ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഡല്‍ഹി യുവാവ് കണ്ണിനകത്ത് പച്ചകുത്തി. തന്റെ ശരീരത്തില്‍ ഇപ്പോള്‍ എത്ര ടാറ്റു ഉണ്ടെന്ന എണ്ണവും അറിയില്ലെന്ന് 28കാരനായ കരണ്‍ പറയുന്നു. നേത്രഗോളത്തിലേക്ക് നിറം കുത്തിവച്ച് വെളളനിറമുളള ഭാഗം മറ്റൊരു നിറത്തിലേക്ക് മാറ്റുന്നതാണ് ഐബോള്‍ ടാറ്റു എന്നറിയപ്പെടുന്നത്.

ജീവിതകാലം മുഴുവന്‍ പിന്നെ ഇതേ നിറത്തിലായിരിക്കും നേത്രഗോളം ഉണ്ടായിരിക്കുക. അമേരിക്ക അടക്കമുളള വിദേശ രാജ്യങ്ങളില്‍ ഇത്തരം ടാറ്റു വ്യാപകമാകുന്നുണ്ട്. ഇതിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുളള ഫലം എന്താണെന്ന് ഇതുവരെയും അറിവായിട്ടില്ല.

13 വയസുളളപ്പോഴാണ് താന്‍ ആദ്യമായി ടാറ്റു പതിച്ചതെന്ന് കരണ്‍ പറയുന്നു. 16-ാം വയസ് മുതല്‍ ടാറ്റു ഹോബിയുടെ ഭാഗമായി. പിന്നാലെ ഡല്‍ഹിയില്‍ ഒരു ടാറ്റു സ്റ്റുഡിയോയും ആരംഭിച്ചു. സുഹൃത്തക്കളേയും ബന്ധുക്കളേയും പറഞ്ഞ് ബോധ്യപ്പെടുത്തി മാസങ്ങള്‍ നീണ്ട ആലോചനയ്ക്ക് ശേഷമാണ് കണ്ണില്‍ പച്ചകുത്താന്‍ കരണ്‍ തീരുമാനമെടുത്തത്.

അമേരിക്കയില്‍ ടാറ്റു സ്റ്റുഡിയോ നടത്തുന്ന ഓസ്ട്രേലിയക്കാരനാണ് കണ്ണില്‍ പച്ചകുത്തിയത്. ഇതിന് ലക്ഷങ്ങള്‍ ചെലവായെന്നും നേത്രഗോളത്തിലെ പച്ചകുത്തല്‍ ഇദ്ദേഹമാണ് ആദ്യമായി കണ്ടുപിടിച്ചതെന്നും കരണ്‍ പറയുന്നു.

ലോകത്ത് ചുരുക്കം പേര്‍ക്കാണ് ഈ ടാറ്റു ഉളളതെന്നും ഇന്ത്യയില്‍ തനിക്ക് മാത്രമാണെന്നും കരണ്‍ പറയുന്നു. പച്ചകുത്തുമ്പോള്‍ ചൂടുളള സൂചി നേത്രത്തിലേക്ക് കയറുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും എന്നാല്‍ അത് തന്നെ വേദനിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാറ്റു കണ്ട് അമേരിക്കയില്‍ വിമാനത്താവളത്തില്‍ വച്ച് തനിക്ക് കിട്ടിയ ബഹുമാനവും അഭിനന്ദനവും കരണ്‍ വെളിപ്പെടുത്തി. സോഷ്യല്‍മീഡിയയിലും ഏറെ പ്രശംസ ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച കണ്ണിനകത്ത് ടാറ്റു പതിക്കാന്‍ ശ്രമിച്ച കനേഡിയന്‍ യുവതിക്ക് കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടത് വാര്‍ത്തയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