ഗുവാഹത്തി ടീ ഓക്ഷൻ സെന്ററിൽ (ജിടിഎസി) നടന്ന ലേലത്തില്‍ അരുണാചൽ പ്രദേശിൽ നിന്നുള്ള പ്രത്യേകയിനം തേയില വിറ്റുപോയത് കിലോയ്ക്ക് 40000 രൂപ എന്ന റെക്കോര്‍ഡ് വിലയിൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേലതുകയാണ് ഇപ്പോൾ അരുണാചൽ തേയില നേടിയിരിക്കുന്നതെന്ന് ലേലത്തിന് നേതൃത്വം വഹിച്ച ഗുവാഹത്തി ടീ ഓക്ഷന്‍ സെന്റര്‍ വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ ധോണി പോളോ ടീ എസ്റ്റേറ്റിൽ ഉൽപാദിപ്പിക്കുന്ന ‘ഗോൾഡൻ നീഡിൽ’ എന്ന തേയിലയാണ് ഈ അംഗീകാരം നേടിയിരിക്കുന്നത്. മുൻപ്, അസ്സമില്‍ ദിബ്രുഗഡ് ജില്ലയില്‍ നടന്ന ലേലത്തില്‍ ഒരു കിലോ തേയില 39,001 രൂപ എന്ന കൂടിയ വിലയിൽ വിറ്റുപോയിരുന്നു. കഴിഞ്ഞ ജൂലൈയിൽ അസം തേയില സൃഷ്ടിച്ച റെക്കോർഡാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്.
“ഇത്തരം ലേലങ്ങൾ ഉത്പാദകരെയും ഉപഭോക്താവിനെയും ഒരുപോലെ ആകർഷിക്കുന്നതിനൊപ്പം തന്നെ ജിടിഎസി പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഇരുകൂട്ടർക്കും പ്രചോദനമേകുകയാണ്. ഇവിടെ നിന്നുള്ള തേയിലകൾ ലോകഭൂപടത്തിൽ തന്നെ നമ്മുടെ യശസ്സുയർത്തുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യന്‍ തേയിലയുടെ പ്രൗഢി തിരികെ പിടിക്കാന്‍ ഇത്തരം ലേലങ്ങൾക്ക് സാധിക്കും,” ഗുവഹാത്തി ടീ ഓക്ഷൻ ബയേഴ്സ് അസോസിയേഷൻ സെക്രട്ടറി ദിനേശ് ബിഹാനി പറയുന്നു.