യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പലരുടേയും പ്രധാന വിനോദങ്ങളിലൊന്നും യാത്രകള്‍ തന്നെയാണ്. പലപ്പോഴും ഇഷ്ടമുണ്ടെങ്കിലും ­­­നമ്മള്‍ വിനോദ യാത്രകളെ ജീവിതത്തില്‍ നിന്ന് അവഗണിക്കുകയാണ് പതിവ്. യാത്രകള്‍ക്ക് വേണ്ടിവന്നേക്കാവുന്ന ചെലവും ജോലി സംബന്ധമായ തിരക്കുകളും കാരണമാണ് പലപ്പോഴും നമ്മള്‍ യാത്രകളോട് യാത്ര പറയേണ്ടി വരുന്നത്. എന്നാല്‍ നമ്മുടെ ജോലി തന്നെ ഈ ലോകം ചുറ്റുക എന്നതാണെങ്കിലോ? പോരാത്തതിന് ആരും കൊതിച്ചു പോകുന്ന ഈ ജോലിക്ക് ആകര്‍ഷകമായ ശമ്പളം കൂടി ലഭിച്ചാലോ?

അത്തരത്തിലൊരു ജോലിയാണ് ഇറ്റാലിയന്‍ കമ്പനി നിങ്ങള്‍ക്ക് മുമ്പില്‍ വെക്കുന്നത്. ശമ്പളമാണെങ്കില്‍ 10,000 യുഎസ് ഡോളറും. അതായത് ഏകദേശം 6,53,000 രൂപ. തേഡ് ഹോം എന്ന ആഢംബര ഹോം സ്റ്റേ കമ്പനിയാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കൊണ്ട് തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ജോലി എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ട്രാക്ട് പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നത്. മാര്‍ച്ച് 30ന് മുമ്പാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ലോകത്തെ മികച്ച ഹോം സ്റ്റേകളില്‍ താമസിച്ച് കൊണ്ടാണ് യാത്ര ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നത്. തേഡ് ഹോം തന്നെ നിങ്ങള്‍ക്ക് താമസസൗകര്യവും ഒരുക്കിത്തരും. ഇനി നിങ്ങളുടെ ജോലി എന്താണെന്ന് ചോദിച്ചാല്‍ അതും സിംപിളാണ്. ലോകം ചുറ്റി സഞ്ചരിച്ച് താമസിക്കുന്ന ഹോം സ്റ്റേകളിലെ നിങ്ങളുടെ അനുഭവങ്ങള്‍ മികച്ച രീതിയില്‍ എഴുതുകയും, മികച്ച ഫോട്ടോകളും എടുത്ത് ബ്ലോഗ് തയ്യാറാക്കുകയുമാണ് ജോലി.

Read More: അഞ്ച് വർഷം; നടന്നു തീർത്തത് രണ്ട് ഭൂഖണ്ഡങ്ങളിലെ പത്ത് രാജ്യങ്ങൾ

ആകര്‍ഷകമായ എഴുത്ത്, ഫോട്ടോഗ്രഫി, സോഷ്യല്‍മീഡിയാ പരിജ്ഞാനം, ബ്ലോഗ് എഴുത്തില്‍ മുന്‍പരിചയം എന്നിവയാണ് കമ്പനി മുന്നോട്ട് വെക്കുന്ന മാനദണ്ഡം. ലോകത്ത് എവിടെ നിന്നുള്ള ആളാണെങ്കിലും ജോലിക്ക് അപേക്ഷിക്കാം. ഹോട്ടല്‍ മേഖലയെ കുറിച്ചും ആഗോളടൂറിസത്തെ കുറിച്ചും അറിവുള്ളവര്‍ക്കാണ് മുന്‍ഗണന.

അപേഷിക്കുന്നയാള്‍ 18 വയസിന് മുകളിലായിരിക്കണം, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. ക്രിമിനല്‍ പശ്ചാത്തലം പാടില്ല, യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഇല്ലാത്തയാളായിരിക്കണം, വളര്‍ത്തു മൃഗങ്ങളെ കൂടെ കൊണ്ട് പോവാന്‍ പാടില്ല, ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ അനുയോജ്യരായിരിക്കണം, എന്നീ നിര്‍ദേശങ്ങളും കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്.

മാസം 10,000 യുഎസ് ഡോളറിനൊപ്പം ഉദ്യോഗാര്‍ത്ഥിയുടെ യാത്രാ ചെലവും കമ്പനി വഹിക്കും. യാത്രകളില്‍ ഒരു പങ്കാളിയെ കൂടെ കൂട്ടാമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും രണ്ടാമത്തെയാളുടെ ചെലവ് കമ്പനി വഹിക്കില്ല.

ജോലിക്ക് വേണ്ട് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കമ്പനിയുടെ മെയില്‍ വിലാസത്തില്‍ (bestjobontheplanet@thirdhome.com) അപേക്ഷകള്‍ അയക്കാം. നിങ്ങള്‍ എന്ത് കൊണ്ട് ഈ ജോലിക്ക് അനുയോജ്യനാണെന്ന് വിശദമാക്കുന്ന ഒരു മിനുട്ട് വീഡിയോയും ആപ്ലിക്കേഷന്‍ ഫോമിനൊപ്പം അയക്കണം. മാര്‍ച്ച് 31ന് മുമ്പാണ് അപേക്ഷകള്‍ അയക്കേണ്ടത്. വീഡിയോ ഇല്ലാതെ അപേക്ഷകള്‍ അയച്ചാല്‍ സ്വീകരിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook