കേക്ക് കൊണ്ടുള്ള വസ്ത്രം നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്വിറ്റ്സർലൻഡുകാരിയായ യുവതി. ബേക്കറി ഉടമയായ നതാഷ കോളിൻ കിം ലീ ഫോക്സ് ആണ് 131.15 കിലോ ഭാരമുള്ള കേക്ക് വസ്ത്രം തയ്യാറാക്കി റെക്കോർഡിന് ഉടമയായത്.
സ്വിറ്റ്സർലൻഡിലെ ബേർണിൽ നടന്ന സ്വിസ് വേൾഡ് വെഡ്ഡിങ് ഫെയറിലാണ് ഈ കേക്ക് വസ്ത്രം പ്രദർശിപ്പിച്ചത്. നതാഷയുടെ ‘സ്വീറ്റി കേക്ക്സ്’ എന്ന ബേക്കറിയാണ് കേക്ക് വസ്ത്രം നിർമ്മിച്ചത്. 4.15 മീറ്റർ ചുറ്റളവും 1.57 മീറ്റർ ഉയരവുമുള്ളതാണ് കേക്ക് വസ്ത്രം. അടിഭാഗത്ത് അലുമിനിയം ഫ്രെയിം ഉപയോഗിച്ചാണ് വസ്ത്രം ഉറപ്പിച്ചത്.
വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്റെ മാതൃകയിലാണ് കേക്ക് നിർമ്മിച്ചത്. പഞ്ചസാര പേസ്റ്റാണ് വസ്ത്രത്തിന്റെ മുകൾ ഭാഗം തയ്യാറാക്കാൻ ഉപയോഗിച്ചത്. സ്കർട്ടിൽ കേക്കിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ചെറിയ ബോർഡുകളും ഘടിപ്പിച്ചിരുന്നു. കേക്ക് വസ്ത്രം ധരിച്ച് മോഡലിന് എളുപ്പത്തിൽ നടക്കാനായി ചക്രങ്ങളും സ്ഥാപിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റഗ്രാം പേജിൽ കേക്ക് വസ്ത്രത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.