മോഡലിങ് എന്നത് ഒരേ സമയം മുഖം ചുളിച്ചും അതേ സമയം മുഖം വികസിച്ചും വ്യത്യസ്തമായ രീതികളിൽ സ്വീകരിക്കപ്പെടുന്ന ഒരു വാക്കാണ്. വളരെ ശ്രദ്ധേയമായ ഒരു പ്രൊഫഷൻ എന്ന നിലയിൽ ഇക്കാലത്ത് വളർന്നു വന്നിട്ടുളള മോഡലിങ് ഇന്നും ചരിത്രപരമായ ഒരുപാട് ചരടുകളിലാണ് എന്നത് വാസ്തവമാണ്. ആ കെട്ടുപാടുകളുടെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങൾ സൂക്ഷ്മതലസ്പർശിയുമാണ്.
ഫ്രഞ്ച് വാക്കായ ‘modelle’യില്‍ നിന്നാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മോഡലിങ് എന്ന പദം രൂപം കൊള്ളുന്നത്. വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാലങ്ങളില്‍ ഈ പദം ഉപയോഗിച്ചിരുന്നത്. Mannequins (ബൊമ്മകള്‍) ആയിരുന്നു ആദ്യ കാലങ്ങളില്‍ ഡിസൈനര്‍മാര്‍ തങ്ങളുടെ മോഡലുകളായി ഉപയോഗിച്ചിരുന്നത്. വിഖ്യാത ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനര്‍ ആയ Charles Frederick Worth ആണ് 1850ല്‍ ആദ്യമായി ഒരു ജീവനുള്ള മോഡലിനെ തന്റെ ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന Marie Augustine Vernet ആയിരുന്നു അത്. അവരെ ലോകത്തെ ആദ്യ ഫാഷന്‍ മോഡല്‍ ആയി കരുതിപ്പോരുന്നു. വ്യാവസായിക വിപ്ലവവും മുതലാളിത്തവും അതിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒരു ഉപഭോക്തൃ സമൂഹത്തെ സൃഷ്ടിച്ചപ്പോള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവരിലേക്ക് എത്തിക്കാന്‍ ജീവനുള്ള മോഡലുകളെ എല്ലാ മേഖലയിലും ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഒരു പുരുഷമേധാവിത്വ സമൂഹത്തിന് ഏറ്റവും ഭയവും അതേപോലെ ഏറ്റവും ആകര്‍ഷണീയവും സ്ത്രീയുടെ ശരീരമാണ് അതുകൊണ്ട് സ്വാഭാവികമായി മോഡലിംഗ് എന്നത് സ്ത്രീ ശരീരത്തിന് ചുറ്റും വട്ടമിട്ടു പറന്നുകൊണ്ടിരുന്നു (ചുരുക്കം ഉല്‍പ്പന്നങ്ങളില്‍ ഉള്ള പുരുഷ മോഡലുകളെ വിസ്മരിക്കുന്നില്ല). ഫാഷന്‍, റണ്‍വേ, Petite, child, സ്വിം സ്യൂട്ട്, ഗ്ലാമര്‍, ഫിറ്റ്നെസ്സ് …അങ്ങനെ ഒരുപാട് ഉപശാഖകളായി ഇന്ന് മോഡലിംഗ് പ്രൊഫഷന്‍ ഇഴപിരിഞ്ഞു കിടക്കുകയാണ്.
