കടലില്‍ വീണുപോയ ക്യാമറ രണ്ട് വര്‍ഷത്തിന് ശേഷം കണ്ടെടുത്തു. തായ്‍വാനിലാണ് ഭാഗ്യവും യാദൃശ്ചികതയും നിറഞ്ഞ സംഭവം നടന്നത്. വെളളം കയറാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം ക്യാമറയ്ക്ക് ചുറ്റും പ്ലാസ്റ്റിക് ആവരണം ഉണ്ടായിരുന്നത് കൊണ്ട് ക്യാമറ കേടാകാതെയാണ് തിരികെ ലഭിച്ചത്. തായ്‍വാനിലെ ഒരു കടല്‍തീരം വൃത്തിയാക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ക്യാമറ കണ്ടെത്തിയത്. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
2015 സെപ്റ്റംബറില്‍ തായ്‍വാനില്‍ വിനോദയാത്രയ്ക്ക് എത്തിയ ജാപ്പനീസുകാരിയായ വിദ്യാര്‍ത്ഥിനിയുടേതാണ് ക്യാമറ. ഇഷിഗായി ദ്വീപ് കാണാനെത്തിയ വിദ്യാര്‍ത്ഥിനി സ്കൂബ ഡൈവിങ് നടത്തുന്നതിനിടെയാണ് ക്യാമറ നഷ്ടമായത്. കൂട്ടുകാരിക്കൊപ്പം സ്കൂബ ഡൈവിങ് നടത്തവേ വെളളത്തിന് മുകളിലേക്ക് ഉയര്‍ന്നപ്പോഴാണ് ക്യാമറ കടലിലേക്ക് വീണതെന്ന് സുബാക്കിയാര പറഞ്ഞു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ക്യാമറ കണ്ടെത്താനായില്ല. എന്നാല്‍ വെളളം കയറാതിരിക്കാന്‍ ഭദ്രമായി ആവരണം ചെയ്തിരുന്ന ക്യാമറ 100 കണക്കിന് കിലോമീറ്റര്‍ കടല്‍ വഴി സഞ്ചരിച്ചു. തുടര്‍ന്നാണ് തായ്‍വാനിലെ കടല്‍തീരത്ത് അടിഞ്ഞത്. കടല്‍പ്പുറ്റ് പറ്റിപ്പിടിച്ച് കിടന്ന വസ്തു ഒരു 11കാരനാണ് ആദ്യം കണ്ടെത്തിയത്.
നശിച്ച് പോയ ക്യാമറ ആയിരിക്കുമെന്ന് കരുതി വിദ്യാര്‍ത്ഥി ഇതെടുത്ത് വൃത്തിയാക്കിയപ്പോഴാണ് കേടുകൂടാതെ കിടന്ന ക്യാമറയാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തുളളി വെളളം പോലും അകത്ത് കിടക്കാതെ കിടന്നതാണ് ക്യാമറ കേടുകൂടാതെ ഇരിക്കാന്‍ കാരണമായത്.

എന്നാല്‍ 11കാരന്‍ ക്യാമറയുടെ ബട്ടണ്‍ ഞെക്കിയപ്പോള്‍ ഇത് പ്രവര്‍ത്തിച്ചത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അധ്യാപിക പറഞ്ഞു. അപ്പോഴും ക്യാമറയില്‍ ചാര്‍ജ് ബാക്കിയുണ്ടായിരുന്നു. സ്കൂളില്‍ തിരിച്ചെത്തിയ കുട്ടികളും അധ്യാപകരും ക്യാമറയുടെ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ക്യാമറയിലുണ്ടായിരുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങളില്‍ ജപ്പാനില്‍ നിന്നുളള ചില ചിത്രങ്ങള്‍ കണ്ടതോടെ ജാപ്പനീസ് ഭാഷയിലും പോസ്റ്റ് തയ്യാറാക്കി പ്രചരിപ്പിച്ചു.
പതിനായിരക്കണക്കിന് ഷെയര്‍ ലഭിച്ച പോസ്റ്റ് സുബാക്കിഹാര എന്ന വിദ്യാര്‍ത്ഥിനിയെ ഒരു സുഹൃത്താണ് കാണിച്ച് കൊടുത്തത്. തന്റെ ജീവിതത്തില്‍ ഇത്രയും അത്ഭുതകരവും ദയാവായ്പുമുളള നിമിഷം ഉണ്ടായിട്ടില്ലെന്ന് ജാപ്പനീസുകാരി പറഞ്ഞു. ജൂണില്‍ തായ്‌വാനിലെത്തി ക്യാമറ വാങ്ങുമെന്ന് ഇവര്‍ ബിബിസിയോട് പറഞ്ഞു.