ഏറ്റവും സാധാരണമായ ചർമ്മ പ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു. ഇത് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നു. മാത്രമല്ല ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് ഉണ്ടാകാം. മുഖക്കുരു ഒഴിവാക്കാൻ നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും, മൂലകാരണം അറിയുന്നത് അവയെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
“എല്ലാം ചെയ്തിട്ടും മുഖക്കുരു മാറത്തത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,” ഡോ. ആഞ്ചൽ പന്ത് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. മുഖക്കുരുവിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഡോ. ആഞ്ചൽ പറയുന്നു.
അമിതമായ പഞ്ചസാരയുടെ ഉപയോഗം മുതൽ പാൽ ഉപഭോഗം വരെ, നിങ്ങൾക്ക് മുഖക്കുരു ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരുവിന് ഇനിപ്പറയുന്ന കാരണങ്ങൾ ഇവയാകാം.
ഹോർമോൺ അസന്തുലിതാവസ്ഥ
നിങ്ങൾക്ക് പോളിസിസ്റ്റിക് അണ്ഡാശയ രോഗമോ മറ്റേതെങ്കിലും ഹോർമോൺ അസന്തുലിതാവസ്ഥയോ ഉണ്ടെങ്കിൽ, മുഖക്കുരു നീക്കുന്നതിനെ കൂടുതൽ പ്രതിരോധിക്കും. സ്ത്രീകളിൽ സ്ത്രീ ഹോർമോണുകളേക്കാൾ പുരുഷ ഹോർമോണുകൾ കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്.
“അണ്ഡാശയത്തിൽ സിസ്റ്റുകൾ ഉണ്ടാകുമ്പോൾ, അതിന് അണ്ഡം പുറത്തുവിടാൻ കഴിയില്ല. അതിനാൽ, സിസ്റ്റുകൾ വലുതാകുമ്പോൾ, ഇത് ഹോർമോൺ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു, ”ജെയ്‌പീ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. സാക്ഷി ശ്രീവാസ്തവ പറഞ്ഞു.
“മുഖക്കുരു മെച്ചപ്പെടാൻ 4 മാസം വരെ എടുത്തേക്കാം. ഒരു ഡെർമറ്റോളജിസ്റ്റിന്റെയോ ഗൈനക്കോളജിസ്റ്റിന്റെയോ മാർഗ്ഗനിർദ്ദേശത്തിലുള്ള മരുന്നുകൾ സഹായിക്കും. ഇവ സാധാരണയായി 6 മാസത്തേക്ക് നിർദ്ദേശിക്കപ്പെടുന്നു, ”ഡോ. ആഞ്ചൽ പറഞ്ഞു.
മുടിയിലെ എണ്ണ
ഷാംപൂ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിൽ നിന്ന് മുടിയെ മോയ്സ്ചറൈസ് ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്ന ഹെയർ ഓയിൽ നമ്മളിൽ പലരും ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഹെയർ ഓയിൽ ചർമ്മത്തിൽ, പ്രത്യേകിച്ച് നെറ്റിയിലും, കവിളുകളുടെ വശങ്ങളിലും, പുറംഭാഗത്തും ഒരു പാളി ഉണ്ടാക്കാം, ഇത് മുഖക്കുരു കൂടുതൽ വഷളാക്കും. “നിങ്ങൾക്ക് ഒരു ഹെയർ ഓയിൽ ഉപയോഗിക്കണമെങ്കിൽ മുടി കഴുകുന്നതിന് രണ്ടു മണിക്കൂർ മുമ്പ് മാത്രം ഉപയോഗിക്കുക,” വിദഗ്ദ നിർദ്ദേശിച്ചു.
പാൽ ഉപഭോഗം
പാൽ ശരീരത്തിലെ ഇൻസുലിൻ പോലുള്ള വളർച്ചാ (ഐജിഎഫ്) ഘടകങ്ങൾ വർദ്ധിപ്പിക്കുന്നു. കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ ഐജിഎഫ് എണ്ണ രൂപപ്പെടുന്ന ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ, എണ്ണ രൂപപ്പെടുന്ന ഗ്രന്ഥികളെ നേരിട്ട് ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ പാലിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് 2 മാസമെങ്കിലും പാൽ ഒഴിവാക്കുന്നതാണ് നല്ലത്.
ചീര, കടുക് പച്ചിലകൾ, ബ്രോക്കോളി, പയർ, ചെറുപയർ, ഫ്ളാക്സ് വിത്തുകൾ, ചിയ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, പരിപ്പ് എന്നിവ പോലെ നിങ്ങൾക്ക് കഴിക്കാവുന്ന കാൽസ്യത്തിന്റെ മറ്റ് സമ്പന്നമായ ഉറവിടങ്ങളുണ്ട്.
അമിതമായ പഞ്ചസാര ഉപഭോഗം
പഞ്ചസാരയുടെ ഉപയോഗം മുഖക്കുരു വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. അമിതമായ പഞ്ചസാരയുടെ അളവ് എണ്ണ സ്രവണം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പഞ്ചസാര ചർമ്മത്തിന്റെ രോഗശാന്തി പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ” മുഖക്കുരു നീക്കം ചെയ്യാൻ പഞ്ചസാര ഒഴിവാക്കുകയോ മിതമായ അളവിൽ കഴിക്കുകയോ ചെയ്യുക. അത് മെച്ചപ്പെടാൻ സമയമെടുക്കുന്നു,” വിദഗ്ദ നിർദ്ദേശിച്ചു.
“ഓറൽ ഐസോട്രെറ്റിനോയിൻ അടങ്ങിയ മരുന്നുകൾ അല്ലെങ്കിൽ ആൻറിബയോട്ടിക്കുകളുടെ ഒരു ചെറിയ കോഴ്സ് മുഖക്കുരു നിയന്ത്രിക്കാൻ സഹായിക്കും,” ഡോ.ആഞ്ചൽ പറഞ്ഞു.