എന്നും പുരുഷാധിപത്യത്തിന്റെയും ചൂഷണങ്ങളുടെയും ലോകമാണ് മോഡലിങ് പ്രത്യേകിച്ചും അത്തരം വ്യവസ്ഥിതി കൊടി കുത്തിവാഴുന്ന ഇന്ത്യന്‍ സമൂഹത്തില്‍. ഇവിടെ മോഡലിങ്ങിന് മറ്റൊരു തലം കൂടി ഉണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നത് അതൊരു പ്രൊഫഷനായി സ്വീകരിച്ചതിനു ശേഷമാണ്. നമ്മുടെ സദാചാര സങ്കല്‍പ്പങ്ങളുടെയും സ്ത്രീ ശരീരത്തിന്റെ വസ്ത്രധാരണ സങ്കല്‍പ്പങ്ങളുടെയും ഇടുങ്ങിയ ലോകത്ത് നിന്ന് നോക്കുമ്പോള്‍ നമ്മുടെ സമൂഹത്തിന്റെ പൊതുബോധത്തില്‍ അംഗീകരിക്കാന്‍ കഴിയുന്നതിനും അപ്പുറം ആണത്. സ്ത്രീ സ്വന്തം ശരീരത്തിന് മേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന്റെ ഒരു തലം കൂടി അതില്‍ ഉണ്ട്.
“എല്ലാ അവയവങ്ങളും ലൈംഗിക അവയവങ്ങള്‍ ആയി മാറിയ പെണ്ണിന് എങ്ങനെ ഈഭാരങ്ങള്‍ അഴിച്ചുവച്ച് ഈ ഭൂമിയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനാകും?” എന്ന് കല്‍പ്പറ്റ നാരായണന്റെ വരികള്‍ ഇപ്പോഴും കാലികപ്രസക്തമായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ന് കാണുന്ന നമ്മുടെ സദാചാര വസ്ത്രധാരണ സങ്കല്പങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിക്ടോറിയന്‍ മൂല്യങ്ങളും മതങ്ങളും നിര്‍മിച്ചെടുത്ത അടിത്തറ അങ്ങനെതന്നെ തുടര്‍ന്ന്കൊണ്ട് പോരുകയാണ് നവോത്ഥാന മുന്നേറ്റങ്ങളും ഇടതുപക്ഷ സ്വാധീനങ്ങളും ചെയ്തത് ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ സങ്കല്‍പ്പങ്ങള്‍ക്ക് മുറിവേല്‍ക്കാതെ നോക്കുന്നതില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ അങ്ങേയറ്റം ശ്രദ്ധാലുക്കള്‍ ആണ്.
ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ പോലും ഇറക്കംകുറഞ്ഞ ഉടുപ്പുകളും പാവാടകളും ധരിക്കരുത് എന്ന് ഉപദേശ രൂപേണ പറയുന്ന സാംസ്കാരിക വകുപ്പ്മന്ത്രി പ്രതിനിധാനം ചെയ്യുന്നത് സാംസ്കാരിക ഫാസിസത്തെ അല്ലാതെ മറ്റൊന്നിനെയും അല്ല. ബലാല്‍സംഗത്തിന്റെയും പീഡനത്തിന്റെയും ഒക്കെ വാര്‍ത്തകള്‍ എത്തുമ്പോള്‍ അവയൊക്കെയും സ്ത്രീയുടെ വസ്ത്രധാരണത്തില്‍ പരോക്ഷമായി കൊണ്ടെത്തിച്ചു ന്യായീകരിക്കുന്ന മനോനിലയില്‍ ഉള്ള ഒരു സമൂഹമാണ് നമുക്ക്ചുറ്റും ഉള്ളത്. ജീന്‍സിലൊക്കെ ശബ്ദം ഇടറി പോകുന്ന ഗാനഗന്ധര്‍വന്മാര്‍ വരെയുണ്ട് ആ സമൂഹത്തില്‍. ആ സമൂഹത്തില്‍ തൊഴിലിന്റെ ഭാഗമായെങ്കിലും ഒരു സ്ത്രീ തന്റെ വസ്ത്രധാരണ സ്വാതന്ത്ര്യം വിളിച്ചു പറയുന്നത് ഒരു വിപ്ലവമാണ്.
