറൈസർ,സൺബ്ലോക്ക് എന്നിവയാണ് ഡോ.കിരൺ ശ്രദ്ധിക്കണമെന്നു പറയുന്ന മൂന്നു കാര്യങ്ങൾ.
ക്ലെൻസർ
മുഖം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം തന്നെ ആരോഗ്യകരമാക്കുകയും വേണം. “ചർമ്മത്തെ തടസപ്പെടുത്താത്ത മൃദുവായ ക്ലെൻസർ ഉപയോഗിക്കുക. കൂടാതെ, അമിതമായി എക്സ്ഫോളിയേറ്റ് ചെയ്യുകയോ കാഠിന്യമുള്ള ഫെയ്സ് വാഷുകൾ ഉപയോഗിക്കുകയോ ചെയ്യരുത്. മുഖക്കുരു വരാൻ സാധ്യതയില്ലെങ്കിൽ മൃദുവായ ക്ലെൻസർ ലോഷനുകളാണ് ഏറ്റവും നല്ലത്, ”ഡോ.കിരൺ പറഞ്ഞു.
”വരണ്ട ചർമ്മമുള്ളവർ മാസത്തിലൊരിക്കൽ എക്സ്ഫോളിയേറ്റ് ചെയ്യണം. എണ്ണമയമുള്ള ചർമ്മമുള്ളവർ മാസത്തിൽ രണ്ടുതവണ ഇത് ചെയ്യണം. സെൻസിറ്റീവ് ചർമ്മമാണെങ്കിൽ കാര്യത്തിൽ പീലിങ് സൊല്യൂഷനുകൾ ഉപയോഗിക്കരുതെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത് മുന്നറിയിപ്പ് നൽകി.
മോയിസ്‌ച്യുറൈസർ
ശരിയായ ചേരുവകളുള്ള ഉൽപ്പന്നം ഉപയോഗിച്ച് മോയ്സ്ച്യുറൈസ് ചെയ്യുന്നത് ചർമ്മ പ്രശ്നങ്ങൾ നീക്കാനും ആരോഗ്യകരമായിരിക്കാനും സഹായിക്കുന്നു. ഉൽപ്പന്നം വാങ്ങുന്നതിന് മുൻപ് അതിലെ ചേരുവകൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുക. മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമുള്ള ഒരാൾ ടീ ട്രീ ഓയിൽ, സാലിസിലിക് ആസിഡ് അടങ്ങിയ ഓയിൽ ഫ്രീ, നോൺ-കോമഡോജെനിക് മോയിസ്‌ച്യുറൈസർ ഉപയോഗിക്കണം.
സൺബ്ലോക്ക്
സൺസ്ക്രീൻ ഉപയോഗത്തെക്കുറിച്ച് എത്ര പറഞ്ഞാലും പോരാതെ വരും. കാരണം അവ നമ്മുടെ ചർമ്മത്തിന് അത്രയേറെ ഗുണകരമാണ്. എല്ലാ ദിവസവും അവ ഉപയോഗിക്കണം. സൺസ്ക്രീൻ ഉപയോഗത്തിന് പ്രത്യേകിച്ച് കാലാവസ്ഥ എന്നൊന്നുമില്ല. വീടിന് പുറത്ത് ഇറങ്ങിയില്ലെങ്കിലും അവ ഉപയോഗിക്കണം. സൺസ്ക്രീൻ ഉപയോഗം വളരെ പ്രധാനമാണ്. “എനിക്ക് 12 വയസ്സ് ഉള്ളപ്പോൾ മുതൽ ഞാൻ സൺസ്ക്രീൻ ഉപയോഗിക്കുന്നുണ്ട്,” ഡോ. കിരൺ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നു.
കെമിക്കൽ സൺസ്ക്രീനുകൾക്ക് പകരം മിനറൽ സൺസ്ക്രീനുകളാണ് ഉപയോഗിക്കേണ്ടത്. കാരണം കെമിക്കൽ സൺസ്ക്രീനുകൾ ചർമ്മത്തിനുള്ളിലേക്ക് പ്രവേശിച്ച് രക്തത്തിലെത്തുന്നു. എന്നാൽ മിനറൽ സൺസ്ക്രീനുകൾ ചർമ്മത്തിനു മുകളിൽ തന്നെ സംരക്ഷണകവചമായി തുടരുന്നു. സെൻസിറ്റീവ്, മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമുള്ളവർ ഫിസിക്കൽ സൺസ്ക്രീനുകൾ ഉപയോഗിക്കുക. ”നിങ്ങൾ പുറത്താണെങ്കിലും വീടിന് അകത്താണെങ്കിലും മിനറൽ സൺസ്ക്രീനുകൾ ഉപയോഗിക്കുക,” അവർ പറഞ്ഞു.