ബോളിവുഡ് നടികളുടെ വസ്ത്രങ്ങൾ പലപ്പോഴും വാർത്തകൾക്ക് കാരണമാകാറുണ്ട്. അവയുടെ രൂപഭംഗി കൊണ്ടു മാത്രമല്ല വില കൊണ്ടും പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. ബോളിവുഡ് കിങ് ഖാൻ ഷാരൂഖിന്റെ മകൾ സുഹാന ഖാൻ ധരിച്ചിരുന്ന വസ്ത്രം അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഏകദേശം 60,000 രൂപ വിലവരുന്ന വസ്ത്രമാണ് സുഹാന അണിഞ്ഞത്. പക്ഷേ ഇതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് നടി ബിപാഷ ബസു.
54-ാമത് ഫെമിന മിസ് ഇന്ത്യ ഫൈനൽ മൽസരത്തിലെ വിധികർത്താക്കളിൽ ബിപാഷ ബസുവും ഉണ്ടായിരുന്നു. പച്ചനിറത്തിലുളള ഗൗൺ അണിഞ്ഞാണ് ബിപാഷ പരിപാടിക്കെത്തിയത്. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിൽ നടന്ന ഫൈനൽ മൽസരത്തിൽ ഹരിയാന സ്വദേശി മാനുഷി ചില്ലാറാണ് മിസ് ഇന്ത്യ കിരീടം ചൂടിയത്.
മാനുഷിയുടെ കിരീട നേട്ടം കഴിഞ്ഞാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ബിപാഷയുടെ വസ്ത്രത്തെക്കുറിച്ചാണ്. ബിപാഷ അണിഞ്ഞിരുന്ന ആഭരണവും ഹെയർ സ്റ്റൈലും വസ്ത്രത്തിന് ഒന്നു കൂടി മാറ്റുകൂട്ടി. ഇതൊക്കെയാണെങ്കിലും വസ്ത്രത്തിന്റെ വില കേട്ടാൽ ചിലപ്പോൾ ഞെട്ടിപ്പോകും. മൂന്നു ലക്ഷത്തിലധികം രൂപ വില വരുന്നതാണ് ബിപാഷയുടെ വസ്ത്രം.