സ്വന്തം ശരീരവും രതിയും നഗ്നതയും ആര്‍ക്കുമുന്പില്‍, എപ്പോള്‍ അനാവരണം ചെയ്യാം എന്ന തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവും കര്‍ശനമായി നിഷേധിക്കപ്പെട്ട സ്ത്രീകള്‍ തുടങ്ങിവച്ച മാറുമറയ്ക്കല്‍ സമരം മുതല്‍. ലിംഗപരമായി നേരിടുന്ന ജാതീയവും ലൈംഗികവുമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഒന്നര നൂറ്റാണ്ടിന്റെ സമരപാരമ്പര്യം ഉള്ള കേരളത്തില്‍ സ്ത്രീ അവളുടെ ശരീരത്തിന് മേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരു മുന്നേറ്റങ്ങളും നമുക്ക് ഈ നൂറ്റാണ്ടില്‍ പോലും കേരളത്തില്‍ കണ്ടെത്താന്‍ കഴിയില്ല. അവിടെയാണ് തന്റെ വസ്ത്രധാരണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീയുടെ രാഷ്ട്രീയ സ്വത്വം പ്രസക്തമാകുന്നത്. അത്തരത്തില്‍ വാച്യമായി പ്രഖ്യാപനം നടത്തി പ്രകടിപ്പിക്കേണ്ട ഒന്നാണ് ആ രാഷ്ട്രീയമെന്നും ഞാന്‍ കരുതുന്നില്ല . ലിംഗ സമത്വത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കാന്‍ താന്‍ മൂലധനത്തിന്റെ ആയുധം തിരഞ്ഞെടുത്തു എന്ന് പ്രഖ്യാപിക്കുന്നത് പരിഹാസ്യമാണ് പക്ഷെ അറിഞ്ഞോ അറിയാതെയോ അതൊരു പ്രൊഫഷനായി സ്വീകരിക്കുകയും തുടര്‍ന്ന് കൊണ്ട് പോകുകയും ചെയ്യുന്ന ഓരോ സ്ത്രീയും ഫലത്തില്‍ ഈ രാഷ്ട്രീയ സ്വത്വം പേറുന്നുണ്ട്. ഈ രാഷ്ട്രീയ സ്വത്വത്തെ തിരിച്ചറിയുവാനും അത് മുന്നോട്ടു കൊണ്ടുപോകാനും എത്രപേര്‍ക്ക് കഴിയുന്നുണ്ട് എന്നത് പരിശോധിച്ചാല്‍ വളരെ ചെറിയ ഒരു വിഭാഗത്തെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ . ഭൂരിപക്ഷവും രാഷ്ട്രീയമായി നമ്മള്‍ മുകളില്‍ സംസാരിച്ച ശരീരസ്വാതന്ത്ര്യത്തെയും രതിയെയും ഒക്കെ പുരുഷാധിപത്യം കൊണ്ട് ഹൈജാക്ക് ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയ ചേരിയിലാണ് നിലയുറപ്പിക്കുന്നത് എന്നത് നിരാശാജനകമാണ്. മറുഭാഗത്തുള്ള വളരെ ചെറിയ ഒരു വിഭാഗത്തില്‍ തന്നെ എത്രപേര്‍ക്ക് സമൂഹത്തോട് സമരസപ്പെടാതെ മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ട് എന്നതും പരിശോധിക്കണം.
Read More: സൗന്ദര്യമത്സരം സദാചാരവാദങ്ങൾക്കപ്പുറം
ഒരുപക്ഷെ സിനിമ ഉള്‍പ്പെടെ ഉള്ള മറ്റു പല മേഖലകളിലും നടക്കുന്നതിനേക്കാള്‍ കൂടുതല്‍ ലൈംഗീക ചൂഷണങ്ങളുടെ കൂടി വേദിയാണ് ഫാഷനും അനുബന്ധ ജോലികളും. പൂര്‍ണ്ണമായും അസംഘടിതര്‍ ആയ ഒരു വിഭാഗം എന്നത് ഇത്തരം ചൂഷണങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.ബ്യൂട്ടി പേജന്റുകളില്‍ കൂടിയും മറ്റും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചവര്‍ക്ക് പോലും ഈ മേഖലയില്‍ നിലനിന്നുപോകണം എങ്കില്‍ പലരുടെയും ഇംഗിതങ്ങള്‍ക്കു വഴങ്ങേണ്ട ഒരു സാഹചര്യം നിലവില്‍ ഉണ്ട് എന്നതാണ് സത്യം . അതിനെതിരെ പ്രതികരിക്കുന്നവരോ ശബ്ദം ഉയര്‍ത്തുന്നവരോ സിനിമയിലും മറ്റും സംഭവിക്കുന്നതുപോലെ ജോലിയില്‍ നിന്നും പുറംതള്ളപ്പെടും.
