സൗന്ദര്യസംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നതുകൊണ്ടുമാത്രം തിളക്കവും ആരോഗ്യവുമുള്ള ചർമ്മം നേടാനാവില്ല. ചർമ്മത്തിന് തിളക്കവും ആരോഗ്യവും സമ്മാനിക്കുന്നതിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനും വലിയ പങ്കുണ്ട്. ഇവ പതിവായി കഴിക്കുന്നതുവഴി നിങ്ങൾക്ക് ചർമ്മത്തിന്റെ ആരോഗ്യവും സ്വാഭാവികതയും മെച്ചപ്പെടുത്താനാവും. ശരിയായ പോഷകങ്ങള്‍ നൽകികൊണ്ട് അവ നിങ്ങളുടെ ചർമ്മത്തിന് പരിരക്ഷ നൽകും.
ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏതാനും ഭക്ഷണപദാർത്ഥങ്ങൾ പരിചയപ്പെടാം.
കാരറ്റ്
കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തെ ശക്തിപ്പെടുത്തുന്ന കൊളാജൻ ഉൽപാദനത്തിനും വിറ്റാമിൻ സി ആവശ്യമാണ്. കൂടുതൽ കാരറ്റ് കഴിച്ച് നിങ്ങളുടെ തിളക്കം നേടൂ! കാരറ്റിന് ഓറഞ്ച് നിറം നൽകുന്ന അതേ ബീറ്റാ കരോട്ടിൻ നിങ്ങളുടെ ചർമ്മത്തിനും തിളക്കവും മിനുസവും നൽകും. ബീറ്റാ കരോട്ടിൻ നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. വിറ്റാമിൻ എ ദൃഢവും ഇലാസ്റ്റികതയുള്ളതും ആരോഗ്യകരവുമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കും. പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തി വരണ്ട ചർമ്മത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കും.
തക്കാളി
ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ തക്കാളി സഹായിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന ഫൈറ്റോകെമിക്കലാണ് അവയ്ക്ക് ചുവപ്പ് നിറം നൽകുന്നത്. ഇത് കൊളാജന്റെ ശക്തി വർദ്ധിപ്പിക്കുകയും ചർമ്മത്തിന് യുവത്വം തോന്നിപ്പിക്കുകയും ചെയ്യുന്നു. ചർമ്മത്തിന് ഹാനീകരമായ അൾട്രാവയലറ്റ് രശ്മികളുടെ ഓക്സിഡൈസിംഗിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും തക്കാളിയ്ക്ക് സാധിക്കും.
ഡാർക്ക് ചോക്ലേറ്റ്
കോപ്പര്‍, സിങ്ക്, അയണ്‍ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഡാർക്ക് ചോക്ലേറ്റ്. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ചോക്ക്ളേറ്റ് സഹായിക്കും. ഇവയിൽ പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ വീക്കം കുറയ്ക്കാനും നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തിനു സംഭവിക്കുന്ന കേടുപാടുകള്‍ പരിഹരിക്കാനും ഡാര്‍ക്ക് ചോക്കലേറ്റ് ഗുണം ചെയ്യും.
വാൽനട്ട്
വിറ്റാമിൻ ഇ, ബി6, ഫോളേറ്റ്സ്, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടമായതിനാൽ വാൽനട്ട് ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും നല്ലതാണ്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം പോലുള്ളവയിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും ചുളിവുകളും ഉണ്ടാകുന്നത് തടയാനും കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇയുടെ സാന്നിധ്യം ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചർമ്മത്തെ കൂടുതൽ യുവത്വമുള്ളതാക്കുകയും ചെയ്യുന്നു.
തൈര്, ഗ്രീൻ ടീ, കടുകെണ്ണ, മധുരകിഴങ്ങ്, ഓറഞ്ച്, തണ്ണീർമത്തൻ, പപ്പായ, സ്ട്രോബെറി, സൂര്യകാന്തിവിത്ത്, സോയ ബീൻസും മറ്റ് സോയ ഉത്പന്നങ്ങളും, ബ്രൊക്കോളി, എന്നിവയെല്ലാം ഇത്തരത്തിൽ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.