കഞ്ചാവിന്റെ ഉപയോഗം കൗമാരക്കാരില്‍ വിഷാദ രോഗം വളര്‍ത്തുന്നതിനും ആത്മഹത്യാ പ്രവണതയ്ക്കും കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലായ ജമ സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വെളിപ്പെടുത്തല്‍. കൗമാരപ്രായത്തില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നവരില്‍ യൗവനത്തില്‍ വിഷാദത്തിനുള്ള സാധ്യത 40 ശതമാനം കൂടുതലും ആത്മഹത്യാ പ്രവണത 50 ശതമാനം കൂടുതലുമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

വിഷാദ രോഗത്തിന്റെ ഏഴു ശതമാനവും കഞ്ചാവിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് മക്‌ഗെയില്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഗബ്രിയേല്‍ ഗൊബ്ബി പറയുന്നു. കൗമാരക്കാര്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. 14 ശതമാനം എട്ടാം ക്ലാസ് വിദ്യാർഥികളും 32 ശതമാനം പത്താം ക്ലാസ് വിദ്യാർഥികളും 43 ശതമാനം 12-ാം ക്ലാസ് വിദ്യാർഥികളും കഞ്ചാവ് ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

കൗമാരക്കാരിലെ കഞ്ചാവ് ഉപയോഗത്തെ കുറിച്ചുള്ള മുന്‍ പഠനങ്ങളുടെ പുനര്‍വിശകലനമാണ് പുതിയ പഠനം. ഒപ്പം 23,317 യുവാക്കളില്‍ നടത്തിയ പഴയ 11 പഠനങ്ങളുടെ വിവരങ്ങൾ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. പതിനെട്ട് വയസിന് മുമ്പ് കഞ്ചാവ് ഉപയോഗിക്കുന്നവരില്‍, മറ്റുള്ളവരെക്കാള്‍ 1.4 മടങ്ങ് വിഷാദ രോഗത്തിനുള്ള സാധ്യതയും 1.5 മടങ്ങ് ആത്മഹത്യാ പ്രവണതയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook