നിരവധി ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. ചർമ്മത്തെ രൂപാന്തരപ്പെടുത്തുന്നതിനും തിളക്കം നൽകുന്നതിനുമുള്ള കഴിവുള്ളതിനാൽ വിവിധ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ തുളസി ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി, ആയുർവേദത്തിൽ പല രോഗങ്ങളും ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.
വിറ്റാമിനുകളായ എ, സി, കെ, അതുപോലെ മാംഗനീസ്, കോപ്പർ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഒമേഗ -3 കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ തുളസി മികച്ചൊരു ചർമ്മ സംരക്ഷണ സസ്യമാണെന്ന് മുംബൈയിലെ കോകിലബെൻ ദിരുഭായ് അംബാനി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ.തൃപ്തി ഡി. അഗർവാൾ പറഞ്ഞു. തുളസി ചർമ്മ സംരക്ഷണത്തിന് നൽകുന്ന ഗുണങ്ങൾ ഇവയാണ്.
പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു
പ്രായമാകൽ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും അതിന്റെ ഫലങ്ങൾ ലഘൂകരിക്കാനാകും. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ തുളസി പ്രായമാകുന്നത് തടയുന്നതിനുള്ള മികച്ച ഒന്നാണ്. ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ ഇതിന് കഴിയും. ഇത് പ്രായമാകൽ പ്രക്രിയയെ വൈകിപ്പിക്കുന്നു. ഇതിന്റെ ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങൾ വാർധക്യത്തിന് കാരണമാകുന്ന ചുവപ്പും പ്രകോപിപ്പിക്കലും കുറയ്ക്കാൻ സഹായിക്കുന്നു. തുളസിയില ഉപയോഗിച്ചാൽ യുവത്വമുള്ള ചർമ്മം സ്വന്തമാക്കാം.
മുഖക്കുരു ചികിത്സിക്കുന്നു
തുളസി ഇലകളിൽ പ്രകൃതിദത്തമായ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഉള്ളടക്കങ്ങൾ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിനുള്ള മികച്ച ചികിത്സയാണിത്. മുഖക്കുരുവിന് കാരണമാകുന്ന അണുക്കളെ ഇല്ലാതാക്കാനും തുളസി ഇലകൾക്ക് കഴിയും. അടഞ്ഞ സുഷിരങ്ങൾ, വീക്കം തുടങ്ങിയ മുഖക്കുരുവിന്റെ മറ്റ് ഘടകങ്ങളെ ലഘൂകരിക്കാനും ഇവയ്ക്ക് കഴിയും. ”അമിതമായ എണ്ണയും ഈർപ്പവും ആഗിരണം ചെയ്യാനും നിലവിലുള്ള മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു,” ഡോ.അഗർവാൾ പറഞ്ഞു.
വേപ്പിലയും തുളസിയിലയും അരച്ചെടുത്തതിലേക്ക് കുറച്ച് തേൻ ചേർത്ത് വീട്ടിൽ തന്നെ ഒരു ഫെയ്സ് പാക്ക് തയ്യാറാക്കാം. മുഖക്കുരു വർധിക്കുന്നതിന് കാരണമാകുന്ന അധിക സെബം ഉത്പാദനം നിയന്ത്രണത്തിലാക്കാൻ ഇത് സഹായിക്കും.
ചർമ്മത്തിന് നിറം നൽകും
വിറ്റാമിൻ സി വലിയ അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന് തിളക്കം നൽകുന്നതിനുള്ള പ്രകൃതിദത്ത ഘടകമായി തുളസി ഇല പ്രവർത്തിക്കുന്നു. വൈറ്റമിൻ സി ഹൈപ്പർപിഗ്മെന്റേഷൻ, കറുത്ത പാടുകൾ എന്നിവ കുറയ്ക്കുന്നു, മാത്രമല്ല, ചർമ്മത്തിന് നിറം നൽകുന്നു. തുളസിയില പൊടി, നാരങ്ങാനീര്, ഒരു ടേബിൾസ്പൂൺ തേൻ എന്നിവ ചേർത്ത മിശ്രിതം ചർമ്മത്തെ മിനുസപ്പെടുത്തും.
ജലാംശം
മോയ്സ്ച്യുറൈസിങ് ഗുണങ്ങൾ കാരണം തുളസി ഇലകൾ ചർമ്മത്തെ മൃദുത്വമുള്ളതാക്കുന്നു. നിർജലീകരണം സംഭവിച്ചതും വരണ്ടതുമായ ചർമ്മത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അവശ്യ എണ്ണകളും ഇതിൽ അടങ്ങിയിട്ടുണ്ട്. തുളസി ഇലയുടെ നീര് അല്ലെങ്കിൽ എണ്ണ ഉപയോഗിച്ച് ചർമ്മത്തിന്റെ ഈർപ്പം വീണ്ടെടുക്കാൻ കഴിയും.
ചർമ്മത്തിലെ ചൊറിച്ചിൽ ഒഴിവാക്കുന്നു
തുളസി ഇലകളിൽ യൂജെനോൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ വേദന ശമിപ്പിക്കുകയും ചുവപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ, സൂര്യാഘാതം, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.