മറ്റൊന്ന് സാമ്പത്തിക ചൂഷണമാണ് . അര്‍ഹതപ്പെട്ട വേതനം പലപ്പോഴും ഈ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് ലഭിക്കാറില്ല എന്നതാണ് സത്യം. ലഭിക്കുന്ന വേതനത്തിന്റെ തന്നെ നല്ലൊരു ഭാഗം ഇടനിലക്കാരായി നിലനില്‍ക്കുന്ന മോഡലിങ് ഏജന്‍സികളും മറ്റും കൈക്കലാക്കുന്നതാണ് നിലവില്‍ ലോകം മുഴുവന്‍ ഉള്ള സ്ഥിതി. ഇതിന് പുറമെ പരസ്യ ചിത്രങ്ങളുടെ കാസ്റ്റിംഗ് മുതല്‍ മാഗസിനുകളുടെ കവര്‍ ചിത്രങ്ങളുടെ കാസ്റ്റിങ്ങില്‍ വരെ ലൈംഗീക ചൂഷണം നടക്കുന്നുണ്ട്. ഇത് അതിജീവിക്കുകയെന്നത് മോഡലിങ് രംഗത്തെ ഏറ്റവും പ്രയാസകരമായ ഒന്നാണ്.
ഒരു കല എന്ന രീതിയില്‍ ഫാഷനെ സമീപിക്കുകയും അതൊരു പാഷനായി കൊണ്ട് നടക്കുകയും ചെയ്യുന്നവരാണ് മോഡലിങ് ചെയ്യുന്നവരില്‍ ഭൂരിപക്ഷവും . എന്നാല്‍ ഈ പ്രൊഫഷന്‍ നല്‍കുന്ന പ്രശസ്തിയും ലൈം ലൈറ്റും മാത്രം ആഗ്രഹിച്ചു കടന്നു വരുന്ന ചിലരാണ് നമ്മള്‍ മുകളില്‍ പരിശോധിച്ച ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം . ഈയിടെയായി കേട്ടുതുടങ്ങിയ മറ്റൊരു വാദമാണ് ശരീരത്തിന്റെ രാഷ്ട്രീയം പറയാന്‍ മോഡലിങ് ചെയ്യുന്നു എന്ന സ്വയം പ്രഖ്യാപനം. എത്ര പരിഹാസ്യമാണിത് എന്ന് ആലോചിച്ചു നോക്കൂ, തീവ്രമായ ലിംഗ സമത്വം മുന്നോട്ടു വയ്ക്കുന്ന ശരീരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് സംവദിക്കാന്‍ മൂലധനത്തിന്റെ പ്രഖ്യാപിത ആയുധം സ്വീകരിക്കുന്നു എന്ന് പറയുന്നത് തികച്ചും ദയനീയമാണ്. മറ്റേതെങ്കിലും കലാ രൂപത്തെ പോലെ സ്വതന്ത്രമായ നിലനില്‍പ്പുള്ള, ആവിഷ്കാരമുള്ള ഒന്നല്ല ഫാഷനും മോഡലിംഗും അതില്‍ അടങ്ങിയിരിക്കുന്ന ഓരോ ഘടകത്തിനും കൃത്യമായ മൂലധന കമ്പോള താൽപര്യങ്ങള്‍ ഉണ്ട്.
ആക്ടിവിസ്റ്റും മോഡലുമാണ് ലേഖിക