ഗർഭകാലം ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടമാണ്. എന്നാൽ ഈ ഒമ്പത് മാസ കാലയളവിൽ സ്ത്രീകൾ ശാരീരികവും വൈകാരികവും ഹോർമോൺ സംബന്ധമായതുമായ നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു.
ചർമ്മത്തിന്റെയും മുടിയുടെയും പ്രശ്നങ്ങൾ ഇവയിൽ വളരെ സാധാരണമാണ്. “ഗർഭകാലത്ത് സ്ത്രീകളുടെ ചർമ്മത്തിലും നഖങ്ങളിലും മുടിയിലും മാറ്റങ്ങൾ ഉണ്ടാകുന്നു,” കോസ്മെറ്റോളജിസ്റ്റും സ്കിൻ ലേസർ സർജനുമായ ഡോ.പർണിത ബൻസാൽ പറഞ്ഞു.
സ്തനങ്ങളിലോ മുലക്കണ്ണുകളിലോ ഉള്ളം തുടയിലോ വരുന്ന കറുത്ത പാടുകൾ, മെലാസ്മ (കവിളുകൾ, മൂക്ക്, നെറ്റി എന്നിവയ്ക്ക് ചുറ്റുമുള്ള തവിട്ട് പാടുകൾ), ലീനിയ നിഗ്ര, സ്ട്രെച്ച് മാർക്കുകൾ, മുഖക്കുരു, സ്പൈഡർ വെയിൻസ്, വെരിക്കോസ് വെയിൻസ്, നഖത്തിന്റെയും മുടിയുടെയും വളർച്ചയിലെ മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായി വിദഗ്ധ പറയുന്നു.
ഈ മാറ്റങ്ങളിൽ പലതും ട്രാൻസിഷണൽ ആണെങ്കിലും, ഗർഭിണികൾ അവർ പ്രയോഗിക്കുന്ന ഉൽപ്പന്നങ്ങളിലും ശ്രദ്ധ നൽകേണ്ടതുണ്ട്. “ഗർഭിണികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ചർമ്മസംരക്ഷണം വളരെ ശ്രദ്ധാപൂർവം അഭിമുഖീകരിക്കേണ്ട ഒന്നാണ്. സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന ചർമ്മസംരക്ഷണ വസ്തുക്കൾ ഉണ്ട്. ചില ഉൽപ്പന്നങ്ങൾ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാം. അതിനായി ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കുക സൗന്ദര്യശാസ്ത്ര, ചർമ്മ, വെൽനസ് ഡോ. കിരൺ സേത്തി ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
എന്താണ് ഈ മൂന്നു കാര്യങ്ങൾ?
സാലിസിലിക് ആസിഡ്: ഫെയ്സ് വാഷ്, ലോഷനുകൾ, സെറം എന്നിവയിൽ കാണപ്പെടുന്ന സാലിസിലിക് ആസിഡ് ഗർഭിണികൾ കർശനമായി ഒഴിവാക്കണം. സാലിസിലിക് ആസിഡ് ആസ്പിരിനുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ ഗർഭകാലത്ത് ഇവ ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നില്ല. കൂടാതെ, ഗർഭാവസ്ഥയുടെ അവസാന സമയത്ത് സാലിസിലിക് ആസിഡ് ഉപയോഗിക്കുന്നത്, ഇൻട്രാക്രീനിയൽ രക്തസ്രാവത്തിനുള്ള (തലയോട്ടിനുള്ളിലെ രക്തത്തിന്റെ ശേഖരം) അപകടസാധ്യത വർധിപ്പിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഡോ.പർണിത ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
റെറ്റിനോൾസ്: ഏതെങ്കിലും തരത്തിലുള്ള റെറ്റിനോൾ അല്ലെങ്കിൽ റെറ്റിനോയിഡ് ഒഴിവാക്കണമെന്ന് ഡോ. കിരൺ പറയുന്നു. കാരണം “അത് രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. റെറ്റിൻ-എ, റെറ്റിനോൾ, റെറ്റിനൈൽ പാൽമിറ്റേറ്റ് എന്നിവ എഫ്ഡിഎ വിഭാഗത്തിൽ പെട്ടതാണ്. അത് ഫീറ്റസിന് അപകടസാധ്യതയുണ്ടാകുന്നു,” ഡോ.പർണിത പറയുന്നു. “ഗർഭകാലത്ത് ട്രെറ്റിനോയിൻ (റെറ്റിൻ-എ) ക്രീം ഉപയോഗിക്കരുത്, കാരണം ഇത് കുഞ്ഞിന് ഒന്നിലധികം വൈകല്യങ്ങൾ ഉണ്ടാക്കും,” ഡോ. പർണിത പറഞ്ഞു.
അവശ്യ എണ്ണകൾ: രണ്ട് വിദഗ്ധരും അവശ്യ എണ്ണകളുടെ ഉപയോഗം ഒഴിവാക്കാൻ നിർദ്ദേശിച്ചു. “ഗർഭാവസ്ഥയുടെ തുടക്കത്തിൽ നിങ്ങൾ അവശ്യ എണ്ണകൾ ഉപയോഗിക്കരുത്, കാരണം അവ ഗർഭാശയ സങ്കോചത്തിന് കാരണമാകും, നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിനെയും പ്രതികൂലമായി ബാധിക്കുന്നു,” ഡോ പർണിത പറഞ്ഞു.
കൃത്രിമ സുഗന്ധങ്ങൾ: “സുഗന്ധങ്ങൾ അലർജിക്ക് കാരണമാകും, ചിലതിൽ അവശ്യ എണ്ണകൾ ഉണ്ട്,” ഡോ. കിരൺ മുന്നറിയിപ്പ് നൽകി.
സഹായിച്ചേക്കാവുന്ന ഫലപ്രദമായ ചില ടിപ്സ് ഡോ. പർണിത പങ്കുവെയ്ക്കുന്നു.
- മുഖക്കുരു മാറ്റാനായി എറിത്രോമൈസിൻ, ക്ലിൻഡാമൈസിൻ പോലുള്ള ആൻറിബയോട്ടിക് ലോഷനുകൾ ഉപയോഗിക്കാം.
- ഫംഗസ്, ജനനേന്ദ്രിയ അണുബാധ എന്നിവയുണ്ടെങ്കിൽ ഗോതമ്പ് നൂഡിൽസ്, കേക്ക് പോലുള്ള ധാരാളം യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.
- ആവശ്യത്തിന് ഉറക്കവും വ്യായമവും ചർമ്മം തിളങ്ങുന്നതിന് കാരണമാകുന്നു.
- സൺബ്ലോക്ക്, മോയ്സ്ചറൈസർ, മൈൽഡ് ക്ലെൻസറുകൾ തുടങ്ങിയ അടിസ്ഥാനവസ്തുക്കൾ മാത്രം ഉപയോഗിക്കുക
- മോയ്സ്ചറൈസറുകൾ, ക്ലോർഫെനിറാമൈൻ ഗുളികകൾ ചൊറിച്ചിൽ ഒഴിവാക്കാൻ സഹായിക്കും. ചർമ്മത്തിൽ പാരഫിൻ മെഴുക് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക, കാരണം ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകുന്നതിന് കാരണമാകുന്നു.
- ഗർഭകാലത്തെ സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാനുള്ള മെഡിക്കേറ്റഡ് ക്രീമുകൾ ലഭ്യമാണ്.