ജനനവും ജന്മദിനാഘോഷവും വിവാഹവുമൊന്നും അത്യാഢംബരങ്ങളോടെ നടത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു മരണം, അതും മരിച്ച് ഒരു വര്‍ഷത്തിനും ശേഷം ആഢംബര പൂര്‍വ്വം വിഹാം നടത്തുക എന്നൊക്കെ പറയുമ്പോള്‍ കുറച്ചൊന്നു ഞെട്ടാനുണ്ട്. തായ്ലന്‍ഡില്‍ നടക്കാന്‍ പോകുന്ന ഒരു ശവസംസ്‌കാര ചടങ്ങിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 585 കോടി രൂപയാണ് തായ്ലന്‍ഡ് രാജാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ചിലവാക്കുന്നത്.

കഴിഞ്ഞ വര്‍ഷം അന്തരിച്ച തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ ശവസംസ്‌കാര ചടങ്ങുകളാണ് തായ്ലന്‍ഡിനെ എന്നല്ല, ലോകത്തെ മുഴുന്‍ അമ്പരപ്പിച്ചുകൊണ്ട് ഇതുവരെ കാണാത്ത ആഢംബരത്തോടെ കൊണ്ടാടുന്നത്. തായ്ലന്‍ഡിലെ പട്ടാള ഭരണകൂടമാണ് ഇത്രയും പണം ചിലവിട്ട് അന്തരിച്ച രാജാവിന്റെ സംസ്‌കാരം ആഘോഷമാക്കുന്നത്.

ഒക്ടോബര്‍ 26ന് ബാങ്കോക്കിലാണ് ചടങ്ങുകള്‍ നടക്കുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ശവസംസ്‌കാര ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിലാപയാത്രയുടെയും സംസ്‌കാര ചടങ്ങുകളുടെയും റിഹേഴ്സല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരികയാണ്.

വിലാപയാത്രയ്ക്കായി വജ്രം, മുത്ത് തുടങ്ങിയവയെല്ലാം പതിപ്പിച്ച പ്രത്യേകമായി തയ്യാറാക്കിയ സ്വര്‍ണ രഥമാണ്. 2.5 ലക്ഷം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ച പട്ടാളക്കാര്‍ ബാന്‍ഡ് വാദ്യങ്ങളോടെ ശവഘോഷയാത്രയില്‍ അണിനിരക്കും. വിലാപയാത്രിയില്‍ പങ്കെടുക്കുന്നവരെല്ലാവരും കറുത്ത നിറത്തിലുള്ള വസ്ത്രമായിരിക്കും ധരിക്കുക. രാജാവിന്റെ സ്വര്‍ണ ചട്ടയുള്ള ചിത്രങ്ങളുമായാണ് അവര്‍ യാത്രയില്‍ അണിനിരക്കുക.

സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കായി ഒരു വര്‍ഷം വേണ്ടിവന്നു. രാജകൊട്ടാരമായ ഗ്രാന്‍ഡ് പാലസിനു മുന്നില്‍ തായ്ലന്‍ഡ് ശൈലിയിലുള്ള മണ്ഡപങ്ങളാണ് ശവകുടീരമായി ഒരുക്കുന്നത്. പത്തുമാസം സമയമെടുത്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മണ്ഡപങ്ങളുടെ മകുടത്തില്‍ സ്വര്‍ണം പൊതിഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് മേസ്തിരിമാരും തൊഴിലാളികളും ജോലിചെയ്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരവധി ദേവീദേവന്‍മാരുടെ രൂപങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞതാണ് മണ്ഡപങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13ന് ആണ് തായ്‌ലന്‍ഡ് രാജാവായ ഭൂമിബോല്‍ രാജാവ് അന്തരിച്ചത്. മരിക്കുമ്പോള്‍ 87 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. എഴുപത് വര്‍ഷം അദ്ദേഹം തായ്ലന്‍ഡിലെ രാജാവായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ദൈവസമാനമായ സ്ഥാനമായിരുന്നു രാജാവിനുണ്ടായിരുന്നത്. ഇപ്പോള്‍ രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ ഇതുവരെ 1.2 കോടി പേര്‍ അന്തിമോപചാരം അര്‍പിച്ചതായാണ് കണക്ക്. ഇതിനായി സൗകര്യങ്ങളും കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു.

ഭൂമിബോലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ മഹാവാജിര ലോംകോണ്‍ അധികാരമേറ്റെടുത്തെങ്കിലും രാജാവിന്റെ ശവസംസ്‌കാരത്തിനു ശേഷം മാത്രമേ ഔദ്യോഗികമായി കിരീടധാരണം നടക്കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook