ബംഗളൂരു: ഈ വാലന്റൈന്‍സ് ഡേയില്‍ അഹമ്മദാബാദിലെ വസ്ത്രാപൂരില്‍ പ്രണയം ഇല്ലാത്തവര്‍ക്ക് ഒരു കഫേയില്‍ സൗജന്യ ചായ നല്‍കുന്നുണ്ടെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രഫുല്‍ ബില്ലോര്‍ എന്ന യുവ ബിസിനസുകാരനാണ് ‘എം.ബി.എ ചായ്‍വാല’ എന്ന കഫേയില്‍ പ്രണയം ഇല്ലാത്തവര്‍ക്ക് സ്വീകരണം ഒരുക്കുന്നത്. പ്രണയദിനത്തില്‍ രാത്രി 7നും 10നും ഇടയില്‍ സൗജന്യമായി ചായ വിതരണം ചെയ്യുമെന്നാണ് പ്രഫുല്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ബംഗളൂരുവിലെ ഒരു കഫേയില്‍ പ്രണയം തകര്‍ന്നവര്‍ക്കാണ് സ്വീകരണം ഒരുക്കുന്നത്. കൊരാമംഗലയിലെ ‘റൗണ്ട് അപ് കഫെ’ ആണ് പ്രണയം തകര്‍ന്നവരെ ക്ഷണിക്കുന്നത്. വാലന്റൈന്‍സ് ഡേയില്‍ ഭക്ഷണത്തിന് ശേഷമുളള മധുരപലഹാരമാണ് കഫേ വാഗ്ദാനം ചെയ്യുന്നത്. പക്ഷെ സൗജന്യമായി പലഹാരം കിട്ടണമെങ്കില്‍ ഒരു കാര്യം ചെയ്യണമെന്നാണ് കഫേ അധികൃതര്‍ ആവശ്യപ്പെടുന്നത്. സംഗതി വളരെ ലളിതമാണ്, നിങ്ങളുടെ മുന്‍ കാമുകി/ കാമുകന്റെ ചിത്രം കഫേയില്‍ വെച്ച് കത്തിക്കണമെന്നാണ് ആവശ്യം.

എങ്കില്‍ സൗജന്യമായി ഭക്ഷണശേഷമുളള മധുരപലഹാരം ലഭിക്കും. ഇന്‍സ്റ്റഗ്രാമില്‍ ഇത് സംബന്ധിച്ച് കഫേ അധികൃതര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. മറ്റ് സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളിലും ഇത് വേഗത്തില്‍ പ്രചരിച്ചു. അതേസമയം നിങ്ങളുടെ കൂടെ ഇപ്പോള്‍ ഒരു കമിതാവ് ഉണ്ടെങ്കിലും കഫേ മറ്റൊരു വാഗ്ദാനം മുന്നോട്ട് വെക്കുന്നുണ്ട്. പ്രണയിതാക്കള്‍ക്ക് കഫേയില്‍ വെച്ച് നാളെ സൗജന്യമായി ഫോട്ടോഷോട്ട് നടത്തി കൊടുക്കും. വിദേശരാജ്യങ്ങളിലെ കഫേകളിലും വാലന്റൈന്‍സ് ഡേ ആഘോഷത്തിനായി വ്യത്യസ്ഥ തരത്തിലുളള ഓഫറുകളാണ് ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook