കഞ്ഞി വെള്ളത്തിന് മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. മുടിയെ ശക്തിപ്പെടുത്താൻ മാത്രമല്ല, തിളക്കം നൽകാനും കഞ്ഞി വെള്ളത്തിന് കഴിയും. ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിത്തൽ ഗുപ്തയും തന്റെ മുത്തശിയുടെ മുടി സംരക്ഷണ രഹസ്യമായ കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
എല്ലാ ഞായറാഴ്ചയും എന്റെ മുടിയുടെ കാര്യത്തിൽ മുത്തശി അതീവ ശ്രദ്ധ വച്ചിരുന്നു. എന്റെ മുടിക്ക് ബലവും തിളക്കവും കിട്ടുന്നതിനായി ഹെയർ മാസ്കുകളും മറ്റു പ്രതിവിധികളും മുത്തശി പരീക്ഷിക്കുമായിരുന്നുവെന്ന് ഡോ.മിത്തൽ വെളിപ്പെടുത്തി. മുത്തശിയിൽനിന്നും തനിക്ക് പകർന്നുകിട്ടിയ, മുടിക്ക് ബലവും തിളക്കവും നൽകുന്ന ഹെയർ മാസ്കിനെക്കുറിച്ചും ഡോ.മിത്തൽ വിശദീകരിച്ചിട്ടുണ്ട്. കഞ്ഞി വെള്ളമാണ് തന്റെ മുടിയുടെ രഹസ്യമെന്നാണ് അവർ പറയുന്നത്.
കഞ്ഞിവെള്ളം എന്തുകൊണ്ട് നല്ലത്?
കഞ്ഞി വെള്ളത്തിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. മുടിക്കുള്ള നല്ലൊരു പ്രോട്ടീൻ ചികിത്സയാണ്. മിനുസമുള്ളതും തിളക്കമുള്ളതുമായ മുടിക്ക് വീട്ടിൽ ചെയ്യാവുന്ന ഏറ്റവും മികച്ച ഹെയർ മാസ്ക് ആണിത്. മുടിയെ ശക്തിപ്പെടുത്തുന്ന ബയോട്ടിൻ, ഇനോസിറ്റോൾ എന്നിവയും വിറ്റാമിൻ സി, ഇ, എ തുടങ്ങിയ ധാരാളം വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
എങ്ങനെ ഉപയോഗിക്കാം?
ഷാംപൂ ചെയ്തശേഷം കഞ്ഞി വെള്ളത്തിൽ മുടി കഴുകുക. ഏകദേശം 20 മിനിറ്റിനുശേഷം വീണ്ടും കഴുകുക. കൂടുതൽ സമയം കഞ്ഞിവെള്ളം മുടിയിൽ നിലനിർത്തരുത്. പതിവായി ഇങ്ങനെ ചെയ്യുക.